Wednesday 07 December 2022 12:19 PM IST : By സ്വന്തം ലേഖകൻ

സ്വപ്നങ്ങൾ ഇനിയും ബാക്കിയുണ്ടായിരുന്നു, പക്ഷേ മരണം ഹഫീഫിനെ കൊണ്ടുപോയി: ഹോട്ടൽമുറിയിൽ കുഴഞ്ഞുവീണ് മരണം

hafeef 3 പി.കെ.ഹഫീഫ് (ഫയൽചിത്രം)

ആർക്കിടെക്ട് ഹഫീഫിന്റെ ജീവിതം ഹ്രസ്വമായിരുന്നു; തികവുറ്റതും. 32 വയസ്സിനുള്ളിൽ ഹഫീഫ് കൊയ്തെടുത്ത നേട്ടങ്ങൾ അത്ഭുതം കൂറുന്ന കണ്ണുകളോടെയേ കാണാൻ കഴിയൂ. അനായാസതയോടെ ഉയരങ്ങൾ കീഴടക്കുമായിരുന്ന പ്രതിഭയെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് കേരളത്തിലെ ഡിസൈൻ രംഗം.

hafeef 1 ഹഫീഫും കൂട്ടരും 2017 ൽ വീട് ആർക്കിടെക്ചർ അവാർഡ് ഏറ്റുവാങ്ങുന്നു (ഫയൽചിത്രം)

പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി ബെംഗളൂരുവിലെത്തിയപ്പോൾ ഹോട്ടൽ മുറിയിലെ ബാത്റൂമിൽ കുഴഞ്ഞുവീണാണ് സീറോ സ്റ്റുഡിയോപ്രിൻസിപ്പൽ ആർക്കിടെക്ട് മഞ്ചേരി പറച്ചിക്കോടൻ വീട്ടിൽ പി.കെ. ഹഫീഫ് (32) മരിച്ചത്. കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ യുവ ആർക്കിടെക്ടുമാരിൽ ഒരാളായിരുന്നു ഹഫീഫ്. 2017 ലെ വനിത വീട് ആർക്കിടെക്ചർ അവാർ‌ഡിൽ ഇരട്ട പുരസ്കാരങ്ങൾ നേടിക്കൊണ്ടാണ് ഹഫീഫ് ശ്രദ്ധ നേടുന്നത്. അത്തവണ യങ് ആർക്കിടെക്ട്, ബെസ്റ്റ് റെനവേഷൻ എന്നീ രണ്ട് അവാർഡുകൾ ഹഫീഫിനായിരുന്നു.

ഐഐഎ നാഷനൽ അവാർഡ്, ഐഐഎ കേരള ചാപ്റ്റർ അവാർഡ്, ഫോബ്‌സ് ഇന്ത്യ ഡിസൈൻ അവാർഡ്, സ്റ്റാർട്ടപ് ഓഫ് ദി ഇയർ അവാർഡ്, ഐഐഐഡി ഡിസൈൻ എക്‌സലൻസ് അവാർഡ്, എൻഡിടിവി ഡിസൈൻ ആൻഡ് ആർക്കിടെക്ച്ചർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ചെറിയ കാലയളവിനുള്ളിൽ ഹഫീഫിനെ തേടിയെത്തി.

hafeef 2 എം.എം. ഹമീദും പി.കെ ഹഫീസും വീട് ആർക്കിടെക്ചർ അവാർഡുമായി (ഫയൽചിത്രം)

രൂപകൽപന ചെയ്ത ഓരോ സൃഷ്ടിയിലും സാമൂഹ്യപ്രതിബദ്ധ‌തയുടെ കൂടി കൈയൊപ്പിട്ടാണ് ഹഫീഫ് യാത്രയാകുന്നത്. വീടുകൾ മാത്രമല്ല, ബസ് കാത്തിരിപ്പു കേന്ദ്രമോ ഉപേക്ഷിക്കപ്പെട്ട പാറക്കുളമോ എന്തായാലും അവ തനിക്കു മാത്രമാകും വിധം ഹൃദ്യമായി അടയാളപ്പെടുത്താനായി എന്നതാണ് അഫീഫിന്റെ സവിശേഷത. അട്ടപ്പാടിയിലെ ആദിവാസി പുനഃരധിവാസ പ്രൊജക്ടും കരിപ്പൂരിലെ ചെങ്കൽ ക്വാറിയുമൊക്കെ രാജ്യാന്തര തലത്തിൽ ശ്രദ്ദിക്കപ്പെടാൻ കാരണം രൂപകൽപനയിലെ ഈ ‘ഹഫീഫിസം’ ആയിരുന്നു.

മികവും സാമൂഹിക പ്രതിബദ്ധതയുമുള്ള ആർക്കിടെക്ടിനെയാണ് അഫീഫിന്റെ വേർപാടിലൂടെ നഷടമാകുന്നതെന്ന ഐഐഎ കേരള ചാപ്ടർ ചെയർമാൻ ആർക്കിടെക്ട് എൽ. ഗോപകുമാറിന്റെ വാക്കുകൾ ഇതു സാക്ഷ്യപ്പെടുത്തുന്നു.  

ചെറുപ്പക്കാരിൽ മാത്രമല്ല, മുതിർന്ന ആർക്കിടെക്ടുമാരെ പോലും സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ഹഫീഫിന്റേത് എന്നായിരുന്നു ഐഐഎ കാലിക്കറ്റ് സെന്റർ ചെയർമാൻ പി.പി. വിവേകിന്റെ പ്രതികരണം.

കാലിക്കറ്റ് സെന്ററിന്റെ എഡിറ്ററായിരുന്ന ഹഫീഫ് അടുത്തിടെ നടന്ന യങ് ആർക്കിടെക്ട് ഫെസ്റ്റിവലിന്റെ സംഘാടനത്തിലും സജീവമായിരുന്നു. ഈ വേർപാട് ആർക്കും വിശ്വസിക്കാനാകുന്നില്ല.

Tags:
  • Architecture