Friday 02 December 2022 03:39 PM IST : By സ്വന്തം ലേഖകൻ

‘കുട്ടികളുടെ ഫീസ്, പെട്രോൾ ചെലവ് തുടങ്ങി തുക ചെറുതാണെങ്കിലും രേഖപ്പെടുത്താൻ മറക്കരുത്’; വരുതിയിലാക്കാം ചെലവ്, വളർത്താം സമ്പാദ്യശീലം

shutterstock_1852051552

മാസാവസാനമാകുമ്പോഴേക്കും കയ്യിലെ പണം മുഴുവൻ തീർന്നെന്നു വിഷമിക്കുന്ന അവസ്ഥ ഇനി ഉണ്ടാകില്ല. നല്ല സമ്പാദ്യശീലങ്ങൾക്ക് ഈ വഴികൾ പിന്തുടരാം.

വേണം കൃത്യതയുള്ള ബജറ്റ്

ഓേരാ മാസവും ചെലവഴിക്കേണ്ട തുക കണക്കാക്കി എഴുതി വയ്ക്കുന്നതിലുള്ള മടി കാരണം മാസ ബജറ്റ്  തയാറാക്കാത്തവരുണ്ട്. പണം ചോർന്നു പോകുന്ന വഴിയറിയില്ല എന്ന് പരാതി പറയുന്നതിനു പകരം ഓേരാ മാസവും കൃത്യമായ ബജറ്റ് കണക്കാക്കി നോക്കൂ. മാസം തോറും കുറച്ചു സമയം നീക്കി വച്ചാൽ പണം ചെലവാകുന്നത് കൃത്യമായി നിയന്ത്രണത്തിലാക്കാൻ കഴിയും.

∙ കൃത്യമായി രൂപപ്പെടുത്തിയ ബജറ്റ് വളരെ പ്രധാനമാണ്. ഓേരാ മാസവും ജീവിത ചെലവിന് വേണ്ടി എത്ര തുക കൃത്യമായി നീക്കി വയ്ക്കണമെന്ന്  ബജറ്റിലൂടെ മനസ്സിലാക്കാൻ കഴിയും. മാസം തോറും നിശ്ചിത തുക നിക്ഷേപത്തിനായി നീക്കി വയ്ക്കാം.

∙ നോട്ബുക്കിലോ ഡയറിയിലോ കുറിക്കുന്നത് മടിയുള്ളവർക്ക് സ്മാർട്ഫോണിൽ ഏതെങ്കിലും മണി മാനേജ്മെന്റ് ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. സ്മാർട്ടായി ബജറ്റ്  തയാറാക്കുകയും ഓരോ മാസത്തെയും ചെലവും വരവും രേഖപ്പെടുത്തുകയും ചെയ്യാം.

∙ ലോൺ അടവ്, കുട്ടികളുടെ ഫീസ്, പെട്രോൾ ചെലവ് ഇങ്ങനെ ഓേരാ തുക ചെലവഴിക്കുമ്പോഴും അത് രേഖപ്പെടുത്താൻ മറക്കരുത്. വളരെ ചെറിയ തുകയാണെങ്കിൽ പോലും കുറിച്ചു വച്ചാൽ മാത്രമേ കൃത്യമായി ട്രാക് ചെയ്യാൻ സാധിക്കൂ. അക്കൗണ്ട് ഉള്ള ബാങ്കിന്റെ ആപ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് കാശ് കൂടുതൽ ചെലവഴിക്കുന്നത് ഏതെല്ലാം വിഭാഗത്തിലാണെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയും.

∙ പണം ചെലവഴിക്കേണ്ട സാഹചര്യം വരുമ്പോൾ വേണ്ടത് തന്നെയാണോ എന്ന് ഉറപ്പിക്കുക. ബജറ്റ്, കയ്യിലെത്ര പണമുണ്ട് ഇതെല്ലാം പരിശോധിക്കണം.

∙ വരുമാനത്തിന്റെ പത്ത് ശതമാനമെങ്കിലും നിക്ഷേപത്തിന് നീക്കി വയ്ക്കണം. എത്രത്തോളം നേരത്തെ സേവിങ് തുടങ്ങാമോ അത്രത്തോളം നേരത്തെ തന്നെ തുടങ്ങണം. കാലക്രമേണ നിക്ഷേപിക്കുന്ന തുക നിശ്ചിതശതമാനം വച്ച് കൂട്ടണം.

∙ ക്രെഡിറ്റ് സ്കോർ, വരുമാനം ഇവ അനുസരിച്ച് പുതിയ ലോൺ നൽകാമെന്ന് ബാങ്കും ധനകാര്യസ്ഥാപനങ്ങളും വാഗ്ദാനവുമായെത്തിയേക്കാം. മാസവരുമാനം അനുസരിച്ച് തുക മുടക്കാൻ കഴിയുമോയെന്ന് നോക്കി മാത്രമേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ലോൺ എടുക്കാവൂ. ക്രെഡിറ്റ് കാർഡ് ഒരേ സമയം രക്ഷകനും വില്ലനുമാകാം. കൃത്യമായി അടച്ചില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി കാശ് ചോർന്നു പോകുന്നതറിയില്ല. ഇങ്ങനെ കടം പെരുകാനിടയുണ്ട്.

 ∙ നികുതിയെക്കുറിച്ചു കൃത്യമായി മനസ്സിലാക്കണം. നികുതി കഴിഞ്ഞുള്ള തുകയാണ് നിങ്ങളുടെ യഥാർഥ വരുമാനം. നിക്ഷേപത്തിലൂടെയുള്ള വരുമാനത്തിന്റെ പകുതി മാത്രമേ നികുതി ബാധകമാകൂ.

∙ വിപണിയിലെ പലതരത്തിലുള്ള നിക്ഷേപത്തെക്കുറിച്ച് മനസ്സിലാക്കണം. നിക്ഷേപങ്ങളിലൂടെ ഭാവിയിലേക്കുള്ള ആവശ്യങ്ങൾക്കും മനസ്സിൽ കാണുന്ന സ്വപ്നങ്ങൾക്കും വേണ്ട പണം സമ്പാദിക്കാം.