Monday 07 March 2022 05:25 PM IST

‘മാതാപിതാക്കളെ ഓൾഡ് ഏജ് ഹോമിൽ തള്ളുന്നതിനോട് ഒരിക്കലും യോജിപ്പില്ല’; ഇഷ്ടം രോഗികളെ പരിചരിക്കാൻ, മികച്ച അധ്യാപികയായ ഡോ. ​വി.​കെ. ഉ​ഷ പറയുന്നു

Priyadharsini Priya

Senior Content Editor, Vanitha Online

ush5546777

ആശുപത്രിക്കിടക്കയിലെ കടുത്ത വേദനയിലും ആശ്വാസത്തിന്റെ തിരിനാളമായി, പുഞ്ചിരിച്ച മുഖത്തോടെ രോഗിയ്ക്ക് അരികെയെത്തുന്ന ഒരുകൂട്ടം മാലാഖമാർ. ഒരിക്കലെങ്കിലും ആശുപത്രി വാസം അനുഭവിച്ചവർക്കറിയാം ഭൂമിയിലെ ഈ മാലാഖമാരുടെ മനസ്. എത്ര തിരക്കിലും ക്ഷമയോടെ ഓരോ രോഗിയെയും പ്രത്യേകമായി പരിചരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നവരാണ് നഴ്‌സുമാർ. നഴ്‌സിങ് ജോലി തിരഞ്ഞെടുക്കുന്ന ഓരോരുത്തരും കൃത്യമായ പരിശീലനം നേടിയാണ് രോഗിയ്ക്ക് മുന്നിലെത്തുന്നത്. ജോലി എന്നതിനേക്കാൾ ഉപരിയായി സാമൂഹിക പ്രതിബദ്ധത, മൂല്യം എന്നിവയൊക്കെ പഠിപ്പിച്ച് നഴ്‌സിങ് വിദ്യാർഥികളെ മോൾഡ് ചെയ്‌തെടുക്കുന്ന മികച്ച അധ്യാപകർ ആരോഗ്യ മേഖലയിലുണ്ട്. അവരിൽ ഒരാളാണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗ​വ​ൺ​മെ​ന്റ് നഴ്‌സിങ് കോളജിന്റെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​കെ. ഉ​ഷ. 2019 ൽ ഏറ്റവും മികച്ച അധ്യാപികയ്ക്കുള്ള കേരളാ ഹെൽത്ത് യൂണിവേഴ്‌സിറ്റിയുടെ പുരസ്‌കാരം ഉഷയെ തേടിയെത്തി. ഈ വനിതാ ദിനത്തിൽ 32 വ​ർ​ഷ​ത്തെ തന്റെ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ൽ നിന്നുള്ള അനുഭവങ്ങൾ വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ഡോ. ​വി.​കെ. ഉ​ഷ.

ഇഷ്ടം രോഗികളെ പരിചരിക്കാൻ, മികച്ച അധ്യാപിക 

മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് കിട്ടുമെന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ഉത്തരവാദിത്തങ്ങൾ കഴിയുന്നതും ഭംഗിയായി തന്നെ നിറവേറ്റാന്‍ ഞാൻ ശ്രദ്ധിച്ചിരുന്നു. ആദ്യമൊക്കെ അധ്യാപനത്തെക്കാളും രോഗികളെ പരിചരിക്കാനായിരുന്നു എനിക്ക് കൂടുതല്‍ ഇഷ്ടം. പിജിയ്ക്ക് ശേഷം രോഗികളോട് അടുത്തിടപഴകി അവരുടെ ക്ലിനിക്കല്‍ സൈഡില്‍ നില്‍ക്കാനായിരുന്നു ഇഷ്ടപ്പെട്ടത്. പക്ഷേ, ആ മേഖലയിൽ വേണ്ടത്ര അംഗീകാരം ഒന്നും കിട്ടാനുള്ള സാധ്യത ഇല്ലായിരുന്നു. അങ്ങനെയാണ് അധ്യാപനം തിരഞ്ഞെടുത്തത്. പിന്നീട് അധ്യാപനം ഞാനിഷ്ടപ്പെട്ടു തുടങ്ങി. ഇവിടെയും രോഗികളുമായി ഇടപഴകാനുള്ള അവസരം ലഭിക്കാറുണ്ട്. രണ്ടു വർഷം മുൻപ് വരെ മെഡിക്കൽ കോളജിൽ സൈക്യാട്രി വാർഡിൽ വരുന്ന രോഗികളും അവരുടെ കുടുംബങ്ങളുമായി അടുത്ത് ഇടപെടാൻ സാധിച്ചിരുന്നു. പ്രിൻസിപ്പൽ പോസ്റ്റിലേക്ക് വന്നതോടെ അഡ്മിനിസ്ട്രേഷൻ മാത്രമായി. 

ushhhn6446

മറ്റു മേഖലയിലെ പോലെ ഇവിടെയും വെല്ലുവിളികൾ ഉണ്ട്. മാതാപിതാക്കളുടെ ഇഷ്ടത്തിന് നഴ്‌സിങ് മേഖല തിരഞ്ഞെടുത്തു കോഴ്‌സിന് വന്നു ചേരുന്ന കുട്ടികൾ ഉണ്ട്. അവർക്ക് ഈ ജോലിയോട് ഒട്ടും താല്പര്യം കാണില്ല. ഈ ഇഷ്ടക്കുറവ് പഠനത്തിലും പ്രതിഫലിക്കും. ആദ്യ വർഷം എല്ലാ വിഷയത്തിലും തോറ്റുപോയ ഒരു വിദ്യാർഥിനിയെ എനിക്ക് ഓർമയുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു അവൾ. പക്ഷെ, നഴ്‌സിങ് മേഖല അവൾക്ക് ഇഷ്ടമായിരുന്നില്ല. കൗൺസിലിങ്ങിലൂടെ അവളെ പഠനത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ എനിക്കായി. അടുത്ത വർഷങ്ങളിൽ മികച്ച മാർക്കോടെ അവർ കോഴ്സ് പാസ്സായി. ഇന്ന് മിടുക്കിയായ നഴ്‌സായി ആശുപത്രിയിൽ ജോലി നോക്കുന്നു.   

ഓരോ പെൺകുട്ടിയും സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി നേടണം. ഒരിക്കലും മറ്റുള്ളവരെ ആശ്രയിച്ചുകൊണ്ടുള്ള ജീവിതമായി മാറരുത്. നമ്മുടെ അഭിപ്രായം, നിലപാട്, കാഴ്ചപ്പാട് എല്ലാം ശക്തമായി പ്രകടിപ്പിക്കാൻ കഴിയണം. അതിനുള്ള വിദ്യാഭ്യാസവും പ്രാവീണ്യവും ഓരോ പെൺകുട്ടിയും ആർജ്ജിക്കണം. ധാരാളം ലൈംഗികാതിക്രമങ്ങൾ പെൺകുട്ടികൾക്ക് നേരെ നടക്കുന്നുണ്ട്. അതിനെ ചെറുക്കാനുള്ള ധൈര്യവും വിവേകവും അവർക്ക് ഉണ്ടാവണം. ചതിക്കുഴികളിൽ വീഴാതെ സ്വയം സംരക്ഷിക്കാൻ ഓരോരുത്തരും പ്രാപ്തരാകണം. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനുള്ള ബുദ്ധിയും കഴിവും അവർക്ക് ഉണ്ടാകണം. സ്ത്രീകളാണ് കുടുംബത്തിന്റെ നെടുംതൂൺ. ഇവിടുന്ന് പഠിച്ചിറങ്ങുന്ന ഓരോ പെൺകുട്ടിയും മിടുക്കികളായാണ് സമൂഹത്തിനു മുന്നിൽ എത്തുന്നത്. അതാണ് ഞങ്ങൾ അധ്യാപകരുടെ ഏറ്റവും വലിയ സന്തോഷവും.

usha44fhhh

ആരും കടക്കാത്ത മേഖലയിലേക്ക് 

സൈക്യാട്രിക് നഴ്‌സിങ്ങിലാണ് പിജി സ്‌പെഷലൈസ് ചെയ്തത്. മനോരോഗികളായിട്ടുള്ളവരുടെ പരിചരണമാണ് ഈ മേഖലയിൽ. അധികമാരും തിരഞ്ഞെടുക്കാത്ത ഒരു ഫീൽഡാണ്. ഞാൻ ഒരുപാട് ഇഷ്ടപ്പെട്ട് താല്പര്യത്തോടെ എടുക്കുകയായിരുന്നു. സ്വന്തം രോഗം എന്താണെന്ന് പോലും അറിയാത്തവർ ആണ് ചികിത്സയ്ക്കായി ഡോക്ടറുടെ മുന്നിൽ എത്തുക. സ്വന്തം രോഗം ബോധ്യപ്പെട്ട് വരുന്നവരെ പോലെ ഈസിയല്ല ഇത്തരം രോഗികളെ പരിചരിക്കുന്നത്. അവർ രോഗികൾ ആണെന്ന് സ്വയം മനസ്സിലാക്കുന്നില്ല. അതുകൊണ്ട് നല്ല ക്ഷമയും സഹനശക്തിയും ആവശ്യമാണ്. അവരുടെ സൈക്കോളജിക്കൽ പ്രശ്നങ്ങൾ മനസ്സിലാക്കി കൗൺസിലിങ് സമയം തൊട്ട് ഒപ്പം നിൽക്കണം. രോഗിയ്ക്ക് മാനസിക പിന്തുണ നൽകലാണ് പ്രധാനം. ഒപ്പം രോഗിയുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടി കൈകാര്യം ചെയ്യേണ്ടതുണ്ട്.

പിന്നെ മറ്റൊരു വെല്ലുവിളി രോഗം തുറന്നു പറയാൻ പലർക്കുമുള്ള മടിയാണ്. ബന്ധുക്കൾ പോലും അത് മറച്ചു വയ്ക്കാനാണ് ശ്രമിക്കുക. മാനസിക പ്രശ്നങ്ങളുള്ള ഒരു രോഗിയെ പരിചരിക്കുക എന്നത് ചലഞ്ചാണ്. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗമാണ് മാനസിക രോഗികളും അവരുടെ കുടുംബവും. അഗ്രസ്സീവ് ആയിട്ടുള്ള രോഗികളെ സാന്ത്വനിപ്പിക്കാൻ പോലും പലർക്കും പേടിയാണ്. അങ്ങനെയുള്ള വിഭാഗത്തെ പരിചരിക്കാൻ ആരെങ്കിലുമൊക്കെ വേണമല്ലോ. അങ്ങനെയാണ് ഈ മേഖല തന്നെ തിരഞ്ഞെടുത്തത്. 

വയോധികരുടെ പരിചരണവും സംരക്ഷണവും ആയിരുന്നു എന്റെ പിഎച്ച്ഡിയുടെ വിഷയം. ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ കഷ്ടപ്പാടും ദുരിതവും ചൂഷണവും അനുഭവിക്കുന്നവരാണ് മുതിർന്ന പൗരന്മാർ. ഇക്കാര്യത്തിൽ എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കുമോ എന്ന ചിന്തയുണ്ടായിരുന്നു. റിട്ടയർമെന്റ് കഴിഞ്ഞാൽ പൂർണ്ണമായും ഈ മേഖലയിലേക്ക് മാറാനാണ് താല്പര്യം. മാതാപിതാക്കളെ ഓൾഡ് ഏജ് ഹോമിൽ തള്ളുന്നതിനോട് എനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല. സ്വന്തം വീടുകളിൽ തന്നെ അവരെ പാർപ്പിച്ചുകൊണ്ട് സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. അതാണെന്റെ പിഎച്ച്ഡി പഠനത്തിൽ ഫോക്കസ് ചെയ്തത്. ഇതിനായി അപ്പൂപ്പനും അമ്മൂമ്മയും ചെറുമക്കളുമായി ദൃഢമായ ഒരു ബന്ധം ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. ഇതിലൂടെ ഊർജം കിട്ടുന്ന ഒരു ജീവിതരീതി ഉണ്ടാക്കിയെടുക്കാൻ സാധിക്കും.  

udhhnng5655

കുടുംബം 

കോട്ടയത്ത് ശ്രീകണ്ടമംഗലം എന്ന സ്ഥലത്ത് ഒരു സാധാരണ കർഷക കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ഭർത്താവ് എ​ൻ. സ​ഞ്ജീ​വ്, വിദ്യാഭ്യാ​സ വ​കു​പ്പി​ൽ​നി​ന്നു അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി വി​ര​മി​ച്ച ആളാണ്. മൂ​ത്ത​മ​ക​ൻ പ്ര​ഫു​ൽ ബി​ടെ​ക് ക​ഴി​ഞ്ഞ് എൻജിനീയറായി ജോലി ചെയ്യുന്നു. മ​ക​ൾ കൃ​ഷ്ണ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് എം​ബി​ബി​എ​സ് പൂ​ർ​ത്തി​യാ​ക്കി ഇപ്പോൾ പിജിയ്ക്ക് തയാറെടുത്തു കൊണ്ടിരിക്കുകയാണ്. 

Tags:
  • Inspirational Story