Tuesday 07 March 2023 12:16 PM IST

‘മുന്നിലിരിക്കുന്ന ഓരോ കുട്ടിയും വ്യത്യസ്തരാണ്; ടീച്ചര്‍ക്കു വേണം പ്ലാന്‍ ബി, പ്ലാന്‍ സി..’: വെറൈറ്റി കരിക്കുലവുമായി സന സിദ്ദീഖ്

Priyadharsini Priya

Senior Content Editor, Vanitha Online

sanasiddhhh

കുട്ടികളെ മനസ്സിലാക്കി അവരോടുകൂടി ചേര്‍ന്നു നില്‍ക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം നമ്മുടെ സ്വപ്നമാണ്. ഇതൊന്നും ഈ നാട്ടില്‍ നടക്കില്ല എന്നാണ് ചിന്തയെങ്കില്‍ തെറ്റി. സ്വന്തമായി സ്പെഷല്‍ കരിക്കുലം വികസിപ്പിച്ച് വിജയകരമായി പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് മലപ്പുറത്തെ ഒരു ഇന്റര്‍നാഷണല്‍ സ്കൂള്‍. കെജി കുട്ടികള്‍ക്കായി ആരംഭിച്ച കരിക്കുലത്തിനു ചുക്കാന്‍ പിടിച്ചതാകട്ടെ അധ്യാപികയും ചൈല്‍ഡ് സൈക്കോളജിസ്റ്റുമായ സന സിദ്ദീഖും. മലപ്പുറം ജില്ലയിലെ പാണക്കാടുള്ള സ്ടെയിറ്റ് പാത്ത് ഇന്റര്‍നാഷണല്‍ സ്കൂളിലെ ഏര്‍ലി എഡ്യൂക്കേഷന്‍ ഡിപാര്‍മെന്റ് ഹെഡാണ് സന സിദ്ദീഖ്. പ്രകൃതിയോടു ഇണങ്ങിയുള്ള പുത്തന്‍ പഠനരീതിയെ കുറിച്ച് വനിത ഓണ്‍ലൈനുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സന സിദ്ദീഖ്.

ഹിറ്റായി സ്പെയ്സ് കരിക്കുലം

കെജിയില്‍ ഞാനായിട്ട് ഉണ്ടാക്കിയെടുത്ത സ്പെഷല്‍ കരിക്കുലം ആണ് പിന്തുടരുന്നത്. ഇവിടെ ഞങ്ങള്‍ എഡ്യൂക്കേഷന്‍ അല്ല കിഡുക്കേഷന്‍ ആണ് ചെയ്യുന്നത്. പ്രകൃതിയുമായി ഇണങ്ങുന്ന കരിക്കുലം ആണിത്. സ്പെയ്സ് എന്നാണ് കരിക്കുലത്തിന്റെ പേര്. കാരണം ഓരോ കുട്ടികളും പഠിക്കേണ്ടത് അവരുടെ സ്പെയ്സിലാണ്. അവര്‍ക്കു നമ്മള്‍ അവരുടേതായ ഇടം കൊടുക്കണം. നമ്മുടെ ഇഷ്ടത്തിനല്ല അവര്‍ പഠിക്കേണ്ടത്. അതുകൊണ്ടാണ് കുട്ടികള്‍ സ്വയം അവരുടെ ഇടം കണ്ടെത്തി പഠിക്കാന്‍ ഉതകുന്ന കരിക്കുലത്തിനു ആ പേരു തന്നെ നല്‍കിയത്. 

ഇന്റഗ്രേറ്റഡ് രൂപത്തിലുള്ള വെറൈറ്റി കരിക്കുലമാണ് ഞങ്ങള്‍ പിന്‍തുടരുന്നത്. കേരളത്തില്‍ തന്നെ ഇങ്ങനെയൊരു മിക്സഡ് കരിക്കുലമുള്ള സ്കൂളില്ല. ഒന്നുമല്ലെങ്കില്‍ മോണ്ടിസോറി അല്ലെങ്കില്‍ പ്ലേ വേ മെത്തേര്‍ഡ് പിന്തുടരുന്നവരാണ് ഏറെയും. പാടത്തും പറമ്പിലും കൃഷി ചെയ്തുമൊക്കെയാണ് ഇവിടെ കുട്ടികള്‍ പഠിക്കുന്നത്.

ഞങ്ങള്‍ റെഗിയോ എമീലിയ എന്ന വെസ്റ്റേണ്‍ അപ്രോച്ച് ആണ് ഇവിടെ പരീക്ഷിക്കുന്നത്. ഇംഗ്ലണ്ടിലൊക്കെ പിന്തുടരുന്ന രീതിയാണിത്. നമ്മടെ നാടിന്റെ രീതികളും സംസ്കാരവും കൂടി ഉള്‍പ്പെടുത്തിയാണ് കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നത്. പ്രകൃതിയുടെ ഭാഗമാണ് പ്രവര്‍ത്തനങ്ങളെല്ലാം. എല്ലാ മാസവും ഞങ്ങള്‍ അവരെ പുറത്തുകൊണ്ടുപോകും. യാത്രകള്‍ പഠനത്തിന്റെ ഭാഗമാണ്.

ഇവിടെ ഈ പിരീഡ് ഇംഗ്ലീഷ് ആണ്, കണക്കാണ് എന്നൊരു വേര്‍തിരിവ് ഇല്ല. ഒരു ഇംഗ്ലീഷ് കഥയിലൂടെയാകും ക്ലാസ് ആരംഭിക്കുക. ആ കഥയിലുള്ള മോറല്‍ സ്റ്റോറി ഇവിഎസ് ആണ്. ആ കഥയിലുള്ള കഥാപാത്രങ്ങളെ കണക്ക് ആയിട്ട് കണക്കാക്കാം. അങ്ങനെ ഒരു ഇന്റഗ്രേറ്റഡ് രൂപത്തിലാണ് കരിക്കുലം പോകുന്നത്, പ്രകൃതിയ്ക്കാണ് കൂടുതല്‍ പ്രാധാന്യമെന്നു മാത്രം. എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രകൃതിയുമായി ഇണങ്ങുന്ന എന്തെങ്കിലും ആക്റ്റിവിറ്റീസ് ഉണ്ടായിരിക്കും. അവര്‍ പഠിക്കുന്നത് എന്താണെന്ന് അവര്‍ തന്നെ കണ്ടെത്തും. ഗവേഷണത്തിന്റെ രൂപത്തിലാണ് പ്രവര്‍ത്തനങ്ങള്‍ കൊടുക്കുക. 

മാതാപിതാക്കള്‍ക്കും പഠിക്കാം.. 

മാതാപിതാക്കള്‍ക്കു വേണ്ടിയും സ്കൂളില്‍ പ്രവര്‍ത്തനങ്ങള്‍ ഒരുക്കാറുണ്ട്. ഡാഡ് ഇസ് മൈ സൂപ്പര്‍ ഹീറോ എന്ന പരിപാടി ഞങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അച്ഛന്‍മാര്‍ എല്ലാ തിരക്കുകളും മാറ്റിവച്ച് സ്കൂളില്‍ കുട്ടികള്‍ക്കൊപ്പം ഒരു ദിവസം ചിലവഴിച്ചു. അതവര്‍ക്ക് മനോഹരമായ അനുഭവം ആയിരുന്നു. അമ്മമാര്‍ക്കൊപ്പവും പരിപാടി വയ്ക്കാറുണ്ട്. 

നമ്മുടെ സ്കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ട് മറ്റു സ്കൂളുകളും ഇതേ രീതികള്‍ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്. ബാലവാടികളില്‍ പോലും കളേര്‍സ് ഡേ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്കായി എത്രത്തോളം വ്യത്യസ്തമായി ചെയ്യാന്‍ പറ്റുമോ അത് ഞങ്ങള്‍ ചെയ്യാറുണ്ട്. സ്കൂളില്‍ ചെസിനു വേണ്ടി ഒരു പ്രത്യേക പിരീഡ് ഉണ്ട്, കുതിരയോട്ടം പഠിപ്പിക്കുന്നുണ്ട്. കോവിഡ് കാലത്ത് മാക്സിമം 12 പേര്‍ക്കുള്ള ഏറ്റവും മികച്ച ഓണ്‍ലൈന്‍ ക്ലാസ് ആണ് കുട്ടികള്‍ക്കു നല്‍കിയത്. 

വേണം പ്ലാന്‍ ബി, പ്ലാന്‍ സി..

വ്യക്തമായ ഒരു പ്ലാനിങ്ങോടെയാണ് ടീച്ചര്‍ ഓരോ ക്ലാസിലേക്കും ചെല്ലുക. പക്ഷേ, ആ പ്ലാനിങ്ങിനു ചേരാത്ത ഒരു കുട്ടി ആ ക്ലാസില്‍ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ എല്ലാവരിലും ഒരേ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചെന്നു വരില്ല. കാരണം ഓരോ കുട്ടിയും വ്യത്യസ്തരാണ്. അതുകൊണ്ട് ആ കുട്ടികളുടെ നിലവാരത്തിലുള്ള പ്ലാന്‍ ബി, പ്ലാന്‍ സി ഒക്കെ കയ്യില്‍ കരുതി വേണം ക്ലാസിലേക്കു ചെല്ലാന്‍. അങ്ങനെയേ ക്ലാസിലേക്ക് പോകാന്‍ പറ്റൂ.. 

എല്ലാ അധ്യാപകര്‍ക്കും ക്ലാസില്‍ ഒരു യുറേക്കാ മൊമന്റ് ഉണ്ടായിരിക്കണം. അയ്യോ.. ഞാന്‍ നന്നായി പഠിപ്പിച്ചിട്ടും കുട്ടിയ്ക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ എന്ന് പരാതി പറയുന്ന അധ്യാപകര്‍ ഉണ്ട്. എവിടെയാണ് പ്രശ്നം എന്ന് അവര്‍ സ്വയം ചിന്തിച്ചു മനസ്സിലാക്കണം. ഇവിടെയാണ് പ്ലാന്‍ ബി, പ്ലാന്‍ സിയുടെയൊക്കെ ആവശ്യകത മനസ്സിലാകുക. കുട്ടികളിലെ പഠനവൈകല്യങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ സാധിച്ചാല്‍ അത്രയും നല്ലത്. 

ലോക്ഡൗണില്‍ 17 ഡിപ്ലോമകള്‍..

എംഎ ഇംഗ്ലീഷ് ആണ് ഞാന്‍ പഠിച്ചത്. ലോക്ഡൗണ്‍ സമയത്ത് 17 ഡിപ്ലോമകള്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യൂക്കേഷനില്‍ ചെയ്തു. ചില്‍ഡ്രന്‍ സൈക്കോളജിയിലും ഡിപ്ലോമ ഹോള്‍ഡര്‍ ആണ്. കുട്ടികളോടുള്ള ഇഷ്ടമാണ് ഈ മേഖലയില്‍ കൂടുതല്‍ പഠിക്കാനും അറിവ് നേടാനും പ്രേരിപ്പിച്ചത്. കുട്ടികളിലെ പഠന വൈകല്യങ്ങള്‍, ന്യൂട്രീഷന്‍, സ്പെഷല്‍ എഡ്യൂക്കേഷന്‍ അങ്ങനെ ഓരോ വിഷയങ്ങളിലും പ്രത്യേകമായി ഡിപ്ലോമ എടുക്കുകയായിരുന്നു.

കുട്ടികള്‍ക്കു വേണ്ടി ഒരു ഇംഗ്ലീഷ് പുസ്തകം ഇറക്കിയിട്ടുണ്ട്. അവര്‍ക്ക് വളരെ എളുപ്പത്തില്‍ വായിക്കാന്‍ പറ്റുന്ന കഥകളാണ് പുസ്തകത്തിലുള്ളത്. ഇംഗ്ലീഷില്‍ ആണ് എഴുതാറ്, മലയാളം എഴുത്ത് എനിക്ക് അത്രയ്ക്കു വശമില്ല. പിന്നെ പാരന്റിങ് റിലേറ്റഡ് ആയിട്ടുള്ള കൊച്ചു കൊച്ചു കാര്യങ്ങള്‍ യൂട്യൂബ് വിഡിയോയിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.   

sana-siggg546676
Tags:
  • Mummy and Me