Friday 22 October 2021 04:36 PM IST : By സ്വന്തം ലേഖകൻ

അക്വാപോണിക്സ് വീടിന് അലങ്കാരമാക്കാം

A1456

വീട്ടിൽ കൃഷി, അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് എന്നിവയൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ ഇതിനൊന്നുമുള്ള സ്ഥലമില്ല. വീടിനുള്ളിൽ ചെയ്യാമെന്നു വച്ചാൽ ഇന്റീരിയറിന്റെ ഭംഗി പോകുമോ എന്ന പേടിയും. ഇത്തരം ആശങ്കകളൊന്നും വേണ്ട എന്നാണ് ‘തളിരില’ പറയുന്നത്.

A2567

മധു കെ. ശങ്കർ, ബിനോയ് ഫ്രാൻസിസ്, ഷിനു കമൽ എന്നിവർ ചേർന്നാണ് തളിരില എന്ന സംരംഭത്തിനു രൂപം നൽകിയത്. കൃഷിയോടുള്ള ഇഷ്ടമാണ് ഇവരെ ഈ സംരംഭത്തിലേക്കു നയിച്ചത്. ഔദ്യോഗികമായി മറ്റു മേഖലകൾ തിരഞ്ഞെടുത്തിട്ടുള്ള ഇവർ ‍സ്വന്തം ഇഷ്ടത്തെ കൈവിടാതെ കൂടെ നടത്തുകയാണ്. കുറഞ്ഞ സ്ഥലത്തുള്ള, മണ്ണില്ലാത്ത കൃഷിയെയാണ് ഇവർ പ്രോത്സാഹിപ്പിക്കുന്നത്. കൃഷിയായാലും ചെടി വളർത്തലായാലും വീടിനു മോടി കൂട്ടുന്ന രീതിയിൽ ചെയ്തു നൽകും. മണ്ണ് കുഴഞ്ഞ് വീടിനുള്ളിൽ ചെളിയാകുമെന്ന പ്രശ്നമില്ല. മണ്ണിനു പകരം പെബിൾസ്, ലെക്ക ബോൾസ്, ചകിരിച്ചോറ് എന്നിവ ഉപയോഗിക്കുന്നു. കൂടാതെ, അക്വാപോണിക്സും ഹൈഡ്രോപോണിക്സും എയ്റോപോണിക്സും ചെയ്യാം.

അപാർട്മെന്റിലും മറ്റും അക്വാപോണിക്സ് ചെയ്യുമ്പോൾ അക്വേറിയം നൽകി അതിനു മുകളിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കാം. വലിയ അക്വേറിയമാണെങ്കിൽ ഫിൽറ്റർ വെർട്ടിക്കൽ ഗാർഡനു പിറകിൽ ഒളിപ്പിക്കാം. പല രീതിയിലും വെർട്ടിക്കൽ ഗാർഡൻ നൽകാം. 

A4t666

വെള്ളം വീണ് വീട് വൃത്തികേടാകാതിരിക്കാൻ ഹൈഡ്രോപോണിക്സിനെയും കൂട്ടുപിടിക്കാം. ചെടി നനയ്ക്കാൻ പ്രയാസമുള്ളവർക്ക് ഒാട്ടമേറ്റഡ് ടൈമർ ഉപയോഗിച്ചു നനയ്ക്കാനുള്ള സംവിധാനവുമുണ്ട്. ഫൈബറിന്റെ ഡിസൈനർ പോട്ടിൽ വെള്ളം നിറച്ച് ആ വെള്ളം ചെടികളിലേക്ക് പോയി വീണ്ടും അതിലേക്ക് തന്നെ തിരിച്ചെത്തുന്ന സംവിധാനമാണിത്. നിശ്ചിത ഇടവേളകളിൽ പോട്ടിൽ വെള്ളം നിറച്ചു കൊടുത്താൽ മതി. ഡിസൈനർ പോട്ട് ആയതിനാൽ കാഴ്ചയ്ക്കും ഭംഗിയുണ്ടാകും. പോട്ടിനു പകരം വാട്ടർ ടാങ്കിനെ സീറ്റിങ് ആയും ഡിസൈൻ ചെയ്യാം. അപ്പോൾ അത് ഇന്റീരിയറിന്റെ ഭാഗമായി മാറും. ആവശ്യമനുസരിച്ച് ടാങ്കിനെ എങ്ങനെ വേണമെങ്കിലും ഭംഗിയാക്കിയെടുക്കാം.

A3556

അരുമ മൃഗങ്ങളുടെ കൂടിനു മുകളിലും ഇത്തരത്തിൽ കൃഷിയോ അലങ്കാരച്ചെടികളോ ഒരുക്കാം. മിന്റ്, തുളസി, സർവസുഗന്ധി, രംഭ, ലെമൺ വൈൻ തുടങ്ങിയ സുഗന്ധം പരത്തുന്ന ചെടികളുണ്ട്. അവ ഇങ്ങനെ വളർത്തിയാൽ മ‍ൃഗങ്ങളുെട ഗന്ധം അകറ്റി വീടിന് പരിമളം പകരാൻ സാധിക്കും. അതുപോലെ ബാൽക്കണിയുടെ ഭംഗി കൂട്ടുന്ന രീതിയിൽ കുമ്പളം പടർത്തുന്നതിനും വെറൈറ്റി െഎഡിയ ഇവരുടെ പക്കലുണ്ട്. ബാൽക്കണിയുടെ മൂലയിൽ പോട്ട് വച്ച് അതിൽ തൈ വയ്ക്കാം. ഡിസൈനർ ത്രെഡിങ് ചെയ്ത പില്ലറിൽ വളളി ചുറ്റി മുകളിലേക്കു പടർത്താം. സീലിങ്ങിൽ മെഷ് ഇട്ടിട്ടുണ്ടാവും. അതിലേക്കാണ് പടർത്തുക. മെഷിൽ നിന്ന് താഴേക്ക് കുമ്പളങ്ങകൾ തൂങ്ങി കിടക്കുന്ന കാഴ്ച അതിമനോഹരമാണ്. ഇതുതന്നെ പല രീതിയിലും ചെയ്യാം. തുണി ഉണങ്ങാൻ, താഴേക്കു താഴ്ത്താവുന്ന തരം അയകൾ വിപണിയിൽ ലഭ്യമാണ്. അപാർട്മെന്റ് ബാൽക്കണിക്ക് അനുയോജ്യമായ ഇത്തരം അയകള്‍ പ്രവർത്തിക്കുന്നതു പോലെയും ഗാർഡൻ പരീക്ഷിക്കാം.

A567777

പായൽ കൊണ്ടുള്ള ഗാർഡനും ഇവർ പരീക്ഷിക്കുന്നുണ്ട്. പായൽ തൈര് ചേർത്ത് മിക്സിയിൽ അടിച്ച് ഭിത്തിയിലോ മറ്റ് പ്രതലത്തിലോ പെയിന്റ് പോലെ തേക്കും. ഈർപ്പം നൽകിയാൽ ഇതു പതിയെ മനോഹരമായി വളരും. ഒരു ഭിത്തിയേ ഉള്ളൂ എങ്കില്‍ പോലും അവിടെ കൃഷി ചെയ്യാനും ചെടി നടാനുമൊക്കെ സാധ്യമാണെന്ന് ‘തളിരില’യുടെ അമരക്കാർ പറയുന്നു. ‘‘വീട്ടുകാർ ആവശ്യങ്ങൾ പറഞ്ഞാൽ മാത്രം മതി. ദിവസവും ഒരു അര മണിക്കൂർ അതിനായി നീക്കി വയ്ക്കുകയും വേണം. പിന്നെ പച്ചപ്പ് ആസ്വദിക്കുക എന്ന ജോലി മാത്രമേയുള്ളൂ.’’ കൂടുതൽ വിവരങ്ങൾക്ക്: e mail: enquiry@thalirila.comn

Tags:
  • Gardening