Wednesday 23 November 2022 04:00 PM IST : By മീര ബി എസ്

വീട് വയ്ക്കാന്‍ എത്രരൂപ വരെ വായ്പ ലഭിക്കും, വേണ്ടത് ഏതൊക്കെ രേഖകള്‍: അറിയേണ്ടതെല്ലാം

home-loan-new

സ്വന്തമായി ഒരു വീട് ഏതൊരു സാധാരണക്കാരന്റെയും സ്വപ്നങ്ങളിലൊന്നാണ്. പക്ഷെ, ഈ സ്വപ്ന സാക്ഷാത്കാരത്തിന് നമ്മുടെ പക്കലുള്ള മിച്ച സമ്പാദ്യം തികയാതെ വരും. ചിലരാകട്ടെ വർഷങ്ങളായി സാമാന്യം നല്ല തുക വാടക കൊടുത്ത് താമസിച്ച് വരുന്നവരാകും. താങ്ങാനാകുന്ന ഭവന വായ്പ ഇവർക്കൊക്കെ സ്വന്തം വീടെന്ന ആശ്വാസത്തിനു സഹായകരമാണ്. എന്നാൽ ഇതിനെ പറ്റിയുള്ള കൃത്യമായ ധാരണ ഇല്ലാത്തത് കൊണ്ട് മാത്രം ചിലർ ബാങ്കുകളെ സമീപിക്കാറില്ല. ഈ കാര്യം മാറ്റിയെടുക്കണമെങ്കിൽ ഭവന വായ്പയെ അടുത്തറിയണം. ആർക്കൊക്കെ കിട്ടും? എത്ര രൂപ വരെ ലഭിക്കാം? എന്തൊക്കെ രേഖകൾ സമർപ്പിക്കണം? ഇങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലേക്ക് നമുക്ക് കടക്കാം.

എന്താണ് ഭവന വായ്പ? അല്ലെങ്കിൽ എന്തിനൊക്കെയാണ് ഭവന വായ്പ ലഭിക്കുന്നത്?

നിലവിലുള്ള വസ്തുവിൽ വീട് നിർമ്മിയ്ക്കാൻ, സമീപകാലത്ത് തന്നെ വീട് നിർമ്മിക്കാനായുള്ള സ്ഥലം വാങ്ങാൻ

പുതിയതോ നിലവിലുള്ളതോ ആയ വീടും വസ്തുവും അല്ലെങ്കിൽ ഫ്ലാറ്റ് വാങ്ങുവാൻ

നിലവിലെ വീട്/ഫ്ലാറ്റ് വിപുലീകരിക്കാനോ പുതുക്കി പണിയാനോ

മറ്റ് ബാങ്കുകൾ/ബാങ്കിതര സ്ഥാപനങ്ങളിൽ നിന്ന് കൂടുതൽ ആകർഷകമായ മറ്റൊരു ബാങ്കിലേക്ക് മാറ്റുവാൻ

ഇന്റീരിയർ ഡിസൈനിങ്ങ്, മറ്റ് അറ്റകുറ്റപ്പണികൾ, മോടി പിടിപ്പിക്കൽ

എന്നിവയ്ക്ക് ഒക്കെ ഭവന വായ്പ ബാങ്കുകളിൽ നിന്ന് ലഭ്യമാണ്

ആർക്കൊക്കെ ലഭിക്കും? പ്രായപരിധി ഉണ്ടോ?

പതിനെട്ട് വയസിനു മുകളിൽ പ്രായമുള്ള സ്ഥിര വരുമാനമുള്ളവർക്ക് ഭവന വായ്പ ലഭ്യമാണ്. എന്നാൽ പരമാവധി പ്രായം പല ബാങ്കുകളിലും വ്യത്യസ്ഥമാണ്. ചില ബാങ്കുകൾ പരമാവധി പ്രായം അറുപത് ആക്കി നിജപ്പെടുത്തിയുണ്ട്, എന്നാൽ ചില ബാങ്കുകൾ എഴുപത് വയസു വരെ അനുവദിക്കും. എന്നിരുന്നാലും പരമാവധി തിരിച്ചടവ് കാലം മുപ്പത് വർഷമാണ് ഏതാണ്ടെല്ലാ ബാങ്കുകളിലും. കൂടാതെ ഒറ്റയ്ക്കും കൂട്ടായും (ഭാര്യയും ഭർത്താവും, മാതാപിതാക്കളും മക്കളും) ഒക്കെ ഈ വായ്പ അർഹരാണ്.

വായ്പാ തുക കണക്കാക്കൻ എന്തൊക്കെ രേഖകൾ നൽകണം?

ഇത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ മാസ ശമ്പളമാണോ പറ്റുന്നത് അതോ സ്വയം തൊഴിലിലാണോ ഏർപ്പെട്ടിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും എങ്ങനെയാണ് വരുമാനം കണക്കാക്കുന്നതെന്ന നിർണായക കാര്യം. നിങ്ങൾ മാസ ശമ്പളത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ കഴിഞ്ഞ മൂന്ന് മാസത്തെ അറ്റ ശമ്പളം (നെറ്റ് സാലറി) നോക്കിയാണ് വായ്പാ അർഹത തുകയിലേക്ക് ബാങ്ക് കടക്കുന്നത്. അപേക്ഷകരുടെ ശമ്പള സ്ലിപ്പിനൊപ്പം, പോയ രണ്ട് വർഷത്തെ ആദായനികുതി രേഖ കൂടി സമർപ്പിക്കണം. ഇനി നിങ്ങൾ സ്വയം തൊഴിലിൽ എർപ്പെട്ടിരിക്കുകയാണ് അല്ലെങ്കിൽ സംരംഭകരാണ് എങ്കിൽ മൂന്ന് വർഷത്തെ ആദായ നികുതി രേഖ ആകും ഇതിനായി ആധാരമാക്കുന്നത്. ചില ബാങ്കുകൾ അവസാന വർഷത്തെ വരുമാനം പരിഗണിക്കുമ്പോൾ മറ്റ് ചില ബാങ്കുകൾ പോയ മൂന്ന് വർഷത്തെ ശരാശരി എടുക്കുന്നു.

എനിക്ക് എത്ര രൂപ വരെ വായ്പ ലഭിക്കും?

നിങ്ങളുടെ വരുമാനത്തിൽ നിന്ന് നികുതി, നിയമപരമായ പിടിക്കലുകൾ (പി എഫ്, ഇൻഷുറൻസ്, എൻ പി എസ്) കുറച്ച് കിട്ടുന്ന തുകയിൽ നിന്ന് അനിവാര്യമായ ജീവിത ചിലവുകൾ കുറയ്ക്കും. അതായത് വീട്ട് ചിലവ്, കുട്ടികളുടെ ഫീസ്, ആശുപത്രി ചിലവ്, യാത്ര, വിനോദ ചിലവുകൾ അങ്ങനെ. ഇതിനായി നെറ്റ് സാലറിയുടെ 20% മുതൽ 60% വരെ കുറച്ച ശേഷം വരുന്ന തുകയാണ് നമ്മൾ ഇപ്പോൾ എടുക്കാൻ പോകുന്ന ഭവന വായ്പ യുടെ ഇ എം ഐ അഥവാ മാസത്തവണയ്ക്ക് പര്യാപ്തമാകുമോ എന്ന് നോക്കുന്നത്.

കൂടുതൽ തുക വായ്പ ലഭിക്കാൻ മുകളിൽ പറഞ്ഞ അതേ രേഖകൾ സഹ അപേക്ഷന്റേത് (ജീവിത പങ്കാളി / മക്കൾ..) നൽകിയാൽ അർഹത തുക കൂടും. വസ്തു ഒരാളുടെ പേരിലായാലും അത് പ്രശ്നമല്ല, എന്നാൽ വായ്പ രണ്ടാളിന്റെയും സംയുക്ത പേരിൽ ആകും അനുവദിക്കുന്നത്. നിലവിൽ ഒരു വീടുള്ളവർക്ക്, ആ വീടിന്റെ വാടക വരുമാനവും ഒപ്പം ചേർത്ത് അർഹത തുക പരമാവധി നേടാം.

ഒരു ഉദാഹരണത്തിലൂടെ കൂടുതൽ വ്യക്തമാക്കാം

വാർഷിക വരുമാനം: 8 ലക്ഷം രൂപ

പതിവ് പിടിക്കലുകൾ, നികുതി: 1.50 ലക്ഷം രൂപ

അറ്റ വാർഷിക വരുമാനം: 6.50 ലക്ഷം രൂപ

അറ്റ പ്രതിമാസ വരുമാനം: 6.50/12 = 54,167 രൂപ

ഇതിൽ നിന്നും പലവിധ വീട്ട് ചിലവുകൾക്കായി 40% മാറ്റി വയ്ക്കുന്നു എങ്കിൽ അതിനായി 21,666 രൂപ

നിങ്ങൾക്ക് നിലവിൽ വാഹന/വിദ്യാഭാസ വായ്പ ഉണ്ട് അതിന്റെ മാസത്തവണ 5000 രൂപ ഉണ്ടന്നിരിക്കട്ടെ.

കയ്യിൽ മാസാമാസം അവശേഷിക്കുന്ന വരുമാനം: 54,167 - (21,666+5000) = 27,501 രൂപ

അതായത് ഈ ഉദാഹരണത്തിലെ വ്യക്തിക്ക് മാസം 27,501 രൂപയുടെ ഇ എം ഐ വരെ താങ്ങാൻ സാധിക്കും.

നിങ്ങൾ സമീപിച്ച ബാങ്ക് 1 ലക്ഷം രൂപ യ്ക്ക് 30 വർഷത്തേക്ക് 6.70% പലിശ നിരക്കിൽ ആണ് വായ്പ നൽകുന്നതെങ്കിൽ, മാസത്തവണ തുക അഥവാ ഇ എം ഐ ലക്ഷത്തിനു 645 ആണ്. അതായാത് 27,501 രൂപ മാസ അവശേഷ വരുമാനം ഉള്ള നിങ്ങൾക്ക് 42 ലക്ഷം രൂപ (27,501 ഭാഗം 645) വരെ വായ്പ വരുമാനം വച്ച് അർഹത ഉണ്ട്.

ഇത് മാത്രം നോക്കിയാണോ ബാങ്കുകൾ വായ്പ നൽകുന്നത്?

അല്ല. നമ്മൾ വാങ്ങുന്ന വീടിന്റെ മൊത്തം ചിലവ് എത്രയാണന്ന് കൂടി അറിയണം, അതിന്റെ ഗുണഭോക്തൃ വിഹിതം അഥവാ മാർജിൻ കഴിച്ചുള്ള തുകയും നോക്കേണ്ടതുണ്ട്. അതായത് ബാങ്കിന്റെ അംഗീകൃത എഞ്ചിനീയർ നിർദ്ദിഷ്ട വീടിന്റെ മതിപ്പ് വില തന്റെ വാല്യൂവേഷൻ റിപ്പോർട്ടിൽ

എഴുതും. ഈ തുകയുടെ 75% മുതൽ 90% വരെ വായ്പ അനുവദിക്കാം. മേൽ വിവരിച്ച ഉദാഹരണത്തിലെ വ്യക്തിക്ക് 42 ലക്ഷം രൂപ അർഹത ഉണ്ടെങ്കിലും അവർ വാങ്ങാൻ / നിർമ്മിക്കാൻ പോകുന്ന വീടിന്റെ മൂല്യം 35 ലക്ഷം രൂപ ആണെങ്കിൽ ഇതിന്റെ 90% (പരമാവധി) എന്ന് വച്ചാൽ 31.50 ലക്ഷം രൂപയെ ഭവന വായ്പ ആയി ലഭിക്കൂ. ബാക്കി വരുന്ന 3.50 ലക്ഷം രൂപ ആണിവിടെ മാർജിൻ, എന്ന് വച്ചാൽ നമ്മൾ കണ്ടെത്തേണ്ട വിഹിതം.

എന്തൊക്കെ രേഖകൾ സമർപ്പിക്കണം?

വസ്തു വിന്റെ (കെട്ടിടം നിലവിൽ ഉണ്ടെങ്കിൽ അതിന്റെയും) രേഖകൾ, അതായത് ആധാരം, നികുതി രശീത്, കെട്ടിട നികുതി അടച്ച രേഖ, എൻകംബറൻസ് സർട്ടിഫിക്കറ്റ്, ലോക്കേഷൻ സർട്ടിഫിക്കറ്റ്, മുൻ ആധാരം ആവശ്യം വരുന്നെങ്കിൽ അതൊക്കെ ബാങ്കിന്റെ അംഗീകൃത അഡ്വക്കേറ്റിന്റെ പക്കൽ നൽകണം. ഇത് പരിശോധിച്ച് ലീഗൽ ഒപ്പിനീയൻ അഡ്വക്കേറ്റ് ബാങ്ക് ശാഖാ മാനേജർക്ക് നൽകും. ബാങ്കിനു ഈടായി സ്വീകരിക്കാൻ സാധുവായതാണോ എന്ന് ഇതിൽ വ്യക്തമാണങ്കിൽ നിങ്ങളുടെ വായ്പ അപേക്ഷ പിന്നീടുള്ള പ്രോസസിങ്ങിലേക്ക് കടക്കും.

ഇതിനു പുറമെ താഴെ പറയുന്ന രേഖകൾ കൂടി സമർപ്പിക്കണം

1. ബാങ്ക് നൽകുന്ന നിർദ്ദിഷ്ട ഭവന വായ്പാ അപേക്ഷ പൂരിപ്പിച്ചത്

2. നിങ്ങളെ തിരിച്ചറിയാൻ ഉള്ള രേഖകൾ അഥവാ കെ വൈ സി ഡോക്യുമെന്റ്സ് (ആധാർ, വോട്ടർ ഐഡി, പാസ്പോർട്ട്, ഡ്രൈവിങ്ങ് ലൈസൻസ്, തൊഴിലുടമ നൽകുന്ന കാർഡ്..)

3. വരുമാന രേഖകൾ (നേരത്തെ സൂചിപ്പിച്ച സാലറി സർട്ടിഫിക്കറ്റ്, ആദായ നികുതി റിട്ടേൺ). മറ്റ് ബാങ്കിൽ ആണ് എസ് ബി അക്കൗണ്ട് എങ്കിൽ അതിന്റെ നിശ്ചിതകാല സ്റ്റേറ്റ്മെന്റ്

4. നിർമ്മിക്കാൻ പോകുന്ന കെട്ടിടം ആണെങ്കിൽ, തദ്ദേശ സ്വയം ഭരണ സ്ഥാപനം നൽകിയ ബിൽഡിംഗ് പെർമിറ്റ്, എഞ്ചിനീയർ തയാറാക്കിയ പ്ലാനും എസ്റ്റിമേറ്റും

എന്താണ് ക്രെഡിറ്റ് സ്കോർ? ഇത് ആവശ്യമാണോ?

നിങ്ങളുടെ വായ്പാ ചരിത്ര രേഖയാണ് ക്രെഡിറ്റ് സ്കോർ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. അതായത് ഇതിനോടകം എടുത്ത അപേക്ഷകർ എടുത്ത വായ്പകളുടെ തരം, അതിന്റെ തിരിച്ചടവ് ക്രമം എന്നിവ നിരീക്ഷിച്ച് തയാറാക്കുന്ന ഒരു സ്വതന്ത്ര മാർക്കിടൽ സംവിധാനം. സിബിൽ എന്ന സ്കോറിനെയാണ് വ്യാപകമായി ബാങ്കുകൾ ആശ്രയിക്കുന്നത്. മെച്ചപ്പെട്ട ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിൽ വായ്പ നിരസിക്കപ്പെടും, അതേ സമയം തന്നെ ചില ബാങ്കുകൾ നല്ല ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ചെറിയ ശതമാനം പലിശ ഇളവ് നൽകുന്നത് കൂടാതെ, വളരെ വേഗം തന്നെ വായ്പാ അനുമതി നൽകി നിങ്ങളുടെ സ്വപ്ന ഭവനം പെട്ടെന്ന് തന്നെ യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്നു.

ഇതൊക്കെ ഭവന വായ്പയുമായി ബന്ധപ്പെട്ട ഏകദേശ ചിത്രമാണ്. വിവിധ ബാങ്കുകളുടെ വെബ്സൈറ്റ് നോക്കിയോ ശാഖകൾ സന്ദർശിച്ചോ പലിശ നിരക്കുകൾ, മറ്റ് ചാർജ് ഇളവുകൾ എന്നിവ മനസിലാക്കി നിങ്ങൾക്ക് ആകർഷകവും ആദായകരവുമായ ബാങ്കിൽ അപേക്ഷ സമർപ്പിക്കുക. ആദ്യ സന്ദർശന അവസരത്തിൽ തന്നെ ഭവന വായ്പാ ബ്രോഷറും, ചെക്ക് ലിസ്റ്റും വാങ്ങുക. ഇതനുസരിച്ച് രേഖകൾ സമർപ്പിച്ചാൽ കാര്യങ്ങൾ സ്വപ്ന ഭവനത്തിലേക്കുള്ള കാര്യങ്ങൾ എളുപ്പമാണ്.

(ലേഖിക പ്രമുഖ പൊതുമേഖലാ ബാങ്കിൽ ചീഫ് മാനേജരാണ്)