Tuesday 07 June 2022 03:17 PM IST : By സ്വന്തം ലേഖകൻ

രണ്ടു തവണ ഗർഭിണിയായി, രണ്ടു തവണയും അബോർഷൻ... ഇനി ഗർഭം ധരിക്കുമോ?: ഡോക്ടറുടെ മറുപടി

infert566mmmm

ആരോഗ്യപ്രശ്നങ്ങൾ, ഗർഭാശയരോഗങ്ങൾ, വന്ധ്യത എന്നിവ സംബന്ധിച്ച ചോദ്യോത്തരങ്ങൾ

Q. 32 വയസ്സുള്ള വീട്ടമ്മയാണ്. എട്ടുവയസ്സുളള ഒരു മകനുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ഒരു കുട്ടി കൂടി വേണമെന്നു കരുതി ശ്രമിക്കുന്നു. രണ്ടുതവണ ഗർഭിണിയായി. ആദ്യ ഗർഭം മൂന്നാം മാസത്തിൽ അബോർഷനായിപ്പോയി. രണ്ടാമത്തേത് നാലാം മാസത്തിൽ വളർച്ചക്കുറവുമൂലം അബോർട്ടു ചെയ്തു. എനിക്ക് ആരോഗ്യകരമായി ഒരു കുഞ്ഞിനെ ഗർഭം ധരിക്കാനാകുമോ? ഇനി എന്താണു ചെയ്യേണ്ടത്?

സുഷമ, കൊല്ലം

A. രണ്ടുതവണ ഇങ്ങനെ സംഭവിച്ചു എന്നു കരുതി ആരോഗ്യമുള്ള ഒരു കുഞ്ഞിനു ജൻമം നൽകാൻ ഇനി കഴിയില്ലെന്നു വിചാരിക്കേണ്ടതില്ല. അടുത്ത ഗർഭധാരണത്തിനു മുൻപു തന്നെ വിശദമായ മെഡിക്കൽ പരിശോധനകളും ഗൈനക് പരിശോധനകളും പൂർത്തിയാക്കുക. എന്തുകൊണ്ടാണ് കഴിഞ്ഞ രണ്ടു തവണയും അങ്ങനെ സംഭവിച്ചതെന്നു മനസ്സിലാക്കേണ്ടതുണ്ട്. ഗർഭപാത്രത്തിൽ ഫൈബ്രോയ്ഡോ മറ്റു പ്രശ്നങ്ങളോ ഉണ്ടോയെന്നും പ്രമേഹം പോലുള്ള രോഗാവസ്ഥകളുണ്ടോയെന്നും കൃത്യമായി മനസ്സിലാക്കണം. അതുപോലെ പങ്കാളിക്കു പരിശോധനകൾ വേണ്ടിവരും. ബീജപരിശോധന ഉറപ്പായും വേണം.

പരിശോധനകളിൽ തകരാറുകൾ കണ്ടെത്തിയാൽ അവ പരിഹരിച്ചശേഷം മതി ഗർഭധാരണം. ഇത്തരം പരിശോധനകളിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നു കണ്ടാൽ ഗർഭം ധരിക്കാൻ ശ്രമിക്കുക. ഗർഭധാരണത്തിന്റെ തുടക്കം മുതൽ ഗൈനക്കോളജി പരിശോധനകളും സ്കാനിങ്ങുമൊക്കെ സമയാസമയം ചെയ്ത് ആരോഗ്യസ്ഥിതി വിലയിരുത്തി മുന്നോട്ടുപോകാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. സുഭദ്രാ നായർ, കൺസൽറ്റന്റ്  ഗൈനക്കോളജിസ്റ്റ്, കോസ്മോപൊളിറ്റൻ േഹാസ്പിറ്റൽ, തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ, (റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,െമഡിക്കൽ േകാളജ്, തിരുവനന്തപുരം