Friday 14 February 2020 12:42 PM IST : By സ്വന്തം ലേഖകൻ

പ്രണയം നുകരാം, മധുരം ആസ്വദിക്കാം! വേറിട്ട പ്രണയാഘോഷവുമായി ലൂണ കോക്ടെയിൽസ്

luna-cocktail44

പരന്നൊഴുകുന്ന ജീവിതത്തിൽ പെയ്തിറങ്ങുന്ന മധുരമാണ് പ്രണയം. എരിവും പുളിയും കയ്പും എത്രയേറെയുണ്ടെങ്കിലും പ്രണയമധുരം അൽപമൊന്നു കിനിഞ്ഞിറങ്ങേണ്ട താമസം... അതു വരെയുള്ളതെല്ലാം ആ നിമിഷത്തിലേക്ക് വന്നു ചേരും. പ്രണയം ഇതൾ വിരിയുന്ന വാലന്റൈൻ ദിനത്തിന് ചേരുംപടിയായി എന്താണ് നമ്മൾ കരുതി വച്ചിരിക്കുന്നത്. ഒരു വസന്തം മുഴുവന്‍ ഒളിപ്പിച്ചു വച്ച റോസാ പുഷ്പങ്ങളോ... ഒരായുഷ്ക്കാലം മുഴുവൻ നെഞ്ചേറ്റാന്‍ പാകത്തിലുള്ള പ്രണയാക്ഷരങ്ങളോ? എന്തു കൊടുത്താലും മതിയാവില്ല എന്നാണ് ഉത്തരമെങ്കിൽ ഇതാ ഒന്നു കൂടി. വെള്ളിക്കടലാസിൽ പൊതിഞ്ഞ പ്രണയസമ്മാനങ്ങൾക്കൊപ്പം മധുരമൂറുന്നൊരു സമ്മാനം. പ്രിയപ്പെട്ടവൾക്കോ പ്രിയപ്പെട്ടവനോ സമ്മാനിക്കാൻ വാലന്റൈൻസ് ഡേ സ്പെഷ്യൽ ലൂണ കോക് ടെയിൽസ്! അഥവാ സ്നേഹത്തിന്റെ പാനീയം. ഈ സുന്ദര സുദിനത്തിൽ നിങ്ങളുടെ പ്രണയം വിളിച്ചോതാൻ ഇതിലും രുചികരമായൊരു സമ്മാനം ഉണ്ടോ എന്നു ചിന്തിച്ചാൽ പോലും അധികമാകില്ല.

വാലന്റൈൻസ് ഡേ പോലെ മനോഹരമായ നിമിഷങ്ങളിൽ രുചിയുടെ കോക്ടെയിലുകൾ സമ്മാനിക്കുന്ന ദോഹയിലെ ബി ലോഞ്ച് ആണ് ഇക്കുറിയും ഈ പ്രണയമധുരം പരിചയപ്പെടുത്തുന്നത്. ജാപ്പനീസ് പ്രണയകഥളിലെ നിശബ്ദ സാന്നിദ്ധ്യമാണ് ലൂണ കോക് ടെയിൽസിന്റെ രുചിക്കൂട്ടെന്നത് ശ്രദ്ധേയമാണ്. ബി ലോഞ്ചിലെ ബാർ ആൻഡ് ബിവറേജ് മാനേജർ ലിയോസൽമാനും ബാർ അറ്റൻഡർ ദീൻഷ ഹുസൈനുമാണ് ഈ പ്രണയമധുരത്തിന്റെ ശിൽപികൾ.

പ്രണയാക്ഷരങ്ങൾ അകമ്പടി സേവിക്കുന്ന ഈ വാലന്റൈൻ സമ്മാനം വോഡ്ക, കോക്കനട്ട് ക്രീം, ബനാന ലിക്വർ എന്നിവയുടെ സംഗമമാണ്. അതിമധുരം പകർന്ന് ആപ്പിൾ സത്തു കൂടി ചേരുമ്പോൾ രുചിയുടെ വേറിട്ട ഭാവം കൈവരുന്നു. പഴത്തിന്റേയും ചെറിയുടേയും മധുരം പതിഞ്ഞ മഷികൊണ്ടാണ് ഇതിലെ പ്രണയ വാചകങ്ങൾ എഴുതിയിരിക്കുന്നത്. റൈസ് സ്റ്റാർച്ച് കൊണ്ടുണ്ടാക്കിയ ഷുഗർ പേപ്പറാണ് പ്രണയാക്ഷരങ്ങൾക്ക് പശ്ചാത്തലമാകുന്നത്. പ്രണയത്തോടൊപ്പം ഇതിന്റെ രുചിയും ആസ്വദിക്കാം. ഷൂഗർ പേപ്പറിലുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ നിങ്ങളുടെ പ്രണയ നിമിഷങ്ങൾ ബി ലോഞ്ചിന്റെ ഇൻസ്റ്റാഗ്രാം പേജിൽ അപ്ലോഡ് ചെയ്യാനും അവസരം ഒരുക്കിയിട്ടുണ്ട്. പടങ്ങൾ അപ്ലോഡ് ചെയ്താൽ പിന്നെ വൈകേണ്ട, ക്യൂആർ കോഡിന്റെ രുചിയും നോക്കിക്കൊള്ളൂ...

78 ഖത്തർ റിയാലാണ് (ഏകദേശം 1560 രൂപ) ഈ വേറിട്ട പ്രണയാഘോഷത്തിന് അണിയറക്കാർ വിലയിട്ടിരിക്കുന്നത്. പോയ വർഷത്തെ പ്രണയ ദിനത്തിൽ പരിചയപ്പെടുത്തിയ ‘ഓൺ യുവർ നെയിം’ എന്ന ടാഗിൽ വേറിട്ടൊരു രുചി ബി ലോ‍ഞ്ച് അവതരിപ്പിച്ചിരുന്നു.

Tags:
  • Relationship