Thursday 06 April 2023 04:34 PM IST : By രതീഷ് ആർ. മേനോൻ

സ്മാർട് ഫോൺ ഉപയോഗിക്കുന്നവരെ കൂടുതൽ സ്മാർട്ടാക്കുന്ന രണ്ടു ടെക്നിക്കുകള്‍ ഇതാ...

suuutechhnmmm

കയ്യില്‍ അടിപൊളി സ്മാർട് ഫോൺ ഉണ്ടെങ്കിലും മിക്കവർക്കും അതു കൊണ്ട് എന്തൊക്കെ ചെയ്യാമെന്നു വലിയ പിടിയില്ല. സ്മാർട് ഫോൺ ഉപയോഗിക്കുന്നവരെ കൂടുതൽ സ്മാർട്ടാക്കുന്ന രണ്ടു ടെക്നിക്കുകളാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.

പറക്കാം ചെലവു കുറച്ച്

വിമാനയാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യാൻ പോകുകയാണോ. എങ്കിൽ ലോകത്തുള്ള വെബ്സൈറ്റുകളിൽ ഏതു വെബ്സൈറ്റിലാണു നിങ്ങൾക്കു വേണ്ട  ഫ്ലൈറ്റ് ടിക്കറ്റ് ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതെന്ന് അറിഞ്ഞാലോ?.

അതിനു നമ്മളെ സഹായിക്കുന്ന വെബ്സൈറ്റാണ് സ്കൈസ്കാനർ.കോം (skyscanner.com). ഈ വെബ്സൈറ്റ് ഓപ്പണാക്കിയ ശേഷം നിർദിഷ്ട കോളങ്ങളിൽ പുറപ്പെടേണ്ട എയർപോർട്ടിന്റെ പേരും എത്തേണ്ട എയർപോർട്ടിന്റെ പേരും എന്റർ (Enter) ചെയ്യണം. ഇനി തീയതിയാണ് സെലക്ട് ചെയ്യേണ്ടത്. ഇതിനായുള്ള ഭാഗത്തു ക്ലിക്ക് ചെയ്യുമ്പോൾ കലണ്ടർ പോലെ ദിവസങ്ങൾ തെളിഞ്ഞുവരും. ഓരോ ഡേറ്റും ഓരോ നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നതു കാണാം.

റേറ്റു കൂടുതലുള്ള ടിക്കറ്റ് ലഭ്യമായ ദിവസങ്ങൾ ഓറഞ്ചു നിറത്തിലും ഏറ്റവും കൂടിയ റേറ്റുള്ള ദിവസങ്ങൾ ചുവപ്പു നിറത്തിലും ഏറ്റവും റേറ്റ് കുറഞ്ഞ ദിവസങ്ങൾ പച്ച നിറത്തിലുമാണു കാണുക. അതിൽ നിന്നു സൗകര്യപ്രദമായ ദിവസം തിരഞ്ഞെടുത്തു  സെർച്ചു ചെയ്ത് ഫ്ലൈറ്റ് കൂടി സെലക്ട് ചെയ്താൽ അടുത്ത വിൻഡോയിലേക്കു പോകും.

നമ്മൾ സാധാരണ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന വിവിധ വെബ്സൈറ്റുകളിൽ അന്നേ ദിവസം ഏതൊക്കെ റേറ്റിൽ ടിക്കറ്റ് ലഭ്യമാണ് എന്നാണ് ഇവിടെ ലിസ്റ്റ് ചെയ്തുവരിക. ഇതിൽ നിന്ന് ഏറ്റവും നിരക്കു കുറഞ്ഞ, സൗകര്യപ്രദമായ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കാം. ഇനി ടിക്കറ്റ് ബുക്ക് ചെയ്തോളൂ. രൂപയ്ക്കു പകരം ഡോളറിലാണ് റേറ്റ് കാണിക്കുന്നതെങ്കിൽ ഹോം പേജിൽ തന്നെ ഇഷ്ടമുള്ള കറൻസി സെലക്ട് ചെയ്യാനും ഓപ്ഷനുണ്ട്.

tecccv6788h

വായിച്ചു കേൾക്കാം

ആൻഡ്രോയ്ഡ് സ്മാർട് ഫോൺ ഉപയോഗിക്കുന്ന മിക്കവരും ഒരിക്കൽ പോലും ഉപയോഗിച്ചു നോക്കിയിട്ടില്ലാത്ത ഒരു സംവിധാനമാണ് ഇനി പരിചയപ്പെടുത്തുന്നത്. ഫോൺ സെറ്റ്ങ്സിലെ അക്സസിബിലിറ്റി (Accessibility) എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. അതിലെ സെലക്ട് ടു സ്പീക്ക് (Select to speak) ഓപ്പണക്കി സെലക്ട് ടു സ്പീക്ക് ഷോർട്കട്ട് (Select to speak shortcut) എനേബിൾ ചെയ്യാം. അതിനു ശേഷം പെർമിഷനുകൾ എല്ലാം അലോ (Allow) ചെയ്യുക. തുടർന്നു വരുന്ന സെറ്റിങ്ങുകൾ വേണമെങ്കിൽ മാത്രം ഓക്കെ കൊടുത്താൽ മതി.

ഇത്രയും ചെയ്തു കഴിഞ്ഞാൽ ഫോൺ സ്ക്രീനിൽ സ്പീക്കറിന്റെ ഐക്കണോടു കൂടി ഒരു ഫ്ലോട്ടിങ് ബട്ടൺ (Floating button) വന്നതായി കാണാം. ഇതിനെ എവിടേക്കു വേണമെങ്കിലും ഡ്രാഗ് (Drag) ചെയ്തുവയ്ക്കാം.

ഇനി വാട്സാപ്പിലോ പത്രത്തിന്റെ വെബ്‌പേജിലോ പോയി അതു വായിക്കുന്ന സമയത്ത് ഈ ഫ്ലോട്ടിങ് ബട്ടണിൽ ക്ലിക്ക് ചെയ്തു നോക്കൂ. സ്ക്രീനിൽ കാണുന്ന ടെക്സ്റ്റ് അതു വായിച്ചു കേൾപ്പിക്കും. ഏതു ഭാഷയിലാണെങ്കിലും നമുക്ക് ഓഡിയോ കേൾക്കാനാകും.