Wednesday 08 March 2023 03:10 PM IST : By സ്വന്തം ലേഖകൻ

നിർത്താതെ കരച്ചിൽ, ഫാനിന്റെ താഴെ സ്റ്റൂൾ ഇട്ട് എല്ലാം അവസാനിപ്പിക്കും മുമ്പ് വന്ന ആ കോൾ: ഹൃദയംതൊടും അനുഭവം

niroopa-vinod

നാലു ചുമരുകൾക്കുള്ളിൽ ജീവിതം ഹോമിച്ച് മരിച്ചു ജീവിക്കുന്ന പെണ്ണുങ്ങൾ. അവർക്കൂ കൂടി അവകാശപ്പെട്ടതാണ് ഈ വനിതാ ദിനം. ജീവിതത്തിന്റെ കയ്പുനീർ ആവോളം നുകർന്ന്, മരണത്തിന്റെ വക്കോളമെത്തിയ സുഹൃത്തിന് വഴികാട്ടിയായ കഥ പറയുകയാണ് നിരൂപാ വിനോദ്. വനിത ദിനത്തിലാണ് നിരൂപ ശ്രദ്ധേയമായ കുറിപ്പ് പങ്കുവച്ചത്.

കുറിപ്പിന്റെ പൂർണരൂപം:

മൂന്നു വർഷങ്ങൾക്കു മുൻപ് ഒരു വെള്ളിയാഴ്ച രാവിലെ പതിവില്ലാതെ നിർത്താതെയുള്ള ഫോൺ ബെൽ കേട്ടാണ് ഉയർന്നത്. എടുക്കാൻ തുടങ്ങിയപ്പോഴേക്കും കട്ടായിപ്പോയ ഒരു കാൾ. പുതിയ നമ്പർ , ആരാണെന്നു അറിയില്ല. ചിലപ്പോൾ ആരെങ്കിലും മാറി വിളിച്ചത് ആകും എന്ന് കരുതി. തിരികെ വിളിച്ചില്ല . കുറച്ച സമയം കഴിഞ്ഞു ഒരു വാട്സാപ്പ് സന്ദേശം. ദുബായിൽ നിന്നും കിട്ടിയ അപൂർവ സൗഹൃദങ്ങളിൽ ഒരാളാണ്. "ഒന്ന് തിരിച്ചു വിളിക്കുമോ?" സമയം നോക്കി. മെസ്സേജ് അയച്ച സമയം കഴിഞ്ഞിട്ടു ഏകദേശം 45 മിനുട്ടുകൾ കഴിഞ്ഞിരിക്കുന്നു. തിരിച്ചു വിളിച്ചു നോക്കി. ഫോൺ എടുക്കുന്നില്ല. ഒന്നുകൂടി വിളിച്ചു, അവസാനത്തെ റിങ്ങിൽ ഫോൺ എടുത്തു. ചെവിയിൽ കേട്ട കരച്ചിൽ ഇന്നും കാതിൽ മുഴങ്ങുന്നു. "എന്താണ് ? കരയാതെ പറയൂ?" നിർത്താതെ കരച്ചിൽ പിന്നെയും. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു. കരയട്ടെ, ചിലപ്പോൾ കരച്ചിൽ കേൾക്കാൻ ആരും ഇല്ലാത്ത അവസ്ഥ വരാറില്ലേ?

കുറച്ചു കഴിഞ്ഞു ശബ്ദം കുറഞ്ഞു വന്നു. ഞാൻ ചോദിച്ചു, എന്താണെങ്കിലും പറയൂ, പരിഹാരമില്ലാത്ത കാര്യമെന്തെന്നുള്ളത് ? സത്യത്തിൽ പരിഹാരത്തിനായി ഒരു ഉപായവും എന്റെ കയ്യിൽ ഇല്ല. ചിലപ്പോൾ താങ്ങായി ആരെങ്കിലും ഉണ്ടെന്ന തോന്നൽ മതിയാകും ഒന്ന് മാറിച്ചിന്തിക്കാൻ. ഫാനിന്റെ താഴെ സ്റ്റൂൾ ഇട്ടു അതിൽ കയറാൻ തുടങ്ങിയപ്പോൾ ആണ് ഈ കാൾ വന്നത്. ഇപ്പൊൾ, വിളിച്ചില്ലായിരുന്നെന്നെങ്കിൽ ഒരു പക്ഷെ.... എപ്പോളും സന്തോഷത്തോടെ മാത്രം കാണാറുള്ള എന്റെ സുഹൃത്ത്, ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല , ഈയൊരു സംഭാഷണം ഞങ്ങൾ തമ്മിൽ ഉണ്ടാവുമെന്ന്. ഭർത്താവും കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്ന, വീട്ടുകാര്യങ്ങളും മക്കളുടെ കാര്യങ്ങളും ഭംഗിയായി നോക്കുന്ന, എല്ലാ കാര്യങ്ങളും ചിട്ടയോടെ ഒതുക്കത്തോടെ ചെയ്യുന്ന, ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടില്ലാത്ത ഈ കുട്ടിയുടെ ഉള്ളിൽ നീറുന്ന അഗ്നിപർവതം ഉണ്ടായിരുന്നോ?

ഒരേ ചര്യയിലുള്ള ജീവിതം, പലപ്പോഴും സ്വയം ജീവിക്കാൻ മറന്നു പോകുന്ന , പ്രവാസിവനിതകളുടെ ഒരു പ്രതിനിധി മാത്രമാണ് ഈ കുട്ടി. മനഃപൂർവം ആണ് പേര് പറയാത്തത്.

കരച്ചിലിൽ നിന്നും ചിരിയിലേക്കു അവളെഎത്തിക്കാൻ ഞാൻ പറഞ്ഞത് ഇത്രമാത്രം. "ഒറ്റയ്ക്ക് ഒരു കുടുംബത്തെ മുഴുവൻ ചുമലിൽ ഏറ്റുന്ന നിനക്ക് , ഭർത്താവിന് താങ്ങായും കുട്ടികൾക്ക് ബലമായും നില്ക്കാൻ ധൈര്യമുള്ള നിനക്ക് , നിന്നെ ഉയർത്താൻ കഴിയണം. വിട്ടുകൊടുക്കരുത് ഒരു ശക്തിക്കും നിന്നെ നീ. പതിയെ ഒന്ന് ശ്വാസം വിടൂ ... കണ്ണടച്ച് ചിന്തിക്കൂ.. നീ കടന്നുവന്ന വഴികൾ.. ഇത്രയും കഷ്ടപ്പെട്ട വഴികളിൽ കൂടെ കടന്നു വന്ന നിന്നെ തളർത്തുന്നതു ആരാണ് ? വിട്ടു കൊടുക്കരുത് .. നിന്റെ ജീവിതം, വെട്ടി പിടിക്കണം തളരുന്ന മനസിനെ, കീഴടക്കണം നേടാൻ കഴിയില്ലെന്നു കരുതിയതിനെയെല്ലാം..."

തളർച്ചയിൽ നിന്നും ഉയർന്ന, ഉയരങ്ങൾ കീഴടക്കിയ അവളുടെ പോസ്റ്റുകൾ ഇന്ന് പലർക്കും പ്രചോദനം ആകുമ്പോൾ .. മനസിന്റെ കോണിൽ അന്ന് ആ സമയം തിരിച്ചുവിളിക്കാൻ എന്റെ മനസ്സിൽ തോന്നിച്ച, എന്റെ ബുദ്ധിയെ ഉണർത്തിയ പ്രപഞ്ച ശക്തിയോടു നന്ദി തോന്നുന്നു.

എന്നാൽ , ആരോടും സംസാരിക്കാനില്ലാതെ, തൊട്ടടുത്ത ഫ്ലാറ്റിൽ ആരെന്നറിയാതെ, രാവിലെ ഭർത്താവിന്റെയും കുട്ടികളുടേയും കാര്യങ്ങൾ തീർത്തു അവരെ ജോലിക്കയച്ചു കഴിഞ്ഞാൽ നാലു ചുവരുകൾക്കകത്തുള്ള ജീവിതം ജീവിച്ചു തീർക്കുന്ന, എത്രയെത്ര സ്ത്രീകൾ ഈ അന്യനാട്ടിലുണ്ട്. നാട്ടിലുള്ളവർ പറയും, അവൾക്കവിടെ സുഖം ആണ്. അവനും കുട്ടികളൂം പോയിക്കഴിഞ്ഞാൽ പിന്നെ വീട്ടിൽ തന്നെ...എന്നാൽ രാവിലെ മുതൽ ജോലികളെല്ലാം തീർത്തു, വൈകിട്ട് മടുത്തു വീട്ടിൽ കയറി വരുന്ന ഭർത്താവിനെയും കുട്ടികളെയും നോക്കി അഴ്ചയിലെ 6 ദിവസങ്ങൾ തള്ളി നീക്കുന്ന എത്രയോ വനിതകൾ. ആഴ്ചയിലൊരിക്കൽ പുറത്തു പോയി ഓഫർ നോക്കി സാധനങ്ങൾ വാങ്ങി തിരികെ എത്തി അടുക്കിവെച്ചു വീണ്ടും അടുത്ത ആഴ്ചക്കായി കാത്തിരിക്കുന്ന എത്ര പ്രവാസിസുഹൃത്തുക്കൾ. ഇതിനിടയിൽ സ്വന്തം കാര്യങ്ങൾ പോകട്ടെ , സ്വയം ജീവനുണ്ടോ എന്നുപോലും മറന്നുപോകുന്ന പെണ്ണുങ്ങൾ.. ഏതോ സമയത്തു തിരിച്ചറിവ് ഉണ്ടാകുമ്പോളേക്കും മനസിന്റെ കടിഞ്ഞാൺ കയ്യിൽ നിന്നും വഴുതിപ്പോകുന്ന സ്ത്രീകൾ. നെഞ്ചിൽ കൂടിവരുന്ന വിങ്ങൽ , പറയാനാരും ഇല്ലാതെ നെഞ്ചിൽ തന്നെ ഒതുക്കി വിട്ടുമാറാത്ത തലവേദനയും രക്തസമ്മര്ദ്ദവും കൊണ്ട് പൊറുതി മുട്ടുന്ന സ്ത്രീകൾ.

ആഴ്ചയിലൊരിക്കൽ കുടുംബത്തൊടൊപ്പം പുറം ലോകം കാണുന്ന, അല്ലെങ്കിൽ വല്ലപ്പോഴും ഒരിക്കൽ ഭാഗ്യക്കുറി പോലെ കിട്ടുന്ന രാത്രി യാത്രകളിൽ ആശ്വാസം ആയി ഊതിക്കുടിക്കുന്ന ചായയിൽ സന്തോഷം കണ്ടെത്തുന്ന, നാട്ടിൽ നിന്നുംഅപ്രതീക്ഷിമായി ആരെങ്കിലും കൊടുത്തയാക്കുന്ന ചെറിയ സമ്മാനപ്പൊതികളിൽ ആനന്ദിക്കുന്ന സ്ത്രീജന്മങ്ങൾ..

അവർക്കുള്ളതാകട്ടെ ഇന്നത്തെ വനിതാ ദിനം.

നിരൂപാ വിനോദ്