Saturday 10 December 2022 11:50 AM IST : By സ്വന്തം ലേഖകൻ

ക്രെഡിറ്റ് കാർഡ് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ബാങ്കിന് മെയിൽ അയച്ചു; മുക്കാൽ ലക്ഷത്തോളം രൂപ നഷ്ടമായി! സൈബർ സെല്ലില്‍ പരാതി

single-credit-card-1

ക്രെഡിറ്റ് കാർഡ് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ബാങ്കിന് മെയിൽ അയച്ച കസ്റ്റമര്‍ക്ക് നഷ്ടമായത് മുക്കാൽ ലക്ഷത്തോളം രൂപ. കോട്ടയം നീലംപേരൂർ സ്വദേശി ഷാജി പരാതിയുമായി സൈബർ സെല്ലിനെ സമീപിച്ചെങ്കിലും നടപടിയായില്ല. 2021ൽ എസ്ബിഐ ചങ്ങനാശേരി (എഡിബി) ബാങ്കിൽ നിന്നെടുത്ത ക്രെഡിറ്റ് കാർഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയ് 14നാണ് മെയിൽ ചെയ്തത്. തുടർ നടപടിയില്ലെന്ന് കണ്ട് ബാങ്കിങ് ഓംബുഡ്സ്മാന് ഓഗസ്റ്റ് 24 പരാതി നൽകി.

തുടർന്ന് സെപ്റ്റംബർ 14ന് ഷാജിയ്ക്ക് ബാങ്കിൽ നിന്നാണെന്നു പറഞ്ഞ് ഫോൺ വിളിയെത്തി. എടിഎം കാർഡ് നമ്പർ ചോദിച്ചപ്പോൾ സംശയമായി. ക്രെഡിറ്റ് കാർഡ് റദ്ദാക്കാൻ എന്തിനാണ് എടിഎം നമ്പറെന്നു തിരക്കിയപ്പോൾ വിവരങ്ങൾ കൃത്യമാണോയെന്നു പരിശോധിക്കാനാണെന്നും ഒടിപി നമ്പർ വരുമെന്നും പറഞ്ഞു.

ഫോൺ കട്ട് ചെയ്തപ്പോൾ വീണ്ടും വിളിച്ച് കർശന സ്വരത്തിൽ കാർഡ് റദ്ദാക്കാനാണെങ്കിൽ ഒടിപി നമ്പർ നൽകിയേ പറ്റൂവെന്നു പറഞ്ഞതോടെ ഷാജി വിശ്വസിച്ചു. 15 മിനിറ്റിനുള്ളിൽ ആദ്യം അൻപതിനായിരത്തോളം രൂപയും പിന്നീട് 25,000 രൂപയും നഷ്ടമായി. ബംഗാളിൽ നിന്നുള്ള നമ്പരാണെന്ന് മാത്രമായിരുന്നു സൈബർസെല്ലിന്റെ മറുപടിയെന്നും ഷാജി പറയുന്നു.