Wednesday 03 May 2023 03:51 PM IST

‘പഠിച്ചു മിടുക്കനാകുക, ഒരു ജോലി സമ്പാദിക്കുക’: 19 വയസ്സുകാരന്‍ ആരാധകന് കോട്ടയം പുഷ്പനാഥിന്റെ മറുപടി

V.G. Nakul

Sub- Editor

kottayam-pushpanath

‘കോട്ടയം പുഷ്പനാഥ്, കോട്ടയം’

ഇത്രയുമാണ് ‘To’ എന്നതിനു താഴെ, ആ കവറിനു മുകളിൽ ഞാൻ എഴുതിയത്. ഉള്ളിലെ കടലാസുകളിൽ, ഒരു പത്തൊമ്പത് വയസ്സുകാരന്റെ അടക്കാനാകാത്ത ആരാധന അക്ഷരങ്ങൾക്കിടയിൽ കുരുങ്ങി ശ്വാസംമുട്ടിപ്പിടയുന്നുണ്ടായിരുന്നു.

കർദ്ദിനാളിന്റെ മരണവും നെപ്പോളിയന്റെ പ്രതിമയും യക്ഷിക്കാവും ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങളും ടൊർണാഡോയും ഗന്ധർവയാമവും ഡ്രാക്കുളക്കോട്ടയും ഡ്രാക്കുളയുടെ അങ്കിയും മന്ത്രമോഹിനിയുമൊക്കെ വായിച്ച്, ഡിറ്റക്ടീവ് മാർക്സിനും ഡിറ്റക്ടീവ് പുഷ്പരാജിനുമൊപ്പം മനോരാജ്യങ്ങളിൽ മുഴുകിക്കഴിയവേ, ഇനിയും അടക്കിപ്പിടിക്കാനാകില്ലെന്നു തോന്നിയ ഘട്ടത്തിലാണ് ആ സാഹസത്തിനു മുതിർന്നത് – കോട്ടയം പുഷ്പനാഥിന് ഒരു കത്തെഴുതുക!

വിലാസം എങ്ങനെ കിട്ടും ?

പല പുസ്തകങ്ങളും പരതി, നിരാശയായിരുന്നു ഫലം. പലതിലും വ്യക്തിവിവരം പോലും ലഭ്യമല്ല. പരിഹാസം ഭയന്ന്, ആരോടെങ്കിലും ചോദിക്കാനും മടി. ഒടുവിൽ, ഒരു ഭാഗ്യപരീക്ഷണത്തിനു തയാറായി. കത്തെഴുതി, കവറിലാക്കി, ‘കോട്ടയം പുഷ്പനാഥ്. കോട്ടയം’ എന്ന് വിലാസം കുറിച്ച് തപാൽ പെട്ടിയിലിട്ടു. പിന്നീടുള്ള ഓരോ ദിവസവും ആകാംക്ഷയുടെ പെരുമ്പറ മുഴങ്ങുന്ന മനസ്സുമായായായിരുന്നു ജീവിതം. കത്ത് കോട്ടയം പുഷ്പനാഥിന് കിട്ടിക്കാണുമോ ? അദ്ദേഹം വായിച്ചിട്ടുണ്ടാകുമോ ? മറുപടി തരുമോ ? ഇങ്ങനെ പലതരം ചോദ്യങ്ങളും സംശയങ്ങളും ചങ്കിൽ കിടന്നു ഉരുണ്ടുപിരണ്ടു കുത്തിമറിയാൻ തുടങ്ങി. ഏറെ വൈകിയില്ല. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് ബ്രൗൺ നിറമുള്ള ഒരു കവറിനുള്ളിലിട്ട് പോസ്റ്റ്മാന്‍ വീടിനു മുന്നിലെ ഇടവഴിയിൽ സൈക്കിളിലെ മണിമുഴക്കി നിന്നു. ആ കവറിന്റെ പിൻ വശത്ത്, ‘From’ എന്നതിനു താഴെ, ‘കോട്ടയം പുഷ്പനാഥ്, കോട്ടയം – 686041’ എന്ന വിലാസം കണ്ട് ഒരു നിമിഷം ഇത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ ഞാനൊന്നു തരിച്ചു. ആ തരിപ്പ് ഈ കുറിപ്പ് തയാറാക്കുമ്പോഴും തിരികെയെത്തുന്നുണ്ട്.

kottayam-pushpanath-2

തന്റെ ലെറ്റർപാഡിൽ, പത്തിൽ താഴെ വരികളില്‍, ഒരു ചെറിയ മറുപടിയാണ് കോട്ടയം പുഷ്പനാഥ് എനിക്കെഴുതിയത്. അതവസാനിക്കുന്ന, ‘പഠിച്ചു മിടുക്കനാകുക, ഒരു ജോലി സമ്പാദിക്കുക’ എന്ന വരി തെളിച്ചമുള്ള പ്രോത്സാഹനമായി ഹൃദയത്തില്‍ തൊട്ടു നിൽക്കുന്നു.

അത് ആരെയെങ്കിലുമൊന്ന് കാണിച്ച് കുതിച്ചൊഴുകുന്ന സന്തോഷം പകർന്നുതീർക്കണമെന്നുണ്ട്. എന്നാൽ എന്റെ ഇത്തരം വട്ടുകൾ മനസ്സിലാകുന്ന സുഹൃത്തുക്കൾ അന്നു തീരെയുണ്ടായിരുന്നില്ല. നാട്ടിലോ, പരിചയത്തിലോ ഉള്ള ബുദ്ധിജീവികൾക്ക് ‘ഓ...കോട്ടയം പുഷ്പനാഥോ...’ എന്നൊരു ഭാവവും...ഒടുവിൽ അച്ഛനെ കാണിച്ച് തൃപ്തിപ്പെട്ട്, ആ രസത്തിൽ കുറയേറെ ദിവസങ്ങൾ പിന്നിട്ടപ്പോൾ മറ്റൊരു തോന്നൽ – കോട്ടയം പുഷ്പനാഥിനോട് ഒന്നു സംസാരിച്ചാലോ ?

മടിച്ച് മടിച്ചാണെങ്കിലും കത്തിൽ ഉണ്ടായിരുന്ന നമ്പരിൽ വീട്ടിലെ ഫോണ്‍ എടുത്തു വിളിച്ചു. ഒന്നോ രണ്ടോ റിങ്ങുകൾക്കൊടുവില്‍ ഒരു സ്ത്രീശബ്ദം പ്രതികരിച്ചു –

‘ഹലോ...’

‘പുഷ്പനാഥ് സാർ...’

‘കൊടുക്കാം...’

നിമിഷങ്ങൾക്കുള്ളിൽ ആ സ്വരം കാതിൽ തട്ടി.

‘പുഷ്പനാഥാണ്...ആരാ...?’

പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം എന്നെ മനസ്സിലാക്കി. എന്തൊക്കെയാണ് അന്ന് സംസാരിച്ചതെന്ന് ഇപ്പോൾ ഓർമയില്ല. പിന്നെയും രണ്ടോ മൂന്നോ തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. പതിയെപ്പതിയെ ആ ബന്ധം അറ്റു...

kottayam-pushpanath

കോട്ടയം പുഷ്പനാഥിന്റെ അഞ്ചാം ഓർമദിനമായിരുന്നു ഇന്നലെ. 2019 മേയ് 2 ന്, 80 വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ മരണം. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ കൂടിയായ മകൻ സലിം പുഷ്പനാഥ് അന്തരിച്ച് ഒരു മാസം തികയും മുൻപായിരുന്നു പുഷ്പനാഥിന്റെയും വിയോഗം.

നൂറിലേറെ ഡിറ്റക്ടീവ്, മാന്ത്രിക നോവലുകൾ രചിച്ച, മലയാള സാഹിത്യത്തിലെ ജനപ്രിയ ക്രൈം നോവലിസ്റ്റുകളിലെ കുലപതിയായിരുന്ന കോട്ടയം പുഷ്പനാഥിന് അർഹിക്കുന്ന ആദരം മലയാള സാഹിത്യം നൽകിയിട്ടുണ്ടോ എന്ന ചോദ്യം എപ്പോഴുമെന്ന പോലെ ഇപ്പോഴും പ്രസക്തം. പ്രശസ്ത നോവലിസ്റ്റ് ജിജി ചിലമ്പിൽ തയാറാക്കിയ, ‘കോട്ടയം പുഷ്പനാഥ് – അപസർപ്പക നോവലുകളുടെ ആചാര്യൻ’ എന്ന പുസ്തകം മാത്രമാണ് ഇത്രകാലത്തിനിടെ അദ്ദേഹത്തെ അടയാളപ്പെടുത്തുന്നതായി അക്ഷരലോകത്തുണ്ടായിട്ടുള്ളത്. ചെറുമകൻ റയാൻ പുഷ്പനാഥിന്റെ നേതൃത്വത്തിൽ, അദ്ദേഹത്തിന്റെ നോവലുകൾ ‘കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ്’ വീണ്ടും വിപണിയിലെത്തിച്ചു തുടങ്ങിയതിനാൽ പുതിയ വായനക്കാരും ആ കൃതികളെ അറിയുന്നു.

കത്തിലേക്ക്, അതില്‍ കുറിച്ച ‘കോട്ടയം പുഷ്പനാഥ്, കോട്ടയം’ എന്ന വിലാസത്തിലേക്ക് മടങ്ങി വരാം. പിന്നീട് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, വീട്ടുപേരിന്റെയോ നാട്ടുപേരിന്റെയോ പിൻ കോഡിന്റെയോ സഹായമില്ലാതെ, ഒരു ദേശം ഒരു മനുഷ്യന്റെ വിലാസമാകുന്നതിലെ അതിശയം...‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്’ എന്നു ചോദിക്കും പോലെ, ‘കോട്ടയത്ത് എത്ര പുഷ്പനാഥുമാരുണ്ട്’ എന്നു ചോദിക്കാനാകില്ലല്ലോ...കോട്ടയത്ത് ഒരു പുഷ്പനാഥല്ലേയുള്ളൂ...ഒരേയൊരു കോട്ടയം പുഷ്പനാഥ്!