Saturday 27 May 2023 04:09 PM IST : By സ്വന്തം ലേഖകൻ

വർഷം മുഴുവൻ കൃഷി ചെയ്യാം കൂർക്ക; അടുക്കളത്തോട്ടത്തിൽ കൂർക്ക വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്

koorkka3345 റോസ്മേരി ജോയ്സ്, മുൻ അസിസ്റ്റന്റ് ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണു കൂർക്കയ്ക്ക് അനുയോജ്യം. വളക്കൂറും നീർവാർച്ചയുമുള്ള വെള്ളക്കെട്ടില്ലാത്ത മണ്ണിൽ നന്നായി വളരും. വേനൽക്കാലത്തു നല്ല നന വേണം.  

∙ കൂർക്ക കിഴങ്ങു നട്ടാണു തൈകൾ ഉൽപാദിപ്പിക്കുക. രോഗകീടമുക്തമായ 15–20 ഗ്രാം തൂക്കമുള്ള വലിയ കൂർക്കയാണു നടാൻ തിരഞ്ഞെടുക്കേണ്ടത്. ജൂലൈ മുതൽ ഒക്ടോബർ വരെയാണു നടാൻ യോജിച്ച സമയം. സുഫല എന്ന ഇനം വർഷം മുഴുവൻ കൃഷി െചയ്യാം.  

∙ കൂർക്ക നടുന്നതിന് ഒന്നര മാസം മുൻപ് നഴ്സറി തയാറാക്കണം. 10 െസന്റ് സ്ഥലത്തേക്കു 20 ചതുരശ്ര മീറ്റർ സ്ഥലം  നഴ്സറിയായി വേണം. ഒരു ചതുരശ്ര മീറ്ററിന് ഒരു കിലോ എന്ന തോതിൽ ചാണകം ചേർക്കുക. 30 സെ.മീ. അകലത്തിൽ വാരങ്ങളെടുത്ത് 15 സെ.മീ. അകലത്തിൽ കൂർക്ക നടുക. 20 ചതുരശ്രമീറ്ററിന് നാലു കിലോ കൂർക്ക വേണ്ടി വരും. നട്ടു മൂന്നാഴ്ച കഴിയുമ്പോൾ പത്തു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം യൂറിയ ചേർത്തു തളിക്കാം. ഒന്നര മാസമാകുമ്പോൾ 10–15 സെ.മീ. നീളമുള്ള ഇളംതലപ്പുകൾ മുറിച്ചു നാലു മണിക്കൂർ തണലിൽ വച്ച് വൈകുന്നേരം നടുക.

∙ കൃഷിയിടം കിളച്ച് 45 സെ.മീ അകലത്തിൽ വാരങ്ങൾ ഉണ്ടാക്കുക. 30 സെ.മീ. അകലത്തിൽ നാല്– അഞ്ചു സെ.മീ. താഴ്ത്തി വള്ളികൾ കിടത്തി നടുക. നാല് – അഞ്ചു മാസത്തിനു ശേഷം വള്ളികൾ ഉണങ്ങിത്തുടങ്ങുമ്പോൾ അവ നീക്കം ചെയ്തു കിഴങ്ങുകൾ വിളവെടുക്കണം.

∙ നിലമൊരുക്കുമ്പോൾ സെന്റിന് നാലു കിലോ എന്ന തോതിൽ വേപ്പിൻപിണ്ണാക്ക് ചേർത്താൽ നിമാവിര ശല്യം അകറ്റാം. ചെടി നനച്ച ശേഷം ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം ബ്യൂവേറിയ ചേർത്തു രാവിലെയോ വൈകുന്നേരമോ തളിച്ചാൽ തണ്ട് തുരപ്പൻ, ഇലപ്പേൻ എന്നീ കീടങ്ങളെ അകറ്റാം.

Tags:
  • Vanitha Veedu