Wednesday 22 February 2023 02:44 PM IST : By സ്വന്തം ലേഖകൻ

‘വിഡിയോ കോളിലൂടെ കാണണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കുക’; ഓൺലൈൻ മാട്രിമോണിയൽ വെബ്സൈറ്റുകളിലെ വ്യാജന്മാര്‍, സൂക്ഷിക്കുക

matrimonnnnnn

ഓൺലൈൻ മാട്രിമോണിയൽ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്നതും തിരച്ചിലുകൾ നടത്തുന്നതും പുതിയ കാര്യമൊന്നുമല്ല. എങ്കിലും ഒരു നിമിഷം ഇതൊന്നു ശ്രദ്ധിക്കൂ..!!  

മാട്രിമോണിയൽ വെബ്സൈറ്റുകൾ വഴി തട്ടിപ്പ് നടത്തുന്ന വ്യാജൻമാരെക്കുറിച്ചും നമ്മൾ അറിഞ്ഞിരിക്കണം. ആദ്യമായി നിങ്ങൾ പേര് രജിസ്റ്റർ ചെയ്യുന്നതും തിരച്ചിൽ നടത്തുന്നതുമായ വെബ്സൈറ്റ് വ്യാജമാണോ അല്ലയോ എന്ന് അന്വേഷിച്ചറിഞ്ഞതിനുശേഷം മാത്രം മുന്നോട്ടു പോകുക.

നിങ്ങൾ കണ്ടെത്തിയ വ്യക്തിയുടെ വിശദവിവരങ്ങൾ വിശദമായി അന്വേഷിച്ച് അറിഞ്ഞതിനുശേഷം മാത്രം നിങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കുക. കൂട്ടുകാരുടേയോ ബന്ധുക്കളുടേയോ സാന്നിധ്യത്തിൽ മാത്രം അവരുമായി വിശ്വാസയോഗ്യമായ സ്ഥലത്ത് മാത്രം കൂടിക്കാഴ്ച നടത്തുക.

ഇത്തരം വെബ്സൈറ്റുമായി ബന്ധപ്പെടുമ്പോൾ നിങ്ങളുടെ സ്വകാര്യവിവരങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കുക. അനാവശ്യ ഫോട്ടോകൾ ഷെയർ ചെയ്യാതിരിക്കുക. എന്തെങ്കിലും സാമ്പത്തിക സഹായം അവർ ആവശ്യപെടുകയാണെങ്കിൽ ഇതിൽ നിന്നും പിൻവലിയുക. വിദേശത്തുള്ള ബന്ധങ്ങളാണെങ്കിൽ അവരെ നേരിൽകണ്ട് അന്വേഷിച്ചതിനുശേഷം മാത്രം തീരുമാനമെടുക്കുക. 

വിഡിയോ കോളിങ്ങിലൂടെ നിങ്ങളെ കാണണമെന്ന് ആവശ്യപെടുകയാണെങ്കിൽ ശ്രദ്ധിക്കുക. അത് പലതരം ചതികൾക്കും കാരണമാകും. തുടക്കത്തിൽ തന്നെ നിങ്ങളുടെ സാമ്പത്തിക സ്ഥിതികൾ അന്വേഷിക്കുക, പെട്ടന്ന് സ്നേഹം പ്രകടിപ്പിക്കുക, പല നമ്പരുകളും ഉപയോഗിച്ച് കോൾ ചെയ്യുക, എന്നിങ്ങനെയുള്ള പ്രവൃത്തികൾ ചെയ്യുന്നവരെ കൂടുതലായി അന്വേഷിച്ച് മനസ്സിലാക്കേണ്ടതുണ്ട്. 

ഒരാളുടേയും സോഷ്യൽമീഡിയ പ്രൊഫൈൽ കണ്ട് അയാളെകുറിച്ച് വിലയിരുത്തരുത്. വിവേകപൂർവമായ അന്വേഷണത്തിലൂടെ മാത്രം നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്തുക.

കടപ്പാട്: കേരളാ പൊലീസ്