Wednesday 17 May 2023 11:07 AM IST : By സ്വന്തം ലേഖകൻ

ലാപ്ടോപ്പിന് ബാറ്ററി ലൈഫ് കൂടുതൽ വേണോ? ഈ വിദ്യ പ്രയോഗിച്ചു നോക്കൂ: നൽകാം മികച്ച കെയർ

laptop-care

ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ചാണ് ലാപ്ടോപ് തിരഞ്ഞെടുക്കേണ്ടത്. ഈ ഘട്ടത്തിൽ തന്നെ പ്രൊസ്സസറാണ് കംപ്യൂട്ടറിന്റെ ബ്രെയിനെന്നും ക്ലോക് സ്പീഡ് കൂ ടുന്നതിനനുസരിച്ച് ലാപ്ടോപ്പിന്റെ പെർഫോമൻസ് കൂടുമെന്നുമൊക്കെയുള്ള പ്രാഥമിക കാര്യങ്ങൾ എല്ലാവരും പഠിക്കും.

എൻട്രി ലെവല്‍ ലാപ്ടോപ്പിന് കുറഞ്ഞത് നാല് ജിബിയെങ്കിലും റാം ഉള്ളതാണ് നല്ലതെന്നും വിഡിയോ എഡിറ്റിങ് പോലുള്ള കാര്യങ്ങൾക്കായാണ് ലാപ്ടോപ് ഉപയോഗിക്കുന്നതെങ്കിൽ 16 ജിബി റാം എങ്കിലും വേണമെന്നുമൊക്കെ നമ്മൾ മനസ്സിലാക്കും. പക്ഷേ, ഇനിയാണ് ശ്രദ്ധിക്കേണ്ടത്. ലാപ്ടോപ് വാങ്ങിയ ശേഷം അറിയേണ്ട സാങ്കേതിക കാര്യങ്ങളും മുൻകരുതലുകളും ഏറെയുണ്ട്.

ലാപ്ടോപ്പിനു ഡെസ്ക്ടോപ്പിനേക്കാൾ കരുതൽ വേ ണം. കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യത്തോടെ കോംപാക്ട് ആയി നിർമിച്ചിരിക്കുന്നതാണ് ലാപ്ടോപ്. അതുകൊണ്ട് ലാപ്ടോപ്പിന്റെ ഓരോ മില്ലിമീറ്ററിലും സുഗമമായ പ്രവർത്തനത്തിനു വേണ്ട സംവിധാനം ഒരുക്കിയിട്ടുണ്ടാകും. മാത്രമല്ല, ലാപ്ടോപ് സ്പെയർ പാർട്സിനു വില കൂടുതലാണ്. ചിലത് റീപ്ലേസ് ചെയ്യാനുമാകില്ല.

എങ്ങനെ തുറക്കണം, അടയ്ക്കണം

ലാപ്ടോപ് തുറക്കുന്നതിലും അടയ്ക്കുന്നതിലും മുതൽ ശ്രദ്ധ വേണം. ഉയർന്ന ബിൽഡ് ക്വാളിറ്റിയുള്ള ലാപ്ടോപ് വശങ്ങളിൽ പിടിച്ചു തുറന്നാലും അത്ര പ്രശ്നമില്ല. എന്നിരുന്നാലും ഒരു കൈ കൊണ്ട് ലാപ്ടോപ്പിന്റെ താഴത്തെ ബോ‍ഡിയിൽ പിടിച്ച്, മുകളിലെ ബോഡിയുടെ നടുവിൽ പിടിച്ച് തുറക്കുക.

ഒരു വശത്ത് മാത്രം പിടിച്ചു പതിവായി തുറക്കുകയാണെങ്കിൽ ലാപ്ടോപ്പിന്റെ രണ്ടു ബോഡികളും തമ്മിൽ ചേർത്തു വയ്ക്കുന്ന ‘ഹിഞ്ചസി’നാണ് കേടു വരിക. അതായത് തുറക്കാനും അടയ്ക്കാനും സഹായിക്കുന്ന ഭാഗം. ഇതിന് പൊട്ടലുണ്ടായാൽ വീണ്ടും അശ്രദ്ധമായി തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ ഡിസ്‌പ്ലേക്ക് വരെ തകരാർ സംഭവിക്കാം.

ലാപ്ടോപ്പിനരുകിൽ ഭക്ഷണം ഒഴിവാക്കാം

ലാപ്ടോപ്പിനടുത്തിരുന്ന് ഭക്ഷണം കഴിക്കുകയോ വെള്ളമോ പാനീയമോ കുടിക്കാതിരിക്കാം. കാരണം ഇവ രണ്ടും ലാപ്ടോപ്പിൽ വീണാൽ കാര്യം നിസ്സാരമാണെങ്കിലും പ്രശ്നം ഗുരുതരമാകാം.

ലാപ്ടോപ്പിൽ ഭക്ഷണപദാർഥങ്ങൾ വീഴരുതെന്നു പറയാനുള്ള പ്രധാന കാരണം ഉറുമ്പ് ശല്യം ചെയ്യാനെത്തുമെന്നതാണ്. കീകളും കീബോർഡിന്റെ പാനലും തമ്മിൽ കണക്ട് ചെയ്യുന്ന ഭാഗം ഉറുമ്പരിച്ചാൽ അത് കീബോർഡിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കും.

കീ ബോർഡിൽ ഭക്ഷണ പദാർഥം വീണാൽ അപ്പോൾ തന്നെ വ‍‍ൃത്തിയാക്കുക. ഗ്രേവിയുള്ള കറികളാണ് കീബോർഡിൽ വീഴുന്നെതെങ്കിൽ എത്ര വൃത്തിയാക്കിയാലും കറിയുടെ അംശം പറ്റിപ്പിടിച്ചിരിക്കാം. അതുകൊണ്ട് ശ്രദ്ധ വേണം.

കീബോർഡിൽ വയ്ക്കാവുന്ന തരം കവറുകളുണ്ട്. ഇവ ഉപയോഗിച്ചാൽ കീകളുടെ ഇടയിലേക്ക് ഭക്ഷണം വീഴില്ല, പൊടിയും കയറില്ല. ലാപ്ടോപ്പിന്റെ പരിസരത്തെങ്ങാനും ഭക്ഷണമിരുന്നാല്‍ മതി ഉറുമ്പ് വരുമെന്നതും മറക്കേണ്ട.

വെള്ളം വീണാൽ...

ലാപ്ടോപ്പിൽ വെള്ളമോ പാനീയമോ വീഴാതെ ശ്രദ്ധിക്കുക. വെള്ളം വീണാൽ ഓൺ ആയിരിക്കുന്ന ലാപ്ടോപ് പെട്ടെന്നു തന്നെ ഓഫ് ആക്കുക. അതിനു ശേഷം സ്പോഞ്ച് അല്ലെങ്കിൽ തുണിയുപയോഗിച്ച് വെള്ളം നന്നായി ഒപ്പിയെടുക്കുക. മൈക്രോ ഫൈബർ തുണിയാണ് നല്ലത്. അതിനു േശഷം തങ്ങിനിൽക്കുന്ന വെള്ളം ഒലിച്ചുപോകത്തക്ക വിധം ലാപ്ടോപ് ചെരിച്ച് ഒരു ദിവസം (കുറഞ്ഞത് 12 മണിക്കൂറെങ്കിലും) വയ്ക്കുക.

വെള്ളം വീണ ഉടൻ തന്നെ ഓൺ ആക്കിയാൽ കീബോർഡിലൂടെയും മറ്റും ഉള്ളിലെത്തിയ ജലാംശം മൂലം ഷോർട് സർക്യൂട്ട് വരാം. ഇത് ലാപ്ടോപ് കേടാക്കും.

വെള്ളം വീണാലും പ്രശ്നമില്ലാത്ത സ്പിൽ പ്രൂഫ് ലാപ്ടോപ് ഉണ്ട്. ഇവയുടെ കീബോർഡിനടിയിൽ വെള്ളം ഒലിച്ചുപോകാനുള്ള സംവിധാനമുണ്ട്. ഓർക്കുക ഇവ സ്പി ൽ പ്രൂഫ് ആണ്. വാട്ടർ പ്രൂഫ് അല്ല. വെള്ളത്തിൽ മുക്കി വച്ചാലും കുഴപ്പമില്ല എന്നു കരുതല്ലേ.

പൊടി കൊണ്ടുള്ള പ്രശ്നം

ലാപ്ടോപ്പിന് പൊടിയും ശത്രുവാണ്. കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാതിരുന്നാൽ റാം ചിപ്പിന്റെ കണക്ടേഴ്സിൽ വരെ പൊടി കയറിക്കൂടാം. ഏതെങ്കിലും പ്രോഗ്രാം ഓപൺ ആക്കുമ്പോൾ മാത്രം ലാപ്ടോപ് പെട്ടെന്ന് ഓഫ് ആയി ഓൺ ആകുന്നത് കണ്ടിട്ടില്ലേ. ആ പ്രോഗ്രാം ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ അതിന്റെ മൊഡ്യൂളിൽ കണക്ട് ചെയ്യുന്ന ഭാഗത്ത് അടിഞ്ഞിരിക്കുന്ന പൊടിയാകും വില്ലൻ.

ചെറിയ ഹാൻഡ് ഹെൽഡ് വാക്വം ക്ലീനർ ഉപയോഗിച്ച് ലാപ്ടോപ്പിലെ പൊടി നീക്കാം. ഉപയോഗശേഷം ലാപ്ടോപ് തുടച്ച് ബാഗിൽ സൂക്ഷിച്ചാൽ പൊടിശല്യം ഒഴിവാക്കാം.

കുഷനിങ് ഉള്ള ബാഗ് തന്നെ വാങ്ങാം. അബദ്ധവശാൽ എവിടെയെങ്കിലും തട്ടുകയോ മറ്റോ ചെയ്താലും കേടുപാടുകൾ വരാതിരിക്കാനാണിത്. വാട്ടർപ്രൂഫ് ബാഗ് തിരഞ്ഞെടുത്താൽ വെള്ളം ബാഗിലൂടെ ലാപ്ടോപ്പിലെത്തുമോ എന്ന പേടി വേണ്ട. ലാപ്ടോപ് വയ്ക്കാനുള്ള പൗച്ചിൽ ലാപ്ടോപ്പും ചാർജർ വയ്ക്കാനുള്ള ഭാഗത്ത് അതും വയ്ക്കുക.

ലാപ്ടോപ് ചാർജിങ്ങിനിടെ ഉപയോഗിച്ചാൽ

ലാപ്ടോപ് പതിവായി ചാർജറിൽ കുത്തിയിട്ട് ഉപയോഗിച്ചാൽ ബാറ്ററി ലൈഫ് കുറയും. ചാർജിങ് സൈക്കിൾ അനുസരിച്ചാണ് ലിഥിയം അയൺ ബാറ്ററിയുടെ ലൈഫ്. ബാറ്ററി ചാർജ് ചെയ്യുക, ഡിസ്ചാർജ് ചെയ്യുക, വീണ്ടും ചാർജ് ചെയ്യുക. ഇതാണ് ഈ സൈക്കിൾ.

ബാറ്ററി ലൈഫ് കൂടുതൽ കിട്ടാൻ വഴിയുണ്ട്. ചില ലാപ്ടോപ്പിൽ ബാറ്ററി ഐക്കണിൽ റൈറ്റ് ക്ലിക് ചെയ്ത് പ്രോപ്പർട്ടീസില്‍ ചെന്നാൽ ബാറ്ററി ത്രഷോൾഡ് സെറ്റ് ചെയ്യാനാകും. ഉദാഹരണത്തിന് 50 ശതമാനം ലോവർ ത്രഷോൾഡ് എന്ന് സെറ്റ് ചെയ്തു വച്ചാൽ ചാർജ് 50 ശതമാനത്തിൽ താഴെയാണെങ്കില്‍ മാത്രമേ ബാറ്ററി ചാർജ് ആകൂ. അല്ലാത്തപക്ഷം, ചാർജിങ് കേബിളിൽ നിന്നു നേരിട്ടു പവർ ഉപയോഗിച്ചു ലാപ്ടോപ് പ്രവർത്തിക്കും.

ലാപ്ടോപ് താഴെ വീണാൽ

വീഴുന്നത് ഡിസ്പ്ലേ വരുന്ന ഭാഗമാണെങ്കിൽ പൊട്ടിപ്പോകാം. ഈ സാഹചര്യത്തിൽ ബലം പ്രയോഗിച്ച് ലാപ്ടോപ് തുറക്കുന്നത് അപകടമാണ്.

മിക്ക ലാപ്ടോപ്പുകളിലും സ്റ്റോറേജിനായി എസ്എസ്ഡിയാണ് ഇപ്പോഴുള്ളത്. വില കുറഞ്ഞ ലാപ്ടോപ്പുകളിൽ നോർമൽ ഹാർഡ് ‍ഡിസ്ക് തന്നെയാകും. ഈ ഡിസ്ക് റീഡ് ചെയ്യുന്നത് ചലിക്കുന്ന ഒരു ‘ഹെഡി’ന്റെ സ ഹായത്തോടെയാണ്. അത്തരം ലാപ്ടോപ് താഴെ വീണാ ൽ പ്രത്യക്ഷത്തിൽ പൊട്ടലോ പ്രശ്നങ്ങളോ ഇല്ലെങ്കിലും പരന്ന പ്രതലത്തിൽ 30 സെക്കൻഡ് എങ്കിലും വച്ചശേഷമേ ഓൺ ആക്കാവൂ. ഹെ‍ഡിന്റെ വൈബ്രേഷൻ നിലയ്ക്കാനുള്ള സമയമാണിത്. ഇത്തരം ലാപ്ടോപ് ഓൺ ആയിരിക്കുമ്പോൾ എടുത്തു നടക്കുന്നതും മാറ്റി വയ്ക്കുന്നതും വ രെ ഹാർഡ് ഡിസ്ക്കിന്റെ പ്രവർത്തനത്തെ ബാധിക്കാം. എസ്എസ്ഡിയിൽ ചിപ് ആണുള്ളത്. ഈ ലാപ്ടോപ് ഓൺ ആയിരിക്കുമ്പോൾ എടുത്തുനടന്നാലും പ്രശ്നമില്ല.

ലാപ്ടോപ് ഇത്തിരി ചൂടനാണ്

ലാപ്ടോപ് ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും ചൂടാകും. ഇതു നിയന്ത്രിക്കാനായി പുറകിൽ ഫാനും ചൂടു പുറത്തു പോകാനുള്ള വെന്റും ഉണ്ട്. ഇത് അടഞ്ഞുപോകുന്ന തരത്തിൽ ലാപ്ടോപ് വയ്ക്കാതിരിക്കുക. കുഷന്റെയോ മെത്തയുടെയോ മുകളിൽ വച്ചുപയോഗിച്ചാലും കൂളിങ് എഫിഷ്യൻസിയെ ബാധിക്കും. പരന്ന പ്രതലത്തിൽ വച്ചാലേ ഫാൻ ശരിയായി പ്രവർത്തിക്കൂ. ചൂട് കൂടിയാൽ ലാപ്ടോപ് പെർഫോമൻസ് താൽകാലികമായി കുറയും.

അമ്മു ജൊവാസ്

വിവരങ്ങൾക്ക് കടപ്പാട് : റിജു തോമസ്,

ടെക്നിക്കൽ ആർക്കിടെക്ട്,

മൊസാന്റാ ടെക്നോളജീസ്, ടെക്നോപാർക്, തിരുവനന്തപുരം