Monday 30 January 2023 04:50 PM IST : By സ്വന്തം ലേഖകൻ

എടിഎം കാർഡ് നഷ്ടപ്പെട്ടാൽ? ടെൻഷനാകേണ്ട, ഉടൻ ചെയ്യേണ്ടത് ഈ 5 കാര്യങ്ങൾ

atm-rredcghhh

പണം പിൻ‌വലിക്കാനും ഷോപ്പിങ്ങിനുമൊക്കെ നമ്മൾ വ്യാപകമായി ഉപയോഗിക്കുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ നഷ്ടപ്പെട്ടാലോ മോഷ്ടിക്കപ്പെട്ടാലോ എന്തുചെയ്യും ? നഷ്ടപ്പെട്ടു എന്നറിഞ്ഞാലുടൻ കാർഡ് ബ്ലോക്ക് ചെയ്യണം. അതോടെ ആ കാർഡിൽ നിന്നുള്ള ഇടപാടുകൾ നിർത്തലാക്കപ്പെടും.

ബാങ്കിന്റെ നിർദിഷ്ട നമ്പരിൽ വിളിച്ച് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകിയാലാണ് കാർഡ് ബ്ലോക്കാകുക. അതല്ലെങ്കിൽ എസ്എംഎസ് വഴി പ്രത്യേക ഫോർമാറ്റിലുള്ള സന്ദേശം ബാങ്കിന്റെ ഡാറ്റാബേസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പരിൽ നിന്ന് അയച്ചും ഇതു ചെയ്യാം. ബാങ്കു ശാഖയിൽ നേരിട്ടു ചെന്നോ, ഇന്റർനെറ്റ്/ മൊബൈൽ ബാങ്കിങ് സംവിധാനമുപയോഗിച്ചോ കാർഡ് ബ്ലോക് ചെയ്യാം. ഇനി പുതിയ കാർഡിന് അപേക്ഷിച്ചാൽ പഴയ അക്കൗണ്ടിൽ തന്നെ ഉപയോഗം തുടരാം.

ബാങ്കിന്റെ ഔദ്യോഗിക കോൾസെന്റർ/ ഫോൺ ബാങ്കിങ് നമ്പർ സേവ് ചെയ്തു വയ്ക്കുകയോ എഴുതി സൂക്ഷിക്കുകയോ ചെയ്യണം. അത്യാവശ്യ ഘട്ടത്തിൽ വിളിക്കേണ്ടി വരുമ്പോൾ, അവധി ദിവസങ്ങളിലോ നിർദിഷ്ട സമയത്തിനു ശേഷമോ ബാങ്ക് ശാഖയിൽ നിന്നു സഹായം ലഭിക്കില്ല എന്നതിനാലാണ് ഇത്. ബാങ്കിന്റെ ഡാറ്റാബേസിലെ മൊബൈൽ നമ്പർ സജീവമായി ഉപയോഗിക്കുന്നതു തന്നെയെന്നും ഉറപ്പാക്കണം. അഥവാ മൊബൈൽ നമ്പർ മാറേണ്ടി വന്നാൽ ബാങ്കുശാഖയെ സമീപിച്ച് നമ്പർ അപ്ഡേറ്റ് ചെയ്യുക. കാർഡ് അലർട്ട്, സുരക്ഷാ എസ്എംഎസുകൾ എന്നിവ ഈ നമ്പരിലേക്കു മാത്രമേ വരൂ.

വിവരങ്ങൾക്ക് കടപ്പാട്:

വി.കെ. ആദർശ്
ചീഫ് മാനേജർ
ടെക്നിക്കൽ,
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ