Thursday 06 April 2023 12:43 PM IST

3വർഷം, എല്ലാ ദിവസവും വരച്ചു...പൂർത്തിയായത് നാലായിരത്തോളം ചിത്രങ്ങൾ...: സുധി അന്ന പറയുന്നു

V.G. Nakul

Sub- Editor

sudhi-anna-1

കാലം മാറി. ടെക്നോളജിയുടെ വരവ് സകല മേഖലകളിലുമെന്ന പോലെ ചിത്രകലയിലും വിപ്ലവങ്ങൾ സൃഷ്ടിച്ചു. ചായക്കൂട്ടുകളും ബ്രഷുകളുമുപയോഗിച്ച് ക്യാൻവാസിൽ വരയുടെ വർണപ്രപഞ്ചം സൃഷ്ടിക്കുന്നവരിൽ പലരും ഐ പാഡിലേക്കും പുത്തൻ സോഫ്റ്റ്‌വെയറുകളിലേക്കും കൂടി തങ്ങളുടെ ആശയങ്ങളെ പകരാൻ തുടങ്ങി. ആ കുതിച്ചു ചാട്ടമാണ് ഡിജിറ്റൽ പെയിന്റിങ് എന്ന നവതരംഗത്തിന്റെ തുടക്കം.

ലോകത്താകമാനം ഇത്തരം ‘സൈബർ ക്യാൻവാസുകളിൽ’ അത്ഭുതങ്ങൾ ചമയ്ക്കപ്പെടുമ്പോൾ, കേരളത്തിലും ഈ നവമാധ്യമത്തെ കാര്യക്ഷമമായി ഉപയോഗിക്കുന്ന കലാകാരൻമാർ കുറവല്ല. അവരിൽ പ്രധാനിയാണ് സുധി അന്ന. കോവിഡ് കാലത്ത്, സമയംപോക്കിനായി ഡിജിറ്റൽ പെയിന്റിങ് പരീക്ഷിച്ചു തുടങ്ങിയ അദ്ദേഹം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദിവസേനയെന്നോണം വരയ്ക്കുന്നു. വരയ്ക്കുന്നവ സോഷ്യൽ മീഡിയയിലൂടെ ആസ്വാദകരിലേക്കുമെത്തിക്കുന്നു. ഇതിനോടകം നാലായിരത്തോളം ചിത്രങ്ങളാണ് സുധി ഇത്തരത്തിൽ പൂർത്തിയാക്കിയത്.

സിനിമ സംവിധായകൻ കൂടിയായ സുധിയുടെ ചിത്രങ്ങൾ പലതും വലിയ പ്രശംസ നേടിയവയാണ്. പുസ്തകങ്ങൾക്ക് പുറംചട്ടയായും സ്വീകരണ മുറികളിലെ അലങ്കാരമായും സുധിയുടെ ചിത്രങ്ങൾ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ചിത്രങ്ങളുടെ ഒരു എക്സിബിഷൻ എറണാകുളം ലളിതകലാ അക്കാദമി ഗാലറിയിൽ നടത്തിയതും ശ്രദ്ധേയമായിരുന്നു. സുധി അന്ന തന്റെ ചിത്രകലാജീവിതത്തെക്കുറിച്ചും വരയിലെ സങ്കൽപ്പങ്ങളെക്കുറിച്ചും സംസാരിക്കുന്നു, ‘വനിത ഓൺലൈൻ – ആർ‌ട് ടോക്ക്’ ൽ.

‘ചായങ്ങളും ബ്രഷും കടലാസും തൊടാത്ത ചിത്രകാരന്‍’ എന്ന് താങ്കളെ വിശേഷിപ്പിക്കാം. ഡിജിറ്റൽ ചിത്രരചനയിലേക്കും അതിന്റെ സാധ്യതകളിലേക്കും എങ്ങനെ എത്തപ്പെട്ടു ?

തലശ്ശേരി ചിത്രകലാ വിദ്യാലയത്തിലാണ് ചിത്രകല പഠിച്ചത്. ചിത്രകലയോട് തീവ്രമായ അഭിനിവേശം ഉണ്ടായിരുന്നില്ല. കുറച്ചൊക്കെ വരയ്ക്കാൻ താൽപര്യമുള്ളത് കൊണ്ട് ചിത്രകലാപഠനത്തിന് പോയി എന്നു മാത്രം. കമേഷ്സ്യൽ ആർട്സിന് ഗുണം ചെയ്യുന്നുണ്ടെങ്കിൽ അതിലൂടെയുള്ള തൊഴിൽ സാധ്യതയായിരുന്നു പ്രചോദനം. അന്ന് ചിത്രം വരക്കാൻ പഠിക്കുക എന്നല്ലാതെ ആർട്ട് ഹിസ്റ്ററിയോ, മാസ്റ്റേഴ്സിന്റെ പെയിന്റിങ്ങുകളേകുറിച്ചോ അറിയുമായിരുന്നില്ല. പിന്നീട് സിനിമാ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയപ്പോൾ വര വർക്കളുടെ ആവശ്യത്തിനു മാത്രമായി ഒതുങ്ങി. കോവിഡ് കാലഘട്ടത്തിലാണ്, അടച്ചുപൂട്ടിയ അവസ്ഥയിൽ ഒന്നും ചെയ്യാനില്ലാത്ത ദിവസങ്ങളിൽ വെറുതെ വരയ്ക്കാം എന്ന് ചിന്തിച്ചത്. ക്യാൻവാസോ പേപ്പറോ കളറുകളോ കിട്ടാനില്ലാത്ത അവസ്ഥയിൽ കൈയിൽ ഉണ്ടായിരുന്ന ഐപാഡിൽ പെൻസിൽ കൊണ്ട് വരച്ചു തുടങ്ങി. എന്നാൽ, വരയ്ക്കുന്ന ലൈൻ സ്കെച്ചുകൾ പൂർത്തിയാക്കാൻ പറ്റാതെ വന്നു. തെന്നിനീങ്ങുന്ന പ്രതലവും പെൻസിലും വഴങ്ങുന്നില്ലെന്നതായിരുന്നു കാരണം. അങ്ങനെയാണ് മിനിമൽ ചിത്രങ്ങളിലേക്ക് മാറിയതും ചിത്രങ്ങളിലെ മിനിമലിസത്തെക്കുറിച്ച് പഠിക്കാൻ തുടങ്ങിയതും. വരയ്ക്കുന്ന ചിത്രങ്ങൾ പലതും ഐപാഡിൽ തന്നെ സൂക്ഷിച്ചു. എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ് മാത്യൂസ് സാറാണ് ഈ ഡിജിറ്റൽ ചിത്രങ്ങൾക്ക് പുതിയ കാലത്ത് സാധ്യതയുണ്ടെന്ന് പറഞ്ഞത്. പിന്നീട് പ്രശസ്തരായ ആർട്ടിസ്റ്റുകളുടെ ഡിജിറ്റൽ ചിത്രങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. വരയും പഠനവും മുന്നോട്ട് പോകാൻ കോവിഡ് കാലം സഹായിച്ചു.

sudhi-anna-3

ഇപ്പോഴും ഡിജിറ്റൽ‌ പെയിന്റിങ്ങിനെ ഒരു രണ്ടാം നിര പരിപാടി എന്ന നിലയിലാണോ ചിത്രകലാരംഗം പരിഗണിക്കുന്നത് ? താങ്കളെ ഇതിൽ ഉറച്ചു നിൽക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെ ?

ഡിജിറ്റൽ ചിത്രകലയ്ക്ക് പൂർണ്ണത എന്നൊരു അവസ്ഥയുണ്ട് എന്ന് തോന്നിയിട്ടില്ല. പുതിയ പുതിയ കാര്യങ്ങൾ കൂട്ടിച്ചേർക്കാനും മായ്ച്ചു കളയാനുമുള്ള സാധ്യതകൾ അതിലുണ്ട്. ഓരോ കാലത്തും ചിത്രകലയിൽ വലിയ മാറ്റങ്ങൾ‌ ഉണ്ടായിട്ടുണ്ടല്ലോ. ഓർഗാനിക് കളറിലും ക്യാൻവാസിലും തുടങ്ങിയ ചിത്രകല ഇപ്പോൾ അതിന്റെ പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നു. ‘ടോം ആൻഡ് ജെറി’യിൽ കണ്ട് ശീലിച്ച സിനിമയിലെ ചിത്രകല ഇന്ന് ചിന്തിക്കുന്നതിനും അപ്പുറത്താണ് എത്തിനിൽക്കുന്നത്.

ഡിജിറ്റൽ ചിത്രങ്ങൾ ശീലിക്കുമ്പോൾ അതിലൂടെ പുതിയ സോഫ്ട്്‌വെയറുകൾ, ടെക്നിക്കുകൾ, ഭാഷ തുടങ്ങിയ കാര്യങ്ങൾ കൂടി പഠിക്കേണ്ടി വരുന്നു. ഓരോ ദിവസവും പുതിയ സാധ്യതകളിലേക്കുള്ള യാത്രയാണിത്. നിരന്തരമായ ശ്രമം കൂടി ഡിജിറ്റൽ ചിത്രകലക്ക് ആവശ്യമാണ്. ഏകദേശം ഒരു വർഷം കൊണ്ട് നിരന്തരമായി വരച്ചപ്പോഴാണ് വരയ്ക്കുന്ന ലൈനുകൾക്ക് ഒരു ഒഴുക്കുണ്ടായത്.

ഡിജിറ്റൽ ചിത്രകലയെ രണ്ടാം നിരയിലേക്ക് മാറ്റിനിർത്താനുള്ള കാരണം ഈ ചിത്രകലാ രീതി അതിന്റെ ശൈശവ ദശയിലാണെന്നതാകാം. ആഴത്തിലുള്ള പഠനങ്ങള്‍ ഇനിയും ആവശ്യമാണ്. ഡ്യൂൺ, അവതാർ, മാഡ്മാക്സ്, തുടങ്ങിയ ലോകസിനിമകൾ അത്ഭുതങ്ങൾ സൃഷ്ടിക്കുമ്പോൾ ഒരു ഡിജിറ്റൽ ചിത്രകാരന്റെ സാധ്യതകൾ നമുക്ക് മനസ്സിലാക്കാം. അതിനർത്ഥം ഡിജിറ്റൽ ചിത്രകല സിനിമയ്ക്ക് വേണ്ടി മാത്രമാണ് എന്നല്ല. ഈ ചിത്രകലാരീതിയെ പഠിച്ചും അറിഞ്ഞും തീർക്കാനാകുമെന്നും തോന്നുന്നില്ല.

മനുഷ്യരുടെ തൃഷ്ണകളെയും ശരീരത്തെയും പ്രകൃതിയുമായി ഇണക്കിച്ചേർത്ത് താങ്കൾ വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധേയമാണല്ലോ ?

തുടക്കസമയത്ത് കൂടുതലായും ലൈൻ സ്കെച്ചുകൾ കോപ്പി ചെയ്തും നോക്കി വരച്ചും ശ്രമങ്ങൾ തുടർന്നു. ഈ സമയങ്ങളിൽ ഗൂഗിളിൽ ചിത്രങ്ങൾ തിരഞ്ഞു തുടങ്ങി. അപ്പോൾ മാസ്റ്റേഴ്സിന്റെ ചിത്രങ്ങൾ ശ്രദ്ധിച്ചു. വരയ്ക്കുന്ന ചിത്രങ്ങൾക്കൊപ്പം ചിത്രകലയുടെ കാലഘട്ടങ്ങളെയും പഠിക്കാൻ ശ്രമിച്ചു. റെബ്രാൻഡ്, ബ്രൂഗ്വൽ, റിന്വോയർ, വെർമർ, കരവാജിയോ തുടങ്ങിയവരുടെ ചിത്രങ്ങൾ കൂടുതൽ കൂടുതൽ കാണാൻ ശ്രമിച്ചു. ചിത്രങ്ങളിലെ സ്ത്രീസൗന്ദര്യവും പ്രകൃതിയും കൂടുതൽ ആകർഷകമായി തോന്നി. പുതിയ ചിത്രകാരൻമാരുടെ ഡിജിറ്റൽ ഡെസ്റ്റോപ്യൻ ചിത്രങ്ങൾ കാണാനുള്ള ബിഹാൻസ് പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിത്യ സന്ദർശകനായി. കാഴ്ചകളും പരിശ്രമങ്ങളുമാണ് പുതിയ സാധ്യതകളും ആശയങ്ങളും നിർമ്മിക്കാൻ സഹായിക്കുന്നത്. ആദൃശ്യമായ ഒരു ഗാലറിയിൽ (ഐ ക്ലൗഡ്, ഗൂഗിൾ ഡ്രൈവ്) കയറി ലോകത്ത് എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും ഈ ചിത്രങ്ങൾ കാണാം എന്നതാണ് മറ്റൊരു സവിശേഷത.

sudhi-anna-4

രതിയും മൃതിയും മനുഷ്യരുടെ ഉടലും താങ്കളുടെ പ്രിയ ആശയങ്ങളാണല്ലോ ?

തീർച്ചയായും. വരച്ച് വരച്ച് പുതിയ വഴികളിലൂടെ സഞ്ചരിക്കാനും വഴി മാറി സഞ്ചരിക്കാനും ഈ ചിത്രകലാസംപ്രദായത്തിലൂടെ കഴിയുന്നുണ്ട്. കളറിനെയോ ക്യാൻവാസിനേയോ ആശ്രയിക്കേണ്ടി വരുന്നില്ല. ചിന്തകളെ ഈ ഡിവൈസിൽ മാറ്റി മാറ്റി വരയ്ക്കാം. ചില ചിത്രങ്ങൾ ഒന്നിന്റെ തുടർച്ചയായി വരച്ചു പോകാനും കഴിയും. ഒരു ക്യാൻവാസിൽ തീർക്കേണ്ട ചിത്രങ്ങൾ ഒന്നിലധികം ചിത്രങ്ങളായി വരയ്ക്കും. സ്ത്രീശരീരവും പുരുഷശരീരവും രതിയും ഒക്കെ വരയ്ക്കുമ്പോൾ കാഴ്ചക്കാരനെകുറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷെ, കാണുന്നവർ ചിത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ടു. ഫെയ്സ് ബുക്കിലും ഇൻസ്റ്റയിലുമാണ് കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരുപാടു പേർ ചിത്രങ്ങൾ കാണുന്നുണ്ടായിരുന്നു. അതിനു ശേഷമാണ് ഈ ചിത്രങ്ങളുടെ ഒരു എക്സിബിഷൻ എറണാകുളം ലളിതകലാ അക്കാദമി ഗാലറിയിൽ നടത്തിയത്.

പുസ്തകങ്ങൾക്ക് കവർ ഒരുക്കാറുണ്ടല്ലോ. കൂടുതലും സ്വന്തം വരകൾ ഉപയോഗിച്ച്. അതിലേക്കുള്ള വരവ് എങ്ങനെയായിരുന്നു ?

മൂന്ന് വർഷമായി എല്ലാ ദിവസവും ചിത്രങ്ങൾ വരച്ചു. ഏകദേശം നാലായിരം ചിത്രങ്ങൾ ആയിട്ടുണ്ടാവണം. ഫെയ്സ് ബുക്കിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ആ ഫോർമാറ്റിൽ മാത്രമാണ് വരയ്ക്കുന്നത്. പല ചിത്രങ്ങളും പുസ്തകത്തിന്റെ കവർ പോലയോ ഉൾച്ചിത്രങ്ങൾ പോലയോ തോന്നിക്കാറുണ്ട്. കുറച്ച് എഴുത്തുകാരും പ്രസാധകരുമാണ് ഈ ചിത്രങ്ങൾക്ക് കവർ ചിത്രത്തിന്റെ സാധ്യതകൾ കൂടി ഉണ്ടെന്ന് മനസ്സിലാക്കിതന്നത്. സത്യജിത്ത് റേ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുസ്തകങ്ങൾ എത്ര ഭംഗിയായാണ് ലേ ഔട്ട് ചെയ്തത്. ആ കാഴ്ചകൾ ചിത്രങ്ങൾ ഉപയോഗിച്ച് കവർചെയ്യാനുള്ള ആഗ്രഹത്തെ ഇരട്ടിയാക്കി. തിരക്കഥാകൃത്തായ ജോൺപോൾ സാറിന്റെ ആത്മകഥാപുസ്തകത്തിലെ മുപ്പതോളം ചിത്രങ്ങൾ വരച്ചു. പിന്നെ ചില കവിതകൾക്കും നോവലുകൾക്കും വരച്ചു.

ഒരു സിനിമ സംവിധായകന്റെ നോട്ടങ്ങളാണ് പല ചിത്രങ്ങളിലും താങ്കൾ പുലർത്തുന്നതെന്നു തോന്നുന്നു. യോജിക്കുന്നുണ്ടോ ?

പലപ്പോഴും സിനിമകൾ കാണുമ്പോൾ എന്നെ അത്ഭുതപ്പെടുത്തുന്നത് ദൃശ്യഭാഷ തന്നെയാണ്. ചില സിനിമകൾ പൂർണമായും ക്യാൻവാസിൽ വരച്ച പെയിന്റിങ് പോലയാണ്. ദി മിറർ, പോർട്രയിറ്റ് ഓഫ് എ ലേഡി ഓൺഫയർ, ദി ട്രീ ഓഫ് ലൈഫ്, സൗണ്ട് ഓഫ് മ്യൂസിക് തുടങ്ങിയ ചിത്രങ്ങൾ ക്യാൻവാസിൽ പകർത്തിയ ചിത്രങ്ങളെന്നേ തോന്നൂ. ചിത്രങ്ങളിൽ നിന്ന് സിനിമയുണ്ടായിട്ടുണ്ട് - ‘മിൽ ആൻഡ് ദി ക്രോസ്’ എന്ന ബ്രൂഗ്വൽ പെയിന്റിങ്ങിൽ നിന്ന് അതേ പേരിൽ പ്രസിദ്ധമായ സിനിമ നിർമിക്കപ്പെട്ടു. ചിത്രങ്ങളും സിനിമകളും തമ്മിലുള്ള ബന്ധം മലയാളത്തിൽ സംവിധായകൻ ഭരതൻ എത്ര മനോഹരമായാണ് ഉപയോഗിച്ചിരിക്കുന്നത്.

കടും നിറങ്ങളോടുള്ള ഇഷ്ടം പല ചിത്രങ്ങളിലും കാണാം ?

കടും നിറങ്ങളുടെ ഒരു ഭൂപ്രകൃതിയാണ് നമുക്ക് ചുറ്റും. കടലിന്റെ കടും നീലയും ഇലകളുടെ കടുംപച്ചയും മഴയുടേയും മലകളുടേയും ഇരുണ്ടനിറങ്ങളും കാഴ്ചയുടെ ശീലങ്ങളായിരുന്നു. കുട്ടിക്കാലത്ത് കണ്ട ഇടതൂർന്ന മരങ്ങൾ ഉള്ള കാവുകളും തെയ്യത്തിന്റെ ചുവപ്പ് നിറങ്ങളും ഒക്കെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ പ്രകൃതി പോലെ നരച്ച ആകാശവും മഞ്ഞും ഇളം നിറങ്ങളുള്ള ചെറിപ്പൂക്കളം ആൽമണ്ട് പൂക്കളും ഒന്നുമല്ലല്ലോ ചോരയുടെ നിറമുള്ള വാകയും ചെമ്പരത്തിയും തീ മഞ്ഞ കളറുള്ള കൊന്നപൂക്കളുമല്ലേ നമ്മുടെ കളറുകൾ.

താങ്കളുടെ രേഖാ ചിത്രങ്ങൾ പലപ്പോഴും ആഴമുള്ള അനുഭവങ്ങൾ സമ്മാനിക്കുന്നു. അതിന്റെ ‘വരത്തഞ്ചം’ എങ്ങനെയാണ് ?

രേഖാ ചിത്രങ്ങൾ വരച്ച് തെളിഞ്ഞു വരേണ്ട ഒന്നായിട്ടാണ് തോന്നുന്നത്. രേഖാചിത്രങ്ങൾ എന്ന വാക്കു കേൾക്കുമ്പോൾ തന്നെ നമ്പൂതിരി മാഷേയും എ.എസിനേയും മദനനേയും ഒക്കെയാണ് ആദ്യം ഓർക്കുക. രേഖാചിത്രങ്ങളിൽ പിന്നെ പലരും വന്നുപോയിട്ടുണ്ട്. പുതിയ ശൈലികളും രൂപപ്പെടുത്തിയിട്ടുണ്ട് . ചിത്രങ്ങൾ പോലയല്ല, രേഖാചിത്രങ്ങളാണ് കുറച്ചു കൂടി ബുദ്ധിമുട്ട് എന്ന് തോന്നാറുണ്ട്. നിരന്തരമായ ആഭ്യാസം അതിന് ആവശ്യമാണ്. രേഖാചിത്രങ്ങൾ വരച്ച് തുടങ്ങുന്നതേയുള്ളൂ. ഡിജിറ്റൽ സാങ്കേതികതയിൽ രേഖാചിത്രങ്ങൾ എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ട് എന്ന് മനസ്സിലാക്കാനുള്ള വർക്കുകൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയവുമാണ്. കഥകൾക്കും കവിതകൾക്കും വേണ്ടി ഉൾപ്പേജുകളിൽ വരയ്ക്കാൻ ഡിജിറ്റൽ രേഖകൾ കുറച്ചു കൂടി എളുപ്പമാണെന്ന് തോന്നുന്നു.

‘ഹല്ലേലുയ്യ’ എന്ന ആദ്യസിനിമയ്ക്ക് ശേഷം ആ മേഖലയിൽ നിന്നു ഇടവേള എടുത്തു നിൽക്കുകയാണല്ലോ ?

‘ഹല്ലേലുയ്യ’ എന്ന ആദ്യത്തെ ഫീച്ചർ ഫിലിം സിനിമയോടുള്ള ആഗ്രഹം കൊണ്ട് എടുത്തതാണ്. ആ സിനിമയ്ക്കു ശേഷം വന്ന ഇടവേള രണ്ടാമത്തെ ഒരു സിനിമയ്ക്ക് വേണ്ടിയല്ല, കൂടുതൽ സിനിമ കാണാനും പഠിക്കാനുമുള്ള അവസരമായിരുന്നു. വെള്ളപ്പൊക്കവും കോവിഡും എല്ലാം മാറ്റി മറിച്ചു. കാഴ്ചയും ചിന്തയും പഠനവും മെച്ചപ്പെട്ടു. വലിയ ദുരന്തങ്ങളിൽ സംഭവിക്കുന്ന ചില നല്ല കാര്യങ്ങൾ സൂചിപ്പിച്ചു എന്ന് മാത്രം. മെച്ചപ്പെട്ട സിനിമ ചെയ്യണം എന്ന തോന്നൽ ഉണ്ട്. പറ്റിയാൽ ചെയ്യും. അല്ലെങ്കിൽ കണ്ടു തീർക്കാൻ ഒരുപാട് സിനിമകളും വരയ്ക്കാൻ ചിത്രങ്ങളും ഉണ്ട്.

sudhi-anna-2

പ്രകൃതി താങ്കളുടെ ഒരു തീവ്രമായ അഭിനിവേശമാണെന്നു തോന്നുന്നു. ചിത്രങ്ങളിലും സ്വന്തം വീട്ടിലുമൊക്കെ അതാണല്ലോ തെളിയിക്കുന്നത്?

പ്രകൃതി ഇഷ്ടമാണ്. ഇലകളം പൂക്കളും പച്ചപ്പും നിറങ്ങളും ഇഷ്ടമാണ്. കർണ്ണാടക അതിർത്തിയായ ഇരിട്ടിയിൽ ‘ബാംസുരി’ എന്ന വീട് അങ്ങനെ ഒരു സങ്കേതമാണ്. ചില സമയങ്ങളിൽ വരയ്ക്കുന്ന ചിത്രങ്ങൾ തുടർച്ചകളാണ്. പ്രകൃതി വരച്ചു തുടങ്ങിയാൽ മരവും ഇലയും വേരും മണ്ണും ആകാശവും പുല്ലും പുൽച്ചാടിയും മറ്റ് ചിത്രങ്ങളായി രൂപപ്പെടും. ഒരു മുറി വരച്ചാൽ ചുമരും ജനലും നിഴലും ചുമരിൽ തറച്ച ആണികൾ വരെ. വരച്ചാൽ തീരാത്തത്രയും ചിത്രങ്ങൾ ഈ പ്രകൃതിയിൽ ഉണ്ട്. പിന്നെ ഇലകളും പൂക്കളും വരയ്ക്കുമ്പോൾ സന്തോഷം ഏറയാണ്. നിറയ ഇലകളും പൂക്കളും ഉള്ള വീട് മനസ്സിലെ ചിത്രങ്ങളുടെ തുടർച്ചതന്നയാണ്.

യാത്രകളേയും ചിത്രങ്ങളിലേക്ക് പകർത്താറുണ്ടല്ലോ ?

യാത്രകൾ അടയാളപ്പെടുത്താൻ ചിത്രങ്ങൾ വരയ്ക്കാറുണ്ട്. ചിത്രം വരയ്ക്കുന്ന സ്ഥലവും സാഹചര്യവും മാറുക എന്നത് കൗതുകകരമാണ്. കൊച്ചിയിലും തഞ്ചാവൂരും പോണ്ടിച്ചേരിയിലും ധനുഷ് കോടിയിലും നേപ്പാളിലും പോയിരുന്ന് വരയ്ക്കുക രസകരമായ കാര്യങ്ങളാണ്. വ്യത്യസ്തരായ മനുഷ്യർ, പലനിറങ്ങളിലുള്ള ആകാശം, കടൽ അങ്ങനെ അങ്ങനെ...

ആത്മീയത എന്ന അനുഭവം താങ്കളുടെ പല ചിത്രങ്ങളിലും കാണാം ?

ചിത്രത്തിലെ ആത്മീയത... അതിനെക്കുറിച്ച് എനിക്കറിയില്ല. വരയ്ക്കുമ്പോൾ ഉള്ള ധ്യാനം മാത്രമേ ചിത്രത്തിലുള്ളൂ എന്നു തോന്നുന്നു. ജീവിതത്തിലെ അനുഭൂതികളും സൗന്ദര്യങ്ങളും വരയ്ക്കാൻ ശ്രമിച്ചു എന്നതല്ലാതെ ആത്മീയത എന്ന വാക്ക് ചിത്രങ്ങൾക്ക് എത്രത്തോളം യോജിക്കുന്നു എന്നറിയില്ല. പലപ്പോഴും നാം അനുഭവിക്കുന്ന ഈ അനുഭൂതികളെ പകർത്തുമ്പോൾ ചിത്രത്തിന്റെ അർത്ഥം തന്നെ മാറിപ്പോയേക്കും. സൂഷ്മമായ ചില കാഴ്ചകൾ അടയാളപെടുത്തുമ്പോൾ അത് ആ ചിത്രത്തിന്റെ പൂർണതയിൽ എത്തും. ശരീരം വരയ്ക്കുമ്പോഴാണ് അത് കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നത്. കലകളിൽ സദാചാര ബോധം കുത്തിനിറച്ച് സർട്ടിഫിക്കറ്റ് എടുത്ത് കാഴ്ചക്കാരന്റെ മുന്നിൽ എത്തിക്കുന്ന കാലത്താണ് നമ്മളിപ്പോൾ ഉള്ളത്. അതുകൊണ്ട് തന്നെ ഒരു കലാകാരൻ ഏത് നിമിഷവും ഓഡിറ്റിന് വിധേയനാകാം. സ്ത്രീകളുടെ നഗ്ന സൗന്ദര്യം ഒട്ടും ചോരാതെ നിഴലും വെളിച്ചവും ചേർത്ത് ക്യാൻവാസിൽ അൽഭുതം സൃഷ്ടിച്ച ഫ്രഞ്ച് ചിത്രകാരനായ റിന്വോയർ 1887 ൽ, ‘ദി ലാർജ് ബാത്തേഴ്സ് എന്ന ചിത്രത്തിലൂടെ സദാചാര ബോധങ്ങളെ തകർത്ത് കളഞ്ഞിരുന്നു. ഇന്ന് ചിത്രങ്ങളിലെ ആത്മീയത മറ്റൊന്നാണ്...