Friday 21 October 2022 09:52 AM IST : By സ്വന്തം ലേഖകൻ

‘ഞങ്ങൾ പട്ടിണിയാവുമ്പോൾ കവി ഷർട്ടിന്റെ കൈമടക്ക് നിവർത്തും, 500 രൂപ താൾ നിവർന്നു വരും’ : ഓർമക്കുറിപ്പ്

a-ayyappan

ഒക്ടോബർ 21 മലയാളത്തിന്റെ പ്രിയകവി എ.അയ്യപ്പന്റെ ഓർമദിനമാണ്. എന്നെന്നും ആസ്വദിക്കാൻ ഒരുപിടി മനോഹരമായ കവിതകൾ സമ്മാനിച്ച് കവി പോയ് മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഓർമകൾക്ക് മരണമില്ല. ഇപ്പോഴിതാ, ഓർമദിനത്തിൽ എഴുത്തുകാരൻ ജേക്കബ് ഏബ്രഹാം അയ്യപ്പനോടൊപ്പമുള്ള തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ജേക്കബ് പങ്കുവച്ച കുറിപ്പ് –

മരിക്കാത്തവന്റെ ചരമദിനം അഥവാ ഒരു ബൊഹീമിയൻ ഗാനം :
തിരുവനന്തപുരത്ത് മ്യൂസിയത്തിന് ചേർന്നുള്ള വഴി അവസാനിക്കുന്ന ഡെഡ് എൻഡിൽ ഞങ്ങൾ ജേർണലിസം വിദ്യാർത്ഥികൾക്ക് ഒരു വീടുണ്ടായിരുന്നു. നാടക സംവിധായകൻ ദീപൻ ശിവരാമൻ വാടകയ്ക്കെടുത്ത വീടായിരുന്നു. ആയിടക്ക് യു കെ സ്ക്കോളർഷിപ്പ് കിട്ടി ദീപേട്ടൻ നാടകം പഠിക്കാൻ ഇംഗ്ലണ്ടിന് പോയി.. സഹപാഠിയായ കെ.എൻ അശോകിനും തോമസിനുമൊപ്പം ഞാനും അങ്ങോട്ട് ചേക്കേറി. 2000 ങ്ങളുടെ തുടക്കകാലത്ത് അതൊരു ബൊഹിമീയൻ കൂടാരമായി. ഒഡേസ സത്യൻ കവി എ അയ്യപ്പനെക്കുറിച്ച് ഇത്രയും യാതഭാഗം എന്ന ഡോക്യുമെന്ററി ചെയ്യുന്ന കാലം. സത്യേട്ടനും കവിയും കൂടെ ഈ വീട്ടിലേക്ക് ചേക്കേറി. ഉത്സവത്തിന്റെ നാളുകൾ. ബിനു. എം പള്ളിപ്പാടിന്റെ പുല്ലാങ്കുഴൽ കച്ചേരി അയ്യപ്പണ്ണന്റെ കവിതകൾ
സെക്കഡലിക്ക് രാത്രികൾ
മദ്യപിക്കാത്തവർ പോലും ഉന്മത്തമാകുന്ന രാത്രികൾ
എത്രയോ ദിനരാത്രങ്ങൾ
വിദ്യാർത്ഥികളായ ഞങ്ങൾ പട്ടിണിയാവുമ്പോൾ
കവി ഷർട്ടിന്റെ ചുരുട്ടിയ കൈമടക്ക് നിവർത്തും
500 രൂപ താൾ നിവർന്നു വരും
ഭക്ഷണം കവിതയായി വരും
ഗ്രീഷ്മമേ... സഖീ
കവിയുടെ ശബ്ദം ചെവിയിൽ മുഴങ്ങുന്നു

നേമത്തുള്ള പെങ്ങളെ കാണാൻ ഓട്ടോയിൽ ഞാനും കൂട്ടു പോയിട്ടുണ്ട്
അന്നേരം കവി
ബേക്കറിയിൽ വണ്ടി നിർത്താൻ പറയും
നിറയെ ബേക്കറി സാധനങ്ങൾ
വാങ്ങും
എന്നെ നോക്കി കണ്ണിറിക്കും

ഒരു ദിവസം കവിയുടെ കവിത ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി വെറുതെ കാണിച്ചു
കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു

സൗഹൃദങ്ങളുടെ കൂടാരമായിരുന്നു ആ വീട്.
ഈയിടെ ഞാൻ ആ വീട് കാണാൻ പോയി
ഒരു ഫ്ളാറ്റ് ഉയർനിരിക്കുന്നു
വീട്
മറവിയിലേക്കും
അയ്യപ്പണ്ണനും സത്യേട്ടനും ഓർമ്മയിലേക്കും