Tuesday 11 April 2023 01:57 PM IST

ഏഴാം ക്ലാസിൽ പഠനം നിർത്തി പുസ്തകം വിൽക്കാന്‍ തെരുവിലിറങ്ങി, ഇപ്പോൾ രണ്ട് പുസ്തകങ്ങളുടെ രചയിതാവ്...: ഷംനാദിന്റെ ജീവിതം

V.G. Nakul

Sub- Editor

shamnad ചിത്രങ്ങൾ – രാജേഷ് ചാലോട്

ഏഴാം ക്ലാസിൽ പഠനം നിർത്തി, പതിനഞ്ച് വയസ്സിൽ പുസ്തകക്കച്ചവടത്തിനായി തെരുവിലേക്കിറങ്ങിയതാണ് എൻ.ഷംനാദ് എന്ന ചെറുപ്പക്കാരൻ. കഴിഞ്ഞ ഇരുപത് വർഷത്തോളമായി തൃശൂരിലെ കേരള സാഹിത്യ അക്കാഡമിയുടെ മുമ്പിലുള്ള ‘ബുക്സ് ആൻഡ് ബുക്സ്’ എന്ന സ്ട്രീറ്റ് ബുക്ക് ഷോപ്പിൽ ഷംനാദ് ഉണ്ട്. കടന്നു പോയ ഈ രണ്ട് പതിറ്റാണ്ടുകൾ ഷംനാദിനെ പരുവപ്പെടുത്തിയത് കവി, നോവലിസ്റ്റ്, മികച്ച വായനക്കാരൻ എന്നീ നിലകളിലാണ്. വിൽപ്പനയ്ക്കെത്തുന്ന പുസ്തകങ്ങൾ ആർത്തിയോടെ വായിച്ച്, പഠനം മുടങ്ങിയതിന്റെ വിഷമങ്ങൾ മറികടന്ന ഷംനാദ് ആ വലിയ അനുഭവങ്ങൾ സമ്മാനിച്ച വെളിച്ചത്തിനു മുമ്പിലിരുന്നാണ് എഴുതാൻ തുടങ്ങിയത്. കവിതകളായും നോവലായും ആ കൃതികൾ ഇപ്പോൾ വായനക്കാർക്ക് മുമ്പിലുണ്ട്. 2009 ൽ ഷംനാദിന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു – ചെറിയ കവിതകളുടെ സമാഹാരമായ ‘എപ്പിസോഡ്’. 2018 ൽ ആദ്യ നോവലായ ‘ബീരാൻ ബിതച്ച ബിത്ത്’ വായനക്കാരിലേക്കെത്തി. ഇപ്പോൾ ആത്മകഥാപരമായ കുറിപ്പുകള്‍ സമാഹാരിക്കുന്നതിനുള്ള തയാറെടുപ്പിൽ.

ജീവിതം ഒരു വലിയ പുസ്തകമാണ് ഷംനാദിന്. ജീവിക്കാനും അതിജീവിക്കാനും തുണയാകുന്ന പുസ്തകങ്ങൾക്കിടയിലിരുന്ന് അദ്ദേഹം ‘വനിത ഓൺലൈൻ – ആർട്ട് ടോക്കിൽ’ സംസാരിക്കുന്നു – ജീവിതത്തെയും എഴുത്തിനെയും കുറിച്ച്...

തെരുവിൽ പുസ്തകങ്ങള്‍ വിൽക്കുന്ന തൊഴിലിലേക്കുള്ള വരവ് എങ്ങനെയായിരുന്നു ?

തിരുവനന്തപുരത്ത് കാരയ്ക്കാമണ്ഡപമാണ് ഞങ്ങളുടെ നാട്. വാപ്പ നൂറുദ്ദീന് നാൽപ്പത് വർഷത്തിലേറെയായി ‘ബുക്സ് ആൻഡ് ബുക്സ്’ എന്ന സ്ട്രീറ്റ് ബുക്ക് ഷോപ്പ് നടത്തുകയാണ്. അദ്ദേഹം തൃശൂരിലേക്ക് കുടുംബം പറിച്ചു നട്ടതോടെ, പുസ്തകക്കച്ചവടത്തിൽ സഹായികളായി എന്നെയും എന്റെ ഇരട്ട സഹോദരനായ ഷബീറിനെയും ഒപ്പം കൂട്ടി. അങ്ങനെയാണ് ഈ മേഖലയിലേക്ക് എത്തപ്പെട്ടത്. ഇപ്പോൾ കേരള സാഹിത്യ അക്കാഡമിയുടെ മുമ്പിലെ ‘ബുക്സ് ആൻഡ് ബുക്സ്’ ഷോപ്പാണ് എന്റെ ഉത്തരവാദിത്വത്തിലുള്ളത്. വാപ്പയും ഷബീറും ഗേൾസ് ഹൈ സ്കൂളിന് മുമ്പിലുള്ള ഷോപ്പിലാണ്.

s-1 ചിത്രങ്ങൾ – രാജേഷ് ചാലോട്

15 വയസ്സിൽ ഈ മേഖലയിലേക്കെത്തിയല്ലോ, അപ്പോൾ പഠനം ?

വാപ്പയ്ക്കും ഉമ്മ ജമീലയ്ക്കും ഞങ്ങൾ 8 മക്കളാണ്. ജലീന, ഷീജ, ബൈജു, ഷജീവ്, ഷബീർ, ഞാന്‍. 2 സഹോദരങ്ങൾ നേരത്തേ മരിച്ചു. ബൈജുവിനും ഷജീവിനും കാഴ്ചശക്തിയില്ല. ഏഴാം ക്ലാസ് വരെയാണ് എന്റെ ഔപചാരിക വിദ്യാഭ്യാസം. പുസ്തകവിൽപ്പനയും ദാരിദ്ര്യവും കാരണം പഠനം മുന്നോട്ടു കൊണ്ടു പോകാനായില്ല. പിന്നീട് എസ്.എസ്.എൽ.സി പ്രൈവറ്റ് ആയി എഴുതിയെടുത്തു. സുഹൃത്തായ സുവിത്താണ് അതിനു വേണ്ടുന്ന സഹായങ്ങൾ ചെയ്തു തന്നത്.

ഇതിനിടെ വായനയിലേക്കും എഴുത്തിലേക്കും എത്തിപ്പെട്ടതെങ്ങിനെ ?

പുസ്തകക്കടയിലേക്ക് ഒരുവിധം സാഹിത്യകാരൻമാരുടെയെല്ലാം സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ വാപ്പ എത്തിച്ചു തരുമായിരുന്നു. പതിയെപ്പതിയെ, ഒഴിവു സമയങ്ങളിലും രാത്രികളിലും അതെല്ലാം വായിക്കുകയെന്നത് എന്റെ ശീലമായി മാറി. ഒരു സങ്കീർത്തനം പോലെ, ആൽക്കെമിസ്റ്റ്, നാലുകെട്ട്, നഷ്ടപ്പെട്ട നീലാംബരി എന്നിവ മനസ്സിൽ തൊട്ട കൃതികളാണ്. ബഷീറാണ് ഇഷ്ട എഴുത്തുകാരൻ. പ്രേമലേഖനം പ്രിയ കൃതിയും. വായന തന്ന അനുഭവങ്ങൾ മനസ്സിൽ കുന്ന് കൂടിയപ്പോൾ എന്തെങ്കിലും കുത്തിക്കുറിക്കുവാൻ തോന്നി. അങ്ങനെയാണ് എഴുത്തിന്റെ തുടക്കം.

2009 ൽ പ്രസിദ്ധീകരിച്ച ‘എപ്പിസോഡ്’ ആണ് ആദ്യ പുസ്തകം. കൊച്ചു കൊച്ചു കവിതകളുടെ സമാഹാരമാണത്. കേരള സാഹിത്യ അക്കാഡമിയുടെ പബ്ലിഷിങ് ഓഫിസർ ഇ.ഡി ഡേവിസ് സാർ അതെല്ലാം എഡിറ്റ് ചെയ്തു തന്നു. ഡേവിസ് സാറിന്റെ ഉപദേശ –നിർദേശങ്ങൾക്കനുസരിച്ച് അതിന്റെ പ്രസാധനവും ഞാൻ തന്നെയായിരുന്നു.

s3 ചിത്രങ്ങൾ – രാജേഷ് ചാലോട്

തുടർന്നുള്ള എഴുത്തുകൾ ?

രണ്ടാം പുസ്തകം നോവൽ – ‘ബീരാൻ ബിതച്ച ബിത്ത്’. 2018 ൽ അതു പ്രസിദ്ധീകരിച്ചു. അതിനിടെ, ‘എപ്പിസോഡ്’ന്റെ ഒരു കോപ്പി കോർപ്പറേഷൻ മേയർ ആയിരുന്ന ആർ.ബിന്ദു ടീച്ചർക്ക് ഞാൻ കൊടുത്തിരുന്നു. ടീച്ചര്‍ അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു തന്നു. അങ്ങനെ ഇംഗ്ലീഷും മലയാളവും ചേർത്ത് ‘എപ്പിസോഡ്’ന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി. ഇപ്പോൾ എന്റെ അനുഭവങ്ങൾ ക്രോഡീകരിച്ച് ഒരു പുസ്തകം എഴുതുകയാണ്. അത് ഉടൻ‌ പ്രസിദ്ധീകരിക്കണം.

s4

എത്ര വർഷമായി ഈ മേഖലയിലെത്തിയിട്ട് ? ഈ കാലത്തിനിടെ മറ്റെന്തെങ്കിലും തൊഴിൽ തേടണമെന്നു തോന്നിയിട്ടുണ്ടോ ?

മറ്റൊരു തൊഴില്‍ ഇനി തേടുന്നില്ല. ഈ തൊഴിലും വായനയും സംതൃപ്തിയും ആശ്വാസവും പകരുന്നു. വലിയ വരുമാനമൊന്നും ഇല്ലായെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാമെന്നായി. അതു മതി.

പല വലിയ എഴുത്തുകാരെയും ഞാൻ നേരിൽ കണ്ടതും പരിചയപ്പെട്ടതും ഇവിടെയാണ്. സുനിൽ പി ഇളയിടം, വൈശാഖൻ, സാറ ജോസഫ്, സന്തോഷ് ഏച്ചിക്കാനം, ബെന്യാമിൻ, വി.ജി തമ്പി തുടങ്ങി നിരവധി പ്രമുഖർ എന്റെ കടയിലെത്താറുണ്ട്. അതൊക്കെ വലിയ സന്തോഷം നൽകുന്നു.

s2 ചിത്രങ്ങൾ – രാജേഷ് ചാലോട്

എഴുത്തിനു ലഭിച്ച മറക്കാനാകാത്ത പ്രതികരണങ്ങൾ ?

എന്റെ കവിതകള്‍ എന്റെ ജീവിതമാണെന്നും വേദനകളെ ഞാൻ വാക്കുകളിലേക്കു പകർത്തുകയാണെന്നും പലരും പറഞ്ഞിട്ടുണ്ട്. ദുബായിൽ നിന്നൊക്കെ ചില വായനാസൗഹൃദങ്ങൾ ആശംസകൾ പകർന്ന് എനിക്കെഴുതാറുണ്ട്. അവ വായിക്കുകയെന്നത് മറക്കാനാകാത്ത അനുഭവമാണ്.