Friday 01 April 2022 04:37 PM IST : By സ്വന്തം ലേഖകൻ

പൂത്തുലഞ്ഞ് ക്യാറ്റ്സ് ക്ലോ: കൊമ്പനാംകുന്നിൽ മഞ്ഞപ്പൂക്കളുടെ ആറാട്ട്

flower 1

ആറാടുകയാണ് സുഹൃത്തുക്കളെ മഞ്ഞപ്പൂക്കൾ ആറാടുകയാണ്... പാലാ കിടങ്ങൂർ കൊമ്പനാംകുന്നിലെ വിജയകുമാറിന്റെ വീട്ടുമുറ്റത്തെ കാഴ്ചയെ ഇങ്ങനെതന്നെ വിശേഷിപ്പിക്കാം. വീട്ടിലേക്കുള്ള നടപ്പാതയോട് ചേർന്നു മതിൽപോലെ പടർത്തിയിരുന്ന വള്ളിച്ചെടിയിൽ നിറയെ മഞ്ഞപ്പൂക്കളാണ്. ഒരില പോലും കാണാൻ സാധിക്കാത്ത പോലെ നിറയെ പൂക്കൾ. ഒരാഴ്ച മുൻപാണ് ചെടി പൂത്തത്. മഞ്ഞപ്പൂക്കടൽ കാണാൻ ഇഷ്ടംപോലെ ആൾക്കാരെത്തുന്നു. സെൽഫി ഷൂട്ടും വീഡിയോ പിടുത്തവുമെല്ലാമായി ആകെപ്പാടെ മേളമാണിപ്പോൾ.

flower 3

ക്യാറ്റ്്സ് ക്ലോ (cats claw) എന്നു പേരുള്ള വള്ളിച്ചെടിയാണ് പൂത്തിരിക്കുന്നത്. വർഷത്തിൽ രണ്ടു തവണയാണ് ഈ ചെടി പൂക്കുക. നിറയെ പൂക്കളുണ്ടാകുമെന്നതാണ് പ്രത്യേകത. ഒരാഴ്ച മുതൽ പത്ത് ദിവസം വരെ പൂ വാടാതെ നിൽക്കും. ശിഖരത്തിന്റെ അഗ്രഭാഗം പൂച്ചയുടെ നഖം പോലെ തോന്നിക്കുമെന്നതിനാലാണ് ചെടിക്ക് ക്യാറ്റ്സ് ക്ലോ എന്ന പേര് ലഭിച്ചത്.

flower 4

ആറ് വർഷം മുൻപ് കോട്ടയത്തെ നഴ്സറിയിൽ നിന്നാണ് വിജയകുമാർ ചെടി വാങ്ങുന്നത്. നടപ്പാതയോടു ചേർന്നുള്ള കമ്പിവേലിയിൽ പടർത്തിയ ചെടി മൂന്നു വർഷം കഴിഞ്ഞപ്പോൾ മുതൽ പൂവിടാൻ തുടങ്ങി. ഈ വർഷമാണ് ഏറ്റവും കൂടുതൽ പൂക്കളുണ്ടായതെന്ന് വിജയകുമാർ പറയുന്നു. റോഡിൽ നിന്ന് വീടുവരെയുള്ള 35 മീറ്ററോളം ദൂരത്ത് ആറടിയോളം പൊക്കത്തിലാണ് ഇപ്പോൾ പൂവേലിയുള്ളത്.

flower 2

മകൻ അഖിലിനും ഭാര്യ ശ്വേതയ്ക്കുമാണ് പൂന്തോട്ടത്തിന്റെ മേൽനോട്ടച്ചുമതല. ബോഗെയ്ൻവില്ല, ഇലച്ചെടികൾ എന്നിവയുടെ അപൂർവഇനങ്ങളും ഇവിടത്തെ തോട്ടത്തിലുണ്ട്.

Tags:
  • Lanscapes