Friday 08 April 2022 02:30 PM IST : By സ്വന്തം ലേഖകൻ

എഴുതുന്നതിനുള്ള പ്രയാസം, മാംസപേശികളുടെ നിയന്ത്രണമില്ലായ്മ എന്നിവ അനുഭവപ്പെടുന്നുണ്ടോ? ഒരുപക്ഷേ, ഈ രോഗത്തിന്റെ നിശബ്ദ ലക്ഷണളാകാം

patkkinndss

എഴുതുന്നതിനുള്ള പ്രയാസം, മാംസപേശികളുടെ നിയന്ത്രണമില്ലായ്മ എന്നിവ അനുഭവപ്പെടുന്നുണ്ടോ? ഒരുപക്ഷേ ശരീരം നൽകുന്ന പാർക്കിൻസൺസ് രോഗത്തിന്റെ നിശബ്ദ ലക്ഷണളാകാം. ശരീരത്തിലെ ചലനാത്മകതയെ ബാധിക്കുന്ന ഒരു നാഡീക്ഷയരോഗമാണിത്. സാധാരണയായി 60 വയസ്സിനു മുകളിൽ ഉള്ളവർക്ക് കണ്ടു വരുന്ന ഈ രോഗം ഇപ്പോൾ 35–50 വയസ്സിനിടയിലും കണ്ടു വരുന്നുണ്ട്. ശൈശവ പാർക്കിൻസൺസ് രോഗവും കണ്ടു വരുന്നു. ചലനശേഷിക്ക് നിയന്ത്രണമില്ലായ്മയായി തുടങ്ങി അവസാനം തീർത്തും ചലനശേഷി നഷ്ടപ്പെടുന്ന ഗുരുതരമായ അവസ്ഥയിലേക്കു പോകുന്ന രോഗമാണിത്. അതിനാൽ രോഗനിർണയവും ചികിത്സയും വേഗത്തിൽ തുടങ്ങണം.

ലക്ഷണങ്ങൾ

∙ ശരീരഭാഗങ്ങൾക്ക് വിറയൽ

∙ മാംസപേശികളുടെ നിയന്ത്രണമില്ലായ്മ

∙ പേശികൾക്കു മുറുക്കം

∙ ചലനശേഷിക്കുറവ്

∙ ബലക്കുറവ്

∙ സംസാരിക്കുമ്പോഴുള്ള വിറയൽ

∙ എഴുതുന്നതിനുള്ള പ്രയാസം

ദിനചര്യയിൽ ശ്രദ്ധിക്കേണ്ടവ

എന്നും രാവിലെ കൃത്യസമയത്ത് എഴുന്നേൽക്കുക (സൂര്യോദയത്തിന് മുമ്പ്). മലമൂത്രവിസർജനം വൈകിക്കാതിരിക്കുക. ദിവസവും കുളി ശീലമാക്കുക. വ്യായാമം, പ്രാർത്ഥന, യോഗ ഇവ ശീലമാക്കുക. രാത്രി സ്വസ്ഥമായി ഉറങ്ങുക. പകൽ ഉറക്കം ഒഴിവാക്കുകയും വേണം. 

ഭക്ഷണക്രമം

∙ നാരുകൾ ഉള്ളതും എളുപ്പം ദഹിക്കുന്നതും പോഷകസമ്പുഷ്ടവുമായ ഭക്ഷണമാണ് ഈ രോഗികൾക്ക് അനുയോജ്യം. നാഡീ പേശി പുഷ്ടികരങ്ങളായ നെയ്യ്, ശുദ്ധജലം, ചെറുപയർ, മോര്, തേൻ, ബ്രഹ്മി, മുത്തിൾ, പാൽ, വെണ്ണ, ചെന്നെല്ലരി, നവരയരി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

∙ വിറ്റമിൻ ഡിയുടെ കുറവ് അനുഭവപ്പെടുന്നതിനാൽ കൊഴുപ്പ് കുറഞ്ഞ പാൽ, മുട്ട, മിതമായ മാംസാഹാരം എന്നിവ ശീലിക്കേണ്ടതാണ്. 

∙ ആന്റി ഓക്സിഡന്റ്സ് ധാരാളമുള്ള ഫലങ്ങളായ പേരയ്ക്ക, നെല്ലിക്ക, പപ്പായ, മാതളം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. 

∙ ആഹാരം കഴിക്കാതിരിക്കുക, ആഹാരം ദഹിക്കാതെ വീണ്ടും കഴിക്കുക, അസമയത്ത് ആഹാരം കഴിക്കുക എന്നിവ ഒഴിവാക്കുക.

∙ മദ്യപാനം, മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ ഉപേക്ഷിക്കുക.