Thursday 19 January 2023 12:15 PM IST : By സ്വന്തം ലേഖകൻ

സോമൻ ഏറെ കൊതിച്ചിരുന്നു, ആ സന്തോഷം കാണാൻ... കവി കോവിഡിനൊപ്പം പോയി, കവിത ഇതാ വായനക്കാരിലേക്ക്

soman-poet-death

കോവിഡ് ജീവൻ അപഹരിച്ച മൂന്നംഗ കുടുംബത്തിലെ അറിയപ്പെടാത്ത കവി എഴുതി വച്ച കവിതകൾ ഇന്നു വെളിച്ചം കാണും. എടച്ചേരിയിലെ കുഴുമ്പിൽ സോമൻ പലപ്പോഴായി എഴുതിയ കവിതകൾ സഹോദരൻ വത്സരാജിന്റെ ശ്രദ്ധയിൽ പെട്ടത് സോമന്റെ വിയോഗ ശേഷമാണ്. ഇവയിൽ നിന്നു തിരഞ്ഞെടുത്ത 32 കവിതകളാണ് 'കണ്ണീർക്കണം'  എന്ന പേരിൽ പുസ്തകമാക്കിയത്. 

ഇന്നു വൈകിട്ട് 4ന് എടച്ചേരി കമ്യൂണിറ്റി ഹാളിൽ രമേശ് ചെന്നിത്തല എംഎൽഎ പ്രകാശനം ചെയ്യും. പി.കെ.പാറക്കടവ് ഏറ്റു വാങ്ങും. സോമനും അമ്മ ലക്ഷ്മിക്കുട്ടി അമ്മയും സോമന്റെ സഹോദരൻ സതീഷ്കുമാറുമാണ് കോവിഡ് ബാധിച്ചു മരിച്ചത്. കോൺഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന സോമന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ സഹോദരൻ വത്സരാജ് ആ കവിതകളിൽ ചിലത് ആലപിച്ചു.

ഈ കവിതകൾ പ്രസിദ്ധീകരിക്കാൻ സുമനസ്സുകളുടെ സഹായം തേടിയപ്പോൾ അനുസ്മരണം  ഉദ്ഘാടനം ചെയ്ത കോൺഗ്രസ് നേതാവ് ഐ.മൂസ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. ഹരിതം ബുക്സാണ് പ്രസാധകർ. കച്ചേരി യുവ ചേതന കലാ സാംസ്കാരിക വേദിയാണ് സംഘാടകർ.