Monday 11 April 2022 01:23 PM IST : By സ്വന്തം ലേഖകൻ

പാർക്കിൻസൺസ് രോഗം പ്രായമായവരിൽ കൂടുന്നോ?; ഏപ്രിൽ 11 ലോക പാർക്കിൻസൺസ് ദിനം

parkinsons-day-disease-old-people-cover

അറുപത്തിനാല് വയസുള്ള വിരമിച്ച സ്കൂളധ്യാപികയാണ് മേരി. വിരമിച്ച് അല്പകാലം കഴിഞ്ഞപ്പോഴാണ് തന്റെ കൈകൾക്കൊരു വിറയലുള്ളത് മേരിയുടെ ശ്രദ്ധയിൽ പെട്ടത്. വെറുതെയിരുന്ന് ടിവി കാണുമ്പോൾ പോലും വലതുകൈ ചെറുതായി വിറയ്ക്കുന്നു. പതുക്കെപ്പതുക്കെ ഇത് കൂടി വന്നു. ഒരു ഗ്ലാസ് വലതുകൈയിൽ പിടിച്ചാൽ പോലും വിറയ്ക്കാൻ തുടങ്ങി. നല്ല വൃത്തിയുള്ള കൈയക്ഷരമായിരുന്നു മേരി ടീച്ചരുടേത്. അത് അങ്ങേയറ്റം മോശമായി. വിരമിച്ച ശേഷവും നല്ല ചുറുചുറുക്കോടെ കാര്യങ്ങൾ ചെയ്യുമായിരുന്നു ടീച്ചർ. പതുക്കെ അതും കുറഞ്ഞു വന്നു. നടക്കുന്നതിലും കുളിക്കുന്നതിലും ഡ്രസ്സ് ചെയ്യുന്നതിലും പാചകം ചെയ്യുന്നതിലുമെല്ലാം വല്ലാത്ത ഇഴച്ചിൽ. സാമൂഹികജീവിതത്തിൽ നിന്നും പതുക്കെപ്പതുക്കെ ടീച്ചർ പിൻവലിഞ്ഞുകൊണ്ടിരുന്നു. ഇതിനൊക്കെപ്പുറമേ ശരിയാകാത്ത ഉറക്കവും.

ഒരു ന്യൂളജിസ്റ്റിനെ കണ്ടു നടത്തിയ വിശദപരിശോധനയിൽ രോഗം പാർക്കിൻസൺസ് ആണെന്നു കണ്ടെത്തി. മരുന്നു ചികിത്സ തുടങ്ങിയതോടെ മേരി ടീച്ചറുടെ മിക്കവാറും പ്രശ്നങ്ങൾക്ക് പരിഹാരമായി.

പ്രായമായവരിൽ കൂടുന്നോ?

മേരി ടീച്ചറുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. നമ്മുടെ നാട്ടിൽ പാർക്കിൻസൺസ് രോഗബാധിതരുടെ എണ്ണം വർധിച്ചു വരുന്നതായാണ് കണ്ടുവരുന്നത്. 1990 നു ശേഷം നടത്തിയ നിരീക്ഷണങ്ങളിൽ പാർക്കിൻസൺ രോഗികളുടെ എണ്ണത്തിൽ വർഷം തോറും 3.8 ശതമാനം വർധനവുണ്ടാകുന്നതായി കാണുന്നു. ഏതാണ്ട് ഏഴു മില്യൺ പാർക്കിൻസൺ രോഗികൾ ഇന്ത്യയിലുണ്ടെന്നാണ് ഏകദേശ കണക്കുകൾ. ഒരു ലക്ഷം പേരിൽ 40 പേർക്ക് വച്ച് ഈ അസുഖം ഉണ്ട് എന്നാണ് നിഗമനം.

പ്രായമായ ആളുകളെ ബാധിക്കുന്ന, നാഡികളിൽ വരുന്ന തകരാറാണ് പാർക്കിൻസൺസ്. പൊതുവേ 60 വയസിനു മുകളിൽ പ്രായമുള്ളവരെയാണ് ബാധിക്കാറെങ്കിലും അപൂർവമായി ഇത് ചെറുപ്പക്കാരിലും കണ്ടുവരുന്നു.

നമ്മുടെ നാട്ടിലെ ജനങ്ങളുടെ ആയുർദൈർഘ്യം ഇന്ന് പഴയതിലും കൂടുതലാണ്. ശരാശരി 65 വയസു വരെ ഇന്നു ജീവിതദൈർഘ്യമുണ്ട്. ഇത് പാർക്കിൻസൺസ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കാൻ ഒരു പ്രധാന കാരണമാണ്.

മറവി രോഗമാണോ?

പലപ്പോഴും പാർക്കിൻസൺസ് രോഗത്തെ അൽസ്ഹൈമേഴ്സ് രോഗമായി തെറ്റിദ്ധരിക്കാറുണ്ട്. അൽസ്ഹൈമേഴ്സ് രോഗികളിൽ ഓർമ്മയ്ക്കാണ് തകരാറ് സംഭവിക്കുക. എന്നാൽ പാർക്കിൻസൺസ് രോഗികളിൽ ഓർമ്മയ്ക്ക് തകരാറു സംഭവിക്കുന്നത് രോഗത്തിന്റെ അവസാനഘട്ടങ്ങളിലായിരിക്കും. ഘട്ടംഘട്ടമായി തീവ്രത കൂടി വരുന്ന അസുഖമാണ് പാർക്കിൻൺസ് സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരെയാണ് ഈ രോഗം ബാധിക്കാറ്.

പാർക്കിൻൺസ് രോഗത്തെ ചികിത്സയ്ക്കുള്ള സൗകര്യത്തിനായി രണ്ടായി തിരിക്കാം.

ആദ്യഘട്ടം: രോഗലക്ഷണങ്ങൾ കാണപ്പെടുകയും എന്നാൽ അത്ര തീവ്രമല്ലാത്തതുമായ ഘട്ടമാണിത്. പക്ഷേ, പതുക്കെ രോഗം കൂടിക്കൊണ്ടിരിക്കും.

രണ്ടാംഘട്ടം: ശരീരം കൃത്യമായി ചലിപ്പിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയായിരിക്കും ഈ ഘട്ടത്തിൽ. ആവശ്യത്തിന് മരുന്നുകളും മറ്റും കഴിക്കുന്നുണ്ടെങ്കിലും വീഴ്ചയും മറ്റും പതിവ് സംഭവമാകും.

നാഢീകോശങ്ങളുടെ നാശത്തിനു പിന്നിൽ

തലച്ചോറിലെ ഒരുഭാഗത്തെ (സബ്സ്റ്റാൻഷ്യ നയാഗ്ര) നാഡീകോശങ്ങൾ നശിക്കുന്നതാണ് പാർക്കിൻസൺസ് രോഗത്തിനു കാരണം. തലച്ചോറിലെ നാഡീ കോശങ്ങൾ തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നതിന് പ്രധാന പങ്കുവഹിക്കുന്ന രാസവസ്തുവാണ് ഡോപമിൻ. ഈ ഡോപമിനെ ഉൽപാദിപ്പിക്കുന്നത് മേൽപ്പറഞ്ഞ നാഡീ കോശങ്ങളാണ്. ശരീരചലനങ്ങളും തലച്ചോറിന്റെ പ്രവർത്തനങ്ങളുമൊക്കെ ശരിയായ നടക്കുന്നതിൽ ഡോപമിന് വളരെയധികം പങ്കുണ്ട്.

പാരമ്പര്യ രോഗമാണോ?

ജനിതകപരമായ കാരണങ്ങളാലും ചുറ്റുപാടുകൾകൊണ്ടും പാർക്കിൻസൺസ് വരാം. ഇതിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. സാധാരണയായി മാതാപിതാക്കൾക്ക് ആർക്കെങ്കിലും ഈ അസുഖമുണ്ടെന്നു കരുതി മക്കൾക്ക് ഇതുണ്ടാകണമെന്നില്ല.

parkinsons-day-disease-old-people-2

ചുറ്റുപാടുകളും ഈ രോഗമുണ്ടാക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്. അന്തരീക്ഷത്തിലെ വിഷവസ്തുക്കളും വൈറസുകളും ലോഹാംശങ്ങളും കീടനാശിനികളുമൊക്കെ രോഗത്തിന് കാരണമായേക്കും. അലുമിനിയം ലോഹവുമായിട്ടുള്ള അമിതമായ സമ്പർക്കം പാർക്കിൻസൺസ് രോഗത്തിന് കാരണമായേക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

വിറയലും ഉത്കണ്ഠയും

കൈകാലുകൾ വിറയ്ക്കുന്നതാണ് പാർക്കിൻസൺസ് രോഗത്തിന്റെ പ്രധാന ലക്ഷണം. പതുക്കെപ്പതുക്കെ താടിയെല്ലിലേക്കും മറ്റു ശരീരഭാഗങ്ങളിലേക്കും വിറയൽ പടരും. വിശ്രമിക്കുന്ന അവസ്ഥയിലെ വിറയൽ ശല്യം ചെയ്യില്ലെന്ന് വയ്ക്കാം. പക്ഷേ, എന്തെങ്കിലും പ്രവൃത്തികൾ ചെയ്യുമ്പോൾ ഈ വിറയൽ തടസ്സമായി വരും. ഇതിനൊപ്പം രോഗത്തെക്കുറിച്ചുള്ള ഉത്കണ്ഠകൂടി േചരുമ്പോൾ സ്ഥിതി വഷളാകും.

മറ്റൊരു ലക്ഷണമാണ് ദൈനംദിന പ്രവൃത്തികളിൽ വരുന്ന മന്ദത. ഭക്ഷണം കഴിക്കൽ, കുളി, പാചകം, തുടങ്ങിയ എല്ലാ പ്രവൃത്തികളും സാവധാനത്തിലായിത്തീരും. കൈയക്ഷരത്തെയും ഇത് ബാധിക്കും.

വൈകാരിക സ്ഥിരതയില്ലായ്മ, ശാരീരിക ചലനങ്ങളിൽ ഏകോപനമില്ലായ്മ, ഉറക്കക്കുറവ്, തൊണ്ടയിൽ നിന്ന് ഇറക്കാൻ ബുദ്ധിമുട്ട്, ലൈംഗികശേഷിയിലെ കുറവ്, മൂത്രമൊഴിക്കുന്നതിൽ വരുന്ന പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം പാർക്കിൻസൺസ് രോഗികളിൽ കാണപ്പെടുന്ന ലക്ഷണങ്ങളാണ്.

രോഗം തീവ്രമായാൽ

പാർക്കിൻൺസ് രോഗം ശരീരത്തിൽ രൂപപ്പെട്ട് അഞ്ചു മുതൽ ഏഴ് വരെ വർഷങ്ങൾക്ക് ശേഷം കാണപ്പെടുന്ന ലക്ഷണങ്ങളാണ് ഇനി പറയുന്നത്.

സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകൾ കൊണ്ട് ശരീരചലനങ്ങൾ ക്രമമായി ചെയ്യാൻ സാധിക്കാതെ വരുന്നതാണ് പ്രധാന പ്രശ്നം.

ഒരു തവണ മരുന്നു കഴിച്ചാൽ അതിന്റെ പ്രയോജനം അടുത്ത തവണ അടുത്ത ഡോസ് മരുന്ന് എടുക്കുന്നതുവരെ ലഭിക്കണം. പാർക്കിൻസൺസ് രൂപപ്പെട്ട് 5–7 വർഷം കഴിഞ്ഞ രോഗികളിൽ ഇങ്ങനെ മരുന്നുകൊണ്ടുള്ള ഫലം നീണ്ടുനിൽക്കാതെ വരും. അടുത്ത ഡോസിന് സമയമാകുന്തോറും ശരീരചലനങ്ങൾ ബുദ്ധിമുട്ടായി വരും. ഓഫ് സ്‌റ്റേറ്റ് പാർക്കിൻസൺസ് രൂപപ്പെട്ട് വർഷങ്ങളായ രോഗികളിൽ ഓഫ് സ്‌റ്റേറ്റ് പതുക്കെപ്പതുക്കെ കൂടി വരും.

parkinson-reasons-care-3

പാർക്കിൻസൺസിനു വേണ്ടി ഉപയോഗിക്കുന്ന മരുന്നുകൾ കൊണ്ട് അസാധാരണമായ ശാരീരിക ചലനങ്ങളുണ്ടാകുന്നതും (ഡിസ്ക്കൈനേസിയ– Dyskinesia) കണ്ടു വരാറുണ്ട്. ചിലർക്ക് രാവിലെ എഴുന്നേൽക്കാൻ തന്നെ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. നടക്കുന്നതിനിടെ പെട്ടെന്ന് നിന്നു പോകുന്ന അവസ്ഥ വരാം. അടുത്ത അടിവയ്ക്കാനായി കാൽ ചലിപ്പാനാകില്ല. നിരവധി വീഴ്ചകൾക്കും പരിക്കുകൾക്കും ശേഷം വീൽച്ചെയറിലോ കിടക്കയിലോ ആയിരിക്കും ഇത്തരം രോഗികൾ എത്തിപ്പെടുക.

എങ്ങനെ കണ്ടെത്താം?

മികച്ച അനുഭവ സമ്പത്തുള്ള ഡോക്ടർക്ക് പാർക്കിൻസൺസ് രോഗം എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. തലയ്ക്ക് ചെയ്യുന്ന സിടി സ്കാൻ, എംആർ ഐ തുടങ്ങിയവ വഴി പാർക്കിൻസൺസിനോട് സാമ്യമുള്ള മറ്റു അസുഖങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. സാമാന്യമായി ഇവയെ പാർക്കിൻസൺസ് പ്ലസ് സിൻഡ്രോം അഥവാ സെക്കൻഡറി പാർക്കിൻസൺസ് എന്ന് വിശേഷിപ്പിക്കാറുണ്ട്. ഡോപമിൻ ഉപയോഗിച്ചുള്ള സ്കാനിങ് വഴി പാർക്കിൻസൺസ് രോഗം നേരത്തെ തിരിച്ചറിയാനാകും.

മരുന്നും പുതിയ ശസ്ത്രക്രിയകളും

മരുന്നു കഴിച്ച് നിയന്ത്രിക്കാവുന്ന രോഗമാണ് പാർക്കിൻസൺസ്. ആന്റി കോലിനെർജിക് (Anticholinergic). ട്രൈ ഹെക്സിഫെനിഡിൽ (Trihexphenidyl), ഡോപമിൻ സപ്ലിമെന്റേഷൻ (Dopamine Supplementation), ഡോപമൻ എഗോണിസ്റ്റ് (Dopamine Agonist). എം എ ഒ ഇൻഹിബിറ്റേഴ്സ് (MAO Inhibitors), ഡോപമിൻ റിലീസേഴ്സ് (അമാന്റഡിൻ) എന്നീ മരുന്നുകൾ ലഭ്യമാണ്. രോഗതീവ്രത വിലയിരുത്തിയാണ് മരുന്നളവ് നിശ്ചയിക്കുക.

parkinsons-day-disease-old-people-3

ഭക്ഷണത്തിനു മുക്കാൽമണിക്കൂർ മുമ്പു തന്നെ മരുന്നു കഴിക്കണം. ആഹാരത്തോടൊപ്പം കലരുമ്പോൾ ആഗിരണം ചെയ്യുന്നതിൽ കുഴപ്പങ്ങളുണ്ടാകാതിരിക്കാനാണിത്. കൃത്യമായി കഴിച്ചാൽ മരുന്നുകൊണ്ട് മെച്ചപ്പെട്ട ഫലം ലഭിക്കും.

ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (ഡിബി എസ്) പോലുള്ള ശസ്ത്രക്രിയാപരിഹാരങ്ങളാണ് മറ്റൊരു പുതിയ മുന്നേറ്റം. എന്നാൽ, ഇത് എല്ലാ പാർക്കിൻസൺസ് രോഗികൾക്കും അനുയോജ്യമല്ല. വിദഗ്ധനായ ന്യൂറോളജിസ്റ്റാണ് ഇത് നിശ്ചയിക്കേണ്ടത്. ശസ്ത്രക്രിയ്ക്ക് മുൻപ് രോഗി അഞ്ച് വർഷമെങ്കിലും മരുന്ന് കഴിച്ചിരിക്കണം. വീഴ്ചയും മറ്റും സംഭവിച്ച് ശാരീരികമായി തളർന്ന അവസ്ഥയിലാകരുത്. മരുന്നുകളോട് മികച്ച രീതിയിൽ പ്രതികരിക്കുന്ന ശരീരമായിരിക്കണം.

പേസ് മേക്കർ പോലെയുള്ള ഒരു കൊച്ചുപകരണമാണ് ഡി ബി എസ്. ഇത് ബ്രെയിൻ സെല്ലുകളെ ഉത്തേജിപ്പിക്കും. ഇതുവഴി രോഗം പൂർണമായും സുഖമാക്കാനാവില്ല. പക്ഷേ, മരുന്നുപയോഗം കുറയ്ക്കാൻ കഴിയും.

കൊച്ചിയിലെ അമൃത സയൻസ് ആൻ് റിസർച്ച് സെന്ററിൽ റോബട്ടിക് സർജറിക്കുള്ള സകര്യമുണ്ട്. റോബട്ടിക് സർജറിയിലൂടെ തലച്ചോറിനകത്തെ ചികിത്സ വേണ്ട പ്രദേശങ്ങളെ കൃത്യമായി കണ്ടെത്തി പരിഹാരം കാണാൻ കഴിയും. 7 മുതൽ 15 ലക്ഷം വരെയാണ് ചെലവ്.

സൈക്യാട്രിസ്റ്റ്, സൈക്കോ തെറപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ഒക്കുപേഷനൽ തെറപ്പി തുടങ്ങിയവ സംയോജിപ്പിച്ചുള്ള ചികിത്സാരീതിയാണ് പാർക്കിൻസൺസിന് വേണ്ടത്. യോഗ, ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണം, ക്രമമായ വ്യായാമം തുടങ്ങിയവയിലൂടെ രോഗിക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിതം നയിക്കാം.

പരിചരിക്കുന്നവർ അറിയാൻ

പാർക്കിൻസൺസ് രോഗികളെ പരിചരിക്കുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. സംശയം ഭയം, ദേഷ്യം, വിശ്രമമില്ലായ്മ, ഉത്കണ്ഠ, നിരാശ, കുറ്റബോധം തുടങ്ങി നിരവധി വികാരങ്ങൾ മാറി മാറി പ്രത്യക്ഷപ്പെടുന്ന മനസ്സായിരിക്കും ഇവരുടേത്. എപ്പോഴും പ്രതീക്ഷ നൽകുന്ന തരത്തിൽ സംസാരിക്കാൻ ശ്രദ്ധിക്കണം. ദൈനംദിന കാര്യങ്ങളിൽ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. പരിചരിക്കുന്നവർ സ്വന്തം ആരോഗ്യവും ശ്രദ്ധിക്കണം.

ഈ അപകടസൂചനകൾ മനസ്സിലാക്കാം

വിറയൽ

വിരലുകൾ, താടി, ചുണ്ട് വിറയ്ക്കുക. വിശ്രമിക്കുമ്പോൾ കാൽ വിറയ്ക്കുക.

കൈയക്ഷരം മാറുന്നു

അക്ഷരങ്ങളുടെ വലുപ്പം കുറയുക. വാക്കുകൾ കൂടിക്കിടക്കുക.

ഗന്ധം നഷ്ടമാകുക

ചില ഭക്ഷണങ്ങളുടെ മണം പോലും അറിയാൻ പറ്റാതെ വരിക.

ഉറക്കം ലഭിക്കാതെ വരിക

ഉറക്കത്തിൽ കിടന്ന് ചവിട്ടുക, തൊഴിക്കുക പോലുള്ള പെട്ടെന്നുള്ള ചലനങ്ങൾ.

ചലനപ്രശ്നങ്ങൾ

കൈ, കാൽപിടുത്തം, തോൾ, ഇടുപ്പ് വേദന, നടത്തത്തിൽ മാറ്റം.

മലബന്ധം

സ്ഥിരമായി മലബന്ധം, മലം പോകുമ്പോൾ പ്രയാസങ്ങൾ

പതിഞ്ഞ ശബ്ദം

ശബ്ദത്തിൽ പൊടുന്നനെയുള്ള വ്യതിയാനങ്ങൾ.

വികാരരഹിത മുഖം

വികാരരഹിതമായ തുറിച്ചുനോട്ടങ്ങൾ ഇമ ചിമ്മാതാരിക്കുക.

തലചുറ്റൽ, ബോധക്ഷയം

നിൽക്കുമ്പോൾ തല ചുറ്റൽ, ബോധക്ഷയം.

കൂനി നടക്കുക

മുന്നോട്ടു കുനിഞ്ഞു കൂനിയുള്ള നടത്തം പ്രധാന ലക്ഷണമാണ്.