Friday 15 March 2019 05:19 PM IST : By കെ. മോഹൻലാൽ

‘ചെറുപൊട്ടലിൽ തുടക്കം, ആദ്യ ഹൃദയാഘാതം ഇസിജിയിൽ പോലും കാണില്ല’; ഹൃദയത്തിന്റെ ഭരത വാക്യം

bharathan ഫോട്ടോ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

പിടലി വേദന” - ഡോക്ടറെ ഒരു സുഹൃത്ത് രാവിലെ ഏഴുമണിയോടെ വിളിച്ചു. ‘‘ആശുപത്രിയിലേക്കു പോകുമ്പോൾ വീട്ടിൽ ഒന്നു കയറിയാൽ നന്നായി. ’’ ഡോ. ഭരത് ചന്ദ്രൻ അപ്പോൾ മറ്റൊന്ന് ഓർത്തു. സുഹൃത്തിന് പനി വന്നു മാറിയിട്ടേയുള്ളൂ. പനിക്ക് കാരണം എന്താണെന്ന് കണ്ടുപിടിച്ചിരുന്നില്ല. ആന്റിബയോട്ടിക് കഴിച്ച് ഭേദമാക്കി എന്ന് അറിയാം. ഇതു തമ്മിൽ വല്ല ബന്ധവും ഉണ്ടെങ്കിലോ?.

അധികം വൈകാതെ തന്നെ സുഹൃത്തിന്റെ വീട്ടിലെത്തി. അതി ശക്തമായ വേദനയാണ് ആദ്യം വന്നത്. കാലിലും വേദന തോന്നിയെന്നും തൈലമിട്ടപ്പോൾ മാറിയെന്നു സുഹൃത്തു വിശദീകരിച്ചു. കാലിലും വേദന വന്നെന്നു പറഞ്ഞപ്പോൾ ഡോക്ടർക്ക് അപകടം മണത്തു. കാലിലെ പൾസു നോക്കി. ഒരു കാലിൽ നല്ല പൾസുണ്ട്. എന്നാൽ മറ്റേ കാലിൽ തീർത്തും ദുർബലം. ഉടൻ ശസ്ത്രക്രിയ വേണം. ഇല്ലെങ്കിൽ ഏതാനും മണിക്കൂറിനുള്ളിൽ കൈവിട്ടുപോകും.

സുഹൃത്തിനെ പരിഭ്രമിപ്പിക്കാതെ ആംബുലൻസ് വിളിച്ചു. തുടർന്ന് സർജനെ വിളിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് ഒരുങ്ങാൻ പറഞ്ഞു. പക്ഷേ ഡോക്ടറുടെ ഉള്ളൂർ റോയൽ ആശുപത്രിയിൽ മൂന്നു മണിക്കൂർ കഴിഞ്ഞേ ഓപ്പറേഷൻ തിയറ്റർ ഫ്രീയാകൂ. അത്രയും കാത്തിരിക്കാൻ കഴിയില്ല. അന്വേഷണമായി. കൊല്ലം ജില്ലയിലെ ഒരു ആശുപത്രിയിൽ എത്തിച്ചാൽ നേരെ തിയറ്ററിലേക്കു കടക്കാം. കൂടുതൽ ആലോചിച്ചില്ല. ആംബുലൻസിൽ സുഹൃത്തുമായി നേരെ അങ്ങോട്ട്. ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തി. 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയ.’’ തൈലമിട്ടപ്പോൾ വേദന മാറിയല്ലോ എന്തിനാ ഓപ്പറേഷൻ” എന്നു ചോദിച്ച സുഹൃത്ത് ആശുപത്രി വിട്ടത് ഒരു മാസത്തിനു ശേഷം.

മഹാധമനി പൊട്ടുമ്പോൾ

ജവാഹർലാൽ നെഹ്റു മരിച്ചതെങ്ങനെ? നെഹ്റുവിന് ഹൃദയാഘാതം വന്നപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സിച്ച ഡോ. അശോക് ഠാക്കൂർ പിൽക്കാലത്ത് ഇംഗ്ലണ്ടിൽ ഡോ. ഭരത് ചന്ദ്രന്റെ സഹപ്രവർത്തകനായിരുന്നു. ഹൃദയാഘാതം എന്നുപൊതുവെ പറയുന്ന ആക്രമണങ്ങളിൽ മഹാധമനി (അയോർട്ട) പൊട്ടുന്നത് മാരകമാണ്. നെഹ്റുവിന്റെ ജീവൻ അങ്ങനെയാണ് പൊലിഞ്ഞത്. നെഞ്ചുവേദന തന്നെയാണ് ലക്ഷണം. ഇസിജി, എക്സ്റേ തുടങ്ങിയ പരിശോധനയിൽ കുഴപ്പം കണ്ടുപിടിക്കാൻ പലപ്പോഴും കഴിയില്ല എന്നതാണ് റിസ്ക്. അങ്ങനെ രോഗം തിരിച്ചറിയാതെ നഷ്ടപ്പെട്ടു പോയ എത്രയോ പേരിൽ ആൽബർട്ട് ഐൻസ്റ്റീനും (76) ഉൾപ്പെടും.

ഗതിമാറി ഒഴുകുന്ന രക്തനദി

മഹാധമനിയുടെ ഉദ്ഭവ സ്ഥാനത്ത് ഉയർന്ന രക്ത സമ്മർദം കാരണം പൊട്ടലുണ്ടാവും. രക്തം ധമനീഭിത്തിയിലൂടെ കിനിഞ്ഞിറങ്ങും. താഴെയെത്തുമ്പോൾ മഹാധമനിയിൽ നിന്ന് ഉദ്‌ഭവിക്കുന്ന പല ശാഖകളും അടയും. അങ്ങനെ കാലിലേക്കും മറ്റുമുള്ള രക്തസഞ്ചാരം തടസ്സപ്പെടും. പൾസ് കിട്ടാൻ ബുദ്ധിമുട്ടും. മഹാധമനി പൊട്ടി മുകളിലേക്കു മാത്രം രക്തം തടസ്സപ്പെടുന്നതിനെ ടൈപ്പ് 1 എന്നും മുകളിലേക്കും താഴേയ്ക്കും രക്തസഞ്ചാരം തടസപ്പെടുന്നത് ടൈപ്പ് 2 എന്നും അറിയപ്പെടും. ടൈപ്പ് 2 ആണെങ്കിൽ മരണം ഉറപ്പ്. ചുരുങ്ങിയ സമയത്തിനുള്ളിൽ സങ്കീർണ ശസ്ത്രക്രിയ നടത്തിയാൽ മാത്രം രക്ഷപ്പെടാൻ സാധ്യത.

കബളിപ്പിക്കുന്ന രോഗം

ജോൺ റിറ്റർ (54) എന്ന അമേരിക്കൻ നടൻ 2003ൽ നാടകം അരങ്ങേറുന്നതിനു മുൻപ് കുഴഞ്ഞുവീണു മരിച്ചു. നെഞ്ചുവേദന കാരണം ഏതാനും ദിവസമായി ചികിത്സയിലായിരുന്നെങ്കിലും അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. തുടർന്നാണ് അദ്ദേഹം അരങ്ങിലേക്കു പോയത്. മരണം വലിയ വിവാദമായി. ഡോക്ടർമാരുടെ കഴിവുകേടിനെപ്പറ്റി ചർച്ച നടന്നു.

ഹൃദയാഘാതം അഗ്നിപർവതം പൊട്ടുന്നതുപോലെയാണ്. ആദ്യം ചെറിയ ചെറിയ പൊട്ടലുകൾ. ഇസിജി നോക്കിയാൽ കാണില്ല. ബിപി ഉയർന്നു നിൽക്കുന്നവരിലാണ് ഇതിന് സാധ്യത. റിറ്ററുടെ കാര്യത്തിൽ അതാണുണ്ടായത്. ഇവിടെയാണ് ഡോക്ടറുടെ അനുഭവവും അനുമാനങ്ങളും സഹായത്തിനെത്തുക.

മദാമ്മയുടെ കെട്ടിപ്പിടിത്തം

15 വർഷം ഇംഗ്ലണ്ടിലായിരുന്നു ഡോ. ഭരത് ചന്ദ്രൻ. 55 വയസ്സുള്ള ഒരു സ്ത്രീയുടെ എക്കോ ടെസ്റ്റ് പരിശോധിക്കാൻ മുതിർന്ന ഡോക്ടർ ആവശ്യപ്പെട്ടു. ശ്വാസം മുട്ടലും ബിപി കുറയലും ലക്ഷണം. പെരിക്കാർഡിയത്തിനകത്ത് വായു കടന്നതാണ് കാരണം എന്ന് ഭരത് ചന്ദ്രൻ അനുമാനിച്ചു. ഡോക്ടർമാരുടെ ഇടയിൽ തർക്കമായി. ഇസിജിയും എക്സ്റേയും വഴി നിഗമനം സാധിക്കുന്നില്ല. ഗാസ്ട്രോ വിദഗ്ധനും, ഫിസിഷ്യനും കുഴപ്പമില്ല എന്നു വാദിച്ചു. ഭക്ഷണം കഴിച്ചപ്പോൾ വായ്ക്കുള്ളിൽ നിന്ന് ഗ്യാസ് ഉൽപാദിപ്പിക്കുന്ന ബാക്ടീരിയ ഉള്ളിലെത്തിയെന്നും അങ്ങനെ സൃഷ്ടിക്കപ്പെട്ട ഗ്യാസ് ആണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെന്നുമായിരുന്നു ഭരത് ചന്ദ്രന്റെ വാദം. മുതിർന്ന ഡോക്ടർ അത് അംഗീകരിക്കുകയും രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു.

കുറച്ചുനാൾ കഴിഞ്ഞ് ആ സ്ത്രീ ഡോക്ടറെ കാണാനെത്തി. കണ്ടപാടെ ‘നിങ്ങൾ എന്റെ ജീവൻ രക്ഷിച്ചു ’ എന്നു പറഞ്ഞ് കെട്ടിപ്പിടിച്ചു.

വ്യായാമം വേണം

ജർമനിയിൽ 8000 പേരിൽ നടന്ന പരീക്ഷണമുണ്ട്. ഇവരെ രണ്ടുവിഭാഗമായി തിരിച്ചു. പാരമ്പര്യവും ജീവിതശൈലിയും കാരണം രോഗികളാകാൻ സാധ്യതയുള്ളവർ ആദ്യ ഗ്രൂപ്പ്. നല്ല ആരോഗ്യകരമായ അവസ്ഥയുള്ളവ‍ർ രണ്ടാമത്തെ ഗ്രൂപ്പ്. ആദ്യ ഗ്രൂപ്പിന് മികച്ച വ്യായാമം പതിവാക്കി. രണ്ടാമത്തെ വിഭാഗത്തെ വ്യായാമത്തിൽ നിന്ന് ഒഴിവാക്കി. പഠനഫലം വന്നപ്പോൾ ആദ്യ ഗ്രൂപ്പിനെക്കാൾ വേഗം രോഗികളായത് രണ്ടാമത്തെ വിഭാഗമായിരുന്നു. വ്യായാമം അനിവാര്യം എന്ന് ഇത് സൂചിപ്പിക്കുന്നു. സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ കിതപ്പു വരുന്നതു വരെ വ്യായാമം ചെയ്താൽ (ടോക്കിങ് എക്സർസൈസ്) തന്നെ ധാരാളം. ഇതോടൊപ്പം കാർബോഹൈഡ്രേറ്റും കൊളസ്ട്രോളും കുറഞ്ഞ ഭക്ഷണവും ശീലിക്കണം.

വെളിച്ചെണ്ണ വെളിച്ചത്തിന് മതി

മൂന്ന് പെൺമക്കളുടെയും കല്യാണ സദ്യയ്ക്ക് പപ്പടം കാച്ചാൻ പോലും വെളിച്ചെണ്ണ ഉപയോഗിക്കരുത് എന്ന് പ്രത്യേക നിർദേശം നൽകിയിരുന്നു ഡോ. ഭരത് ചന്ദ്രൻ. തെറ്റാണെന്ന് വിശ്വസിക്കുന്ന ഒരു കാര്യം ഒരു ഡോക്ടർ ചെയ്യരുത്.

പൂരിത കൊഴുപ്പിന്റെ അളവ് വെളിച്ചെണ്ണ- 92% , നെയ്യ്- 65%, പാം ഓയിൽ- 65% എന്നിങ്ങനെയാണ്. സസ്യ എണ്ണകൾക്ക് ഈ അപകടമില്ല. അതിനാൽ സസ്യ എണ്ണകൾ ഇഷ്ടം പോലെ ഉപയോഗിക്കാം. വെളിച്ചെണ്ണയും പാം ഓയിലും ഉപേക്ഷിക്കണം.

ഡോക്ടർ തന്റെ ആശുപത്രി കാന്റിനിൽ പരീക്ഷണാടിസ്ഥാനത്തിൽ ആറ് ആഴ്ച വെളിച്ചെണ്ണയും സസ്യഎണ്ണയും ഉപയോഗിച്ചു. ഫലം നോക്കിയപ്പോൾ വെളിച്ചെണ്ണ കൊളസ്ട്രോൾ വർധിപ്പിച്ചു എന്നു തന്നെയാണ് തെളിഞ്ഞത്. ഡോക്ടറുടെ രസകരമായ നിഗമനം ഇങ്ങനെ- നല്ലതായതുകൊണ്ടാണ് എള്ളെണ്ണയെ കേരളീയർ നല്ലെണ്ണ എന്നു വിളിക്കുന്നത്. വെളിച്ചെണ്ണ വെളിച്ചം തരാനാണു നല്ലത്. നല്ല എണ്ണ അല്ല.

പക്ഷേ, ഏതോ ഘട്ടത്തിൽ വച്ച് ഈ സിദ്ധാന്തം തലകീഴ് മറിഞ്ഞു. മലയാളിയുടെ ഹൃദയാരോഗ്യവും മോശമായി. ഏറ്റവും നല്ല ജീവിതാവസ്ഥ ഉണ്ടായിരുന്നെങ്കിലും തിരുവിതാംകൂർ രാജാക്കൻമാരുടെ ആയുസ്സ് ശരാശരി 50 വയസ്സ് മാത്രമായിരുന്നു.

കൊളസ്ട്രോൾ നിരുപദ്രവിയാണ് എന്ന വാദത്തിനും അടിസ്ഥാനമില്ല. ചില വ്യക്തികളിൽ ജന്മനാൽ തന്നെ കൊളസ്ട്രോൾ വർധിച്ചിരിക്കുന്നതു കാണാം. ഇവർക്ക് പുകവലി പോലുള്ള ദുശ്ശീലങ്ങളില്ലെങ്കിലും ചെറുപ്രായത്തിൽ തന്നെ ഹൃദയാഘാതം വരുന്നു.

കൊഴുപ്പ് അടിയുന്നതോടെ കോശങ്ങൾ കേടാവും (അബ്നോർമൽ). നശിച്ചതും അല്ലാത്തതമായ കോശങ്ങൾ ചേർന്ന് മാലിന്യകൂമ്പാരമാവും. ഇങ്ങനെ ധമനീഭിത്തിയിൽ പറ്റിപ്പിടിച്ച് അപകടം ഉണ്ടാക്കുന്നത് ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) ആണ്.

ആസ്പിരിൻ മുടക്കേണ്ട

ഒരു കുഴപ്പവുമില്ലെങ്കിലും 55 വയസ്സുകഴിഞ്ഞാൽ എല്ലാവരും ആസ്പിരിൻ ഗുളിക കഴിക്കണം. ചിലരിൽ അസിഡിറ്റി, അൾസർ മൂലമുള്ള രക്തസ്രാവം എന്നിവ ഉണ്ടാകാം. അതു പക്ഷേ, വളരെ വിരളമായിരിക്കും. അതുകൊണ്ട് ഉണ്ടാകുന്ന നേട്ടം വച്ചു നോക്കുമ്പോൾ നിസാരവും.