Saturday 05 March 2022 04:16 PM IST

ഇത്രയും വിലയുള്ളത് വേണ്ട ഇത്താ, വെറുതെ കിട്ടിയിട്ടും അവൾ പറഞ്ഞു... കല്യാണപ്പുടവ ഫ്രീ, ഇസ്മത്തിന്റെ ഷെൽഫ് നിറയെ നന്മ

Binsha Muhammed

ismath-cover

‘നുള്ളിപ്പെറുക്കിയെടുത്താൽ 5000 രൂപ കാണും... ഏത്ര വലിയ ഡിസൈനാണെങ്കിലും അതിൽ ഒതുങ്ങിക്കോണം. അതിനപ്പുറത്തേക്ക് നമ്മൾ കൂട്ടിയാല്‍ കൂടില്ല. ഉപ്പയുടെ അവസ്ഥ അറിയാല്ലോ...’

അഴകളവുകളും ഫാഷന്റെ സ്പന്ദനങ്ങളും അറിയാവുന്ന ഫാഷൻ ഡിസൈനിങ്ങുകാരിക്ക് തന്റെ നിക്കാഹിനെ കുറിച്ച് അന്ന് സ്വപ്നങ്ങളേറെയുണ്ടായിരുന്നു. നാലാൾക്കു മുന്നിൽ മണവാട്ടിയായി എത്തുമ്പോൾ ഡിസൈൻ ഏതു വേണം, നിറമേതു വേണം, തുന്നിപ്പിടിപ്പിക്കലുകളും ഞൊറികളും എങ്ങനെ വേണം... എന്നിങ്ങനെ കിനാവുകളും സങ്കൽപ്പങ്ങളും കുന്നോളം. അവയെല്ലാത്തിനും ഉമ്മയും ഉപ്പയും ഇട്ട ബഡ്ജറ്റ് 5000 രൂപ. ഇഴയും ഊടും പാവും കണക്കാക്കി ആയിരങ്ങളും ലക്ഷങ്ങളും പൊടിക്കുന്ന കല്യാണ കഥയിൽ 5000 രൂപയുടെ വിവാഹ വസ്ത്രം പലരുടേയും ഭാവനയിൽ പോലും ഉണ്ടായി എന്നുവരില്ല. മുഖംവാടിയെങ്കിലും കൂലിപ്പണിക്കാരനായിരുന്ന ഉപ്പയുടെ അവസ്ഥ അറിയാമായിരുന്ന ഇസ്മത്ത്, വമ്പൻ വിവാഹ വസ്ത്രമെന്ന ആ പകിട്ടിനെ അങ്ങേയറ്റം ചുരുക്കി. എത്രയും ലളിതമാക്കാൻ പറ്റുമോ അത്രയും ലളിതമാക്കി നിക്കാഹിനൊരുങ്ങി.

ആലപ്പുഴക്കാരി ഇസ്മത്തിന് അതൊരു വേക്ക് അപ് കോളായിരുന്നു. അന്ന് സ്വന്തം കല്യാണ ചുരുക്കി ഉപ്പയുടേയും ഉമ്മയുടേയും കണ്ണീരിനും കഷ്ടപ്പാടിനും ഒപ്പം നിന്ന പെണ്ണ് കാലങ്ങൾക്കിപ്പുറം വലിയൊരു നന്മച്ചരടിലെ മണിമുത്താകുകയാണ്. പട്ടിന്റെ പളപളപ്പും തിളക്കവും പെരുമയുമില്ലാത്ത എത്രയോ പാവങ്ങളായ പെൺമണികളുടെ കല്യാണ സ്വപ്നങ്ങൾക്ക് നിറംപകരുകയാണവൾ. അരൂക്കുറ്റിയിലെ ഇസ്മത്തിന്റെ ഇസാര എന്ന ബൊട്ടീക്കിന്റെ വാതിലുകളും വാതായനങ്ങളും തുറന്നിടുന്നത് പാവങ്ങളായ എത്രയോ മണവാട്ടിമാരുടെ സ്വപ്നങ്ങൾക്ക് നിറംപകരാനാണ്. അവൾ പങ്കുവയ്ക്കുന്ന പട്ടിനേക്കാളും തിളക്കമുള്ള നന്മയുടെ കഥയാണിത്. പാവപ്പെട്ടവർക്ക് വിവാഹ വസ്ത്രങ്ങൾ സൗജന്യമായി നൽകുന്ന ഇസ്മത്തിന്റെ കഥ ‘വനിത ഓൺലൈന്‍’ പങ്കുവയ്ക്കുന്നു.

പൊടിപിടിക്കാതെ കല്യാണ സ്വപ്നങ്ങൾ

പണത്തിന്റെ പകിട്ടോ പെരുമയോ പത്രാസോ ഒന്നുമില്ലെങ്കിലും വിവാഹ ദിനമെന്നത് ഒരു പെണ്ണിന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ദിവസമായിരിക്കും. അന്നേ ദിവസം തന്നാലാകും വിധമെങ്കിലും അണിഞ്ഞൊരുങ്ങിയെത്താൻ അവൾ കൊതിക്കുന്നുണ്ടാകും. ആ ഒരു ദിനത്തിനു വേണ്ടി പണ്ടേക്കു പണ്ടേ അവൾ സ്വപ്നങ്ങൾ സ്വരുക്കൂട്ടിയിട്ടുണ്ടാകും. തരിപ്പൊന്നിന്റെ തിളക്കമോ പട്ടിന്റെ പള പളപ്പോ ഇല്ലാതെ, എന്തിനേറെ മംഗല്യ സൗഭാഗ്യം പോലുമില്ലാതെ ഇരുട്ടുവീണ നാലുചുമരുകൾക്കുള്ളിൽ ജീവിക്കുന്ന ഒരുപാട് ജന്മങ്ങളുണ്ട്. അവരുടെ മുഖത്ത് പുഞ്ചിരി വിടരാനാണ് എന്റെയീ എളിയ ശ്രമം.– ഇസ്മത്ത് പറഞ്ഞു തുടങ്ങുകയാണ്.

ആലപ്പുഴ അരൂക്കുറ്റിയാണ് എന്റെ സ്വദേശം. ഉപ്പ അഷറഫും ഉമ്മ മൈമൂനത്തും സഹോദരി നിഷാനയും ഇക്കാക്ക നിഷാദ് അടങ്ങുന്ന സാധാരണ കുടുംബം. ഉപ്പാക്ക് കൂലിപ്പണിയാണ്. അന്നന്നു കിട്ടുന്ന വരുമാനത്തിൽ നിന്നായിരുന്നു ഞങ്ങളുടെ കുടുംബം അല്ലലില്ലാതെ നിവർന്നു നിന്നത്. ഇത്തയെ വിവാഹം കഴിച്ചയക്കാനൊക്കെ ഉപ്പ നന്നേ കഷ്ടപ്പെട്ടിട്ടുണ്ട്. എന്നെ പഠിപ്പിക്കുന്നതിനു പിന്നിലും ഉപ്പയുടെ കഠിനാദ്ധ്വാനം ഉണ്ട്. ചേർത്തല കിഫ്റ്റ് കോളജിലാണ് ഫാഷൻ ഡിസൈങ്ങ് പഠിച്ചത്. അന്നൊക്കെ നിറങ്ങളുടെ ലോകത്തായിരുന്നു ഞാൻ. ഫാഷൻ ലോകത്തെ പുതിയ ട്രെൻഡും സ്റ്റിച്ചിങ്ങും ഒക്കെയായിരുന്നു മനസിൽ. ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥി ആയതുകൊണ്ടു തന്നെയാകണം, എന്റെ വിവാഹത്തെക്കുറിച്ചും വിവാഹ വസ്ത്രങ്ങളെക്കുറിച്ചും ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു. ആറു വർഷം മുമ്പ് റിൻഷാദിക്കയുമായുള്ള വിവാഹം ഉറപ്പിക്കുമ്പോഴേക്കും എന്റെ വിവാഹ സ്വപ്നങ്ങളും സങ്കൽപ്പങ്ങളും ഇരട്ടിയായി. വിവാഹത്തിന് ഇങ്ങനെ ഒരുങ്ങണം, അങ്ങനെ വസ്ത്രം ധരിക്കണം എന്നിങ്ങനെ ഒത്തിരി ആശകൾ...പക്ഷേ ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് പരിമിതികളുണ്ടെന്ന് മനസിലായത് ഉപ്പയുടെ കഷ്ടപ്പാട് തിരിച്ചറിഞ്ഞതോടെയാണ്.

ismath-2

5000 രൂപയുടെ ലെഹങ്കയ്ക്കപ്പുറം വാങ്ങിത്തരാനുള്ള ശേഷി പാവം എന്റെ ഉപ്പയ്ക്കില്ലായിരുന്നു. വിവാഹ വസ്ത്രമെടുക്കാൻ പോകുമ്പോൾ ഉമ്മ അതെന്നോട് പറഞ്ഞത് ഇന്നും ഓർമയുണ്ട്. പക്ഷേ ശരിക്കും അതൊരു തിരിച്ചറിവു കൂടിയായിരുന്നു. എനിക്കു കിട്ടിയ ലെഹങ്ക പോലും അണിയാനില്ലാത്ത കുറേ പെൺകുട്ടികൾ ചുറ്റുമുണ്ടെന്ന തിരിച്ചറിവ്. ഞാൻ അണിഞ്ഞ വസ്ത്രം, അതു വില എത്ര ചെറുതായാലും അർഹതപ്പെട്ട ആർക്കെങ്കിലും കൊടുക്കണമെന്ന് മനസിൽ തോന്നി. പക്ഷേ ഒരാൾ ഉപയോഗിച്ച വസ്ത്രം മറ്റൊരാൾ അണിയുമോ എന്ന സംശയമുണ്ടായിരുന്നു. ഞാൻ എന്റെ ആഗ്രഹം ഇത്ത നിഷാനോയോടാണ് ആദ്യം പറഞ്ഞത്. അങ്ങനെയിരിക്കേയാണ് സോഷ്യൽ മീഡിയയിൽ കണ്ട സബിത എന്ന ഇത്തയെക്കുറിച്ച് സഹോദരി എന്നോടു പറയുന്നത്. ബേസിക്കലി പുള്ളിക്കാരി ഒരു ബിസിനസുകാരിയാണ്. ഒരിക്കൽ മാത്രം ഉപയോഗിച്ച വിവാഹ വസ്ത്രങ്ങൾ കലക്ട് ചെയ്ത് പാവപ്പെട്ട പെൺകുട്ടികൾക്ക് കൊടുക്കാറുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ‘സെക്കൻഡ് ഹാൻഡ്’ വിവാഹ വസ്ത്രങ്ങൾ തേടിയുള്ള പുള്ളിക്കാരിയുടെ ഒരു മെസേജ് കണ്ടു. ഞാനും അതും ഷെയർ ചെയ്തു. വിലയില്‍ ചെറുതെങ്കിലും ഞാൻ‌ ഉപയോഗിച്ച വിവാഹ വസ്ത്രവും എന്തായാലും കൊടുക്കുമെന്ന് ഉറപ്പിച്ചിരുന്നു. വസ്ത്രം നൽകാൻ സന്നദ്ധത അറിയിച്ച് ഒരുപാട് പേർ എന്നെ വിളിച്ചു. അവർ തന്ന വസ്ത്രങ്ങളും എന്റെ വസ്ത്രവും ചേർത്തു വച്ച് ഇത്തായെ ഞാൻ ഫോൺ വഴി ബന്ധപ്പെട്ടു. അങ്ങനെ പുള്ളിക്കാരി ആലപ്പുഴയിലെത്തി വസ്ത്രങ്ങൾ കലക്ട് ചെയ്തു. ആ കൂടിക്കാഴ്ചയാണ് ഇങ്ങനെയൊരു സംരംഭം എനിക്കു തന്നെ തുടങ്ങിക്കൂടാ എന്ന ആശയം തലയിൽ ഉദിക്കുന്നത്.

ഷെൽഫ് നിറയെ നന്മ

ആ സമയങ്ങളിലൊക്കെ ഭർത്താവ് റിൻഷാദ് ഓട്ടോ ഓടിച്ചു മാത്രം കിട്ടുന്ന വരുമാനമായിരുന്നു മൂന്ന് വർഷം മുമ്പ് കുടുംബത്തിന്റെ ആശ്രയം. ആ കഷ്ടപ്പാട് അറിയാവുന്നത് കൊണ്ടാണ് പഴയ ഫാഷൻ ഡിസൈനിങ്ങ് സ്കിൽ പൊടിതട്ടിയെടുത്ത് ഇസാരയെന്ന ഒരു കുഞ്ഞ് ബൊട്ടീക്ക് തുടങ്ങുന്നത്. അത്യാവശ്യം തുന്നലും പുതുവസ്ത്രങ്ങളും ഒക്കെ നൽകുന്ന ഒരുകുഞ്ഞ് സ്ഥാപനം. സബിത ഇത്തയെ പരിചയപ്പെട്ടതോടെ, അവർ പകുത്തു നൽകുന്ന നന്മയുടെ കഥയറിഞ്ഞതോടെയാണ് പഴയ വിവാഹ വസ്ത്രങ്ങൾ കലക്ട് ചെയ്ത് പാവങ്ങൾക്ക് നൽകുന്ന സംരംഭത്തെക്കുറിച്ച് ഞാൻ‌ വീണ്ടും ചിന്തിക്കുന്നത്. വാട്സാപ്പ് വഴിയും സോഷ്യൽ മീഡിയ വഴിയും എന്റെ മനസിലെ ആശയത്തെക്കുറിച്ച് പങ്കുവച്ചു. പതിയെ പതിയെ അന്വേഷണങ്ങൾ വന്നു തുടങ്ങി. ഇനിയൊരിക്കലും ഉപയോഗിക്കാതെ പൊടിയും മാറാലയും പിടിച്ചിരിക്കുന്ന വസ്ത്രങ്ങളുമായി പലരും ഞങ്ങളുടെ കട തേടി വന്നു. അതായിരുന്നു തുടക്കം, ഞാൻ മനസിൽ മൊട്ടിട്ടു വളർത്തിയ എന്റെ സ്വപ്നത്തിന്റെ വലിയ തുടക്കം.

മൂന്നു വർഷം മുമ്പാണ് കുടുംബത്തിന് ഒരു സഹായം ആകട്ടെ എന്ന നിലയ്ക്ക് ഇസാര തുടങ്ങുന്നത്. ഒന്നര വർഷം മുമ്പാണ് പഴയ വിവാഹ വസ്ത്രങ്ങൾ കലക്ട് ചെയ്ത് അത് അർഹരിലേക്ക് എത്തിക്കാനുള്ള സംരംഭം തുടങ്ങുന്നത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങി ലഭ്യമായ മാർഗങ്ങൾ വഴിയൊക്കെ ഞാൻ നന്മ മനസുകളെ തേടി. പലരിലേക്കും ഞാൻ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ എത്തി എന്നതാണ് സത്യം. കല്യാണ പുടവകൾ, ലാച്ചകൾ, ലെഹങ്കകൾ എന്നിങ്ങനെ ഞങ്ങളുടെ മനസും ഷെൽഫും ഒരുപോലെ നിറച്ച് ഒത്തിരിപ്പേർ മുന്നോട്ടു വന്നു. പോരാത്തതിന് കല്യാണ ഒരുക്കവും മെഹന്ദിയും വരെ ഫ്രീയായി ചെയ്തു കൊടുക്കും. ഞാന്‍ തിരഞ്ഞെടുത്ത വഴിയും എത്രത്തോളം മഹത്തരമാണെന്ന് തെളിയിച്ച മുഹൂർത്തങ്ങളും ഉണ്ടായിട്ടുണ്ട്.

ismath-3

കുട്ടനാടും നിന്ന് അടുത്തിടെ ഒരു പെൺകുട്ടി വന്നിരുന്നു. അവളുടെ ആഗ്രഹവും ഇഷ്ടവും മനസിലാക്കി ചുവപ്പു നിറത്തിലുള്ള ലെഹങ്ക അവൾക്കായി വച്ചു നീട്ടി. അത്യാവശ്യം വർക്കൊക്കെയുള്ള നല്ല വിലയുള്ള ഡ്രസായിരുന്നു അത്. അതു കണ്ട മാത്രമാത്രയിൽ ഇത്രയും വിലയുള്ളത് വേണ്ട ഇത്താ... എന്നാണ് അവൾ പറഞ്ഞത്. നോക്കണേ... ഫ്രീയായിട്ടാണ് കിട്ടുന്നത് എന്നറിഞ്ഞിട്ടു പോലും അതാഗ്രഹിക്കാത്ത, അത്രയും ചെറിയ ജീവിത സാഹചര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വിവാഹ വസ്ത്രം കിട്ടിയ സന്തോഷത്തിൽ കണ്ണുനിറഞ്ഞു നിന്ന അവൾക്ക്, ഒടുവിൽ നിറഞ്ഞ മനോസോടെ ഞാൻ ആ വസ്ത്രം നൽകി.

എന്റെ ഉപ്പയെ പോലുള്ള ഒരു മനുഷ്യൻ. മക്കളെ വളർത്താനും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനും ആ മനുഷ്യൻ വല്ലാതെ കഷ്ടപ്പെട്ടതിന്റെ ലക്ഷണങ്ങൾ ആ മുഖത്തു കാണാം. കടയിൽ വന്ന് മകൾ വിവാഹ വസ്ത്രം എടുത്ത് സന്തോഷത്തോടെ നിൽക്കുന്നത് കണ്ടപ്പോൾ ആ മനുഷ്യൻ കരയുകയായിരുന്നു. ഒടുവിൽ എന്റെ എടുത്ത് വന്ന് കൈകൂപ്പി നിൽക്കുന്നത് കണ്ടപ്പോള്‍ ഞാനും കരഞ്ഞു പോയി. ‘മോളെ ദൈവം കാക്കും... എന്നെങ്കിലും എന്റെ മോൾ രക്ഷപ്പെടും’ എന്ന് പറഞ്ഞാണ് ആ മനുഷ്യന്‍ യാത്ര പറഞ്ഞത്.

മനസിനെ വിഷമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആലപ്പുഴ മണ്ണഞ്ചേരി ഭാഗത്തു നിന്നു ഒരു കുടുംബം വന്നിരുന്നു. വന്ന് ഡ്രസ് സെലക്ട് ചെയ്യുന്നതിനൊപ്പം അവര്‍ക്ക് കാശ് എന്തെങ്കിലും അങ്ങോട്ട് കൊടുക്കണം എന്നായി. കാശ് തരാൻ നിവൃത്തിയില്ല, കടയുടെ വാടക കൊടുത്തിട്ട് തന്നെ മാസങ്ങളായി എന്നു പറഞ്ഞിട്ടും അവർ വിടുന്ന ഭാവമില്ല. ഞങ്ങളുടെ സാഹചര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞത്, ‘ഓഹോ... അപ്പൊ നിങ്ങക്ക് അങ്ങോട്ട് കാശു തരണോ എന്നാണ് ആ അച്ഛന്‍ പറഞ്ഞത്.’ ഒടുവിൽ അവർ വന്ന വണ്ടിക്ക് പെട്രോൾ അടിക്കാനുള്ള കാശ് കൊടുക്കണമെന്നായി. അപൂർവമെങ്കിലും ഇത്തരം സംഭവങ്ങൾ വല്ലാതെ വിഷമം ഉണ്ടാക്കുന്നവയാണ്.

ismath-55

മുന്നോട്ടുള്ള വഴിയിൽ നിറമുള്ള സ്വപ്നങ്ങളൊന്നുമില്ല. വാടക മുറിയല്ലാതെ സ്വന്തമായി ഒരു കെട്ടിടം വേണം. അതിന്റെ ഒരു നില മുഴുവനായും ഇതു പോലെ സൗജന്യമായി വിവാഹ വസ്ത്രങ്ങൾ നൽകണം. മറ്റൊരു ഫ്ലോറിൽ ഞാൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കണം. എല്ലാം നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രാർഥന...– ഇസ്മത്ത് പറഞ്ഞു നിർത്തി.

------

നേരും നന്മയും ജീവിതത്തിന്റെ അടയാളമാക്കിയ വനിത രത്നങ്ങളുടെ കഥ നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ഞങ്ങൾക്ക് അയച്ചു തരൂ. ഹൃദയം തൊടുന്ന അനുഭവങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്നവ ഞങ്ങൾ പ്രസിദ്ധീകരിക്കും. vanithastories@gmail.com എന്ന ഈ മെയിൽ ഐഡിയിലേക്കോ 7356000575 എന്ന വാട്സാപ്പ് നമ്പറിലേക്കോ അയച്ചു തരാവുന്നതാണ്.