Tuesday 07 March 2023 03:54 PM IST

‘സുധാമ്മയെന്തിനാ ജനാലയ്ക്കപ്പുറം നിന്നു കേള്‍ക്കുന്നത്?’; പഠിച്ചതു പത്ത്, അനുഭവത്തില്‍ പിഎച്ച്ഡി! സൂപ്പര്‍ ഗൈഡായി മാറിയ സുജാത ചന്ദ്രന്റെ കഥ

Priyadharsini Priya

Senior Content Editor, Vanitha Online

sudhamma-birrr556

വിവിധയിനം പക്ഷികളെ തേടി തട്ടേക്കാട് എത്തുന്നവര്‍ക്ക് ഒരുപക്ഷേ സുജാത ചന്ദ്രനെ അറിയില്ലായിരിക്കും, എന്നാല്‍ സുധാമ്മയെന്ന പേരു കേട്ടാല്‍ പലരുടേയും കണ്ണുകള്‍ വിടരും, മുഖത്ത് പുഞ്ചിരി വിരിയും.. സുധാമ്മയ്ക്കൊപ്പം കാട് കയറിയ അനുഭവം വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫി ഇഷ്ടപ്പെടുന്ന ആര്‍ക്കും മറക്കാന്‍ കഴിയില്ല. ഗ്യാരണ്ടിയുള്ള ഗൈഡാണ് അവര്‍ക്ക് സുധാമ്മ. മുന്നൂറിലേറെ പക്ഷികളുടെ ശബ്ദം കേട്ടു തിരിച്ചറിഞ്ഞ് വഴികാട്ടിയാകാന്‍ സുധാമ്മയേക്കാള്‍ പറ്റിയ മറ്റൊരാളില്ല. തട്ടേക്കാടിനോടും കിളികളോടും വിട പറഞ്ഞിറങ്ങുമ്പോള്‍, ഒരു കുന്നോളം ഓര്‍മകളും കാഴ്ചകളും ക്യാമറയ്ക്കും മനസ്സിനും സമ്മാനിച്ചാണ് സുധാമ്മ അവരെ യാത്രയാക്കുന്നത്. 

സുജാത ചന്ദ്രന്‍ എന്ന സാധാരണ വീട്ടമ്മ ഇന്ന് അറിയപ്പെടുന്ന പക്ഷി നിരീക്ഷകയായ ‘സുധാമ്മ’യായതിനു പിന്നില്‍ 23 വര്‍ഷത്തെ കഠിനാധ്വാനമുണ്ട്. കാടിന്റെ സ്പന്ദനമറിഞ്ഞ്, പക്ഷികളുടെ ഭാഷയറിഞ്ഞ് തട്ടേക്കാടിന്റെ ‍‍ഹൃദയത്തിലേക്ക് ഓടിക്കയറുകയായിരുന്നു ഈ 68 വയസുകാരി. കേരളത്തിലെ ആദ്യത്തെ വനിതാ ഗൈഡാണ് സുധാമ്മ. പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രകൃതി പഠിപ്പിച്ച ജീവിതപാഠം വനിതാ ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് സുജാത ചന്ദ്രന്‍. 

പഠിച്ചത് പത്ത്, അനുഭവത്തില്‍ പിഎച്ച്ഡി

കുട്ടിക്കാലം തൊട്ടേ പക്ഷി നിരീക്ഷണത്തില്‍ താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. ചന്ദ്രേട്ടന്‍ മരിച്ചശേഷമാണ് ഞാന്‍ പക്ഷികളെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. സീറോയില്‍ നിന്നാണ് തുടങ്ങിയത്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. എന്നാലിന്ന് ഡിഗ്രിക്കാരെക്കാള്‍ നന്നായി ഇംഗ്ലിഷ് സംസാരിക്കും. ലോകത്ത് എവിടെയുള്ള ആളുകളെയും നന്നായി ഹാന്‍ഡില്‍ ചെയ്യും. ഏതു ഭാഷയും അത്യാവശ്യം മനസ്സിലാകും. ഫ്രഞ്ച്, ജര്‍മന്‍ ഉള്‍പ്പെടെ ഏതു വിദേശഭാഷ കേട്ടാലും എനിക്ക് മനസ്സിലാകും. 23 വര്‍ഷം സംസാരിച്ചും കേട്ടുമൊക്കെ പഠിച്ചതാണ്. 

പ്രകൃതിയാണ് എന്നെ പഠിപ്പിച്ചത്. ഇന്ന് ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പലരും പക്ഷികളെ കുറിച്ച് സംശയം ചോദിച്ച് എത്താറുണ്ട്.  322 സ്പീഷീസ് പക്ഷികളാണ് നമുക്ക് ഇവിടെയുള്ളത്. അതില്‍ 300 എണ്ണത്തിന്റെയും പേര്, കോള്‍, ബ്രീഡിങ് സീസണ്‍, മൈഗ്രേറ്റിങ് സമയം, ഫീഡിങ് ടൈം എല്ലാം എനിക്കറിയാം. ഇവയുടെ നെസ്റ്റിങ് ടൈം, ഹാബിറ്റാറ്റ് എല്ലാം മനഃപാഠമാണ്. ഏതു പക്ഷിയുടെ കോള്‍ കേട്ടാലും മനസ്സിലാകും, അത് ഫോളോ ചെയ്തു കാണിച്ചു കൊടുക്കുകയും ചെയ്യും. മുന്‍പൊക്കെ നോര്‍ത്തിന്ത്യന്‍സും വിദേശികളും മാത്രമായിരുന്നു പക്ഷികളെ അന്വേഷിച്ച് എത്തിയിരുന്നതെങ്കില്‍ ഇന്ന് മലയാളികളാണ് കൂടുതല്‍. വിദേശികളെയാണ് കൂടുതലും ഗൈഡ് ചെയ്തിട്ടുള്ളത്. 

sudhammm67780

ഞാന്‍ ‘ഏകലവ്യന്‍’

മൂവാറ്റുപുഴയ്ക്ക് അപ്പുറം ആയവന എന്ന സ്ഥലത്താണ് എന്റെ വീട്. ഭര്‍ത്താവിന്റെ വീടാണ് തട്ടേക്കാട്. വളരെ ചെറുപ്പത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ചന്ദ്രേട്ടന്റെ മരണശേഷം എന്റെ മക്കളെ വളര്‍ത്താന്‍ വേണ്ടി അദ്ദേഹം നടത്തിയിരുന്ന ചായക്കട ഏറ്റെടുത്തു. ആ സമയത്താണ് തട്ടേക്കാട് പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. അവിടുത്തെ സാറന്മാര്‍ പതിവായി ചായ കുടിക്കാന്‍ വരുന്നത് എന്റെ കടയിലാണ്. 

ഡോ. സലിം അലി സാറിന്റെ ശിഷ്യനായിരുന്ന ഓര്‍ണിത്തോളജിസ്റ്റ് ഡോ. സുഗതന്‍ സാറിന്റെ ക്ലാസ് ആണ് പക്ഷികളോടും പ്രകൃതിയോടും ഒരു പ്രത്യേക താല്‍പര്യം എന്നില്‍ ഉണ്ടാക്കിയെടുത്തത്. നേച്ചര്‍ ക്യാംപിന്റെ ഭാഗമായി സുഗതന്‍ സാര്‍ രാവിലെയും വൈകിട്ടും പ്രകൃതി പഠനത്തിനു എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കുമായിരുന്നു. അന്ന് നേച്ചര്‍ ക്യാംപിനുള്ള ഭക്ഷണം തയാറാക്കുന്ന ജോലി സുധാമ്മയെ ഏല്‍പ്പിക്കാമെന്ന് അവിടെയുണ്ടായിരുന്ന ജേക്കബ് സാര്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ അവരുടെ ക്യാംപിന്റെ ഭാഗമാകുന്നത്. 

മൂന്നു ദിവസമാണ് ക്യാംപ്, 40 പേരുള്ള ബാച്ചിനാണ് ക്ലാസ്. മൂന്നു നേരവും അവര്‍ക്കുള്ള ഭക്ഷണം തയാറാക്കിയിരുന്നത് ഞാനാണ്. വീണുകിട്ടുന്ന സമയങ്ങളിലൊക്കെ ഞാന്‍ കുട്ടികളുടെ ക്ലാസ് ശ്രദ്ധിക്കും. ഭക്ഷണം കൊടുക്കുന്നതിനിടയില്‍ സുഗതന്‍ സാറിന്റെ ക്ലാസ് മറഞ്ഞുനിന്ന് കേട്ടാണ് ഞാന്‍ പക്ഷികളെ കുറിച്ചും പ്രകൃതിയെ കുറിച്ചുമൊക്കെ മനസ്സിലാക്കിയത്. അന്ന് വിധവയായ ഒരു സ്ത്രീയ്ക്ക് മറ്റുള്ളവരുടെ മുന്നില്‍ പോയി നില്‍ക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. 

പ്രകൃതിയെ കുറിച്ച് പഠിക്കുമ്പോള്‍ പ്രകൃതിയാണ് ദൈവമെന്ന് തോന്നും. കുട്ടികള്‍ പഠിക്കുന്നതിനൊപ്പം ഞാന്‍ ജനാലയ്ക്ക് അപ്പുറത്തുനിന്ന് എല്ലാം കേട്ടു മനഃപാഠമാക്കുമായിരുന്നു. ഒരു ദിവസം ‘സുധാമ്മയെന്തിനാ ജനാലയ്ക്കപ്പുറം നിന്നു കേള്‍ക്കുന്നത് കുട്ടികള്‍ക്കൊപ്പം അകത്തുവന്നിരുന്നു കൂടേ..’ എന്ന് സാര്‍ ചോദിച്ചു. പിന്നെ കുട്ടികളുടെ കൂടെ എല്ലാ ക്ലാസും ഞാന്‍ അറ്റന്‍ഡ് ചെയ്തു തുടങ്ങി. അങ്ങനെ സാറിന്റെ പ്രിയപ്പെട്ട ശിഷ്യയായി മാറി. അറിയുന്നവരൊക്കെ കളിയാക്കി പറയും പുരാണത്തിലെ ‘ഏകലവ്യന്റെ’ കഥയാണ് എന്റേതെന്ന്. 

sudhamma5566

സുധാമ്മ സൂപ്പര്‍ ഗൈഡ്

ഒരിക്കല്‍ സുഗതന്‍ സാര്‍ ഡിഎഫ്ഒയുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ കുറച്ചുപേര്‍ക്ക് ഗൈഡിങ്ങിനുള്ള ട്രെയിനിങ് നല്‍കുകയായിരുന്നു. ആണും പെണ്ണുമായി പത്തോളം പേരുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ‘എന്റെ പൊന്നു സുധാമ്മേ എനിക്കു വയ്യ’ എന്നുപറഞ്ഞ് പെണ്ണുങ്ങളെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചുപോയി. അപ്പോഴും ഞാന്‍ അവിടെതന്നെ നില്‍ക്കുകയായിരുന്നു. ആ ട്രെയിനിങ്ങില്‍ ഞാന്‍ സൂപ്പറായിട്ട് പെര്‍ഫോം ചെയ്തു. അന്ന് ട്രെയിനിങ് കിട്ടിയവരില്‍ ഇന്നും ഏറ്റവും നന്നായിട്ട് ഗൈഡ് ചെയ്യുന്ന ഓരാളാണ് ഞാന്‍. ഒരുപക്ഷേ, കേരളത്തിലെ ലൈസന്‍സുള്ള വനിതാ ഗൈഡ് ഞാനായിരിക്കും. ആണുങ്ങളെ പോലെതന്നെ ഏതു കാട്ടിലും എത്ര ആളെയും വളരെ നന്നായി ഗൈഡ് ചെയ്യാന്‍ എനിക്ക് സാധിക്കും. 

എന്റെ ഹൃദയമാണ് എന്റെ ക്യാമറ. കാരണം എന്റെ കംപ്യൂട്ടര്‍ എന്നു പറഞ്ഞാല്‍ അതെന്റെ മനസ്സാണ്. ഞാന്‍ കാണിച്ചു കൊടുക്കും, എന്റെ മനസ്സില്‍ അത് സേവ് ചെയ്തു വയ്ക്കും. എനിക്കും എന്റെ മോനും ക്യാമറയില്ല, കാരണം ഞങ്ങളത് ഇഷ്ടപ്പെടുന്നില്ല. കണ്ണുകൊണ്ട് കണ്ട് അത് അടുത്തയാള്‍ക്ക് പങ്കുവയ്ക്കും. എനിക്ക് കിട്ടുന്ന അറിവുകള്‍ അത് മറ്റൊരാള്‍ക്കു പങ്കുവയ്ക്കുന്നതിലാണ് താല്‍പര്യം. ഗൈഡ് പോകുമ്പോള്‍ ഏറ്റവും റെയര്‍ ആയിട്ടുള്ള പക്ഷികളെ കാണിച്ചു കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. 

ശ്രീലങ്കന്‍ ബേ ഔള്‍, ഓറിയന്റല്‍ ഡ്വാര്‍ഫ് കിങ്ഫിഷര്‍, ഫ്രോഗ് മൗത്ത്, മലബാര്‍ ട്രോഗണ്‍ തുടങ്ങി ഒട്ടേറെ പക്ഷികളെ സൈറ്റ് ചെയ്യാറുണ്ട്. രാവിലത്തെ സെഷനില്‍ മാത്രം 40 സ്പീഷീസിനെ കാണിച്ചു കൊടുക്കാറുണ്ട്. ഔള്‍സിനെ കാണിച്ചുകൊടുക്കാന്‍ രാത്രി പോകാറുണ്ട്. സാധാരണക്കാര്‍ക്ക് പക്ഷികളുടെ പേര് പഠിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഞാന്‍ അനുഭവ പരിചയത്തിലൂടെയാണ് പക്ഷികളുടെ പേര് ഹൃദ്യസ്ഥമാക്കിയത്. 

ഞാനൊരു സ്ത്രീ ആയതു കൊണ്ട് എന്റെ എക്സ്പീരിയന്‍സ് അറിയാന്‍ വേണ്ടി വരുന്നവരുണ്ട്. അവിടെയൊന്നും ഞാന്‍ പരാജയപ്പെട്ടിട്ടില്ല. ഒരു സ്ത്രീക്ക് കഴിയാത്തതായിട്ട് എന്താണ് ഉള്ളത്. നമ്മള്‍ മനസുവച്ചാല്‍ അസാധ്യമായിട്ട് ഒന്നുമില്ല. പഠിക്കാനുള്ള മനസ്സ് മാത്രം മതി. പുരുഷന്‍മാരുടെ കൂടെ സ്ത്രീകള്‍ കംഫര്‍ട്ടബിള്‍ അല്ല എന്നു ചിന്തിക്കുന്നത് തന്നെ തെറ്റാണ്. ഞാന്‍ ഗൈഡായി പോകുന്നവരില്‍ ഭൂരിഭാഗവും പുരുഷന്‍മാരാണ്. എനിക്ക് ഒരു ബുദ്ധിമുട്ടും ഇതുവരെ തോന്നിയിട്ടില്ല. ഞാനത്ര ഹാപ്പിയായിട്ടാണ് അവരെ തിരിച്ചു കൊണ്ടുവരാറുള്ളത്. സേഫാണ് ഓരോ യാത്രയും. 

sudjammm799

കാടിനോട് വേണം മര്യാദ 

കാട് കയറുന്നവര്‍ ചില മര്യാദകള്‍ കൂടി പാലിക്കേണ്ടതുണ്ട്. എന്റെ ഒപ്പം വന്നാല്‍ ബഹളമുണ്ടാക്കി സംസാരിക്കാന്‍ അനുവദിക്കാറില്ല. നിശബ്ദത പാലിക്കാന്‍ പറയാറുണ്ട്. പക്ഷികളെ സൈലന്റായി കാണുക, അവയെ ഉപദ്രവിക്കാതിരിക്കുക. മണമുള്ള പെര്‍ഫ്യൂം, സോപ്പ് ഉപയോഗിക്കുന്നത് വിലക്കാറുണ്ട്. പ്ലാസ്റ്റിക് അവിടെ ഉപേക്ഷിക്കാന്‍ സമ്മതിക്കാറില്ല. ഞാന്‍ പച്ചനിറത്തിലുള്ള വസ്ത്രം മാത്രമേ ഉപയോഗിക്കാറുള്ളൂ.. വെള്ളയും ചുവപ്പുമൊക്കെ വസ്ത്രം ധരിച്ചു വരുന്നരോട് അത് മാറ്റാന്‍ ആവശ്യപ്പെടാറുണ്ട്. 

അതുപോലെ ബേര്‍ഡിങ്ങില്‍ ഹൈഡില്‍ ഇരുന്ന് പടം എടുക്കാന്‍ സൗകര്യമൊരുക്കി കൊടുക്കുന്നതിനെ ഒട്ടും അനുകൂലിക്കുന്നില്ല. ഇതൊരു റിസ്കി ജോബാണ്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പക്ഷികളെ പഠിപ്പിക്കുന്നതിനോട് യോജിപ്പില്ല. ഞങ്ങള്‍ അത് ഇഷ്ടപ്പെടുന്നില്ല. ഫീഡിങ് സെന്റര്‍ ആയി മാറുകയാണ്. 

കരുത്തായി ‘ജംങ്കിള്‍ ബേര്‍ഡ്’

രണ്ടു മുറിയില്‍ തുടങ്ങി ഇപ്പോള്‍ 14 ഓളം മുറികളുള്ള ഒരു ഹോം സ്റ്റേ ഞാന്‍ നടത്തുന്നുണ്ട്. ജംങ്കിള്‍ ബേര്‍ഡ് ഹോം സ്റ്റേ എന്നാണ് സ്ഥാപനത്തിന്റെ പേര്. ആരു കാട് കാണിക്കണം എന്നു പറഞ്ഞാലും ഞാന്‍ റെഡിയാണ്. രാവിലെ 6.30 മുതല്‍ 11 വരെയാണ് ബേര്‍ഡ് വാച്ചിങ്. ഉച്ചയ്ക്കു ശേഷം 3.30 മുതല്‍ 7 വരെ രണ്ടാം ഘട്ടമാണ്. രാത്രി 7 മുതല്‍ എട്ടു വരെ മൂങ്ങകളെ കാണിച്ചു കൊടുക്കും.  

എനിക്ക് രണ്ടു മക്കളാണ് ഉള്ളത്. മകള്‍ ശാലിനി ചന്ദ്രന്‍, കളമശ്ശേരി മെ‍ഡിക്കല്‍ കോളജില്‍ നഴ്സായി ജോലി ചെയ്യുന്നു. മകന്‍ ഗിരീഷ് ചന്ദ്രന്‍ കോതമംഗലം ബാറിലെ ക്രിമിനല്‍ ലോയറാണ്. മകനും സൂപ്പര്‍ ബേര്‍ഡറാണ്. ഞങ്ങള്‍ രണ്ടുപേരും ഒരുപോലെയാണ് ബേര്‍ഡിങ് ചെയ്യുന്നത്. മദര്‍ ആന്‍ഡ് സണ്‍ എന്നാണ് എല്ലാവരും പറയുന്നത്. 2018 ല്‍ എനിക്ക് സെര്‍വിക്കല്‍ കാന്‍സര്‍ പിടിപെട്ടിരുന്നു. ട്രീറ്റ്മെന്റ് കഴിഞ്ഞു പത്താം മാസം ഞാന്‍ വീണ്ടും ബേര്‍ഡിങ് തുടങ്ങി. ഒരു ദിവസം 12 മുതല്‍ 14 കിലോമീറ്റര്‍ വരെ നടക്കും. ഇപ്പോള്‍ ഞാന്‍ ഹെല്‍ത്തിയാണ്. 

എന്റെ ജീവനും ജീവിതവും

തട്ടേക്കാട് അല്ലാതെ അതിരപ്പള്ളി, മൂന്നാര്‍ കാടുകള്‍ അറിയാം. പക്ഷേ, എന്റെ ജീവനും ജീവിതവും തട്ടേക്കാടാണ്. ഇവിടെ എന്നെ അറിയാത്തവരായി ആരുമില്ല. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി വഴികാട്ടിയായി ഞാന്‍ ഇവിടെയുണ്ടാകും. ആര് ആവശ്യപ്പെട്ടാലും ഞാന്‍ ഗൈഡായി പോകും. ആദ്യമൊക്കെ എന്നെ എല്ലാവരും അവഗണിക്കുമായിരുന്നു. പരാജയത്തിന്റെ പടുകുഴിയില്‍ നിന്നാണ് ഞാന്‍ ഇവിടെ വരെയെത്തിയത്. ഇന്ന് എല്ലാവരുടെയും സുധാമ്മയാണ് ഞാന്‍. ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ ഒരു മരമായി ജനിക്കണേ എന്നാണ് ആഗ്രഹം. ഒരുപാട് ജീവജാലങ്ങള്‍ക്ക് തണലായി മാറണം. 

sudhamma445
Tags:
  • Inspirational Story