Thursday 18 May 2023 12:48 PM IST

‘കൈകൾ അല്ല മനസാണ് സാനിറ്റൈസ് ചെയ്യേണ്ടത്, നോവൽ എഴുതാൻ കാരണം കോവിഡ് കാലത്തെ ഒറ്റപ്പെടല്‍’: രാകേഷ് നാഥ് സംസാരിക്കുന്നു

V.G. Nakul

Sub- Editor

rakesh-nath

മനുഷ്യജീവിതത്തിനു മേൽ ‘കോവിഡ് 19’ എന്ന മഹാമാരി മരണത്തിന്റെ കൊടിപ്പടമുയർത്തിയ കാലം. രോഗത്തെ ചെറുത്തുതോൽപ്പിക്കുന്നതിന്റെ ഭാഗമായി, മാസ്കും സാനിറ്റൈസറും ഉൾപ്പടെ, അത്രകാലം അത്യന്താപേക്ഷിതമല്ലാതിരുന്ന പലതും ജീവിതചര്യയുടെ ഭാഗമായി. അക്കൂട്ടത്തിൽ, മുൻപരിചയമില്ലാത്തൊരു പ്രതിരോധമാർഗമായിരുന്നു സമ്പൂർണ ലോക് ഡൗൺ.

കടുത്ത നിയന്ത്രണങ്ങൾക്കു വഴങ്ങിയല്ലാതെ, എങ്ങോട്ടും സഞ്ചരിക്കുവാനാകാതെ മനുഷ്യർ അവരപ്പോഴുള്ളയിടങ്ങളിൽ ബന്ധിതരെപ്പോലെയായ ആദ്യത്തെ സമ്പൂർണ്ണ ലോക് ഡൗൺ. അക്കാലത്താണ്, യുവസാഹിത്യകാരൻ രാകേഷ് നാഥ് ചെന്നൈയിൽ കുടുങ്ങിയത്. കുടുംബം ഇങ്ങ് ചെങ്ങന്നൂരിലും. പ്രിയപ്പെട്ടവരെ പിരിഞ്ഞ് അന്യദേശത്തെ ഒരു ഫ്ലാറ്റിനുള്ളിലൊറ്റപ്പെട്ടപ്പോൾ, ആ നിരാശയെ അതിജീവിക്കാൻ രാകേഷ് കണ്ടെത്തിയ മാർഗം നോവലെഴുതുക എന്നതായിരുന്നു. താനുൾപ്പെടുന്ന സമൂഹം അപ്പോൾ കടന്നു പോകുന്ന, മുന്നനുഭവങ്ങളില്ലാത്ത, ഭയവും ആശങ്കകളുമായിരുന്നു ‘സാനിറ്റൈസ്’ എന്ന ആ നോവലിന്റെ തീം. ഒപ്പം കോവിഡ് കാലത്തെ സ്ത്രീജീവിതവും.

‘സാനിറ്റൈസി’നെക്കുറിച്ചും അതിലേക്കെത്തപ്പെട്ട ചിന്തകളെക്കുറിച്ചും രാകേഷ് നാഥ് സംസാരിക്കുന്നു, ‘വനിത ഓൺലൈൻ – ആർട്ട് ടോക്ക്’ൽ.

എങ്ങനെയാണ് ‘സാനിറ്റൈസി’ന്റെ തുടക്കം ?

അറ്റ്ലസ് - കൈരളി നോവൽ സാഹിത്യ പുരസ്കാരം, പൂർണ - ഉറൂബ് നോവൽ അവാർഡ് എന്നിവ നേടിയ ‘മരണരചന’ എന്ന നോവലിനു ശേഷം എഴുതിയതാണ് ‘സാനിറ്റൈസ്’ എന്ന നോവൽ. ‘സാനിറ്റൈസ്’ എഴുതുകയായിരുന്നില്ല. എഴുതപ്പെടുകയായിരുന്നു എന്നു പറയാം. കോവിഡ് കാലത്തെ ആദ്യത്തെ സമ്പൂർണ്ണ ലോക് ഡൗൺ കാലമാണ് ‘സാനിറ്റൈസി’ന്റെ രചനാകാലം . ചെന്നൈയിൽ ഫിലിം സ്കൂളിൽ ഒരു ക്ലാസ് എടുക്കാനായി പോയപ്പോഴാണ് പെട്ടെന്ന് ലോക് ഡൗൺ ആകുന്നത്. കൊട്ടിവാക്കത്തുള്ള സുഹൃത്തിന്റെ ഫ്ലാറ്റിൽ ഞാനൊറ്റപ്പെട്ടു എന്നു പറയാം. സുഹൃത്ത് നാട്ടിൽ പോയിരുന്നു. ലോക് ഡൗൺ എന്ന് തീരുമെന്നറിയാതെ, പുറത്തിറങ്ങാൻ പോലും കഴിയാതെ ദിവസങ്ങൾ തള്ളി നീക്കേണ്ടി വന്നു. രാവിലെ 11 മണിക്ക് മാത്രം മാസ്ക് ധരിച്ച് കടയിൽ പോകാം, സാനിറ്റൈസ് നിരന്തരം ചെയ്തു കൊണ്ട്. ഫോൺ വിളികൾ മാത്രമാണ് പുറം ലോകത്തോടുള്ള വിനിമയം. നാട്ടിലും സമ്പൂർണ്ണ ലോക്ഡൗൺ ആയിയെന്ന് ഭാര്യ ഫോണിൽ പറഞ്ഞു. ഫ്ലാറ്റിലിരുന്ന് താഴോട്ട് നോക്കിയാൽ കൊട്ടിവാക്കം തെരുവ് കാണാം. അഡയാറിൽ പോയാലേ പത്രമോ മാസികയോ കിട്ടൂ. ഫ്ലാറ്റിനുളളിൽ വായിക്കാൻ ഒന്നുമില്ല . ക്രമേണ ക്രമേണ ഫ്ലാറ്റിലെ അടുത്തടുത്ത മുറികളിലെ ആളുകളുമായി പരിചയമായി. ഒരിക്കൽപ്പോലും തമ്മിൽ അതുവരെ കാണാതിരുന്ന ജോലിക്കാർ കോവിഡ് കാലം മുതൽ ബന്ധം സ്ഥാപിച്ചു തുടങ്ങി. കൂടുതലും സ്ത്രീകളായിരുന്നു. ഓഫിസ് ജോലികൾ ചെയ്ത് ഒരു നിമിഷം പോലും വെറുതെയിരിക്കുവാനോ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനോ കഴിയാതെ പോകുന്ന സ്ത്രീകൾ വരെ അതിലുണ്ട്. എന്നാൽ മറിച്ച് ഭർത്താക്കൻമാർ ജോലിക്കു പോവുകയും വീട്ടുജോലികൾ മാത്രം ചെയ്ത് യാതൊരുവിധ സ്വാതന്ത്ര്യവുമില്ലാതെ കഴിയുന്ന സ്ത്രീകളും ഉണ്ട്. ഇത്തരം സ്ത്രീകളുടെയെല്ലാം പൊതുവായ ഒരു വിശ്രമ കാലഘട്ടമായി കോവിഡ് കാലം. ഇത് നേരിട്ട് മനസിലാക്കാൻ കഴിഞ്ഞത് കോവിഡ് കാലത്താണ്. പുരുഷലോകം സ്ത്രീലോകത്തെ മനസിലാക്കാനും തിരിച്ചറിയുവാനും സാധിച്ചുവെന്നതാണ് കോവിഡ് കാലത്തെ ഒരു പ്രത്യേകത.

നോവൽ എഴുതാൻ കാരണം കോവിഡ് കാലത്തെ ഒറ്റപ്പെടലാണ്. നാട്ടിൽ ഭാര്യയും കുട്ടിയും ഒറ്റപ്പെടുന്നു. ആർക്കും പുറത്തിറങ്ങാൻ വയ്യാത്ത സമയം. ഞാൻ തന്നെ പാചകം ചെയ്യുന്ന ഘട്ടമെത്തി. ആകെയുള്ള പ്രവൃത്തി നോവലെഴുത്തായി.

‘സുകന്യ’ എന്ന ഒരു കഥ 2015 ൽ ഞാൻ എഴുതിയിരുന്നു. അങ്ങനെയൊരു അവിവാഹിതയായി ജീവിച്ച വലിയ ധീരതയാർന്ന ഒരു കഥാപാത്രത്തെ എനിക്ക് പരിചയം ഉണ്ടായിരുന്നു. ആ കഥാപാത്രത്തെ ചുവടുപിടിച്ചാണ് നാൻസി എന്ന സ്ത്രീയിലേക്ക്, കഥാപാത്രത്തിലേക്ക്, ഞാൻ എത്തിച്ചേരുന്നത്. മലയാളി, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകൾ സംസാരിക്കുന്ന വിഭിന്ന ദേശക്കാർ എന്റെ ചുറ്റിനും കഴിയുന്നുമുണ്ട്. അവരേയും ദിവസം തോറും കാണാനും നിരീക്ഷിക്കുവാനും തുടങ്ങി. അങ്ങനെ നാൻസി എന്ന കഥാപാത്രം കേന്ദ്ര കഥാപാത്രമായി മാറി. പിന്നീട് നാൻസി തന്നെ എന്നെ മുന്നോട്ട് നയിച്ചു എന്നു പറയാം.

സാനിറ്റൈസി’ലെ നാൻസിയെ പരുവപ്പെടുത്തിയ ആലോചനകൾ എന്തൊക്കെയാണ് ?

നമ്മുടെ വീട്ടിനുള്ളിലെ സ്ത്രീകൾ എല്ലാം വല്ലാത്ത മാനസിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരാണ്. പ്രത്യേകിച്ചും ഭർത്താവിനു കിട്ടുന്ന സ്വാതന്ത്ര്യം ഭാര്യമാർക്ക് ലഭിക്കുന്നില്ല. ലിംഗ സമത്വം ഒട്ടുമില്ലാതെ അടിമയായി മാറുന്നു. ഇത് പല രൂപത്തിൽ പല ഭാവത്തിൽ നടക്കുന്നു. ഇനി ജോലിക്ക് പോകുന്ന സ്ത്രീകൾക്കും വലിയ മാറ്റമില്ല. കൃത്യം ഒന്നാം തീയതി ശമ്പളം കിട്ടുമ്പോൾ ഭർത്താവിന്റെ കൈയിൽ കൊടുത്തില്ലെങ്കിൽ സ്ഥിതി മാറും. ഉയർന്ന സാമ്പത്തിക നിലയിലുള്ള സ്ത്രീകൾക്കൊക്കെ മാനസിക സമ്മർദം കൂടുതലാണ്. ഇതൊക്കെ തുറന്നു പറയാതെ സ്ത്രീകൾ സഹിക്കുകയാണ്. എന്റെ പ്രധാന കഥാപാത്രമായ നാൻസിയുടെ ജീവിതരേഖ ഇങ്ങനെയൊരു ചുറ്റുപാടുകളിലൂടെയാണ് കടന്നു പോകുന്നത്. പക്ഷേ, അത്തരം ചുറ്റുപാടുകളെ തകർത്ത് തന്റേതായ വഴികൾ നിർമ്മിച്ചെടുക്കുകയാണ് നാൻസി ചെയ്യുന്നത്. സമത്വം നേടുക എന്ന കാര്യത്തിനു വേണ്ടിയാണ് നാൻസി പോരാടുന്നത്. അതൊരുതരം ആക്റ്റിവിസം എന്നു പറയാം എന്നു മാത്രം. നാൻസിയുടെ അതിജീവനമാണ് യഥാർത്ഥത്തിൽ നടക്കുന്നത്.

എഴുത്തുകാരനെന്ന നിലയിൽ, കോവിഡ് കാലം എന്തൊക്കെ ബോധ്യങ്ങളാണ് നൽകിയത് ?

കോവിഡ് കാലത്ത് ധാരാളം മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. എനിക്ക് പരിചിതരായവരും ബന്ധുക്കളിൽ പലരും കോവിഡ് കാലത്താണ് മരിച്ചു പോയത്. മരണച്ചടങ്ങുകളിൽ പോകാൻ പോലും കഴിഞ്ഞില്ല.

ഒരിടത്ത് കുടുംബമായി എല്ലാവരും ഒരുമിച്ചു ചേർന്ന് ഒന്നായി എന്നൊക്കെ കോവിഡ് കാലം പഠിപ്പിച്ചു എന്ന് പറയുമ്പോൾ പോലും അപ്പോഴും കൂട്ടത്തിലെ സ്ത്രീജീവിതങ്ങൾ നരകതുല്യമായിരുന്നു എന്നു തന്നെ ഞാൻ പറയുന്നു. കോവിഡ് അണുബാധ ഏൽക്കാതിരിക്കാൻ സാനിറ്റൈസ് ഉപയോഗിക്കുമ്പോൾ, കൈകൾ അല്ല മനസാണ് സാനിറ്റൈസ് ചെയ്യേണ്ടത് എന്നാണ് ഞാൻ കരുതിയത്. അങ്ങനെയാണ് ‘സാനിറ്റൈസ്’ എന്ന പേരു പോലും ഉണ്ടായത്. ഈ നോവലിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ ജീവിച്ചിരിക്കുന്ന പല മനുഷ്യരുടേയും ജീവിതാംശങ്ങൾ ചേർന്നതാണ്.

rakesh-nath-2

സാനിറ്റൈസ്’ ഒരു മന:ശാസ്ത്ര നോവൽ ആണോ ?

എല്ലാ നോവലുകളും മന:ശാസ്ത്ര രചനകൾ തന്നെയാണ്. പക്ഷേ ‘സാനിറ്റൈസ്’ കൈകാര്യം ചെയ്ത വിഷയം എടുത്താൽ സാമൂഹ്യ ശാസ്ത്രത്തെയാണ് ഈ നോവൽ ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീ ജീവിതങ്ങളുടെ അകം ലോകങ്ങളെ കണ്ടെത്തുവാനുള്ള ചെറിയ ശ്രമം മാത്രമാണിത്. കോവിഡ് കാലത്തെ രണ്ടാമത്തെ ലോക്‌ ഡൗൺ ആയപ്പോഴേക്കും നോവൽ എഴുതിക്കഴിഞ്ഞിരുന്നു. പിന്നെ അഞ്ഞൂറിലധികം പേജുകളിലേക്ക് പരത്തിയെഴുതേണ്ട ഇപ്പോഴത്തെ ഒരു ട്രെൻഡിന്റെ ആവശ്യതയും ഈ നോവലിനില്ല. ഇതിന്റെ വിഷയം അതാവശ്യപ്പെടുന്നുമില്ല.

മലയാളത്തിൽ നോവൽ വായന കൂടിയ ഒരു കാലമാണ്. എന്തു തോന്നുന്നു ?

കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ മലയാള സാഹിത്യത്തിലെ വലിയ മാറ്റങ്ങളിലൊന്ന് നോവൽ രചനകൾ ധാരാളം ഉണ്ടാകുന്നു എന്നതാണ്. അതിനു മുൻപ് കവികളും കവിതകളുമായിരുന്നു.

2007 കാലത്ത് ഒരു പബ്ലിഷിങ് കമ്പനിയിൽ ജോലി ചെയ്യുന്ന കാലത്താണ് ഞാൻ നോവലുകൾ വളരെ ഗൗരവമായി വായിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലെ വായനയ്ക്ക് എന്നെ പ്രോത്സാഹിപ്പിച്ചത് അന്ന് ആ സ്ഥാപനത്തിന്റെ ഷോപ്പിൽ മാനേജരായിരുന്നു ജേക്കബ് സാറാണ്. പുതുതായി വരുന്ന പുസ്തകങ്ങളെല്ലാം മാറ്റിവയ്ക്കും. അതൊരു വായനയുടെ കാലമായിരുന്നു.

ഒരു നോവൽ എന്ന നിലയിൽ ‘സാനിറ്റൈസ്’ എഴുത്തുകാരന് സംതൃപ്തി നൽകുന്നുണ്ടോ ?

നോവൽ രചനയിൽ ഏറെ സംതൃപ്തി ലഭിച്ചു. ‘സാനിറ്റൈസ്’ നോവൽ കൈയെഴുത്തു പ്രതി പ്രൊഫ. എം.കെ. സാനു മാസ്റ്റർക്കാണ് ആദ്യം നൽകിയത്. കോവിഡ് അനന്തര കാലത്തെ സമയ വേളയിൽ സാനുമാഷ് വായിച്ച് ഒരു അഭിപ്രായം എഴുതി നൽകി. ഡോ.ബി.വി.ശശികുമാർ സാർ അവതാരികയും എഴുതിത്തന്നു. സാനിറ്റൈസ് ചെയ്യപ്പെടാത്ത നമ്മുടെ സമൂഹത്തിലെ ജീവിതങ്ങൾക്കുള്ളിൽ ഒരു സാനിറ്റൈസിനുള്ള വില വളരെ വലുതാണെന്ന് നമ്മൾ മനസ്സിലാക്കി. അതാണ് ഈ നോവലും...