Saturday 25 March 2023 02:03 PM IST : By സ്വന്തം ലേഖകൻ

ചായ്പ്പിന്റെ റീ എൻട്രി; ഔട്ട്ഡേറ്റഡ് ആയ ഔട്ട്‌ഹൗസ് തിരിച്ചുവന്നതിനു ചില കാരണങ്ങളുണ്ട്

display-image

പണ്ടു കാലത്തെ ചായ്പ് കാലത്തിനൊത്തു പേരു മാറ്റി ഔട്ട്‌ഹൗസായി. കാലം പിന്നെയും ഓടിയപ്പോൾ പലരും ഔട്ട്‌ഹൗസിനെയും ഗെറ്റ് ഔട്ട് ആക്കി. പക്ഷേ, കോവിഡ്കാലം വന്നപ്പോൾ പലരും ചായ്പ്പിനെ വീണ്ടും ഓർത്തു. വീട്ടിൽ നിന്ന് അൽപം മാറി നമ്മുടെ കോംപൗണ്ടിൽ തന്നെ ഒരു മുറിയും ബാത്റൂമും ഉണ്ടായിരുന്നെങ്കിൽ ക്വാറന്റീനിലും ഐസൊലേഷനിലും ഇരിക്കാൻ എത്ര സൗകര്യപ്രദമായി എന്നു ചിലരെങ്കിലും നെടുവീർപ്പിട്ടു. ചെറിയ സൗഹൃദകൂട്ടായ്മകൾക്കും വീട്ടിലുള്ളവർക്ക് തന്നെ സ്വകാര്യമായി സമയം ചെലവിടാനും വായനയ്ക്കും ഒൗട്ട്ഹൗസ് നല്ലതെന്ന ആശയത്തിനു പ്രചാരം കിട്ടി. അങ്ങനെ പുതിയ വീടിന്റെ പ്ലാനിൽ ഔട്ട്‌ഹൗസ് വീണ്ടും ഇൻ ആയി.

പണിയുമ്പോൾ ഓർക്കാം

∙ അതിഥികൾ കൂടുതലായി വരുമ്പോഴും വീട്ടിലാർക്കെങ്കിലും പകർച്ചചവ്യാധി വന്നാലും ഉപയോഗിക്കാൻ ഒരിടം എന്ന തരത്തിലാണ് ഔട്ട്ഹൗസിന്റെ തിരിച്ചുവരവ്.  

∙ വീടിനു പുറത്തുകൂടി പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ വിട്ടുനിൽക്കുന്നതാകണം ഇതിന്റെ പ്ലാൻ. സ്വകാര്യത ഉറപ്പാക്കി ഗാർഡനിലോ കാർ പോർച്ചിനോടു ചേർന്നോ നിർമിക്കാം. ട്രെസ് റൂഫിനു കീഴിൽ ഔട്ട്‌ഹൗസ് ഒരുക്കാൻ ആഗ്രഹിക്കുന്നവർ വീടിന്റെ പുറത്തുകൂടി പ്രത്യേകം ഗോവണി പണിത് എൻട്രൻസ് ഒരുക്കണം.

∙ ചെലവു കുറഞ്ഞ മെറ്റീരിയലുകൾ മതി ഔട്ട്‌ഹൗസ് പ ണിയാൻ. പുതിയ വീടു പണിയുമ്പോൾ ഉപയോഗപ്രദമായ പഴയ ഫർണിച്ചറിന് അവിടെ സ്ഥാനം നൽകാം.  

∙ ഔട്ട്ഹൗസിനെ സ്റ്റോറേജ് സ്പേസ് ആക്കാറുണ്ട് പലരും. തുണി ഇസ്തിരിയിടാനും മടക്കി വയ്ക്കാനും, ബെഡ് ഷീറ്റ്, കർട്ടൻ എന്നിങ്ങനെയുള്ളവ സൂക്ഷിക്കാനുമൊക്കെ ഇവി‍ടം ഉപയോഗിക്കാം. ആവശ്യമില്ലാത്തവ കൊണ്ടിടാനുള്ള ഇടമാക്കിയാൽ ആവശ്യം വരുമ്പോൾ ഔട്ട്‌ഹൗസ് വൃത്തിയാക്കുന്നത് തലവേദനയാകും.

∙ പെയിന്റിങ്, തയ്യൽ, എഴുത്ത് അങ്ങനെ ക്രിയേറ്റീവ് സ്പേസ് ആയും ഇവിടം ഉപയോഗിക്കാം.

∙ ഒരു കിടു ഐഡിയ കൂടിയുണ്ട്. വീട് ഏതെങ്കിലും ടൂറിസ്റ്റ് സ്പോട്ടിനോടു ചേർന്നാണെങ്കിൽ ഈ ഔട്ട്‌ഹൗസിനെ ഹോം സ്റ്റേ ആക്കി മാറ്റാം. സഞ്ചാരികളെ ആകർഷിക്കും വിധം ഇന്റീരിയർ ഭംഗിയാക്കണമെന്നു മാത്രം.

∙  ഔട്ട്‌ഹൗസ് വേണ്ട എന്നു പിന്നീടു തോന്നിയാൽ ഇത് ഓഫിസ് സ്പേസ് ആക്കി മാറ്റാം. അല്ലെങ്കിൽ വീട്ടുജോലിക്ക് എത്തുന്നവർക്കുള്ള മുറിയാക്കാം. ഗാർഡനിങ് ടൂൾസ്, ഗാരേജ് ടൂൾസ് എന്നിവ വയ്ക്കാനും ഈ സ്പേസ് ഉപയോഗിക്കാം.

Tags:
  • Vanitha Veedu