Wednesday 22 March 2023 12:14 PM IST : By സ്വന്തം ലേഖകൻ

ഭവനവായ്പകളുടെ പലിശ കൂടുമെങ്കിലും അതിന്റെ ഭാരം കുറയ്ക്കാൻ വഴിയുണ്ട്? ഇഎംഐ ട്രിക്ക് ഇതാ

home_loan

ആർബിഐ പ്രഖ്യാപിക്കുന്ന റിപ്പോ നിരക്കനുസരിച്ചു നിലവിലെ ഭവനവായ്പകളുടെ പലിശ കൂടുമെങ്കിലും അതിന്റെ ഭാരം കുറയ്ക്കാൻ വഴിയുണ്ട്. മാസം ഒന്നെന്ന കണക്കിൽ 12 ഇഎംഐ ആണല്ലോ അടയ്ക്കുന്നത്. ഇത് 13 എന്നാക്കുക. ഓരോ വർഷം കഴിയുമ്പോഴും ഇഎംഐ തുക കൂട്ടുന്നതാണു രണ്ടാമത്തെ വഴി. അതായതു മാസഅടവ് 1000 രൂപയാണെങ്കിൽ അടുത്ത വർഷം 1050, അതിനടുത്ത വർഷം 1100 എന്നിങ്ങനെ. ബോണസോ അപ്രതീക്ഷിത വരുമാനമോ ലഭിക്കുന്ന തുകയിൽ നിന്ന് ഒരു ഭാഗം അപ്പോൾതന്നെ വായ്പാഅക്കൗണ്ടിലേക്ക് അടയ്ക്കുന്നതാണ് അടുത്ത വഴി. ഇതെല്ലാം പ്രിൻസിപ്പൽ തുകയിൽ കുറവു വരുത്തും.

ഇഎംഐയ്ക്കു രണ്ടു ഭാഗങ്ങളാണുള്ളത്, തവണ തുകയും പലിശയും. പ്രാരംഭ വർഷങ്ങളിൽ ഇഎംഐയുടെ വളരെയധികം ഭാഗവും മുതൽക്കൂട്ടുന്നതു പലിശയിലേക്കാണ്. അവസാന വർഷങ്ങളിൽ നേരെ തിരിച്ചും. മുകളിൽ പറഞ്ഞ മൂന്നു മാർഗങ്ങളിൽ ഏതായാലും അത് ഇഎംഐയിലേക്കു വരുന്ന അധിക അടവുതുകയാണ്. അതു പലിശഭാരം കുറയ്ക്കും. ഇക്കഴിഞ്ഞ മാസങ്ങളായി പലിശ ഉയരുന്നതാണു കാണുന്നത്. ഭവനവായ്പ ദീർഘകാല ഇടപാടാണ്. അതുകൊണ്ടുതന്നെ വരുംനാളുകളിൽ റിപ്പോ റേറ്റു കുറയുന്ന പക്ഷം പലിശയിൽ കുറവു വരാം. അപ്പോൾ ഇഎംഐയിലെ അധികഅടവു ഗുണം ചെയ്യും.

നിശ്ചയിച്ച വായ്പാ കാലാവധിക്കു മുൻപേ ബാധ്യത തീർത്ത് ആധാരവും മറ്റു രേഖകളും തിരികെ എടുക്കുകയും ചെയ്യാം.

വിവരങ്ങൾക്ക് കടപ്പാട്:

വി.കെ. ആദർശ്
ചീഫ് മാനേജർ
ടെക്നിക്കൽ,
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ