Thursday 01 December 2022 12:44 PM IST : By കൃഷ്ണകുമാർ മുരളീധരൻ

ഒരു അറ്റത്തു ചാരിറ്റി, മറ്റേ അറ്റത്തു ലഹരിയും പോണും ആയുധക്കച്ചവടവും: ഇതു മഞ്ഞുമലയുടെ ചെറിയ തുഞ്ചം മാത്രം

ajith-1

മനോരമ ബുക്ക്സ് പ്രസിദ്ധീകരിച്ച, അജിത്ത് ഗംഗാധരന്റെ ‘ഒൺലി ജസ്റ്റിസ്’ എന്ന നോവലിന് കൃഷ്ണകുമാർ മുരളീധരൻ തയാറാക്കിയ ആസ്വാദനക്കുറിപ്പ് വായിക്കാം –

‘A snake is mostly its head’

അങ്ങനെയാണ് ഏതൊരു സംഘടനയും. ഏതു ലക്ഷ്യത്തിനുവേണ്ടിയാണോ തുടങ്ങി വച്ചത് കാലാന്തരേ ആ ലക്ഷ്യം മറന്ന് നേതൃത്വത്തിന്റെ താൽപര്യത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒന്നായി അതു ചുരുങ്ങാം. നേതൃത്വമെന്നത് ചിലപ്പോൾ ഒരൊറ്റ വ്യക്തിയുമാകാം. ചരിത്രം സാക്ഷി. അജിത്ത് തന്റെ അൾട്ടിമേറ്റ് ജസ്റ്റിസ് എന്ന മുൻ നോവലിന്റെ അതേ ഭൂമികയിലാണ് ‘ഒൺലി ജസ്റ്റിസ്’ ന്റെയും കഥ പറയുന്നത്. ‘ഉപജാപങ്ങൾ കൊണ്ടു നെയ്ത വലിയ ഒരു ചിലന്തിവല’ എന്നല്ലാതെ ഒരു വാചകത്തിൽ ഈ പുസ്തകത്തെ സംഗ്രഹിക്കാൻ കഴിയില്ല.

എബി, നിക്ക്, വിജിത എന്നു പേരായ മൂന്നുപേർ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും ജീവിതസാഹചര്യങ്ങളിൽ നിന്നും അമേരിക്കയിലെ ഒരു ഹൈസ്കൂളിൽ എത്തിച്ചേർന്നതും ആത്മാർത്ഥ സുഹൃത്തുക്കളായതും ഒരേ ലക്ഷ്യത്തിലേക്കു നീങ്ങാൻ തീരുമാനിക്കുന്നതും ആരോ നേരത്തെ എഴുതിവച്ചിരുന്നതുപോലെയാണ്: There are no accidents! കഥയുടെ ഓരോ വളവിലും തിരിവിലും അതു വായനക്കാരനെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും രചയിതാവ്. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അവർ കണ്ടുമുട്ടുന്നവരിൽ ശത്രുക്കളാര്, മിത്രങ്ങളാര് , സത്യമേത്, മിഥ്യയേത്, ‘ഒൺലി ജസ്റ്റിസ്’ എന്ന സംഘടനയുടെ ശരിക്കുള്ള ഉദ്ദേശ്യമെന്താണ് ? ഒരറ്റത്തു ചാരിറ്റിപോലെ പ്രത്യക്ഷത്തിൽ ലാഭേച്ഛയില്ലാത്ത സദുദ്ദേശ പ്രവർത്തനങ്ങളും മറ്റേ അറ്റത്തു ലഹരിയും പോണും ആയുധവും പോലെ ഒരേ സമയം കൊള്ളലാഭം തരികയും മാനവകുലത്തിനു ഭീഷണിയാവുകയും ചെയ്യുന്ന കച്ചവടങ്ങളും - എല്ലാം ബന്ധിപ്പിച്ചിരിക്കുന്നത് ഒരേ നൂലിലാണെന്ന് എഴുത്തുകാരൻ ഉദാഹരണസഹിതം സമർത്ഥിക്കുമ്പോൾ, അതു വായിക്കുന്നവർക്ക് ചെറിയൊരു ഉൾക്കിടിലം ഉണ്ടാക്കിയേക്കാം. കോർപറേറ്റ് ലോകത്തെ ചെറുമത്സ്യങ്ങളെ ധനസഹായം പോലുള്ള ഇര കൊരുത്ത് പ്രലോഭിപ്പിച്ചു വിഴുങ്ങുന്ന വലിയ സ്രാവുകളുടെ ഉപജാപങ്ങളും വളരെ തെളിമയോടെ പ്രതിപാദിച്ചിട്ടുണ്ട്. ബിസിനസ് മാനേജ്മെന്റു രംഗത്തെ എഴുത്തുകാരന്റെ പ്രവൃത്തിപരിചയവും ദുബായ് നഗരത്തിലെ ജീവിതവും ഈ നോവലിന്റെ ഉരുവത്തിന് കാരണമായിട്ടുണ്ടെന്നതു വ്യക്തം. എല്ലാ കഥാപാത്രങ്ങൾക്കും അവർ അർഹിക്കുന്ന ബാക്ക് സ്റ്റോറി കൊടുക്കാനും രചയിതാവ് ശ്രദ്ധിച്ചിട്ടുണ്ട്. ഒരു കഥയ്ക്കുള്ളിൽ ഇതൾ വിരിയുന്ന അനേകം കഥകൾ. ലളിതമായ എഴുത്തും കഥപറയുന്ന വേഗവും കൊണ്ട് ഒറ്റയിരിപ്പിനു വായിച്ചുതീർക്കാവുന്ന ഒരു കോൺസ്പിറസി-സ്പൈ ത്രില്ലർ ആണ് ഒൺലി ജസ്റ്റിസ് എന്നു നിസ്സംശയം പറയാം. അവസാനഭാഗത്തേക്ക് അടുക്കുമ്പോൾ ‘ചിലന്തിവല’ ഒരൽപം സങ്കീർണ്ണമായില്ലേ എന്നൊരു സംശയം. ചില കഥാപാത്രങ്ങൾ തന്നെ ഇതു പറയുന്നുമുണ്ട്. ആ വിധത്തിൽ self aware ആണ് ഈ നോവൽ.

ajith-2

എഴുത്തുകാരൻ ആമുഖത്തിൽ പറഞ്ഞിരിക്കുന്നതു പോലെ ഈ പുസ്തകത്തിന്റെ ‘തുടർച്ചകളിൽ’ ബാക്കി വച്ചിട്ടു പോകുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഉണ്ടാകുമെന്നും മേൽപ്പറഞ്ഞ ഈ ചെറിയ തെറ്റുകുറ്റങ്ങൾ പരിഹരിക്കപ്പെടുമെന്നും പ്രതീക്ഷിക്കാം. അങ്ങനെ നോക്കുകയാണെങ്കിൽ വായിച്ചുവച്ചത് മഞ്ഞുമലയുടെ ഒരു ചെറിയ തുഞ്ചം മാത്രമാണെന്നു തോന്നുന്നു. എന്തൊക്കെയായാലും ഒരുപാടു വായിക്കപ്പെടേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതുമായ പുസ്തകം തന്നെയാണ് ‘ഒൺലി ജസ്റ്റിസ്’.