Friday 08 April 2022 07:23 PM IST : By സ്വന്തം ലേഖകൻ

പാർക്കിൻസൺസ് രോഗവും വിറയലും

Aster1

എനിക്ക് 73 വയസ്. പത്തു വർഷം മുമ്പ് ഹെർണിയ ശസ്ത്രക്രിയ നടത്തി. ആ കാലത്തു പ്രോസ്‌റ്റേറ്റ് വീക്കത്തിനും ചികിത്സിച്ചിട്ടുണ്ട്. ഇപ്പോൾ ഏകദേശം രണ്ടുവർഷങ്ങളായി പാർക്കിസൺസ് രോഗമുണ്ട്. കൈ എപ്പോഴും വിറച്ചു കൊണ്ടിരിക്കും. കുറച്ചു നാൾ ലെവോഡോപ എന്ന മരുന്നു കഴിച്ചു. എന്നാൽ ആ മരുന്നു കഴിച്ചാൽ ദിവസം മുഴുവൻ ഉറക്കം തൂങ്ങിയിരിക്കും. അതു കൊണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ ആ മരുന്നു നിർത്തി. ഇപ്പോൾ കൈ വിറയൽ കൂടുതലാണ്. സാധനങ്ങൾ കൈയിൽ നിന്നു താഴെ വീഴുന്ന സ്ഥിതിയാണ്. വിറയൽ കുറയ്ക്കുന്നതും പാർശ്വഫലങ്ങളില്ലാത്തതുമായ മരുന്ന് ഉണ്ടോ?

വർഗീസ്, പൊൻകുന്നം


നിങ്ങളുടെ കൈവിറയൽ പാർക്കിൻ സൺസ് രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. ലെവോഡോപ (Levodopa) എന്ന മരുന്നു പാർക്കിൻൺസ് രോഗ ചികിത്സയ്ക്കുള്ള ഒരു പ്രധാന മരുന്നാണ്. പലർക്കും ഇതുകൊണ്ടു പ്രയോജനം ഉണ്ട്. എന്നാൽ ചിലർക്ക് ഈ മരുന്നിന്റെ പാർശ്വ ഫലങ്ങൾ കാരണം ഉപയോഗിക്കാനാകാതെ വരുന്നുണ്ട്.

ലെവോഡോപ കൂടാതെ പലതരം മരുന്നുകൾ ഇപ്പോൾ ഉണ്ട്. ഡോപ്പമിൻ അഗോണിസ്റ്റ് വിഭാഗത്തിൽപെട്ട പല മരുന്നുകളും ഇപ്പോൾ പാർക്കിൻസൺസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. കൂടാതെ എം എ ഒ ഇൻഹിബിറ്റേഴ്സ് വിഭാഗത്തിൽ പെട്ടതും സി ഒ എം റ്റി വിഭാഗത്തിൽ പെട്ട മരുന്നുകളും ഈ രോഗത്തിന് ഉപയോഗിക്കുന്നുണ്ട്. പക്ഷേ, എല്ലാ മരുന്നുകൾക്കും അതിന്റേതായയ പാർശ്വഫലങ്ങൾ ഉള്ളതുകൊണ്ടു യോജിക്കുന്ന മരുന്ന് ന്യൂറോളജിസ്റ്റിനെ കണ്ടു തീരുമാനിക്കുക.

മരുന്നുകൾ കൊണ്ടു കാര്യമായ ഫലം കിട്ടാത്തതു കൊണ്ടു തലച്ചോറിൽ ചില ഭാഗത്തു ശസ്ത്രക്രിയ ചെയ്യുന്നതിലൂടെ കൈവിറയലിനു ചിലർക്ക് ആശ്വാസം കിട്ടുന്നുണ്ട്. തലാമോട്ടമി ആണ് പ്രധാനമായും ചെയ്യുന്ന സർജറി. ഇതു സാധാരണയായി ഒരു ഭാഗത്തെ വിറയൽ കുറയ്ക്കാൻ, തലച്ചോറിന്റെ ഒരു ഭാഗത്തു മാത്രമാണു ചെയ്യുന്നത്. തലച്ചോറിന്റെ രണ്ടു ഭാഗത്തും ശസ്ത്രക്രിയ ചെയ്താൽ കൂടുതൽ പാർശ്വഫലങ്ങൾ വരാൻ സാധ്യതയുള്ളതുകൊണ്ടു സാധാരണയായി ചെയ്യാറില്ല. ഇപ്രകാരമുള്ള തലച്ചോറിലെ സർജറി കേരളത്തിൽ പല ന്യൂറോളി സെന്ററുകളിലും ചെയ്യാറുണ്ട്.

പാർക്കിൻസൺസ് രോഗത്തിനുള്ള പുതിയ ചികിത്സാരീതിയാണ് ബ്രെയിൻ സ്റ്റിമുലേഷൻ. തലച്ചോറിന്റെ ചില ഭാഗങ്ങളിൽ ചെറിയ സൂചി പോലുള്ള ഇലക്ട്രോഡ് വച്ചിട്ട് ഹൈ ഫ്രീക്വൻസി സ്റ്റിമുലേഷൻ ചെയ്യുമ്പോൾ പലർക്കും കൈവിറയലിനും മറ്റ് അസ്വാസ്ഥ്യങ്ങൾക്കും നല്ല മാറ്റം വരാറുണ്ട്. ഈ ചികിത്സാ രീതിയും ഇപ്പോൾ കേരളത്തിൽ ചില കേന്ദ്രങ്ങളിൽ തുടങ്ങിയിട്ടുണ്ട്. ഏതായാലും വിദഗ്ധ ന്യൂറോളജി സെന്ററിൽ പരിശോധന നടത്തി യോജിക്കുന്ന ചികിത്സ സ്വീകരിക്കണം.