Saturday 10 June 2023 03:46 PM IST : By സ്വന്തം ലേഖകൻ

വീടു വാങ്ങാൻ ആസൂത്രണം ചിട്ടയായി; ഭവനവായ്പകളുടെ പലിശഭാരം കുറയ്ക്കാൻ വഴിയുണ്ട്...

housing-loan567

ഭവനവായ്പ ലഭ്യമാകണമെങ്കിൽ ആദ്യം ശ്രദ്ധിക്കേണ്ടതു നിലവിലുള്ള എല്ലാ വായ്പകളും മാസത്തവണ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ട് എന്നാണ്. രണ്ടാമത്തെ പ്രധാന കാര്യം, നമ്മുടെ പക്കൽ എത്ര പണം ഉണ്ട് എന്നതാണ്. ബാങ്ക് ഭാഷയിൽ ഇതിനെ മാർജിൻ തുക എന്നു പറയും. അതായത് 10% മാർജിൻ വേണമെന്നു ബാങ്കു നിർദേശിക്കുന്നുണ്ടെങ്കിൽ 50 ലക്ഷം രൂപ ചെലവു വരുന്ന ഭവന നിർമാണത്തിനായി 5 ലക്ഷം രൂപ അപേക്ഷകന്റെ പക്കൽ ഉണ്ടാകണം. ഇതു നേരത്തേ പ്ലാൻ ചെയ്യാൻ വഴികളുണ്ട്.

മാർജിൻ തുക ലക്ഷ്യമാക്കി മാസവരുമാനത്തിൽ നിന്നു മാറ്റിവയ്ക്കുന്നതു ശീലമാക്കാം. ഇതിനായി ബാങ്കിൽ റിക്കറിങ് ഡിപ്പോസിറ്റോ മ്യൂച്വൽ ഫണ്ട് എസ്ഐപിയോ സമാനമായ ആവർത്തന നിക്ഷേപമോ ഒക്കെ ആരംഭിക്കാം. മാർജിൻ തുകയ്ക്കു വേണ്ടി ഒരു കാരണവശാലും പേഴ്സണൽ ലോൺ പോലുള്ള ഹൈ കോസ്റ്റ് വായ്പ എടുക്കരുത്. 

വീടു വയ്ക്കാനോ വസ്തുവും വീടും ഒന്നായി വാങ്ങാനോ ഫ്ലാറ്റ് വാങ്ങാനോ വീടു മോടി കൂട്ടാനോ ഒക്കെ ഭവനവായ്പ ലഭിക്കും. ഭവന വായ്പ ഉള്ളവർക്ക് ഇഎംഐ / പലിശ കുറയ്ക്കാനായി കുറഞ്ഞ പലിശ ഉള്ള ബാങ്കിലേക്കു ടേക്ക് ഓവർ ചെയ്യുകയുമാകാം. ഇതിനെല്ലാം മികച്ച സിബൽ സ്കോർ ആവശ്യമാണ്. കൃത്യമായ തിരിച്ചടവു പാലിക്കുന്നവർക്കാകും മികച്ച വായ്പാസാധ്യത ഉള്ളത്. ചില ബാങ്കുകളാകട്ടെ ഉയർന്ന സ്കോർ ഉള്ളവർക്കു നേരിയ പലിശ ഇളവും അധികമായി അനുവദിക്കാറുണ്ട്.

കടപ്പാട്: വി.കെ. ആദർശ്,  ചീഫ് മാനേജർ ടെക്നിക്കൽ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 

Tags:
  • Vanitha Veedu