Thursday 22 December 2022 12:06 PM IST

സിനിമയ്ക്ക് തിരക്കഥയെഴുതാൻ ജോലി കളഞ്ഞു, ജീവിതം പ്രതിസന്ധിയിലായപ്പോൾ ‘ഡി പ്ലസ്’ രക്ഷകനായി: ആദി കിരൺ പറയുന്നു

V.G. Nakul

Sub- Editor

adhi-kiran-2

ചില മനുഷ്യരുണ്ട്, പ്രതിസന്ധികളും പരാജയങ്ങളും അവരെ സംബന്ധിച്ചു പുതിയതൊന്നിലേക്കുള്ള ആദ്യ പടവാണ്. വിധിയെ ചാടിക്കടന്ന്, ജീവിതത്തെ പ്രതീക്ഷകളുടെയും പുതുമകളുടെയും തുരുത്തുകളിലേക്കു പറിച്ചു നട്ടാണ് അത്തരക്കാരുടെ അതിജീവനം. അവരിലൊരാളാണ് ആദികിരൺ.

14 കൊല്ലം മുൻപ് തിരുവനന്തപുരം ടെക്നോപാർക്കിലെ ജോലി ഉപേക്ഷിച്ച് സുഹൃത്തിന്റെ സിനിമയ്ക്ക് തിരക്കഥ എഴുതാൻ പോയതു മുതൽ ഇപ്പോള്‍ ‘ഉത്തരപ്രദേശത്തെ ഞണ്ടുകൾ’ വരെയുള്ള ആ യാത്രയ്ക്കിടയിൽ കിരണിന്റെ അതിജീവനമുണ്ട്. ഈ ദൂരം ‘ഡി പ്ലസ്’ എന്ന സോഫ്റ്റ്‌വെയറിന്റെയും ‘ബുക്ക് റിപ്പബ്ലിക്’ എന്ന സ്റ്റാർട്ട് അപ്പിന്റെയുമൊക്കെ ചരിത്രവുമാണ്.

adhi-kiran-1

തിരുവനന്തപുരം വിതുര സ്വദേശിയാണ് ആദി കിരൺ. സിനിമാ നിർമ്മാണത്തിന് സഹായകമാകുന്ന ‘ഡി പ്ലസ്’ എന്ന സോഫ്റ്റ്‌വെയറിന്റെ നിർമാതാവെന്ന നിലയിൽ ശ്രദ്ധേയനായ ആദി ഇപ്പോൾ തന്റെ ആദ്യ കഥാസമാഹാരമായ ‘ഉത്തരപ്രദേശത്തെ ഞണ്ടുകൾ’ പ്രസിദ്ധീകരിച്ചതിന്റെ സന്തോഷത്തിലുമാണ്.

‘‘2008 ൽ സുഹൃത്തിന്റെ ചിത്രത്തിന് തിരക്കഥ എഴുതാനായി തിരുവനന്തപുരം ടെക്‌നോപാർക്കിലെ ജോലി രാജിവച്ചു. പക്ഷേ, പല കാരണങ്ങൾ കൊണ്ട് സിനിമ യാഥാർത്ഥ്യമായില്ല, ജീവിതം അരക്ഷിതമായി. ശേഷം ‘കെമിസ്റ്റ് സോഫ്റ്റ്‌വെയർ സൊല്യൂഷൻസ്’ എന്നൊരു സ്ഥാപനം തുടങ്ങി. സിനിമ അപ്പോഴും സ്വപ്നമായിത്തന്നെ തുടർന്നു. അങ്ങനെയാണ് ആ രണ്ടു വഴികളെ ഒന്നാക്കി ചിന്തിച്ചു, സിനിമാ നിർമ്മാണത്തിനുള്ള ‘ഡി പ്ലസ്’ എന്ന സോഫ്റ്റ്‌വെയറിന്റെ കണ്ടെത്തലിലേക്കെത്തിയത്. ഒരു വർഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് സോഫ്റ്റ്‌വെയർ പൂർത്തിയായത്’’.– ആദി കിരൺ ‘വനിത ഓൺലൈനോട്’ പറയുന്നു.

‘‘മലയാള സിനിമയിൽ സാങ്കേതികമായ പല പുതിയ പരീക്ഷണങ്ങളും നടത്തിയിട്ടുള്ള സംവിധായകൻ ടി.കെ.രാജീവ് കുമാർ ആണ് ‘ഡി പ്ലസ്’ ആദ്യമായി പരീക്ഷിക്കുന്നത്. സിനിമ നിർമ്മാണം കൃത്യമായ പ്ലാനിലൂടെ നിർവഹിക്കുന്നതിന് സഹായിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ‘ഡി പ്ലസ്’ അഥവാ ‘ഡയറക്ടർ പ്ലസ്’. പ്രീപ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ എന്നിങ്ങനെ ചലച്ചിത്ര നിർമ്മാണത്തിന്റെ മൂന്ന് ഘട്ടങ്ങളിലും ഇടപെടുന്നു ഈ സോഫ്റ്റ്‌വെയർ. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ മുതൽ ‘ഡി പ്ലസ്’ ന്റെ മലയാളം പതിപ്പാണ് ഉപയോഗിക്കുന്നത്. നിലവിൽ ഇതിന്റെ മലയാളം, തമിഴ്, ഇംഗ്ലീഷ് പതിപ്പുകൾ ലഭ്യമാണ്. ‘അപ്പ് & ഡൗൺ: മുകളിൽ ഒരാളുണ്ട്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘വൺ ബൈ റ്റു’, ‘കുട്ടികളുണ്ട് സൂക്ഷിക്കുക’, ‘മാമാങ്കം’, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ തുടങ്ങിയവയാണ് ‘ഡി പ്ലസ്’ ഉപയോഗിച്ച പ്രധാന ചിത്രങ്ങൾ’’.– ആദി പറയുന്നു.

adhi-kiran-3

കോവിഡ് കാലത്ത് സിനിമ നിർമാണം നിലച്ചപ്പോൾ ആദി കിരൺ ‘മഴവിൽ മനോരമ’യുടെ സോഷ്യൽ മീഡിയ സൈറ്റുകൾക്കായി ആശയങ്ങൾ കൊടുക്കുന്ന ഡിജിറ്റൽ റിപ്പോർട്ടിങ് തുടങ്ങി. ഒപ്പം കോവിഡ് കാലത്ത് വീടുകളിൽ കുടുങ്ങിയവർക്ക് ഓൺലൈനായി പുസ്തകം വാങ്ങുന്നതിനായി ‘ബുക്ക് റിപ്പബ്ലിക്’ എന്നൊരു ഓൺലൈൻ ബുക്ക് സ്റ്റോറും ആരംഭിച്ചു. എല്ലാ പബ്ലിഷർമാരുടെയും പുസ്തകങ്ങൾ ഓഫർ നിരക്കിൽ ഡെലിവറി ചാർജുകൾ ഒന്നുമില്ലാതെ ‘ബുക്ക് റിപ്പബ്ലിക്’ വായനക്കാരിൽ എത്തിച്ചു വരുന്നു.

പല വഴിയേ ഓടി ഒടുവിൽ എഴുത്തിന്റെ വഴിയിൽ തന്നെ ആദി കിരൺ ഇപ്പോൾ വീണ്ടും എത്തി നിൽക്കുന്നു. ആദിയുടെ ആദ്യ കഥാസമാഹാരമായ ‘ഉത്തരപ്രദേശത്തെ ഞണ്ടുകൾ’ ലോഗോസ് ബുക്സ് പ്രസിദ്ധീരിച്ചിരിക്കുന്നു. പല കാലങ്ങളിൽ എഴുതിയ ഒൻപത് കഥകളുടെ സമാഹാരമാണിത്.

വിതുര സർക്കാർ യു.പി സ്കൂളിൽ അധ്യാപകനും ഹെഡ്മാസ്റ്ററും ആയിരുന്ന സി.പ്രഭാകരൻ ആണ് ആദി കിരണിന്റെ അച്ഛൻ, എസ്.തങ്കമാണ് അമ്മ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിയായ അർച്ചനയാണ് ജീവിതപങ്കാളി. ഏക മകൻ – സൂര്യാംശു.