Monday 13 June 2022 02:05 PM IST

‘വന്ധ്യതാ ചികിത്സയിലായിരുന്ന പല സ്ത്രീകളും ഗർഭിണികളായി’: കോവിഡ് കാലത്ത് സംഭവിച്ച വലിയ അത്ഭുതം

V R Jyothish

Chief Sub Editor

covid-time-infertile-changes

ക്യാപ്റ്റൻ ഫെർമിന ഡാസയെ നോക്കി. അവളുടെ ഇമപ്പീലികളിൽ ഹേമന്ത തുഷാരത്തിന്റെ ആദ്യ സ്ഫുരണങ്ങൾ അയാൾ കണ്ടു. എന്നിട്ട് ഫ്ലോറന്റിനൊ അരിസയെയും അയാളുടെ ഭയരഹിതമായ പ്രണയത്തെയും അയാൾ നോക്കി കണ്ടു. അപ്പോൾ മരണത്തേക്കാളുപരി ജീവിതമാണ് സീമാതീതമെന്ന വൈകിയുദിച്ച സംശയത്താൽ അയാൾ കീഴടക്കപ്പെട്ടു.

( ഗബ്രിയേൽ ഗാർസിയ മാർക്കേസ് -

കോളറ കാലത്തെ പ്രണയം )

പ്രണയം അങ്ങനെയാണ് ; മാർക്കേസ് പറഞ്ഞതുപോലെ ......ജരാനരകൾക്കുമപ്പുറം, രോഗത്തിനും ആരോഗ്യത്തിനും അപ്പുറം അതുണ്ട്. ത്രികാലങ്ങൾക്കും ഋതുഭേദങ്ങൾക്കുമപ്പുറവും പ്രണയമുണ്ട്. വസൂരി കാലത്തും കോളറാ കാലത്തും പ്രണയമുണ്ട്. ഇപ്പോഴിതാ കൊറോണാ കാലത്തും പ്രണയമുണ്ട്.

കൊറോണാ കാലം പ്രണയാതുരം എന്നു പറയുന്നത് കവികളോ സാഹിത്യകാരന്മാരോ അല്ല, ആരോഗ്യപ്രവർത്തകരും സാമൂഹ്യശാസ്ത്രജ്ഞരുമാണ്. അത് ലോകത്തിലെ മറ്റിടങ്ങളിൽ മാത്രമല്ല ഇങ്ങു കേരളത്തിലും ഉണ്ടെന്ന് അവർ പറയുന്നു.

അതൊക്കെ അങ്ങ് ചൈനയിലല്ലേ? അങ്ങനെയായിരുന്നു നമ്മുടെ ധാരണ. പക്ഷേ അത് മാറിമറിഞ്ഞത് വളരെ പെട്ടെന്നാണ്, ഒരു ട്രോളിൽ നിന്നു തുടങ്ങാം ആ കഥ .

ചൈനയിൽ നിന്നാണ് ട്രോളിന്റെ തുടക്കം. മാസ്കിട്ട് നിരനിരയായി നടന്നു പോകുന്ന ഒരു കൂട്ടം സ്ത്രീകൾ. എല്ലാവരും ഗർഭിണികൾ. ചിത്രത്തിനുള്ള അടിക്കുറിപ്പ് ഇങ്ങനെ. കോവിഡിന്റെ അനന്തരഫലം. പക്ഷേ, ചൈനക്കാരെ മാത്രം പരിഹസിച്ചിട്ടു കാര്യമില്ല. നമ്മൾ മലയാളികളും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.

കോവിഡ് പ്രണയകാലം

ലോക്ഡൗൺ കാലത്ത് ഗർഭിണികളാകുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതായി ലോകമെമ്പാടും റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈനയിൽ മാത്രം ഏകദേശം 2 കോടി ശിശുക്കൾ ജനിക്കും എന്നാണ് ചില പഠനങ്ങളിൽ പറയുന്നത്.സമാന സാഹചര്യം തന്നെയാണ് ഇന്ത്യയിലും. ലൈംഗികതയെ ഒരു വിനോദോപാധിയായി കൂടുതൽ ആശ്രയിക്കുന്ന ജനസമൂഹങ്ങളാണ് ചൈനയിലും ഇന്ത്യയിലുമെല്ലാമെന്നതാണ് പ്രധാനം.

ലോക്ഡൗൺ കാലം അക്ഷരാർത്ഥത്തിൽ ദമ്പതികളെ വീട്ടിൽ തളച്ചിടുകയായിരുന്നു. പലരും ഈ സാഹചര്യം മുതലെടുത്തു. മറ്റ് വിനോദോപാധികളുടെ അഭാവം, യാത്രകൾക്കുള്ള തടസ്സം തുടങ്ങി ഒന്നിലധികം കാരണങ്ങൾ ദമ്പതികളെ വീടിനുള്ളിൽ തളച്ചിടാനും അത് സ്വാഭാവിക ശാരീരികബന്ധമായി പരിണമിക്കാനും ഇടയായി.

എന്താണ് തെളിവ് ?

ഇത്തരം റിപ്പോർട്ടുകളുടെ ആധികാരികതയ്ക്കു തെളിവുണ്ടോ ? മറ്റ് ലോകരാഷ്ട്രങ്ങളിൽ മാത്രമല്ല ഇങ്ങ് കേരളത്തിലും ഉണ്ട് തെളിവുകൾ. ലോക്ഡൗൺ കാലത്ത് വിപണിയിൽ ദൗർലഭ്യം ഉണ്ടായത് മാസ്ക്കുകൾക്കും സാനിറ്റൈസറിനും മാത്രമല്ല ഗർഭനിരോധന ഉറകൾക്കും ഉണ്ടായിരുന്നു ക്ഷാമം. അമേരിക്കയിലെയും ചൈനയിലെയും ചില സൂപ്പർ മാർക്കറ്റുകളിലെ ഒഴിഞ്ഞ ഗർഭനിരോധന ഉറകളുടെ റാക്കുകളുടെ ഫോട്ടോ വൈറലായിരുന്നു.കേരളത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. അന്നു തുറന്നിരുന്നത് മെഡിക്കൽ ഷോപ്പുകൾ മാത്രമായിരുന്നു. രോഗം ഇല്ലാത്തവരും അന്ന് മെഡിക്കൽ സ്റ്റോറുകളിൽ എത്തിയത് ഇതുപോലെയുള്ളവ വാങ്ങാനാണ്. കേരളത്തിലെ മരുന്നു വിപണിയുടെ, കഴിഞ്ഞ നാലു മാസത്തെ കണക്കു നോക്കിയാൽ അറിയാം യാഥാർത്ഥ്യം.

ലൈംഗികതയുടെ ഓൺലൈൻ വിപണി

മനോരോഗ ചികിത്സകർ അനാരോഗ്യ പ്രവണതകൾ എന്ന് വിശേഷിപ്പിക്കുന്ന ചില കാര്യങ്ങളും നടന്നു ഈ ലോക്ഡൗൺ കാലത്ത് . അതിലൊന്ന് പോൺ സൈറ്റുകളുടെ സന്ദർശനമായിരുന്നു. കഴിഞ്ഞ മാർച്ച് 24 -ാം തീയതി മുതൽ മുതൽ അമേരിക്കയിലെ പോൺ ഹബ്ബുകളിൽ 17.8% കൂടുതൽ ട്രാഫിക്കാണ് രേഖപ്പെടുത്തിയത്. അമേരിക്കയിൽ മാത്രമല്ല ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള ഒട്ടുമിക്ക ലോക രാഷ്ട്രങ്ങളുടെയും അവസ്ഥ ഇതു തന്നെയായിരുന്നു.

ലോക്ഡൗൺ കാലത്ത് ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്തയായിരുന്നു ഇന്ത്യയിലെ ലൈംഗികതൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ദാരിദ്ര്യം. സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് നിർബന്ധമാക്കിയതും പൊതുഗതാഗതം നിരോധിച്ചതും ലൈംഗികതൊഴിലാളികളുടെ ജോലി സാധ്യതകൾ ഇല്ലാതാക്കി. എന്നാൽ ഈ പ്രതിസന്ധിയെ പലരും മറികടന്നത് വെർച്ച്വൽ സേവനം നൽകിക്കൊണ്ടായിരുന്നു.

ഡിജിറ്റലായി പണം അടയ്ക്കുന്നവർക്കു ഡിജിറ്റൽ സേവനം നൽകിയായിരുന്നു അവർ ഉപജീവനം കണ്ടെത്തിയത്. വാട്സ്ആപ്പ്, മെസഞ്ചർ തുടങ്ങിയ നവമാധ്യമങ്ങൾ വഴിയായിരുന്നു ഇത്. ഈ സേവനം കേരളത്തിലും സജീവമായിരുന്നു എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ലൈംഗികതൊഴിലെടുക്കുന്നവർക്കു പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ലോക്ഡൗണിലെ സ്വർഗ്ഗരാജ്യം

പങ്കാളികളെ ലൈംഗികതയിൽ നിന്നു വിലക്കുന്ന ഘടകങ്ങൾ ഒരുപാടുണ്ട്. ചെലവിടാൻ കിട്ടുന്ന സമയത്തിന്റെ അപര്യാപ്തത, ബാഹ്യ സമ്മർദ്ദങ്ങൾ, ഉത്കണ്ഠ, ശാരീരികവും മാനസികവുമായ പിരിമുറുക്കം തുടങ്ങിയ ഘടകങ്ങൾ.

ദാമ്പത്യങ്ങളിൽ എപ്പോഴും സമ്മർദ്ദം ഉണ്ടാക്കിയിരുന്ന വില്ലനായിരുന്നു തിരക്ക്. ജോലിയുമായി ബന്ധപ്പെട്ട തിരക്കുകൾ, യാത്രകൾ, അനുബന്ധമായി വരുന്ന ചെലവുകൾ, തുടർന്നു വരുന്ന സാമ്പത്തിക പ്രശ്നങ്ങൾ, സുഹൃത്തുക്കളും ഒത്തുള്ള മദ്യപാനം തുടങ്ങി ദാമ്പത്യത്തിൽ ലൈംഗികതയ്ക്കു വിഘാതമാകുന്ന ധാരാളം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സ്വാഭാവികമായും ദാമ്പത്യത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്കുള്ള മറുമരുന്നായിരുന്നു ദാമ്പത്യേതര ബന്ധങ്ങളും മറ്റ് അനാശാസ്യങ്ങളും. എന്നാൽ ലോക്ഡൗണിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഭാര്യയായാലും ഭർത്താവായാലും വീട്ടിൽ നിന്ന് പുറത്തേക്കു പോകാൻ കഴിയാത്ത അവസ്ഥ വന്നു. ഇതു തിരക്കുകൾക്കു ശാശ്വതമായ പരിഹാരവും മറുപടിയുമായിരുന്നു.

പങ്കാളികൾ നിർബന്ധിതരായി വീട്ടിൽ കഴിയേണ്ടി വരുന്ന സാഹചര്യത്തിൽ രണ്ടു സാധ്യതകളാണ് ഉണ്ടായിരുന്നത്. ഒന്ന് ദമ്പതികൾ തമ്മിലുള്ള വൈകാരികബന്ധം കൂടുതൽ ഊഷ്മളമാവുകയും അതു ശാരീരികബന്ധത്തിലേക്കു നയിക്കുകയും ചെയ്തു. രണ്ടാമതായി വീട്ടിൽ കൂടുതൽ സമയം ചെലവിടുന്നതിന്റെ ഭാഗമായി ചെറിയ വഴക്കുകളിലേക്കു പോകാനുള്ള സാധ്യതയുണ്ടായി.

എന്നാൽ കോവിഡ് ഒരു മഹാമാരിയായതുകൊണ്ടുതന്നെ അതിനെ കുറിച്ചുള്ള ഭയം ആദ്യ ഘട്ടത്തിൽ പ്രകടമായിരുന്നു. സ്വാഭാവികമായും കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ ഊഷ്മളത വർധിപ്പിക്കാൻ ഈ ഭയം സഹായകമായിട്ടുണ്ട്.

ദുരന്തങ്ങളിൽ സംഭവിക്കുന്നത്

ആരോഗ്യശാസ്ത്രം കഴിഞ്ഞ എത്രയോ നൂറ്റാണ്ടുമുമ്പ് ഗവേഷണങ്ങളിലൂടെ തെളിയിച്ച ഒരു സത്യമുണ്ട്. പ്രകൃതിയിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകുന്നു എന്ന സത്യം. ഏത് രാജ്യത്തേയും ഏത് വിഭാഗം ജനങ്ങളെയും സംബന്ധിച്ച് ഈ പഠനം യാഥാർഥ്യമാണ്.

ഈ പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് ഉണ്ടായ ലൈംഗികതയും അതിനെ തുടർന്നു വന്ന ഗർഭാവസ്ഥയും പക്ഷേ ലോകാരോഗ്യസംഘടനയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് ഇത്തരം അപ്രതീക്ഷിത ഗർഭാവസ്ഥയെ അപകടകരമെന്ന് ലോകാരോഗ്യസംഘടന വിശേഷിപ്പിക്കുന്നത്. അവർ ഇതു വെറുതെ പറഞ്ഞതല്ല.

കോവിഡ് വ്യാപനം ഇപ്പോഴും നിലച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ആശുപത്രികൾ കോവിഡ് രോഗികളെക്കൊണ്ട് നിറയുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ കോവിഡ് ഇതര രോഗികൾക്കു പോലും വേണത്ര പരിഗണന ഇപ്പോൾ കിട്ടുന്നില്ല. അങ്ങനെയാണെങ്കിൽ ഗർഭാവസ്ഥയുമായി വരുന്നവർക്കു വേണ്ടത്ര പരിചരണം നൽകാൻ ആശുപത്രികൾക്ക് കഴിയുമോ എന്ന ആശങ്കയാണ് ലോകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്നത്.

മറ്റുള്ളവർക്ക് അപകടസാധ്യത കുറഞ്ഞ പല വൈറസുകളും ഗർഭിണികളെ ദോഷകരമായി ബാധിക്കാറുണ്ട് എന്നതാണ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു സങ്കീർണത.ഉദാഹരണത്തിന് എച്ച് വൺ എൻ വൺ. രോഗപ്രതിരോധശേഷി കുറഞ്ഞവർക്കാണ് പലപ്പോഴും ഈ വൈറസ് മാരകമാകുന്നത്. ഗർഭിണികൾക്കു രോഗപ്രതിരോധശേഷി കുറവാണെന്നിരിക്കെ കൊറോണ വൈറസിൽ നിന്നുള്ള അതിജീവനവും വെല്ലുവിളിയാണ്. കാരണം പലർക്കും ഗർഭാവസ്ഥയിൽ പ്രമേഹം, രക്താതിസമ്മർദ്ദം തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാനും ഇത് രോഗപ്രതിരോധശേഷി കുറയ്ക്കാനും കാരണമാകുന്നു.

വിവാഹേതരബന്ധങ്ങൾ കുറഞ്ഞു

സൈബർലോകത്ത് ലൈംഗികജീവിതം സജീവമായിരുന്നെങ്കിലും മറ്റൊരു രീതിയിലുള്ള അനാശാസ്യ ജീവിതം കുറയുന്നതിനും കേരളം സാക്ഷ്യം വഹിച്ചു. ദാമ്പത്യത്തിനു പുറത്തുള്ള വിവാഹേതര ബന്ധങ്ങൾക്ക് പൂട്ടുവീണു. കാമുകീകാമുകന്മാർക്കു പരസ്പരം കാണാനുള്ള സാഹചര്യങ്ങൾ കുറവായിരുന്നതാണ് കാരണം. സാമൂഹിക വിലക്കുകൾ വകവയ്ക്കാതെ തിരുവനന്തപുരത്തു നിന്ന് കൂട്ടുകാരിയെ കാണാൻ കൊല്ലത്തെത്തിയ അഭിഭാഷകനു നാട്ടുകാർ നിർബന്ധിത ഹോം ക്വാറന്റീൻ വിധിക്കുകയും അതു വാർത്തയാവുകയും ചെയ്തതു പലരേയും പേടിപ്പിച്ചു.

വന്ധ്യത മാറ്റിയ കോവിഡ്

ഒരേസമയം സന്തോഷം ഉളവാക്കുന്നതും അതേസമയം ആശങ്കപ്പെടുത്തുന്നതുമായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട് കോവിഡ്കാല ലൈംഗികതയിൽ. വന്ധ്യതാ ചികിത്സയിലാണ് ഈ അത്ഭുതങ്ങൾ സംഭവിച്ചിരിക്കുന്നത്. വന്ധ്യതാ ചികിത്സയിലായിരുന്ന പല സ്ത്രീകളും ഗർഭിണികളായി എന്നത് കേരളത്തിൽ ധാരാളമായി റിപ്പോർട്ട് ചെയ്ത സംഭവമാണ്.

ഉത്കണ്ഠ, മാനസിക പിരിമുറുക്കം, ശരിയായ രീതിയിലുള്ള ലൈംഗികബന്ധം ഇല്ലായ്മ, ലൈംഗികകാര്യങ്ങളിൽ അജ്ഞത, ദമ്പതികൾ തമ്മിലുള്ള മാനസിക ഐക്യം ഇല്ലായ്മ തുടങ്ങി ഒരുപാടു കാരണങ്ങൾ കൊണ്ട് ഉണ്ടായ വന്ധ്യതയ്ക്കാണ് ഈ കോവിഡ്കാലം പരിഹാരം ഉണ്ടാക്കിയത് എന്നു വേണം കരുതാൻ.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു അപകടം, മറ്റു ചില രോഗങ്ങൾക്കു ചികിത്സയിലിരിക്കുന്നവരും ഗർഭിണിയാവാൻ പാടില്ലാത്ത അസുഖം ഉള്ളവരും ഈ കോവിഡ് കാലത്ത് ഗർഭിണികളായി എന്നതാണ്.ഉദാഹരണത്തിന് അപസ്മാര രോഗമുള്ളവർ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.

വാൽക്കഷ്ണം

മൂന്നു മാസത്തെ ലോക്ഡൗണിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് അത്ഭുതപ്പെടുന്നവരെ ഒരു ചരിത്രസംഭവം ഓർമിപ്പിക്കുന്നു.

ഇതു നടന്നത് അമേരിക്കയിലാണ്. ഒരു പ്രത്യേക സ്റ്റേറ്റിലേക്ക് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ ശ്രദ്ധ തിരിഞ്ഞു. കാരണം ഇതാണ്. ആ സ്റ്റേറ്റിൽ അസാധാരണമായ ഒരു സംഭവമുണ്ടായി. പ്രായവ്യത്യാസമില്ലാതെ തന്നെ സ്ത്രീകളിൽ നല്ലൊരു വിഭാഗം ഗർഭിണികളായി.

ലോകത്തിന്റെ ഉള്ളുകള്ളികൾ മനസ്സിലാക്കുന്ന അമേരിക്കൻ അന്വേഷണ ഏജൻസിയെ വട്ടം കറക്കിയ സംഭവമായിരുന്നു അത്. അവസാനം അവർ അതു കണ്ടുപിടിച്ചു. ആ സ്റ്റേറ്റിൽ ആറേഴ് മാസം മുൻപ് മൂന്നു ദിവസം പൂർണമായും വൈദ്യുതി ഇല്ലായിരുന്നു!!!

വി. ആർ. ജ്യോതിഷ്

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അരുൺ ബി. നായർ

കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്

ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം