Saturday 21 January 2023 10:16 AM IST

‘കല്ലായിയിലെ വിഖ്യാത ഹോട്ടൽ... അവിടുത്തെ പൊറോട്ടയുടെയും ബീഫിന്റെയും ഇഷ്ടക്കാരൻ’: ബഷീർ... സ്ഥലത്തെ പ്രധാന ദിവ്യൻ

V.G. Nakul

Sub- Editor

mohan-kumar-1

വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന് ഇന്ന് 115–ാം ജന്മദിനം. മ്മ്ണി ബല്യ എഴുത്തുകാരന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ജന്മനാട്.

നാനാവിധം മനുഷ്യർക്കിടയിലാണ് എക്കാലവും ബഷീർ ജീവിച്ചത്. പ്രശസ്തരും അപ്രശസ്തരും പ്രതിഭകളും സാധാരണക്കാരുമൊക്കെ ആ സൗഹൃദത്തിന്റെ മാങ്കോസ്റ്റിൻ തണലിലിരുന്ന് സ്നേഹത്തിന്റെ സുലൈമാനി നുണഞ്ഞിട്ടുണ്ട്...അതുകൊണ്ടൊക്കെത്തന്നെ ഇപ്പോഴും ആ വിയോഗം ഒരുപാട് മനുഷ്യരിൽ നികത്താനാകാത്ത മഹാ ശൂന്യതയായി അവശേഷിക്കുന്നു... അവരിലൊരാളാണ് മോഹൻ കുമാർ. തിരുവനന്തപുരത്ത് എം.കെ ബുക്സ് എന്ന പുസ്തകശാല നടത്തുന്ന കോട്ടയം സ്വദേശിയായ മോഹൻ പതിറ്റാണ്ടുകളോളം ബഷീറിന്റെ ജീവിതത്തോട് ചേർന്നു നിന്നയാളാണ്...ഒരു സാഹിത്യകാരനും പുസ്തകവിൽപ്പനക്കാരനും തമ്മിലുള്ളതിനപ്പുറത്തേക്ക് സഹോദരതുല്യമായ ഒരു തലത്തിലേക്ക് ആ ബന്ധം വളർന്നു...ആ അടുപ്പമാണ്, ‘ഭാർഗവീനിലയ’ത്തിന്റെ തിരക്കഥ മോഹൻ പകർത്തിയെഴുതിയാൽ മതി’യെന്ന തീരുമാനത്തിലേക്ക് ബഷീറിനെ എത്തിച്ചത്.

‘‘വർഷങ്ങൾക്കു മുമ്പ് ഡി.സി ബുക്സിൽ ജോലി കിട്ടി കോഴിക്കോട്ടെ ബുക്ക്സ്റ്റാളിൽ എത്തിയ കാലത്താണ് സാറിനെ പരിചയപ്പെട്ടത്. അതൊരു നല്ല സൗഹൃദമായി വളർന്നു. മിക്ക ദിവസവും വൈകുന്നേരം അദ്ദേഹം ഷോപ്പിൽ വരും. തിരികെ ഞാൻ ബസ്സിൽ കയറ്റി വിടും. മിക്കപ്പോഴും ഞാൻ സാറിനെ കാണാൻ ബേപ്പൂരിലെ വീട്ടിലും ചെല്ലുമായിരുന്നു. പുസ്തകങ്ങൾ എല്ലാം എനിക്ക് ഒപ്പിട്ടു തന്നിട്ടുണ്ട്.

mohan-kumar-2

ഡി.സി ബുക്സിന്റെ പാലക്കാട് ശാഖയുടെ ഉദ്ഘാടനത്തിന് കാറിൽ ഞാനാണ് ബഷീറിനെ കൊണ്ടുപോയത്. അന്ന് പാലക്കാട് പഠിക്കുകയായിരുന്ന മകൻ അനസിനെ കാണാനും അദ്ദേഹത്തോടൊപ്പം പോയി.

മറ്റൊരു രസകരമായ ഓർമ കല്ലായി റോഡിലുള്ള ഒരു കടയിൽ പുതിയ ഗ്രാമഫോൺ വാങ്ങാൻ എന്നെയും കൂട്ടി പോയതാണ്. ഹിന്ദി പാട്ടുകളുടെ കുറേ റെക്കോഡുകളും അക്കൂട്ടത്തില്‍ വാങ്ങി. അദ്ദേഹത്തിന്റെ മകള്‍ എന്റെ സഹപ്രവർത്തകയായിരുന്നു’’. – മനസ്സിൽ തിങ്ങിനിറയുന്ന ബഷീർ ഓർമകളില്‍ നിന്നു ചിലതൊക്കെ പുറത്തേക്ക് കുടഞ്ഞിടുമ്പോൾ ഒക്കെയും തുളുമ്പിവീഴുമ്പോലെ മോഹന്‍ വാചാലനായി.

mohan-kumar-3

എങ്ങനെയാണ് ‘ഭാർഗവീനിലയം’ തിരക്കഥയുടെ പകർത്തിയെഴുത്തുകാരനായത് ?

ബഷീറിന്റെ സമ്പൂർണകൃതികള്‍ തയാറാക്കുന്നതിന്റെ ഭാഗമായാണ് ‘ഭാർഗവീനിലയം’ തിരക്കഥ വീണ്ടെടുക്കേണ്ടി വന്നത്. അതിന്റെ കൈയെഴുത്ത് പ്രതി ഒരു പഴയ പെട്ടിയിൽ പകുതിയോളം പൊടിഞ്ഞു നാശമായി കിടക്കുകയായിരുന്നു. ഡോ.എം.എം.ബഷീർ അത് തപ്പിയെടുത്തു. ആര് പകർത്തിയെഴുതും എന്ന ചോദ്യം വന്നപ്പോൾ ബഷീറാണ് പറഞ്ഞത്: ‘മോഹൻ ചെയ്താൽ മതി’ എന്ന്. വളരെ പ്രയാസപ്പെട്ടും അദ്ദേഹത്തിന്റെ നിർദേശങ്ങൾ സ്വീകരിച്ചും അനുവദിച്ച സമയത്തിനുള്ളിൽ മുഴുവൻ പകർത്തിയെഴുതിയെടുത്തു. കൃതിയിൽ വന്നപ്പോൾ പകർത്തിയെഴുത്തുകാരനെന്ന നിലയിൽ എന്റെ പേരും വച്ചിരുന്നു. അതൊരു വലിയ അംഗീകാരമായി.

1964ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ, എ. വിൻസന്റിന്റെ സംവിധാനത്തിൽ മധു, പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയാണ് ഭാർഗ്ഗവീനിലയം. ബഷീറിന്റെ നീലവെളിച്ചം എന്ന കഥയാണ് ഭാർഗ്ഗവീനിലയം ആയത്.

ഇപ്പോൾ വർഷങ്ങൾക്കു ശേഷം ആഷിക് അബു ഭാർഗ്ഗവീനിലയം പുനരാവിഷ്കരിക്കുകയാണ് – ‘നീലവെളിച്ചം’ എന്ന പേരിൽ.

mohan-kumar-4

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി., പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

കോഴിക്കോട് വിട്ട് മോഹൻ തിരുവനന്തപുരത്തേക്ക് വന്ന ശേഷവും ബഷീറുമായുള്ള ബന്ധം തുടരുന്നുണ്ടായിരുന്നു...ബേപ്പൂർ സുൽത്താന്റെ മരണം വരെ...

‘‘ബഷീർ എഴുതിയ കത്തുകൾക്ക് മറ്റൊരു പ്രത്യേകതയുണ്ട്. വിലാസം തിരിച്ചിട്ടേയെഴുതൂ. അതായത്, ‘തിരുവനന്തപുരം, എം.കെ ബുക്സ്, മോഹൻ കുമാർ’ എന്ന രീതിയിൽ’’. – മോഹൻ പറയുന്നു.

ബഷീറുമായി ബന്ധപ്പെട്ട മറ്റൊരു ചെറിയ കൗതുകം കൂടി പങ്കുവച്ചാണ് മോഹൻകുമാർ സംസാരം അവസാനിപ്പിച്ചത്.

‘‘കല്ലായി റെയിൽവേ സ്റ്റേഷന് മുമ്പിൽ ഒരു ഹോട്ടലുണ്ട്. അവിടുത്തെ പൊറോട്ടയും ബീഫ് കറിയും അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതാണ്. ആ വഴി പോകുമ്പോഴൊക്കെ അവിടെയിറങ്ങി പാഴ്സൽ വാങ്ങിയേ പോകുള്ളൂ. അങ്ങനെ എത്രയെത്ര ഓർമ്മകൾ...ഇപ്പോഴും ബഷീറിനെ ഓർക്കാത്ത ദിവസങ്ങൾ എന്റെ ജീവിതത്തിലില്ല...’’.