Friday 08 March 2019 05:11 PM IST

പെൺമയ്ക്കു ജീവൻ നൽകിയവൾ; പത്മശ്രീ നേടിയ ആദ്യ ട്രാൻസ്ജെൻഡർ നർത്തകി പറയന്നു,ആൺവേഷം ഉരിഞ്ഞു പെണ്ണായി മാറിയ കഥ

Tency Jacob

Sub Editor

padmashri

മിനീ മണീ സഖീ...’’

സ്വാതിതിരുനാൾ പദം. ചിലങ്കകളുടെ താളവും കാതലനെ തേടുന്ന നായികാ ഭാവവും. ഭ്രമിപ്പിക്കുന്നൊരു ഭൂമികയിൽ ദൈവങ്ങൾക്കും എനിക്കും വേണ്ടി ചുവടുകളിൽ മുദ്രകളുതിർക്കുമ്പോഴാണ് സദസ്യരിൽ നിന്ന് സന്തോഷത്തിന്റെ മർമരങ്ങളുതിരുന്നത് കണ്ടത്. എന്താണ് കാരണമെന്ന് എനിക്ക് മനസ്സിലായില്ല.’’പത്മശ്രീ നേടിയ ആദ്യ ട്രാൻസ്ജെൻഡറായ നർത്തകി നടരാജ് കേരളത്തെക്കുറിച്ചാണ് പറഞ്ഞു തുടങ്ങിയത്.

‘‘തിരുവനന്തപുരം നിശാഗന്ധി ഡാൻസ് ഫെസ്റ്റിവലിൽ ന‍ൃത്തം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പത്മശ്രീ പുരസ്കാരമുണ്ടെന്ന വാർത്ത വന്നത്. അതിന്റെ മർമരമായിരുന്നു സദസ്സിൽ. നൃത്തം തീർന്നതും സദസ്സൊന്നടങ്കം എഴുന്നേറ്റ് കൈയടിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. അപ്പോഴാണ് ഞാൻ ആ സന്തോഷം അറിയുന്നത്. 2011ൽ സംഗീത നാടക അക്കാദമി അവാർഡ് ലഭിക്കുമ്പോഴും ഞാൻ കേരളത്തിൽ സൂര്യ ഫെസ്റ്റിവലിൽ നൃത്തം ചെയ്യുകയായിരുന്നു. ഈ അനുഗ്രഹ നിമിഷങ്ങൾകൊണ്ട് കേരളം എനിക്ക് ദൈവത്തിന്റെ സ്വന്തം നാടു തന്നെയാണ്. ഒടുവിൽ എന്റെ കണ്ണീർ തുള്ളികളെല്ലാം സ്ഫടികമായി തീർന്നിരിക്കുന്നു.

അധ്യായം ഒന്ന് നെറയെ കനവുകളിരുന്ത കാലം

വീടിനുള്ളിലും പുറത്തുമായി സ്നേഹവും പച്ചപ്പും ഉച്ചവെയിൽ പോൽ തിളങ്ങിയിരുന്ന കാലം. മധുരയിലെ ഒരു ഗ്രാമത്തിലായിരുന്നു വീട്. കൃഷിയും വ്യവസായവുമായി ഒരു സമ്പന്ന കുടുംബം. ഞങ്ങൾ പത്തു മക്കളാണ്. അഞ്ചാമത്തെ ആളായ എനിക്ക് നടരാജൻ എന്നായിരുന്നു പേര്. ഓർമ വയ്ക്കുമ്പോഴേ മൂത്ത അക്കായുടെ കല്യാണം കഴിഞ്ഞിരുന്നു. അവരുടെ മക്കളും സഹോദരങ്ങളുമായി കളിച്ചും ലാളനയേറ്റും വളർന്നു.

വലുതായി വരുന്തോറും മനസ്സിന്റെ ഉണർവ് കെട്ടു വന്നു. ‘ഇതല്ല ഞാൻ, എനിക്കെന്തോ വ്യത്യാസമുണ്ട്’ എന്നൊരു തോന്നൽ. ‘അത് വലുതാകുമ്പോൾ മാറിക്കോളും’ എന്ന് അമ്മയുടെ സമാധാനിപ്പിക്കൽ, അച്ഛന്റെയും ജ്യേഷ്ഠന്റെയും അടുത്തു നിന്ന് കർശന വിലക്കുകളും അടികളും. എന്തു ചെയ്യണമെന്നറിയാതെ ആ കുട്ടി ഉഴറി നിന്നു.

ആൺകുട്ടികളെക്കാൾ പെൺകുട്ടികളോട് കൂട്ടു കൂടുന്നതായിരുന്നു ഇഷ്ടം. അവരുടെ കൂടെയായിരിക്കുമ്പോഴായിരുന്നു സന്തോഷം തോന്നിയിരുന്നത്. വീട്ടുകാർ എന്റെ എല്ലാ പ്രവൃത്തികളോടും കോപിച്ചു.

p3

രണ്ടര വയസ്സുള്ളപ്പോഴാണ്, വീടിനടുത്തുള്ള കോവിലിലെ ഉത്സവത്തിനോടനുബന്ധിച്ചു നൃത്ത സന്ധ്യ ഉണ്ടായിരുന്നു. രാത്രിയിൽ നിറയെ വെളിച്ചത്തോടൊപ്പം മുൻനിരയിലിരുന്നാണ് അത് കാണുന്നത്. നടരാജ നൃത്തം കണ്ടപ്പോൾ എന്തോ ഒരു സന്തോഷം. ഓരോ നൃത്തചുവടും എന്നിൽ ഉണർവ് വരുത്തുകയായിരുന്നു. അന്നു തുടങ്ങി നൃത്തം ചെയ്താണ് നടപ്പ്. വീട്ടിൽ നിന്ന് കിട്ടിയ അടികൾക്ക് അവസാനമില്ലായിരുന്നു. എങ്കിലും ഓരോ ചുവടിലും പെൺമൈ താളം കൊളുത്തി ഞാ ൻ നടന്നു. എനിക്ക് അങ്ങനെയാകാതെ പറ്റില്ലായിരുന്നു.

അന്ന് എന്നെ കാണാൻ നല്ല അഴകായിരുന്നു. അധ്യാപകരെല്ലാം കവിളിൽ പിച്ചിക്കൊണ്ട് പറയും ‘ വെണ്ണക്കട്ടി പോലെയിരുക്ക്’. പക്ഷേ, വീട്ടിൽ ഞാൻ അപശകുനമായിത്തുടങ്ങി. ഒരിക്കൽ വലിയൊരു ശണ്ഠയ്ക്കു ശേഷം ജ്യേഷ്ഠൻ ഉരുവിട്ടു. ‘ഇന്നു തന്നെ നീ വീട് വിട്ട് പോണം’ എവിടെ പോകാനാണ്. പന്ത്രണ്ടു വയസ്സുകാരൻ അമ്പരന്നു. അമ്മയ്ക്കും അക്കയ്ക്കും എന്നോട് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. ‍ഞാൻ ഇറങ്ങാൻ തീരുമാനിച്ചു. അടിയും ശാപവും അത്രയ്ക്ക് മടുപ്പിച്ചിരുന്നു. പോകും മുൻപ് ആരോടാണ് പറയാനുള്ളത്? എന്‍ ഉയിർ തോഴി ശക്തിയോടല്ലാതെ... അർധരാത്രിയിൽ അ വരുടെ ജനാലയിൽ ഞാൻ തട്ടി വിളിച്ചു.

അധ്യായം രണ്ട് കടവുൾ ഒരു സ്നേഹിതീൻ ഉരുവത്തിൽ

ഞാനും എന്റെ തോഴി ശക്തിമായും ഒരേ ഗ്രാമക്കാരായിരുന്നു. പേരെടുത്ത ജൗളിക്കട വ്യവസായിയായിരുന്നു ശക്തി ഭാസ്ക്കരന്റെ അച്ഛൻ. എന്നേക്കാൾ ഒരു വയസ്സിന് മൂത്തതായിരുന്നു ശക്തി. സ്കൂളിൽ ഞാൻ ആരോടും കൂട്ടുകൂടാതെ ഒരിടത്ത് മാറിയിരിക്കുന്നതു കണ്ടാണ് ശക്തി എന്റെയടുത്തു വരുന്നത്. കൂട്ട് കൂടിയപ്പോഴാണ് അവനും എന്റെ ഇഷ്ടങ്ങൾ തന്നെയാണെന്ന് തിരിച്ചറിയുന്നത്.

എന്റെ വീട്ടിലേതു പോലെയായിരുന്നില്ല, വീട്ടിലെ ഇളയകുട്ടിയായതുകൊണ്ട് ശക്തി വളരെ ഓമനിക്കപ്പെട്ടിരുന്നു. അ ക്കാലത്ത് ഞങ്ങൾ ഒരുമിച്ചാണ് കോവിലിൽ പോവുന്നതും നൃത്തം കാണാൻ പോവുന്നതുമെല്ലാം. ഗ്രാമത്തിലുള്ള മീനാക്ഷി തിയറ്ററിൽ നിന്ന് വീട്ടിലേക്കു വരാൻ പല വഴികളുണ്ടായിരുന്നു. അതിലൊരു നാട്ടു വഴി പ്രേതബാധയുള്ളതാണെന്നാണ് സങ്കൽപം. പാതിരാത്രിയിൽ സിനിമ കണ്ട് വരുമ്പോൾ വിജനമായ ആ വഴിയാണ് തിരഞ്ഞെടുക്കുക. അതായിരുന്നു ഞങ്ങളുടെ ആദ്യ സ്േറ്റജ്. അന്നു കണ്ട സിനിമയിലെ നായികമാർ ആടിയ നൃത്തചുവടുകൾ മുഴുവൻ ഞങ്ങൾ അവിടെ ആടി തീർക്കും. മണിക്കൂറുകളോളം നൃത്തം ചവിട്ടി കഴിയുമ്പോൾ അനിർവചനീയമൊരു ആനന്ദം ഹൃദയത്തിൽ പ്രകാശിക്കും.

വീട്ടിൽ നിന്നിറങ്ങാൻ പറഞ്ഞ ദിവസം, രാത്രിയിൽ ഞാൻ ശക്തിയെ തേടി ചെന്നു. എന്നെക്കണ്ട് പുറത്തിറങ്ങി വന്ന ശ ക്തിയോട് ഞാൻ ആംഗ്യഭാഷയിൽ വീടു വിട്ടു പോവുകയാണെന്നറിയിച്ചു. ‘എവിടേക്ക്?’ ‘ അറിയില്ല.’ ഞാൻ നിസ്സഹായയായി പറഞ്ഞു. ‘നിൽക്കൂ’ ശക്തി കൈകൊണ്ട് ആംഗ്യം കാണിച്ചു. വീടിന്നകത്തേക്കു പോയി കുറച്ചു നിമിഷങ്ങൾക്കകം തിരിച്ചു വന്നു. എന്റെ വലതു കൈയിൽ കോർത്തു പിടിച്ചിട്ടു പറഞ്ഞു. ‘പോകാം’. അന്ന് കോർത്തു പിടിച്ച കൈ അവൾ ഇതുവരെ വിട്ടിട്ടില്ല. ഇതുപോലൊരു തോഴിയെ കിട്ടിയതാണ് എന്റെ ഉയിർ.‌

p-1

ഞങ്ങളോട് സ്നേഹമുള്ള കൂട്ടുകാരുടെയും നൃത്തം പഠിപ്പിക്കാൻ വിളിക്കുന്നവരുടെയും വീടുകളിലായിരുന്നു പിന്നെ താമസം. നൃത്തം അവതരിപ്പിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കിയില്ല. അതിൽ നിന്നു കിട്ടുന്ന പണം കൊണ്ട് പ്ലസ്ടു വരെ പഠിച്ചു. ശക്തിക്ക് ഫസ്റ്റ് റാങ്കുണ്ടായിരുന്നു. കോളജിൽ പോകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് സങ്കടത്തോടെ ആ ശ്രമം ഉപേക്ഷിച്ചു. എനിക്ക് പഠിക്കാൻ അധികം താൽപര്യമില്ലായിരുന്നു. പക്ഷേ, ഇന്ന് നൃത്തം എനിക്ക് ഡോക്ടറേറ്റും പല കോളജുകളിലെ വിസിറ്റിങ് പ്രഫസർ സ്ഥാനവും കൊണ്ടുവന്നു.

പിന്നീട് ആ ദേശത്തു നിന്ന് ഞങ്ങളെ പോലെ പെണ്ണാകാൻ ആഗ്രഹിക്കുന്ന ട്രാൻസ്ജെൻഡേഴ്സിന്റെ കൂട്ടത്തിൽ എത്തി. ആൺവേഷം ഉരിഞ്ഞു കളഞ്ഞ് പെണ്ണായി മാറി. അവൾ എനിക്ക് ശക്തി മാ ആയി. ഇപ്പോളെന്റെ നൃത്തഗുരുവും ശക്തിയാണ്. അവളുടെ ത്യാഗമാണ് എന്റെ ജീവിതം. ശക്തിക്കാണ് ഈ പുരസ്കാരം ഞാൻ സമർപ്പിക്കുന്നത്. പിന്നീടാണ് എന്റെ ഗുരു കിട്ടപ്പപിള്ളയെ ഞാൻ ഓർക്കുന്നത്.

അധ്യായം മൂന്ന് കൂത്ത പെരുമാൾ

സിനിമയും മറ്റുള്ളവരുടെ ഡാൻസും കണ്ടാണ് ഞങ്ങൾ ചുവ ടുകൾ പഠിക്കുന്നത്.കോവിലിൽ നൃത്തം അവതരിപ്പിക്കാൻ ചെല്ലുമ്പോഴെല്ലാം ആദ്യം ചോദിക്കുന്നത് ‘ ഈ ചിട്ട ആരു പഠിപ്പിച്ചു തന്നതാണ്. നിങ്ങളുടെ ഗുരു ആരാണ്?’ ഞങ്ങൾ രണ്ടും മുഖത്തോടു മുഖം നോക്കും. പിന്നീട് കണ്ടുമുട്ടിയ പല ഡാൻസേഴ്സും ഇതേ ചോദ്യം ചോദിച്ചു. അപ്പോഴാണ് ഒരു ഗുരുവിന്റെ ആവശ്യം ഞങ്ങൾക്കു തോന്നുന്നത്. അന്വേഷിച്ചപ്പോൾ വൈജയന്തിമാല, ഹേമമാലിനി തുടങ്ങിയവരുടെയെല്ലാം ഗുരു കിട്ടപ്പാപിള്ള ആണെന്നറിഞ്ഞു. അവരെ പോലെ പെരിയ നർത്തകി ആകണമെന്നാണ് അന്നത്തെ ആഗ്രഹം. തഞ്ചാവൂരായിരുന്നു അദ്ദേഹത്തിന്റെ സ്ഥലം. ഗുരുവിന്റെ വീട് കണ്ടു പിടിച്ചു അവിടേക്ക് ചെന്നു.

എന്തിനു വന്നിരിക്കുന്നുവെന്ന ചോദ്യത്തിന് ‘‘ഞങ്ങളെ അറിയില്ലേ? പ്രശസ്ത നർത്തകിമാരാണ്, നൃത്തമെല്ലാം അറിയാം. ആളുകൾ ചോദിക്കുമ്പോൾ ഞങ്ങൾക്കു പറയാൻ ഒരു ഗുരുവിനെ വേ ണം. നീങ്കളുടെ പേര് പറയട്ടെ.’’ അദ്ദേഹം മഹാമനുഷ്യൻ, ഞങ്ങളുടെ മണ്ടത്തരം കേട്ട് ഒന്നും പറഞ്ഞില്ല. പോയിട്ടു പിന്നെ വരാൻ പറഞ്ഞു.

ഒരു വർഷത്തോളം അദ്ദേഹത്തിന്റെ പരിപാടികൾ നടക്കുന്നിടത്തെല്ലാം ഞ ങ്ങൾ പോയി. ഞങ്ങളുടെ ആഗ്രഹം ദൃഢ മാണെന്നുറപ്പാക്കിയശേഷമാണ് അദ്ദേഹം ഞങ്ങളെ ശിഷ്യരാക്കുന്നത്. ഗുരുകുല വിദ്യാഭ്യാസമായിരുന്നു അവിടെ നടപ്പിലുണ്ടായിരുന്നത്. പതിനഞ്ചു വർഷമാണ് അദ്ദേഹത്തിനു കീഴിൽ നൃത്തം പഠിച്ചത്.അക്കാലത്ത് ട്രാൻസ്ജെൻഡേഴ്സ് നൃത്തം പഠിക്കുന്നതൊന്നും കേട്ടു കേൾവി പോലുമുണ്ടായിരുന്നില്ല. എന്നിട്ടും ഭരതനാട്യത്തിൽ കുലഗുരുവായ അദ്ദേഹം ഞങ്ങളെ ശിഷ്യരാക്കി. പാരമ്പര്യ ചിട്ടയായ നായകീ ഭാവമാണ് അദ്ദേഹം പഠിപ്പിച്ചത്. ആത്മാവിനോളം ചെന്നെത്തുന്ന ഭക്തിഭാവമാണത്.

സിദ്ധ പുരുഷനായിരുന്നു അദ്ദേഹം. ഞാൻ നൃത്തത്തിലൂടെ അറിയപ്പെടുമെന്ന് തന്റെ ഉൾക്കണ്ണിലൂടെ ഗുരുവിനു മനസ്സിലായിരിക്കണം. പത്മശ്രീ തേടി വന്നപ്പോൾ ആദ്യം വന്ന ചിന്ത അതായിരുന്നു. മറ്റു ശിഷ്യരായ വൈജയന്തിമാലക്കോ ഹേമമാലിനിക്കോ കഴിയാത്ത വിധം ഗുരുവിന്റെ പേര് ഉയർത്താൻ എനിക്കു കഴിഞ്ഞതു ഗുരു കടാക്ഷം തന്നെയാണ്.

ഒരു സ്േറ്റജിലെ നൃത്തം കഴിഞ്ഞിറങ്ങുമ്പോഴാണ് അനുഗ്രഹം പോലെ ‘നർത്തകി’ എന്ന പേര് ഗുരു എന്നെ വിളിക്കുന്നത്. അതുവരെ ഞാൻ ‘തിരുണങ്കൈ നർത്തകി’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ‘തിരുണങ്കൈ’ എന്നാൽ ട്രാൻസ് ജെൻഡേഴ്സ്. അന്നുമുതലാണ് ഞാൻ നർത്തകി നടരാജായത്. മദ്രാസിലേക്ക് വന്നപ്പോൾ കഷ്ടപ്പാടായിരുന്നു. എന്നിട്ടും നൃത്തം ചെയ്ത് സമ്പാദിക്കണമെന്ന് തോന്നിയില്ല. എന്റെ പെൺമൈ അറിയിക്കാൻ ഒരിടം. അതായിരുന്നു എനിക്ക് നാട്യം.

അധ്യായം നാല് ശ്രീ രാജരാജേശ്വരീ...

നൃത്തത്തിൽ വാത്സല്യഭാവവും നായകീഭാവവുമാണ് എനിക്കേറ്റവുമിഷ്ടം. വാത്സല്യഭാവം ചെയ്യുമ്പോൾ വയറിൽ നിന്നൊരു പെരുപെരുപ്പ് വരും. ജീവിതത്തിൽ അമ്മയാകാൻ ക ഴിയാത്തതുകൊണ്ട് നെഞ്ചിലെ താരാട്ടെല്ലാം നൃത്തത്തിൽ ലയിപ്പിക്കും. ആ സമയത്ത് ഞാനൊരു അമ്മയാണ്. നായകീ ഭാ വം ചെയ്യുമ്പോൾ എന്റെ സങ്കൽപ നായകൻ എന്നോടൊപ്പം സ്േറ്റജിലുണ്ട്. അവനോടാണ് എന്റെ കാതൽ, കനവ്, വിരഹം എ ല്ലാം ചൊല്ലുന്നത്. ആ സമയം നെഞ്ചിനകം പ്രേമം കൊണ്ട് നിറയും. ഞാനൊരു രാധയായി നൃത്തമാടും. പലപ്പോഴും എന്റെ നൃത്തം കഴിയുമ്പോൾ കാണികൾ കണ്ണീർ തുടക്കുന്നത് കണ്ടിട്ടുണ്ട്. ഭക്തിയിൽ ലയിക്കുന്നതുകൊണ്ടാണത്.

ഭരതനാട്യത്തിൽ നായകീ ഭാവത്തിന് കൂടുതൽ പ്രാധാന്യമുള്ളതുകൊണ്ടാണ് ഞാനത് തിരഞ്ഞെടുത്തത്. ഈ ലോകത്തിലെ എല്ലാ ജീവനും സ്ത്രീയാണ്. ആണ്, പെണ്ണ്, മരം, ചെടി, പക്ഷി എല്ലാം സ്ത്രീ ഭാവമുള്ളവയാണ്. എല്ലാത്തിനും മുകളിലുള്ള ദൈവം മാത്രമാണ് പുരുഷൻ. എല്ലാ ഭക്ത കവിതകളി ലും ഇതുതന്നെയാണ് പറയുന്നത്. പക്ഷേ, എല്ലാവരും അർദ്ധനാരീശ്വരനെ കുമ്പിടുകയും ഞങ്ങളെ അകറ്റി നിറുത്തുകയും ചെയ്യുന്നു.

ശരിക്കു പറഞ്ഞാൽ ഞങ്ങൾ പെണ്ണുങ്ങളെക്കാൾ ഉയർന്നവരാണ്. അവരെല്ലാം പെണ്ണായി ജനിച്ച് പെണ്ണായി ജീവിക്കുന്നു. ഞങ്ങൾ ആണായി ജനിച്ച് പെൺമയ്ക്കു വേണ്ടി ജീവൻ കൊടുക്കാൻ തയാറാകുന്നു. പെണ്ണാകാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് മയക്കത്തിൽ നിന്നു പെണ്ണായല്ല ഉണരുന്നതെങ്കിൽ കുഴിച്ചു മൂടാനാണ് ഞങ്ങൾ പറയുന്നത്. സ്ത്രീത്വത്തിനുവേണ്ടി ജീവൻ കളയാൻ വേറെയാരെങ്കിലും തയാറാകുമോ?

p2

അധ്യായം അഞ്ച് ഒളിമയമാന ജ്ഞാപകങ്കൾ

ചെറുപ്പത്തിലേ എനിക്ക് നടരാജ വിഗ്രഹം കാണുമ്പോൾ സ ന്തോഷം തോന്നുമായിരുന്നു. അത് നോക്കി നിൽക്കുന്നതാണെന്നെക്കുറിച്ചുള്ള ആദ്യ ഓർമ. സിലോൺ റേഡിയോയിൽ ഉച്ചതിരിഞ്ഞ് മൂന്നുമണി മുതൽ അരമണിക്കൂർ ഭരതനാട്യ സംഗീതം വരും. അതു കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഞാനാ താളത്തിനനുസരിച്ച് നൃത്തം ചെയ്യാൻ തുടങ്ങും. ‘‘അലൈ കൊഞ്ചും ചിലങ്കൈ വിളി കേട്ട് നെഞ്ചിൽ....’’എന്റെ അമ്മ എപ്പോഴും മല്ലിപ്പൂ ചൂടിയിട്ടാണ് നടക്കുന്നത്. അതിന്റെ വാസന ഒരിക്കലും മറക്കാനാകില്ല.

ഇപ്പോൾ എന്റെ വീട്ടിലെല്ലാവർക്കും സന്തോഷം. അക്കായുടെ മക്കളും പേരക്കുട്ടികളും ‘‘വല്യമ്മാ, നീങ്കൾ താൻ നാങ്കൾക്ക് അഭിമാനം’’ എന്നു പറഞ്ഞ് വീട്ടിലേക്കു ക്ഷണിക്കുന്നു. എന്തിന് വീടു വിട്ടുപോയെന്നു ചോദിക്കുന്നു. ഇതെല്ലാം കാണുമ്പോൾ എനിക്കും സന്തോഷം തന്നെ. എന്നാലും വേദന നിറഞ്ഞ ആ കാലം എന്നിൽ നിന്നു മാഞ്ഞു പോകുന്നേയില്ല. ഉള്ളിലെ ഉണർവിന് എന്തു ചെയ്യേണ്ടൂ എന്നറിയാതെ പരിഭ്രമിച്ചിരുന്നൊരു ആൺകുട്ടിയെ ഞാൻ മറക്കുന്നതെങ്ങനെ? അവന്റെ പെൺമയെ തള്ളി പറയുകയും കളിയാക്കുകയും ചെയ്തിരുന്നവരെ മറക്കുവതെങ്ങനെ? ആരോടും പരാതിയില്ല. ജ്യേഷ്ഠൻ മരിക്കുന്നതിനു മുൻപ് കാണാൻ ചെന്നിരുന്നു. അടുത്തുള്ള മേശയിൽ എന്നെക്കുറിച്ച് എഴുതിയ പത്രം കിടപ്പുണ്ടായിരുന്നു. ജ്യേഷഠൻ അറിഞ്ഞിരുന്നു എല്ലാം.

ദുഖകരമായ പല അനുഭവങ്ങളുണ്ടായിട്ടുണ്ട്. പ്രോഗ്രാമിനു ചെല്ലുമ്പോൾ അപമാനിക്കുന്ന തരത്തിലുള്ള നോട്ടങ്ങളും വായ്ത്താരികളും കേട്ടിട്ടുണ്ട്. അവയൊന്നും ഓർക്കാനിഷ്ടപ്പെടുന്നില്ല.ഒരിക്കൽ ശ്രീഹള്ളി പുത്തൂർ കോവിലിൽ ആടിയിട്ട് ബാക്ക് സ്േറ്റജിൽ വന്നപ്പോൾ അഭിനന്ദിക്കാൻ ഒരു സ്ത്രീ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവർ കണ്ണീരോടെ പറഞ്ഞു. ‘‘ ഞാൻ എന്റെ രാധയെയും കൃഷ്ണനെയും കണ്ടു.’’ അവർ എന്റെ കയ്യിലേക്ക് പത്തു രൂപ വെച്ചു തന്നു. ഞാനിന്നും അതു സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഒരനുഗ്രഹം പോലെ. ഇങ്ങനെ എത്രയോ പേരുടെ അനുഗ്രഹമാണ് എന്റെ ജീവിതം.

ഫോട്ടോ: ബേസിൽ പൗലോ