Saturday 10 June 2023 03:14 PM IST : By ശ്രീദേവി

ഏതു ചെറിയ വീടും ചെടികളും ചട്ടികളും വച്ച് മനോഹരമാക്കാം; അറിയാം, ഇൻഡോർ സ്കേപ്പിങ്

green-at-home ചിത്രങ്ങൾ: ഹംദാൻ മുഹമ്മദ്

കോവിഡ് കാലത്ത് വീട്ടിൽ അടച്ചിരുന്നപ്പോഴാണു മലയാളി വീടിനകം പച്ചപ്പു കൊണ്ടു നിറയ്ക്കാൻ പഠിച്ചത്. ഇന്നിപ്പോൾ ഇൻഡോർ ചെടികളും പൂച്ചട്ടികളും അത്രമേൽ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങളായി. നഴ്സറികൾ തഴച്ചുവളർന്നു. വിദേശത്തുനിന്നു പുതിയ ചെടികൾ വിരുന്നെത്താൻ തുടങ്ങി. വ്യത്യസ്തമായ ചെടികളന്വേഷിക്കുന്നവരുടെ എണ്ണവും കൂടിത്തുടങ്ങി.

വീട് ചെറുതായാലും വലുതായാലും അകത്തളത്തിന് അഴകേകാൻ ചെടികൾക്കാകും. മാനസികനിലയെ സ്വാധീനിക്കാനും പിരിമുറുക്കം കുറയ്ക്കാനുമെല്ലാം ഇത്തിരിക്കുഞ്ഞൻ ചെടികൾക്കു സാധിക്കും. മുറിക്കകത്തെ വായുവിനെ ശുദ്ധീകരിക്കാനും ബാൽക്കണിപോലുള്ള തുറന്ന സ്ഥലങ്ങളിൽ സുഖകരമായ താപനില ഒരുക്കാനും കഴിയും.

ഒന്നോ രണ്ടോ ചെടികൾ അവിടവിടെയായി വയ്ക്കുന്ന രീതിമാറി ഇപ്പോൾ ഒാരോ മുറിയിലും ഇണങ്ങുന്ന  ചെടികൾ ശാസ്ത്രീയമായി അടുക്കി അറേഞ്ച് ചെയ്യുന്നതാണ് ട്രെൻഡ്. ഇങ്ങനെ ഇൻഡോർ ചെടികൾക്കായി ഇടം ഡിസൈൻ ചെയ്ത് ചെടികൾ ശാസ്ത്രീയമായി അടുക്കി അവയെ കൃത്യമായി പരിപാലിക്കുന്നതിന്റെ പേരാണ് ഇൻഡോർ സ്കേപിങ് അഥവാ ഇന്റീരിയർ ലാൻ‍‍ഡ്സ്കേപിങ്.

intergreen6677

പച്ചപ്പൊരുക്കുമ്പോൾ ശ്രദ്ധിക്കാൻ

മുറിക്കകത്ത്് ചെടികളും ചട്ടികളും ഒരുക്കുമ്പോൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ ഒാർക്കാം.

∙ മോഡേൺ ഡിസൈൻ പിന്തുടരുന്ന അകത്തളങ്ങൾക്കു റസ്റ്റിക് ടെക്സ്ചർ ഉള്ള ചട്ടികൾ ആണ് അനുയോജ്യം. ഐവറി, ഗ്രേ, ബ്ലാക്ക്, ടെറാക്കോട്ടയുടെ ഇളം ഷേഡുകൾ ഇവയെല്ലാം മോഡേ‍ൺ മിനിമൽ അകത്തളങ്ങളിലേക്ക് യോജിക്കും. പേസ്റ്റൽ നിറങ്ങൾ മാത്രമുള്ള ചട്ടികൾ ഉപയോഗിച്ചാൽ മിനിമലിസത്തിന്റെ സുന്ദരമുഖം കിട്ടും.

∙ പരമ്പരാഗത ശൈലിയിലുള്ള അകത്തളങ്ങൾക്ക് ടെറാക്കോട്ട ചട്ടികൾ യോജിക്കും. ഈഴേച്ചെമ്പകം എന്നറിയപ്പെടുന്ന പ്ലുമേറിയ, പൂക്കളുണ്ടാകുന്ന ചെടികൾ ഇവയെല്ലാം ട്രഡീഷനൽ അകത്തളങ്ങളെ സമ്പന്നമാക്കും.

∙ മുറിയിലെ വെയിലിന്റെ ലഭ്യത അനുസരിച്ചു വേണം ചെടികൾ തിരഞ്ഞെടുക്കാനും ക്രമീകരിക്കാനും. ഇൻഡോർ ചെടികൾ മിക്കവയും ഇളംവെയിൽ മാത്രം ഇഷ്ടപ്പെടുന്നവയാണ്. ഒട്ടുംതന്നെ വെയിൽ ഇല്ലാത്ത മുറിയിലോ മുറിയിലെ വെയിൽ കുറഞ്ഞ ഭാഗത്തോ ചെടി വയ്ക്കുന്നത് ചെടിയുടെ ആരോഗ്യത്തെ ബാധിക്കും. ഓരോ ആഴ്ച കൂടുമ്പോഴെങ്കിലും മൂന്നോ നാലോ ദിവസം നന്നായി വെയിൽ കിട്ടുന്ന സ്ഥലത്തു ചെടി കൊണ്ടുവയ്ക്കുക.

interigreen

∙ ഇൻഡോർ ചെടികൾ ദിവസവും നനയ്ക്കേണ്ടതില്ല. മേൽമണ്ണ് ഉണങ്ങിയാൽ മാത്രമേ നന ആവശ്യമുള്ളൂ. നാ ലോ അഞ്ചോ ദിവസം കൂടുമ്പോഴോ ആഴ്ചയിൽ ഒരിക്കലോ നനച്ചാൽ മതി.

∙ ഇൻഡോർ ചെടികൾ നടുമ്പോൾ ചട്ടിയിൽ മണ്ണിനൊപ്പം കമ്പോസ്റ്റ്, ചാണകപ്പൊടി, കൊക്കോപീത്ത് തുടങ്ങിയവ ചേർക്കുകയാണെങ്കിൽ പെട്ടെന്ന് വളം ചെയ്യേണ്ടിവരില്ല. ചാണകപ്പൊടി പോലുള്ള ജൈവവളങ്ങൾ ഈച്ചയും പുഴുവും വരാനും ദുർഗന്ധമുണ്ടാകാനും സാഹചര്യമൊരുക്കും. അതുകൊണ്ട് NPK വെള്ളത്തിൽ ലയിപ്പിച്ചു കൊടുക്കുന്നതുപോലുള്ള വളപ്രയോഗമാണു നല്ലത്.

∙ ചെടി ഏതായാലും ചട്ടിയിൽ തിങ്ങി നിൽക്കാൻ ഇടവരുത്തരുത്. വേര് തിങ്ങുമ്പോൾ വളർച്ച മുരടിക്കും. എപ്പോഴും കുറച്ചു വലിയ ചട്ടിയിൽ ചെടികൾ വയ്ക്കുന്നതാണു നല്ലത്. ഇടയ്ക്കിടെ ചെടിയുടെ വേരു പൊട്ടാതെ മണ്ണ് ഇളക്കിക്കൊടുക്കുന്നതു നല്ലതാണ്. വർഷത്തിൽ ഒരിക്കലെങ്കിലും ചട്ടിയുടെ മുകളിലെ കുറച്ചു മണ്ണു മാറ്റി പുതിയ പോട്ടിങ് മിശ്രിതം നിറച്ചുകൊടുക്കുന്നതു ചെടികൾ ആരോഗ്യത്തോടെ നിൽക്കാൻ സഹായിക്കും.

∙ സ്നേക്ക് പ്ലാന്റ് എന്നു വിളിക്കുന്ന സാൻസവേരിയ, സീസീപ്ലാന്റ് എന്ന സാൻസിബാർ, മണിപ്ലാന്റ് ഇനങ്ങൾ, ചിലയിനം ഫിലോഡെൻഡ്രോൺ ഇവയെല്ലാം പരിചരണം കുറവു മതിയായ ചെടികളാണ്.  

∙ എല്ലാ ഇൻഡോർ പ്ലാന്റ്സിനും പരിചരണം കുറവു മതി എന്നാണു മിക്കവരുടെയും ധാരണ. എന്നാൽ കൃത്യമായ നന, വളം കൊടുക്കൽ, കീടങ്ങളിൽ നിന്നുള്ള സംരക്ഷണം, പഴുത്ത ഇലകൾ നീക്കം ചെയ്യൽ പോലുള്ള എല്ലാ ശ്രദ്ധയും നൽകിയാൽ മാത്രമാണു ചെടികൾ ഭംഗിയായി ഇരിക്കുക. ആ ശ്രദ്ധ എല്ലാ ഇൻഡോർ ചെടിക്കും നിർബന്ധമായി നൽകേണ്ടതാണ്.

∙ വീട്ടുകാരുടെ പരിചരണ രീതിയനുസരിച്ചു ചട്ടിയിൽ നേരിട്ടു നടുകയോ സാധാരണ ചട്ടിയിൽ ചെടി നട്ടു ഭംഗിയുള്ള മറ്റൊരു ചട്ടിയിൽ ഇറക്കിവയ്ക്കുകയോ ചെയ്യാം. ഇങ്ങനെ ഇറക്കിവയ്ക്കുന്ന ചെടികൾ ഇടയ്ക്കിടെ പുറത്തെ ചട്ടി മാറ്റി പുതിയവ വച്ച് ഇന്റീരിയറിൽ പുതുമ കൊണ്ടുവരാം.

∙ ചട്ടിയുടെ വലുപ്പവും ചെടിയുടെ വലുപ്പവും തമ്മിൽ ഇണങ്ങണം. വലിയ ചട്ടിയിൽ ചെറിയ ചെടിയും ചെറിയ ചട്ടിയിൽ വലിയ ചെടിയും ചേരില്ല.

വിവരങ്ങൾക്കു കടപ്പാട്: സൽമ ഷാഹുൽ, ഇന്റീരിയർ ഡിസൈനർ, കാർത്തിക ആകാശ്, പ്ലാന്റ് സ്റ്റൈലിസ്റ്റ്

Tags:
  • Vanitha Veedu