Monday 07 March 2022 12:39 PM IST : By സ്വന്തം ലേഖകൻ

‘എല്ലാവർക്കും അറിയേണ്ടത് എത്ര കമ്മീഷൻ കിട്ടുമെന്നായിരുന്നു’: 6 കോടിയിൽ കണ്ണുമഞ്ഞളിച്ചില്ല, 2 മണിക്കൂറിൽ ചന്ദ്രന്‍ കോടീശ്വരൻ

smija-womens-day

ആറു കോടി രൂപ...! അത്താഴപ്പട്ടിണിക്കാരന്റെയും അന്നന്നുള്ള ജീവിതം കടന്നു പോകാൻ പെടാപ്പാടു പെടുന്നവന്റേയും ഭാവനകളിലോ സ്വപ്നങ്ങളിലോ പോലും അത്രയും കാശ് കടന്നു വരാറില്ല. ആറു കോടി കൊണ്ട് എന്തൊക്കെ ചെയ്യാം എന്ന് മനക്കോട്ട കെട്ടുന്നവരുടെ നാട്ടിൽ സ്മിജയെന്ന ലോട്ടറിക്കാരി ചിന്തിക്കുന്നത്, അല്ലലില്ലാതെ അന്നന്ന് എങ്ങനെ കഴിഞ്ഞു കൂടാം എന്നായിരിക്കും.

പക്ഷേ ഒരിക്കൽ അതു സംഭവിച്ചു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഉച്ചവെയിലെന്നോ മഴക്കാറെന്നോ നോക്കാതെ ലോട്ടറിയുമായി തെരുവിലേക്കിറങ്ങുന്ന സ്മിജയുടെ ൈകകളിലൂടെ കോടിഭാഗ്യം കയറിയിറങ്ങി പോയി. കടമായി പറഞ്ഞു വച്ച ലോട്ടറിയുടെ രൂപത്തിൽ. ഒന്നും രണ്ടുമല്ല, ആറു കോടി രൂപ. ഒരു മനുഷ്യായുസിൽ ദൈവം നൽകുന്ന സകല സൗഭാഗ്യങ്ങളും കൂടി തുലാസിലെടുത്താലും അത്രയും വരും.

കാക്കനാട്ടെ ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന പ്രസിൽ ജോലിനോക്കി 450 രൂപ ദിവസക്കൂലിക്ക് ജീവിതം തള്ളിനീക്കുന്നവൾ. പരിമിതിയും പരാധീനക്കെട്ടുകളും മാത്രം ബാക്കിയുള്ള സ്മിജ–രാമേശ്വരൻ ദമ്പതികൾക്ക് തമ്പുരാൻ ഒടുവില്‌‍ കൊടുത്ത പരീക്ഷണം, മകന് പിടിപ്പെട്ട തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന രോഗം. അങ്ങനെ ഈ ഭൂമിയിൽ എങ്ങനെയൊക്കെയോ ജീവിച്ചു പോകുന്നവരായിരുന്നു അവർ.ജീവിതം ഇങ്ങനെയൊക്കെ ആണെന്നിരിക്കേയും ഒരിക്കൽ പോലും സ്മിജയുടെ കണ്ണുമഞ്ഞളിച്ചില്ല. ‘വാക്കല്ലേ മാറ്റാൻ പറ്റൂവെന്ന്’ നിസംഗമായി ചോദിക്കുന്നരുടെ മുന്നിൽ ‘വാക്കാണ് സത്യമെന്ന്’ പ്രവർത്തി കൊണ്ടു തെളിയിച്ചു സ്മിജ. കടമായി പറഞ്ഞുവച്ച ലോട്ടറിക്ക് ആറു കോടി രൂപയുടെ മതിപ്പുണ്ടായിട്ടും മനസു മാറാതെ കേരള ജനതയ്ക്കു മുന്നിൽ സത്യസന്ധതയുടെ ആൾരൂപമായി അവൾ... ലോക വനിത ദിനം പെണ്ണിന്റെ പോരാട്ടകഥ അടയാളപ്പെടുത്തുമ്പോൾ, വനിത ഓൺലൈൻ അഭിമാനത്തോടെ ഒരിക്കൽ കൂടി പരിചയപ്പെടുത്തുകയാണ് പൊള്ളില്ലാത്ത ആ സത്യസന്ധതയുടെ കഥ...

വാട്സാപ്പ് ലോട്ടറി

"എന്നെ സഹായിക്കേണ്ട കാര്യമില്ല. കാരണം പണിയെടുത്തു ജീവിക്കാനുള്ള ആരോഗ്യം എനിക്കും ഭർത്താവിനും ദൈവം തന്നിട്ടുണ്ട്. 2011- 12 മുതൽ ലോട്ടറി കച്ചവടം നടത്തുന്നതാണ്. നല്ല നമ്പറുകൾ നോക്കി ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കുന്ന രീതിയില്ല. എന്റെ കയ്യിൽ ടിക്കറ്റ് ഇരുന്നാൽ തന്നെ ഞാനത് ആർക്കെങ്കിലും കൊടുക്കും. ഒരു ടിക്കറ്റ് പോലും വിൽക്കാതെ ബാക്കിയാകരുത്. എങ്കിലേ ബിസിനസ് നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പറ്റൂ... മാറ്റിവച്ച ലോട്ടറിയ്ക്ക് ഒന്നാം സമ്മാനം ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. ആറു കോടി രൂപയാണല്ലോ എന്നൊന്നും ചിന്തിച്ചതേയില്ല.’– സ്മിജ പറയുന്നു.

ആലുവ–മൂന്നാർ റോഡിൽ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു സമീപം 2011 മുതലാണ് ഞാനും ഭർത്താവ് ഭർത്താവ് രാജേശ്വരനും ടിക്കറ്റ് വിൽപനയ്ക്കുള്ള തട്ട് ഇടുന്നത്. ലോട്ടറി നേരിട്ടു വിൽക്കുന്നതിനൊപ്പം അടുപ്പമുള്ളവർക്കും നാട്ടുകാർക്കും നൽകുന്നതിനായി ഒരു വാട്സാപ്പ് ഗ്രൂപ്പും ഉണ്ടാക്കി. മൂന്ന് വർഷം മുമ്പാണ് വാട്സാപ്പ് വഴി വിൽപന നടത്താൻ തുടങ്ങുന്നത്. ഓരോ ലോട്ടറിയും ഇറങ്ങുമ്പോൾ എന്റെ പക്കലുള്ള നമ്പറുകൾ വാട്സാപ്പിൽ ഇടും. ആവശ്യക്കാർ അതു നോക്കി ഇഷ്ടമുള്ള നമ്പർ തിരഞ്ഞെടുക്കും. അതാണ് രീതി. എസ്കെഎം ലോട്ടറീസ് എന്ന ഞങ്ങളുടെഗ്രൂപ്പിൽ ഇപ്പോൾ 213 അംഗങ്ങളുണ്ട്. ഇവരിൽ 12 പേർ തമിഴ്നാട്ടിലും കർണാടകയിലും താമസിക്കുന്ന മലയാളികളാണ്. വില ഗൂഗിൾ പേ ചെയ്താൽ മതി. ടിക്കറ്റിന്റെ ഫോട്ടോ അവർക്ക് അയയ്ക്കും. ഒറിജിനൽ ഞാൻ സൂക്ഷിക്കും. ചെറിയ സമ്മാനങ്ങൾ അടിക്കുന്നവർക്കു തുക ഗൂഗിൾ പേ ചെയ്യും.

ഭാഗ്യം ഓൺലൈനായി

സംസ്ഥാന സർക്കാർ ലോട്ടറിയുടെ സമ്മർ ബംപർ നറുക്കെടുപ്പിന്റെ വിൽപന തകൃതിയായി നടക്കുന്ന സമയം. വലിയ സമ്മാവത്തുകയുള്ള ടിക്കറ്റ് ആയതു കൊണ്ടു തന്നെ സാധാരണ ഉച്ചയാകുമ്പോഴേക്ക് കയ്യിലുള്ള ടിക്കറ്റുകൾ വിറ്റുതീരേണ്ടതാണ്. അന്ന് ഉച്ചയ്ക്ക് 12.50 ആയിട്ടും ടിക്കറ്റുകൾ തീർന്നിട്ടില്ല. . കയ്യിൽബാക്കിയായ 12 ടിക്കറ്റുകള്‍ വിറ്റുപോകാൻ പലരേയും വിളിച്ചു. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന പലരെയും വിളിച്ചു ടിക്കറ്റ് വേണോ എന്നും തിരക്കിയിരുന്നു. ആ 12 ടിക്കറ്റുകളിലൊന്നിൽ കോടി കിലുക്കം ഉണ്ടെന്ന സത്യം അപ്പോഴും ദൈവത്തിനു മാത്രം അറിയാവുന്ന സത്യം.

സാധാരണ അങ്ങനെ ടിക്കറ്റ് ബാക്കി വന്നാൽ ചെയ്യാറുള്ളതുപോലെ പലരെയും ഫേണിൽ‌ വിളിച്ചിരുന്നു. കീഴ്മാടിൽ ചെടിച്ചട്ടി കമ്പനി ജോലിക്കാരനായ .ചന്ദ്രൻ ചേട്ടനെയും വിളിച്ചു ടിക്കറ്റ് വേണോ എന്നു ചോദിച്ചു. കൈവശമുള്ള 12 ടിക്കറ്റുകളുടെ നമ്പറുകൾ ഒന്നൊന്നായി പറഞ്ഞപ്പോൾ അതിൽ നിന്ന് എസ്ഡി 316142 നമ്പർ ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കാൻ ചന്ദ്രൻ പറഞ്ഞു. ടിക്കറ്റ് വിലയായ 200 രൂപ പിറ്റേന്നു തരാമെന്നും പറഞ്ഞു.

സാധാരണ തിങ്കളാഴ്ചകളിൽ കമ്പനിയിൽ ചെല്ലുമ്പോഴാണ് കാണാറുള്ളത്. അന്ന് ടിക്കറ്റ് തീർത്ത് കളമശേരിയിൽ പോകണമായിരുന്നു. അവിടെ നിൽക്കുമ്പോഴാണ് ലോട്ടറി ഏജൻസിയിലെ ചേട്ടൻ വിളിച്ചിട്ട് ചേച്ചിക്കാണ് ഫസ്റ്റ് പ്രൈസ് എന്നു പറയുന്നത്.

ആദ്യം വിശ്വസിക്കാതെ കോള്‍ കട്ടു ചെയ്തു. വീണ്ടും വിളിച്ച് പറഞ്ഞപ്പോഴാണ് വിശ്വസിച്ചത്. വണ്ടിയിൽ നോക്കിയപ്പോൾ കയ്യിൽ ടിക്കറ്റുണ്ട്. എല്ലാം വിറ്റതായതിനാൽ ആരുടേതാണെന്നറിയാനാണ് വാട്സാപ് നോക്കിയത്. ചന്ദ്രൻ ചേട്ടൻ പറഞ്ഞ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.

ചേട്ടനെ വിളിച്ചു പറഞ്ഞപ്പോൾ ചേട്ടനത് വിശ്വസിച്ചില്ല. സത്യമാണോ സത്യമാണോ എന്ന് ആവർത്തിച്ചു ചോദിച്ചു. കളമശേരിയിൽനിന്നു തിരികെ വരുമ്പോൾ ചേട്ടന്റെ വീട്ടിലെത്തി ടിക്കറ്റ് കൊടുക്കുകയായിരുന്നു. അവിടെ ചെല്ലുമ്പോൾ എല്ലാവരും കരയുകയായിരുന്നു. ചേട്ടനും കണ്ണൊക്കെ നിറഞ്ഞാണു സംസാരിച്ചത്...’

വൈറലായി ലോട്ടറി കച്ചവടം  

സത്യസന്ധതയുടെ പേരിൽ നാട് അംഗീകരിക്കുന്നതിലും നല്ല വാക്ക് പറയുന്നതിലും സന്തോഷമുണ്ട്. പക്ഷേ ആ സമയങ്ങളിലൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രൈവസി മുഴുവൻ നഷ്ടപ്പെട്ടു എന്നതാണ് സത്യം.. ഞാനും ചേട്ടനും ടൂവീലറിൽ പോകുമ്പോൾ വിചിത്ര വസ്തുവിനെ പോലെയാണ് ഞങ്ങളെ നോക്കിയിരുന്നത്. ഞാൻ ചേട്ടനോട് പറഞ്ഞു ഞാൻ മിക്കവാറും ഇവിടന്ന് ഒളിച്ചോടി പോകുമെന്ന്. ഒരു ദിവസം നിരവധി കോളുകളും മെസേജുകളുമാണ് വരുന്നത്. നമ്പർ മാറ്റണം എന്നു വരെ ചിന്തിച്ചു.

ലോട്ടറി അടിച്ചതിനു പിന്നാലെ എല്ലാവർക്കും അറിയേണ്ടത് എനിക്കെത്ര കമ്മിഷൻ കിട്ടുമെന്നായിരുന്നു. വാർത്ത പുറത്തു വന്നപ്പോൾ മുതൽ ഫോൺ വിളികളുടെ ബഹളമായി. ലോട്ടറി അടിച്ചതോടെ പുതിയ കുറേ പേർ ലോട്ടറിയെടുക്കാനും വരുന്നുണ്ട്. എല്ലാവരും വന്ന് എന്നെക്കൂടി വാട്സാപ് ഗ്രൂപ്പിൽ ആഡ് ചെയ്യാമോ എന്നാണ് ചോദിക്കുന്നത്. ലോട്ടറി എന്തിനാണ് നീ കൊടുത്തേ എന്നു ചോദിച്ച ഒരുപാടു പേരുണ്ട്. ബന്ധുവായ ഒരു ചേട്ടൻ വിളിച്ചു ചെറുതായി വഴക്കും പറഞ്ഞു– ഇവിടെ ഇത്രയും സത്യസന്ധത പാടില്ലെന്നു പറഞ്ഞ്. അത് ആ ചേട്ടൻ വാങ്ങിയ ടിക്കറ്റായതുകൊണ്ടു കൊടുത്തു എന്നാണ് എല്ലാവരോടും പറഞ്ഞത്.അദ്ദേഹത്തിന് അവകാശപ്പെട്ടത് അദ്ദേഹത്തിനുതന്നെ കൊടുക്കണ്ടേ? പിന്നെ എനിക്ക് ആ ചേട്ടനോട് അങ്ങനെ ചെയ്യാൻ പറ്റില്ല. ഒരു പ്രാവശ്യം 120 ടിക്കറ്റ് ബാക്കി വന്നപ്പോൾ ആ ചേട്ടനും കൂടെയുള്ളവരും കൂടിയാണ് 50 ടിക്കറ്റെടുത്തത്. രണ്ടു പ്രാവശ്യം അങ്ങനെ എടുത്തിട്ടുണ്ട്. കഴിഞ്ഞ ബംപർ ടിക്കറ്റ് പത്തെണ്ണം എടുത്തിട്ടുണ്ട്. പെട്ടു നിൽക്കുന്ന സമയത്ത് സഹായിച്ചിട്ടുള്ള മനുഷ്യരാണ്. അപ്പോൾ അങ്ങനെ കാണിക്കരുതല്ലോ.

ടിക്കറ്റ് കൊടുത്തതിൽ ഇതുവരെ നഷ്ടബോധം തോന്നിയിട്ടില്ല. സമ്മാനം അടിച്ച ടിക്കറ്റ് കൊടുത്തതിന് ഭർത്താവ് രാജേശ്വരൻ ഒരിക്കൽപോലും കുറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹം കൂടി ഉള്ളപ്പോഴാണ് ചന്ദ്രൻ ചേട്ടനെ ലോട്ടറി അടിച്ച വിവരം വിളിച്ചു പറഞ്ഞത്. സംഭവം അറിഞ്ഞ് നിരവധിപ്പേർ അഭിനന്ദിക്കാനെത്തിയിരുന്നതായും സ്മിജ പറയുന്നു.

ലൈഫ് പദ്ധതിയിൽ പട്ടിമറ്റം വലമ്പൂരിൽ ലഭിച്ച വീട്ടിലാണു താമസം. ഇവരുടെ മൂത്ത മകൻ ജഗൻ (12) തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന രോഗത്തിനു ചികിത്സയിലാണ്. രണ്ടാമത്തെ മകൻ ലുഖൈദിനു (രണ്ടര) രക്താർബുദം വന്നു മാറി. പട്ടിമറ്റത്തെ ഒരു കടയിൽ നിന്നു ടിക്കറ്റ് എടുത്താണു സ്മിജ വിൽക്കുന്നത്.

------

നേരും നന്മയും ജീവിതത്തിന്റെ അടയാളമാക്കിയ വനിത രത്നങ്ങളുടെ കഥ നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ഞങ്ങൾക്ക് അയച്ചു തരൂ. ഹൃദയം തൊടുന്ന അനുഭവങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്നവ ഞങ്ങൾ പ്രസിദ്ധീകരിക്കും. vanithastories@gmail.com എന്ന ഈ മെയിൽ ഐഡിയിലേക്കോ 7356000575 എന്ന വാട്സാപ്പ് നമ്പറിലേക്കോ അയച്ചു തരാവുന്നതാണ്.