Friday 03 February 2023 03:02 PM IST : By സ്വന്തം ലേഖകൻ

‘പൊന്നാണ് ചീര’; പോഷകസമൃദ്ധമായ പൊന്നാങ്കണ്ണി ചീര പരിപാലിക്കുന്ന വിധം അറിയാം

spinaccccc റോസ്മേരി ജോയ്സ്, മുൻ അസിസ്റ്റന്റ് ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

അമരാന്തേസിയേ കുടുംബത്തിൽപ്പെട്ട ഈ ചീര കാൽസ്യം ചീര എന്നും അറിയപ്പെടുന്നു. പച്ച, പിങ്ക്, ബ്രൗൺ തുടങ്ങി പല നിറ ങ്ങളിലുള്ളവയിൽ പച്ച ഇനത്തിനാണു കൂടുതൽ രുചി. ഇലകളിലും തണ്ടിലും ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിൻ എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്. ചില  നേത്രരോഗങ്ങൾ, വയറുവേദന, വായ്പുണ്ണ്, കുടൽ പുണ്ണ്, മലബന്ധം തുടങ്ങിയവ തടയും. അമിതവണ്ണം തടയുന്നതിനും ചെറുപ്പം നിലനിർത്തുന്നതിനും ഗുണപ്രദമാണ്. 

∙ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന ഇടത്തും തണലിലും വളരും. അഞ്ച്- ആറു സെ.മീ. നീളമുള്ള തണ്ടോ വിത്തുകളോ നട്ടു പുതിയ തൈകൾ ഉൽപാദിപ്പിക്കാം. 30 സെ. മീ. അകലത്തിൽ തണ്ടുകൾ നട്ടു തണലേകണം. രണ്ടാഴ്ചയ്ക്കു ശേഷം നാമ്പ് നുള്ളണം. നാമ്പു നുള്ളി കുറ്റിയായി നിർത്തി കൂടുതൽ വിളവെടുക്കാം. 

നാമ്പുകൾ നുള്ളി തോരനോ പരിപ്പിനൊപ്പം ചേർത്തു കറിയോ തയാറാക്കാം. നട്ട് ഒന്നര മാസത്തിനു ശേഷം വിളവെടുക്കാം. ഇളംതണ്ടും ഇലകളും മുറിച്ചു കറി വയ്ക്കാം.

∙ ചെടി മുറിക്കാതെ നിർത്തിയാൽ പൂക്കളുണ്ടായി ഇല കളും തണ്ടുകളും മൂത്തുപോകും. 

∙ നിലം കിളച്ചൊരുക്കി വേണം തണ്ടുകൾ നടാൻ. നടുമ്പോഴും രണ്ടാഴ്ച ഇടവിട്ടും ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്തു തളിക്കണം. 30 ലീറ്റർ വെള്ളത്തിൽ ഓരോ കിലോ വീതം ചാണകവും ഗോമൂത്രവും വേപ്പിൻപിണ്ണാക്കും ചേർത്തു രണ്ടുദിവസം പുളിപ്പിച്ചത് ആഴ്ചയിലൊരിക്കൽ തളിക്കാം. മാസത്തിലൊരിക്കൽ നൂറു ഗ്രാം വീതം ചാണകം, മണ്ണിര കംപോസ്റ്റ്  നൽകുക. 

∙ രോഗകീടങ്ങൾ വിരളമാണ്. നന്നായി നിരീക്ഷിച്ചു കീടങ്ങളെ കണ്ടാൽ ചെടിയുടെ ഭാഗത്തോടൊപ്പം നശിപ്പിക്കുക.

കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ അസിസ്റ്റന്റ് ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

Tags:
  • Vanitha Veedu