Thursday 03 March 2022 03:35 PM IST : By Dr. Sruthy.E J, MD(Ayurveda gynaecology)

‘ആർത്തവത്തെ സ്നേഹത്തോടെ ഒപ്പം കൂട്ടാം’; സ്ത്രീയിലെ ഋതുമാറ്റം മനസ്സിലാക്കി, ജീവിതചര്യകളിൽ മാറ്റം വരുത്തി രോഗത്തെ പ്രതിരോധിക്കാം

ayurvgyn

പ്രകൃതിയും സ്ത്രീയും ഒരുപോലെയാണ് എന്ന് പറയാറുണ്ട്. പ്രവചനാതീതം ആയി ഒഴുകുന്നവയാണ് രണ്ടും. ചൂടും തണുപ്പും, സൂര്യനും ചന്ദ്രനും, ഉഷ്ണവും ശൈത്യവും എല്ലാം പ്രകൃതിയിലെ ഇരട്ട ഭാവങ്ങളാണ്. സ്ത്രീകളിലും ഈ ഋതുമാറ്റം സംഭവിക്കുന്നുണ്ട്. ഓരോ ആർത്തവചക്രവും നമുക്ക് രണ്ട് ഋതുക്കളായ്‌ തിരിക്കാം. ആർത്തവം മുതൽ അണ്ഡോത്പാദനം (ovulation) വരെയുള്ള അദ്യ പകുതിയെ ശൈത്യകാലം ആയും അണ്ഡോത്പാദനം മുതൽ മുതൽ അടുത്ത ആർത്തവം വരെയുള്ള രണ്ടാം പകുതിയെ ഉഷ്ണകാലം ആയും  പരിഗണിക്കാം.

ആദ്യ പകുതിയിൽ കുറഞ്ഞിരിക്കുന്ന സ്ത്രൈണ ഹോർമോണുകളും ഈസ്ട്രജൻ ഹോർമോണിന്റെ ആധിപത്യവും ഇതിനെ സ്വാധീനിക്കുന്നു. അണ്ഡോത്പാദനത്തിന് ശേഷം പ്രൊജസ്ട്രോൺ ഹോർമോണിന്റെ ബാഹുല്യം ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ശരീരതാപം കൂട്ടുകയും ചെയ്യും. രണ്ടു പകുതിയിലും വളരെ വ്യത്യസ്തമായ രാസപ്രവർത്തനങ്ങൾ   തലച്ചോറിൽ  നടക്കുന്നുണ്ട്. അത് അവളുടെ ചിന്തകളെയും ഊർജസ്വലതയെയും സ്വഭാവത്തെയും ശരീരപ്രവർത്തനങ്ങളെയും  വ്യത്യാസപ്പെടുത്തുന്നു. ഇത് കൃത്യമായി മനസ്സിലാക്കി ജീവിതചര്യകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പലതരം സ്ത്രീ രോഗങ്ങളെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും.

ഭക്ഷണം 

. ആദ്യപകുതിയിൽ എളുപ്പം ദഹിക്കുന്ന ചൂടുള്ള ഭക്ഷണം കഴിക്കണം. ഇഞ്ചി, മഞ്ഞൾ,മസാലകൾ ഇവ ആരോഗ്യകരമായി ഉൾപ്പെടുത്തണം. പുളിപ്പിച്ച ഭക്ഷണപദാർത്ഥങ്ങൾ, മോര്, ഉഴുന്ന്, എള്ള് ഇവയെല്ലാം ഉൾപ്പെടുത്തുന്നത് അണ്ഡോത്പാദനത്തെ സഹായിക്കും.

. രണ്ടാം പകുതിയിൽ എരുവ്‌, പുളി കുറഞ്ഞ ആഹാരങ്ങൾ ഉപയോഗിക്കുക. മധുരം  മിതമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മധുരമുള്ള പഴങ്ങൾ പാൽ നെയ്യ് ഇവ ഉപയോഗിക്കണം. 

. മാനസിക അവസ്ഥയിലും ഈ വ്യത്യാസം പ്രകടമാണ്. ആദ്യ പകുതി കൂടുതൽ ഊർജസ്വലവും സർഗ്ഗാത്മകവും ആയിരിക്കും. പുറംലോകവുമായി സംവദിക്കാനും മറ്റു വ്യക്തികളുമായി ഇടപെടാനും കഴിവ് വർദ്ധിക്കും.

. രണ്ടാം പകുതിയിൽ സ്വയം ശ്രദ്ധിക്കാനും സ്വന്തം ജീവിതാവസ്ഥകളെ പറ്റി കൂടുതൽ ആലോചിക്കാനും ഉള്ള പ്രവണത കൂടും. സമൂഹത്തോടുള്ള ഇടപെടൽ കുറയും. സ്വയം ശരീരത്തെയും മനസ്സിനെയും പരിഗണിക്കാനുള്ള  സമയമാണിത്.

. കൃത്യമായ ആർത്തവം ഇല്ലാത്തവരിൽ ആർത്തവത്തിന്റെ ഈ മെച്ചങ്ങൾ ലഭിക്കാതെ വരുന്നു. ഓരോ ഋതു കടന്നു പോകുമ്പോഴും ഓരോ സ്ത്രീയും കൂടുതൽ മെച്ചപ്പെട്ടു കൊണ്ടേയിരിക്കുന്നു. പലപ്പോഴും ആരും ഇത് തിരിച്ചറിയാറില്ല എന്നുള്ളതാണ് വസ്തുത.

. ആർത്തവം ഒരു സ്ത്രീയുടെ ഏറ്റവും അടിസ്ഥാനപരമായ ജൈവ താളം തന്നെയാണ്. ആർത്തവത്തെ നാം സ്നേഹത്തോടെ ഒപ്പം കൂട്ടേണ്ട ഒന്നുതന്നെയാണ്. ഒരിക്കലും അകറ്റി നിർത്തേണ്ട ഒന്നല്ല. 

ആർത്തവത്തെ കൂടുതൽ മനസ്സിലാക്കുവാനും  സ്വന്തം ജീവിതത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനും സ്ത്രീകൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ

. ആർത്തവ സമയത്ത് മനസ്സ് ശാന്തമായി ഇരിക്കാൻ ശീലിക്കുക.

. ഓരോ ദിവസവും  ഊർജ്ജസ്വലതയിൽ വരുന്ന വ്യത്യാസങ്ങൾ തിരിച്ചറിയുക.

. ദിവസവും ഇഷ്ടപെട്ട ഒരു കാര്യം ചെയ്യാൻ അര മണിക്കൂർ മാറ്റിവെക്കുക.

. ദിവസവും 15 മിനിറ്റ് ശ്വാസത്തിൽ ശ്രദ്ധിച്ച് ശാന്തമായി ഇരിക്കാൻ ശീലിക്കുക.

. മടുപ്പിക്കുന്ന ജോലികളും രസകരം ആയി ചെയ്യാൻ വഴി കണ്ടുപിടിക്കുക.

. ഇഷ്ടപെട്ട രീതിയിൽ ഒരുങ്ങുക.

. സ്വന്തം ശരീരത്തെ സ്നേഹത്തോടെ സ്പർശിക്കുക.

. ജീവിതം ലളിതമായി തിരക്ക് കൂട്ടാതെ ജീവിക്കാൻ പഠിക്കുക. 

ഇതെല്ലാം ആർത്തവം ആരോഗ്യകരമാക്കാൻ സഹായിക്കും. കൃത്യവും സുഖകരവുമായ ആർത്തവം ജീവിതത്തിന്റെ എല്ലാ വശങ്ങളും സുന്ദരമാക്കാൻ സ്ത്രീയെ സഹായിക്കുമെന്ന് ഉറപ്പാണ്.

കടപ്പാട് : Dr. Sruthy.E J, MD(Ayurveda gynaecology), Fathima Ayurveda Gynaecology Center. Wayanad. Ph:9400605064.