Friday 14 February 2020 11:25 AM IST

‘പ്രണയം അറിയാൻ നമ്മൾതന്നെ പ്രണയിക്കണമെന്നില്ല’; ഹൈസ്കൂൾ കാലത്തെ പ്രണയത്തിന്റെ ടെൻഷൻ പറഞ്ഞ് മഡോണ!

Lakshmi Premkumar

Sub Editor

madonna-vday

പ്രണയം അറിയാൻ നമ്മൾ തന്നെ പ്രണയിക്കണമെന്നില്ല. പ്രണയിക്കുന്ന കൂട്ടുകാർക്കു ചങ്ക് ആയി നിന്നാലും മതി. എന്റെ പ്രണയത്തിന്റെ ആദ്യ ഓർമ കൂട്ടുകാരന്റെ പ്രണയത്തിനൊപ്പമാണ്.

ഹൈസ്കൂളിൽ പഠിക്കുന്ന സമയം. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന് ഒരു പെൺകുട്ടിയോട് പ്രണയം. അവള്‍ വേറെ ക്ലാസിലാണ്. പരസ്പരം ഇഷ്ടമൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ, അന്ന് മൊബൈൽ ഫോണും സോഷ്യൽമീഡിയയും ഒന്നും ഇല്ലാത്തതു കൊണ്ട് കമ്യൂണിക്കേഷൻ നടക്കുന്നില്ല. എല്ലാ ദിവസവും ഇവന്റെ വിഷമങ്ങൾ കേൾക്കലാണ് ഞങ്ങൾ ബാക്കി കൂട്ടുകാരുടെ പ്രധാന പണി.

അങ്ങനെയിരിക്കെ അതാ വരുന്നു വാലന്റൈൻസ് ഡേ. പ്രണയിക്കുന്നവരെ സംബന്ധിച്ച് വാലന്റൈൻസ് ഡേ എന്നാൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. ആ പ്രണയ ദിനത്തിൽ അവർക്കു സംസാരിക്കാനുള്ള വേദി ഒരുക്കികൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു.

കൂട്ടുകാരൻ വളരെ സന്തോഷവാനായി രാവിലെയെത്തി. ഒരു പ്രത്യേക സ്ഥലമാണ് അവർക്കു വേണ്ടി കണ്ടെത്തിയത്. ആകെ അഞ്ച് വാതിലുകൾ ഉള്ള ഒരു ക്ലാസ്മുറി. ടീച്ചർമാരും കുട്ടികളുമൊക്കെ ആ വഴിയിൽ വരാൻ സാധ്യതയുമുണ്ട്. എന്നാലും മറ്റെവിടെയും സേഫ് ആയി തോന്നിയില്ല. റിസ്കെടുത്തുള്ള ഒരു പരിപാടിയും വേണ്ടെന്നു നേരത്തേ തീരുമാനിച്ചിരുന്നു. അങ്ങനെ ഞങ്ങൾ ഫ്രണ്ട്സ് പല ഗ്യാങ്ങായി ഒാരോ വാതിലിന്റെയും വശങ്ങളിൽ നിലയുറപ്പിച്ചു. അതുവഴി വരുന്നവരെ വഴി തെറ്റിച്ചു വിടുകയായിരുന്നു ലക്ഷ്യം.

വളരെ കുറച്ച് സമയം മാത്രമേ ഉള്ളൂ. മിണ്ടാനുള്ളതെല്ലാം മിണ്ടിക്കോണം എന്നു പറഞ്ഞു. സംസാരിക്കാൻ തിരക്ക് കൂട്ടി വന്ന കാമുകനും കാമുകിക്കും വാക്കുകൾ കിട്ടാത്ത അവസ്ഥ. ‘രാവിലെ എന്താ കഴിച്ചേ,’ ‘സിനിമ വല്ലോം കണ്ടോ’ തുടങ്ങി ഒരു പ്രണയോം ഇല്ലാത്ത കുറേ േചാദ്യങ്ങളും.

ഇതിനിടയിൽ കാമുകൻ ഒരു ഡൗട്ട് ചോദിക്കാൻ വന്നിരിക്കുന്നു, ‘ചോദ്യങ്ങളെല്ലാം തീർന്നു. ഇനിയെന്താ സംസാരിക്കേണ്ടെ, നിങ്ങൾ പറഞ്ഞു താ’. ഞാൻ തലയിൽ കൈവച്ചുപോയി. ആ പെൺകുട്ടിയും അവളുടെ ബെസ്റ്റ് ഫ്രണ്ട്സിനോടു േപായി ഇങ്ങനെ തന്നെ േചാദിച്ചത്രേ . ഇപ്പോഴും പ്രണയ ദിനമെന്നു േകള്‍ക്കുമ്പോൾ ഒാർക്കുന്നത് അവരെക്കുറിച്ചാണ്. പ്രണയിച്ചില്ലെങ്കിലും പ്രണയത്തിന്റെ ടെൻഷൻ എന്നെ അനുഭവിപ്പിച്ചത് അവരാണല്ലോ...

Rapid fire

ഇഷ്ട സിനിമ : ദ് നോട് ബുക്

പ്രണയ ഗാനം : പച്ചൈ നിറമേ... പച്ചൈ നിറമേ... ഇഛൈ മൂട്ടും പച്ചൈ നിറമേ..

പുല്ലിൻ സിരിപ്പും പച്ചൈ നിറമേ 

എനക്കു സമ്മതം തരുമേ...  

(ചിത്രം: അലൈപായുതേ)

ഇഷ്ടപ്പെട്ടയാൾക്കൊപ്പം പോകാൻ ആഗ്രഹിക്കുന്ന സ്ഥലം: അയർലൻഡ്

പ്രണയ ഡയലോഗ് : ‘‘ No measure of time with you will be long enough, lets start with ‘forever’ ’’ (Movie: Breaking Dawn )