Saturday 26 November 2022 02:39 PM IST : By സ്വന്തം ലേഖകൻ

ലോട്ടറി ചൂണ്ടയിൽ കുരുങ്ങാതെ നോക്കാം; തമാശയ്ക്കു പോലും ഇത്തരം ഇ–മെയിലിനോടു പ്രതികരിക്കരുത്!

lucky-uwww വി.കെ. ആദർശ്, ചീഫ് മാനേജർ, ടെക്നിക്കൽ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

വലിയ തുക ലോട്ടറി അടിച്ച നിങ്ങളെ അഭിനന്ദിച്ച് കൊണ്ട് എസ്എംഎസ്/ഇ–മെയിൽ/ക്യു ആർ കോഡ് ഒക്കെ വരാറില്ലേ. ഇതിനു പിന്നിൽ പണം തന്ത്രപൂർവം കൈക്കലാക്കാനുള്ള ചതിക്കുഴി ഉണ്ടെന്ന് പലരും ഓർക്കാറില്ല.

സമ്മാനത്തുക മാത്രം നൽകാനേ കമ്പനി ചട്ടം അനുവദിക്കുന്നുള്ളൂ, ഇത് അയയ്ക്കാനുള്ള ബാങ്ക് ചാർജ് ആയി ഒരു തുക ആവശ്യമുണ്ട്, അതു ഞങ്ങൾക്ക് അയച്ചാൽ സമ്മാനത്തുക നിങ്ങളുടെ അക്കൗണ്ടിലെത്തും എന്നൊക്കെ ഇത്തരക്കാർ ആവശ്യപ്പെടും. നിങ്ങൾ പ്രതികരിച്ചില്ലെങ്കിൽ സമ്മാനം മറ്റൊരാൾക്ക് പോകും എന്നു കൂടി സമ്മർദമാകുമ്പോൾ വീണുപോകാത്തവർ ചുരുക്കം.  

ചില അവസരങ്ങളിൽ വിജയി നിങ്ങളാണെന്ന് ഉറപ്പിക്കാൻ മൊബൈലിലെത്തിയ ഒ ടിപി പറഞ്ഞുകൊടുക്കണം എന്നാകും ആവശ്യപ്പെടുക. നിങ്ങളുടെ അക്കൗണ്ടിലെ പണം ഇടപാടു ചെയ്യാനുള്ള ഒടിപി ആകും ഇത്. അതു കിട്ടുന്ന മാത്രയിൽ അവർ അപ്രത്യക്ഷരാകും, പണവും പോകും.

ആരും ആർക്കും ഒന്നും സൗജന്യമായി നൽകില്ല എന്നറിയുക, ക്ഷണിക്കപ്പെടാതെ വരുന്ന ഇത്തരം സ ന്ദേശം/ ഇ–മെയിൽ ഇവ അവഗണിക്കുക, തമാശയ്ക്ക് പോലും ആശയവിനിമയം നടത്തരുത്.

മറ്റു ചില അവസരങ്ങളിൽ ആർബിഐ, യു എൻ ഫണ്ട്...  ഒക്കെ അവകാശികൾ ഇല്ലാതെ കിടക്കുന്ന നിക്ഷേപതുക പലർക്കായി നൽകാൻ തീരുമാനിച്ചു, നിങ്ങൾ അതിൽ ഒരാളാണന്നുള്ള വിനീത അറിയിപ്പ് ആകും വരുക. ഒരുപക്ഷേ, ‘അത് താനല്ലയോ ഇത്’ എന്ന് ആശങ്ക ജനിപ്പിക്കുന്ന തരത്തിൽ അതത് സ്ഥാപനങ്ങളുടേതെന്ന് തോന്നിപ്പിക്കുന്ന മുദ്ര, ലെറ്റർഹെഡ് എന്നിവയും സന്ദേശത്തിൽ ഉണ്ടാകും. ഇതും ലോട്ടറി സമാന തട്ടിപ്പ് തന്നെയാണ്. ഇത്തരക്കാരുടെ കെണിയിൽ പെട്ടാൽ പണം തിരികെ കിട്ടാൻ പ്രയാസമാണെന്നു മാത്രമല്ല, മാനഹാനിയും ഫലം.

വി.കെ. ആദർശ്, ചീഫ് മാനേജർ, ടെക്നിക്കൽ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ