Monday 07 March 2022 04:02 PM IST : By സ്വന്തം ലേഖകൻ

‘നന്നായി ആഹാരം പാകം ചെയ്തില്ലെങ്കിൽ ഭാര്യയെ അടിക്കാം എന്ന് കരുതുന്നവരുമുണ്ട് പൊലീസിൽ’: ബി. സന്ധ്യ

women-parliament

കേരളത്തിലെ മുഴുവൻ പൊലീസുകാർക്കും ലിംഗാവബോധ പരിശീലനം നൽകണമെന്ന് അഗ്നിശമന സേന ഡിജിപി ബി.സന്ധ്യ.  ‘‘ നന്നായി ആഹാരം പാകം ചെയ്യാത്തതിനും കുട്ടികളെ നോക്കാത്തതിനും ഭാര്യയെ അടിക്കാമോ?’’ എന്നുള്ള ചോദ്യത്തിന് ഒരു പരിശീലന പരിപാടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള ചിലർ നൽകിയ മറുപടി അടിക്കാം എന്നായിരുന്നു. അത്രയ്ക്കാണു പൊലീസിലെ ലിംഗാവബോധമെന്നും സന്ധ്യ പറഞ്ഞു. 

ലിംഗാവബോധമുള്ള സേനാംഗങ്ങൾ ഉണ്ടെങ്കിലേ സ്ത്രീകൾക്കെതിരായ കേസുകളിൽ കൃത്യമായി നീതി നിർവഹിക്കാൻ കഴിയൂ. പോക്സോ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ ചെന്നാൽ കുട്ടിയുടെ ഭാവിയെ കരുതി ഉപദേശിച്ചു പരാതിക്കാരെ മടക്കി അയയ്ക്കുന്നവരും സർവീസിലുണ്ടെന്നു അഭിഭാഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സന്ധ്യ പറഞ്ഞു. വനിതാ ദിനത്തോടനുബന്ധിച്ചു ദേശീയ വനിതാ കമ്മിഷനും കേരള വനിതാ കമ്മിഷനും സംയുക്തമായ സംഘടിപ്പിച്ച വനിതാ പാർലമെന്റിൽ പ്രസംഗിക്കുകയായിരുന്നു. 

മുൻ എംപി സി.എസ്.സുജാത, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി.അനുപമ, ബഹിരാകാശ ശാസ്ത്രജ്ഞ ടെസി തോമസ്, ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസൽ എ.പാർവതി മേനോൻ, സംവിധായിക അഞ്ജലി മേനോൻ,  ഇന്ത്യൻ ഫുട്ബോൾ ടീം മുൻ അസി.കോച്ച് പി.വി.പ്രിയ, വനിത ബോക്സിങ് ചാംപ്യൻ കെ.സി.ലേഖ, കേരള ഭക്ഷ്യ സുരക്ഷാ കമ്മിഷൻ അംഗം അഡ്വ.പി.വസന്തം, മാധ്യമപ്രവർത്തക സോഫിയ ബിന്ദ്, കോർപറേഷൻ കൗൺസിലർ സി.രേഖ, സാഹിത്യകാരി ബി.എം.സുഹറ,  കോഴിക്കോട് ഡയറ്റ് ലക്ചറർ ഡോ കെ.എം സോഫിയ എന്നിവർ പ്രസംഗിച്ചു.  

വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി, കമ്മിഷൻ അംഗങ്ങളായ ഇ.എം.രാധ, ഷാഹിദാ കമാൽ, അഡ്വ.ഷിജി ശിവജി, അഡ്വ.എം.എസ് താര എന്നിവർ പാർലമെന്റിനു നേതൃത്വം നൽകി. വനിതാ ദിനാചരണം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ മേയർ ബീന ഫിലിപ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ , വനിതാ ശിശു വികസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ജില്ലാ ജ‍‍ഡ്ജിയും കെൽസ മെംബർ സെക്രട്ടറിയുമായ കെ.ടി.നിസാർ അഹമ്മദ്, കമ്മിഷൻ ഡയറക്ടർ   ഷാജി സു​ഗുണൻ, ജില്ലാ വനിതാ ശിശു വികസന ഓഫിസർ യു.അബ്ദുൽ ബാരി എന്നിവർ പ്രസംഗിച്ചു. വനിതാ കമ്മിഷന്റെ വിവിധ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു.

More