Saturday 27 May 2023 02:20 PM IST

ആദ്യം ചോദിച്ചത് ഷാജി എൻ കരുൺ, പിന്നാലെ പത്മരാജനും: ഒടുവിൽ ‘നമുക്ക് ഗ്രാമങ്ങളില്‍ ചെന്നു രാപ്പാർക്കാം’ സിനിമയായി

V.G. Nakul

Sub- Editor

kk

ഒരു ദിവസം വൈകുന്നേരം കോട്ടയത്തെ നാഷനൽ ബുക് സ്റ്റാളിന്റെ ഷോപ്പിൽ നിൽക്കുമ്പോൾ ഒരു വയോധിക അവിടേക്കു കയറി വന്നു. കെ.കെ സുധാകരന്റെ ‘കുതിരകൾ’ എന്ന നോവൽ അന്വേഷിച്ച് എത്തിയതാണ്. എസ്.പി.സി.എസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചതെങ്കിലും ഇപ്പോൾ ഔട്ട് ഓഫ് സ്റ്റോക്ക്. മാനേജരുമായുള്ള അവരുടെ സംസാരം ശ്രദ്ധിച്ചപ്പോൾ മനസ്സിലായ കാര്യങ്ങൾ ഇതൊക്കെയാണ് –
പാമ്പാടിയിലെ ഒരു സ്കൂളിലെ പ്രഥമ അധ്യാപികയായി വിരമിച്ച അവരുടെ ഏറ്റവും പ്രിയപ്പെട്ട നോവലാണ് ‘കുതിരകൾ’. വാങ്ങി സൂക്ഷിച്ചിരുന്ന കോപ്പി ആരോ വായിക്കാൻ കൊണ്ടു പോയത് എങ്ങനെയോ നഷ്ടപ്പെട്ടു. പുതിയ ഒന്നിനായി ശ്രമിച്ചിട്ട് കിട്ടുന്നില്ല. എഴുത്തുകാരനോട് ചോദിച്ചപ്പോൾ അദ്ദേഹമാണ് എസ്.പി.സി.എസിൽ തിരക്കാൻ പറഞ്ഞത്.
മാനേജർ നിസ്സഹായനായപ്പോൾ - എങ്ങനെയെങ്കിലും എനിക്കൊരു കോപ്പി സംഘടിപ്പിച്ചു തരാമോ ? എന്ന് അപേക്ഷാസ്വരത്തിലായി അവരുടെ ചോദ്യം. ജീവിതത്തില്‍ അത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു കൃതിയില്ലത്രേ. പലപ്പോഴും എടുത്തു വായിക്കുന്നതായതിനാൽ സ്വന്തം കോപ്പി നഷ്‍ടപ്പെട്ട ശേഷം വലിയ സങ്കടത്തിലാണ്.
അതിനിടെ ചില ഓൺലൈൻ ബുക്ക് ഷോപ്പുകളിലൊക്കെ മാനേജർ തിരയുന്നുണ്ടായിരുന്നു. പലയിടത്തും കോപ്പി ഇല്ല. ഒടുവിൽ ഷോപ്പിലെ ഫോൺ നമ്പർ കൊടുത്ത് - ഇടയ്ക്കൊന്ന് ബന്ധപ്പെട്ടോളൂ... കിട്ടിയാൽ അറിയിക്കാം...എന്ന ഉറപ്പ് നൽകി മാനേജർ അവരെ സമാധാനിപ്പിച്ചു തിരികെ അയച്ചു.

ഈ അനുഭവം ഞാൻ പിറ്റേന്ന് ഫെയ്സ്ബുക്കിൽ എഴുതിയപ്പോൾ അതിനു താഴെ വന്ന രണ്ട് കമന്റുകൾ ഇങ്ങനെയായിരുന്നു –

‘നകുൽ ‘കുതിരകൾ’ അന്വേഷിച്ച് എൻ.ബി.എസിൽ പോയ ടീച്ചർ ഞാനാണ്’.

‘കുതിരകൾ പ്രസിദ്ധീകരിക്കുമ്പോൾ അറിയിക്കണം. എന്റെ ഫോൺ നമ്പർ ഞാൻ കൊടുത്തിട്ടാണ് പോന്നത്. എനിക്ക് ആ നോവൽ കിട്ടണം’.

kk-sudhakaran-1

നന്ദിനി കെ.എൻ എന്ന ആ അധ്യാപികയുടെ അപ്രതീക്ഷിത കമന്റുകൾ വന്നതിനു ശേഷം കെ.കെ സുധാകരനും ഒരു കമന്റിട്ടു. അതിങ്ങനെ – 

‘വെറുതെ വിട്ടുകളയാവുന്ന ഒരു സംഭവമാണ് എൻ.ബി.എസിൽ വച്ച് നടന്നത്. പക്ഷെ, അതൊരു പോസ്റ്റ്‌ ആക്കിയപ്പോൾ പലർക്കും പല കാര്യങ്ങളും ഓർമ വന്നു. അവരുടെ ചിന്തകളിൽ ഞാനുണ്ട് എന്ന് അറിയുമ്പോൾ ഏറെ വിനയാന്വിതനാകുന്നു. ഏത് പട്ടികയിൽപ്പെട്ടാലും എഴുതുന്നതൊക്കെ വായിക്കപ്പെടുന്നു എന്ന അറിവ് തരുന്ന സന്തോഷം ചെറുതല്ല. നന്ദി’.

‘കുതിരകൾ’ പിന്നീട് ഡോൺ ബുക്സ് പുന:പ്രസിദ്ധീകരിച്ചു.

മുകളിൽ വിവരിച്ചത് ഒരു ചെറിയ ഉദാഹരണം. ഇത്തരത്തിൽ കെ.കെ സുധാകരൻ എന്ന എഴുത്തുകാരനെയും അദ്ദേഹത്തിന്റെ കൃതികളെയും ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിനു മലയാളികളുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സാഹിത്യത്തിൽ ജനപ്രിയ രചനകളുമായി നിറഞ്ഞു നിൽക്കുകയാണ് കെ.കെ.സുധാകരൻ. മനുഷ്യ മനസ്സുകളിലെ സങ്കീർണതകളിലേക്ക് സഞ്ചരിച്ച് പ്രണയവും ദാമ്പത്യവും സൗഹൃദവും വിരഹവും സന്തോഷവുമൊക്കെ പകർത്തി, ഓരോ കാലത്തിന്റേയും ഉൾത്തുടിപ്പുകൾ ഒപ്പിയെടുത്ത് കഥ മെനയുകയാണ് അദ്ദേഹം. ഒരിക്കൽ കെ.കെ സുധാകരനുമായി സംസാരിച്ചിട്ടുണ്ട് – ഒരു അഭിമുഖം തയാറാക്കുന്നതിനായി. സന്തോഷത്തോടെ അദ്ദേഹം സമ്മതിച്ചെങ്കിലും അതു സാധ്യമായില്ല.

ഷാജി എന്‍ കരുണും പത്മരാജനും മോഹിച്ച കഥ

മലയാളത്തിന്റെ മഹാനായ ചലച്ചിത്രകാരൻ പി.പത്മരാജന്റെ ശ്രദ്ധേയ സിനിമകളിലൊന്നായ ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ കെ.കെ സുധാകരന്റെ ‘നമുക്ക് ഗ്രാമങ്ങളില്‍ ചെന്നു രാപ്പാർക്കാം’ എന്ന നോവെല്ലയുടെ ദൃശ്യഭാഷ്യമാണ്. 1985 ല്‍ ‘കലാകൗമുദി വാരിക’യിലാണ് ‘നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം’ പ്രസിദ്ധീകരിച്ചത്. പിന്നീടത് പുസ്തകമായി.

kk-sudhakaran-5

മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ പഠിക്കുന്ന കാലത്തു തനിക്ക് കിട്ടിയ ഒരു മലയാളം ബൈബിളിലെ ശലോമോന്റെ ഉത്തമഗീതത്തിലെ ചില വരികളാണ് ‘നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം’ എഴുതാൻ പ്രചോദനമായതെന്ന് കെ.കെ സുധാകരൻ പറഞ്ഞിട്ടുണ്ട്. കലാകൗമുദിയിൽ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങൾ സഹിതം നോവൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ അത് സിനിമയാക്കാൻ ആഗ്രഹിച്ച് ആദ്യം സമീപിച്ചത് അക്കാലത്ത് ഛായാഗ്രാഹകന്‍ മാത്രമായിരുന്ന ഷാജി.എൻ.കരുണാണ്. പിന്നാലെ പി.പദ്മരാജനും ബന്ധപ്പെട്ടു. കെ.കെ സുധാകരൻ പത്മരാജന് അനുമതി നൽകി. കോവളത്തെ ഹോട്ടൽ സമുദ്രയിലിരുന്നാണ് പദ്മരാജനും സുധാകരനും ചേർന്ന് നോവലിൽ നിന്ന് സിനിമയുടെ കഥയുണ്ടാക്കിയത്.

kk-sudhakaran-3

മോഹൻലാലും ശാരിയും തിലതനും കവിയൂർ പൊന്നമ്മയും തിലകനുമൊക്കെ പ്രധാന കഥാപാത്രങ്ങളായി തിളങ്ങിയ ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ 1986 ഡിസംബറിൽ തിയറ്ററുകളിലെത്തി.

ശാന്തമനോഹര ജീവിതം

‘മലയാളത്തിൽ ഇത്രയധികം നോവലുകൾ എഴുതിയ മറ്റൊരു എഴത്തുകാരനില്ല. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ, ലൈബ്രേറിയൻ സയൻസിൽ മാസ്റ്റർ ബിരുദമെടുക്കുന്ന കാലം മുതൽക്കേ കെ.കെ.സുധാകരനെ എനിക്കറിയാം. എന്നെക്കാൾ അഞ്ച് വയസ്സിന് മൂപ്പ്. 1953 ജനുവരി 17 ന് ജനനം. അസൂയയോടെയാണ് അദ്ദേഹത്തിന്റെ എഴുത്തിനെ ഞാൻ എന്നും കണ്ടിട്ടുള്ളത്. മനോഹരമായ കൈപ്പട. അതുപോലെ ശാന്തമനോഹര ജീവിതം .

kk-sudhakaran-2

സാമൂഹ്യാവസ്ഥയും കാലത്തിന്റെ മാറ്റവും വൈവിദ്ധ്യമുള്ള കഥാപാത്രങ്ങൾ സമ്മാനിക്കുന്ന ഇഴയടുപ്പമുള്ള കഥാഘടനയുമാണ് അദ്ദേഹത്തിന്റെ കൃതികളിലെ ശ്രദ്ധേയമായ ഘടകങ്ങൾ. കാലത്തിനൊപ്പം നടക്കുന്ന നോവലുകളാണവ.

വായനക്കാരാണ് ഒരെഴുത്തുകാരന്റെ സമ്പാദ്യം. അപരന്റെ സ്വീകരണ മുറിയിൽ നിരന്നു കാണാനുള്ളതല്ല എഴുത്തുകാരന്റെ കൃതികൾ. തുറന്ന താളുകളിലെ അക്ഷരങ്ങളെ പിൻതുടരുന്ന മനസ്സിലാണ് എഴുത്തുകാരൻ നിലവിളക്കും മെഴുകുതിരിയും കത്തിച്ചു വക്കേണ്ടത്.
കെ.കെ.സുധാകരൻ, നോവൽ സാഹിത്യ ചരിത്രത്തിൽ നിങ്ങൾക്ക് മുൻനിരയിൽ തന്നെ ഒരു കസേര നീക്കിയിട്ടിരിക്കാം. എന്തിന് അതിൽ ഇരിക്കാൻ മടിക്കണം! ’.– പ്രശസ്ത കഥാകൃത്ത് എം.രാജീവ് കുമാർ എഴുതിയ ഈ വരികൾ ധാരാളം, കെ.കെ.സുധാകരനെ അടയാളപ്പെടുത്താൻ.

എഴുത്തിന്റെ മായാജാലം

സ്വന്തം പേരിലും തൂലിക നാമങ്ങളിലുമായി മലയാളത്തിന്റെ മുൻനിര പ്രസിദ്ധീകരണങ്ങളിലുൾപ്പടെ ചെറുതും വലുതുമായ നൂറുകണക്കിന് നോവലുകൾ ഇതിനോടകം കെ.കെ സുധാകരൻ എഴുതിക്കഴിഞ്ഞു. അതിൽ മിക്കതും പുസ്തകരൂപത്തിലും ലഭ്യമാണ്.അദ്ദേഹത്തിന്റെ ‘മായാജാലം’ മലയാളത്തിലെ കുറ്റേന്വേഷണ നോവലുകളിൽ ഏറെ പുതുമയുള്ളതാണ്. ‘നീലമറുക്’ എന്ന കഥാസമാഹാരവും ‘ഞായറാഴ്ചയുടെ ഓർമ്മയ്ക്ക്’, ‘കണ്ണീർ പൂവ്’, ‘വീഞ്ഞു വിരുന്ന്’, ‘ഹൃദയതാളം’, ‘വനശലഭം’, ‘മറ്റു പലരുടെയും കാമുകൻ’, ‘കഥയിലെ രാജകുമാരി’, ‘കാമുകി’, ‘ജലരേഖ’ എന്നീ നോവലുകളുമുൾപ്പടെ ശ്രദ്ധേയമായ എത്രയെത്ര കൃതികർ... മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ ചീഫ് ലൈബ്രേറിയനായിരുന്ന അദ്ദേഹം മാവേലിക്കര കല്ലുമലയിലെ ‘ലാവണ്യ’യിലാണ് താമസം.

kk-sudhakaran-4