Monday 10 February 2020 02:18 PM IST : By സ്വന്തം ലേഖകൻ

പൃഥ്വി ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകനാകും; മോഹൻലാലിന്റെ ഉറപ്പ്; വൈറൽ വിഡിയോ

prithvi-lal

വനിത ഫിലിം അവാര്‍ഡ് വേദി കാത്തിരുന്ന നിമിഷമെത്തി. മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാ. ലൂസിഫറിലെ അഭിനയത്തിന് മോഹന്‍ലാലാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ലൂസിഫര്‍ അതിരുകള്‍ താണ്ടിയ വിജയമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രം സാക്ഷാത്കരിച്ച പൃഥ്വി ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

മോഹൻലാലിന്റെ വാക്കുകൾ: ''ഒരുപാട് അഭിമാനം തോന്നുന്ന നിമിഷം. മലയാള സിനിമക്ക് ഒരുപാട് പ്രത്യേകതകൾ കൊണ്ടുവന്ന ചിത്രമായിരുന്നു ലൂസിഫർ. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ശ്രദ്ധിക്കപ്പെട്ട സിനിമയായി ലൂസിഫർ മാറി. വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണത്. അത്തരത്തിലുള്ള സിനിമകളെടുക്കാനാണ് എല്ലാവരും പ്രയത്നിക്കുന്നത്. അതിൽ ചിലത് മാത്രം വൻ വിജയമായി മാറുന്നു. അതിന്റെ രഹസ്യം ആർക്കുമറിയില്ല. പക്ഷേ ആ രഹസ്യമറിയാവുന്നവർ ഒത്തുചേർന്നപ്പോൾ ലൂസിഫർ വലിയ വിജയമായി മാറി.

''ആന്റണി പെരുമ്പാവൂർ, മുരളി ഗോപി, പൃഥ്വിരാജ്. അതിന്റെ ഭാഗമായി ഞങ്ങളും. മഞ്ജു, ഷാജോൺ അവരൊന്നും ഇല്ലായിരുന്നില്ലെങ്കിൽ ആ സിനിമ ഇത്ര വലിയ വിജയമാകില്ലായിരുന്നു. കഥാപാത്രങ്ങൾക്ക് പറ്റിയ ആളുകളെയാണ് പൃഥ്വി തിരഞ്ഞെടുത്തത്. ഒരിക്കൽക്കൂടി പൃഥ്വിക്ക് അതിന് നന്ദി പറയുന്നു. ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിലൊരാളായി പൃഥ്വി ഉടൻ മാറും. ഹൃദയത്തിൽ നിന്ന് പറയുന്നതാണിത്. 

'ഒരുമിച്ചുള്ള അടുത്ത സിനിമ ഉടൻ ഞങ്ങളിൽ നിന്നുണ്ടാകും. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. മലയാളസിനിമയെ വേറെ തലത്തിലേക്കുയർത്താൻ ലൂസിഫറിന് കഴിഞ്ഞു. അതിന് നിങ്ങളുടെ പിന്തുണയുണ്ടായിരുന്നു. ഇനിയും നിങ്ങളുടെ പിന്തുണ വേണം. എല്ലാ നല്ല സിനിമകള്‍ക്കും നിങ്ങളുടെ പിന്തുണ വേണം''- മോഹൻലാൽ പറഞ്ഞു.

ബോളിവുഡ് താരരാണി മാധുരി ദീക്ഷിത് ആണ് മോഹൻലാലിന് പുരസ്കാരം സമ്മാനിച്ചത്. നൂറ്റാണ്ടിൽ ഒരിക്കൽ സംഭവിക്കുന്ന അഭിനയ പ്രതിഭാസമാണ് മോഹൻലാലെന്ന് മാധുരിയുടെ വാക്കുകൾ.