Friday 12 May 2023 11:18 AM IST : By സ്വന്തം ലേഖകൻ

വരുംകാലത്തു സാധ്യതയുള്ള 10 കോഴ്സുകൾ... പ്ലസ്ടു കഴിഞ്ഞു, ഇനി എങ്ങോട്ട്? വിദഗ്ധർ പറയുന്നു

courses

ബോർഡ് പരീക്ഷകള്‍ കഴിയുന്നതോടെ ഏതു കോഴ്‌സാണ് ഇനി തിരഞ്ഞെടുക്കേണ്ടത് എന്നതിനെക്കുറിച്ചു വിദ്യാർഥികൾക്കും രക്ഷിതാക്കള്‍ക്കും എപ്പോഴും സംശയങ്ങളാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ കേട്ട് ആകെ തലചുറ്റും. എന്തൊക്കെ കാര്യങ്ങളിലാണ് ഇനി ശ്രദ്ധിക്കേണ്ടത് ? ഇതാ വിദഗ്ധ നിർദേശങ്ങള്‍.

കോഴ്സു തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ?

വിദ്യാർഥിയുടെ കഴിവ്, കഴിവുകേട്, ഉപരിപഠന സാധ്യത, തൊഴിൽ സാധ്യത എന്നിവയ്ക്കു േവണം ഏറ്റവും മുന്‍ഗണന െകാടുക്കാന്‍. കോഴ്സിന്റെ പ്രസക്തിയും വിലയിരുത്തണം. 10–ാം ക്ലാസ്സിനു ശേഷം പ്ലസ്ടു കോംബിനേഷനുകൾ തിരഞ്ഞെടുക്കുമ്പോൾ തന്നെ ഉപരിപഠനത്തെ കുറിച്ചുള്ള പ്ലാനിങ് വേണം. ഉദാഹരണത്തിനു ചാർട്ടേർഡ് അക്കൗണ്ടന്റ് ആകാൻ താൽപര്യമുള്ള വിദ്യാർഥിക്കു കൊമേഴ്‌സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി കോഴ്സുകളെടുക്കാം. എന്‍ജിനീയറിങ് താൽപര്യമുള്ളവർക്കു ബയോളജി ഒഴിവാക്കാം. നീറ്റ് പരീക്ഷയാണു ലക്ഷ്യമെങ്കിൽ ബയോളജി ഗ്രൂപ്പെടുക്കാം.

പത്താം ക്ലാസ്സിനു ശേഷം പ്ലസ് ടു ബോർഡ് മാറേണ്ടതുണ്ടോ ?

പത്താം ക്ലാസ്സു വരെ പഠിച്ച ബോർഡിൽ തന്നെ പഠിക്കുന്നതാണു നല്ലത്. ആവശ്യമായ കോംബിനേഷനുകൾ ലഭിക്കുന്നില്ലെങ്കിൽ ബോർഡുകൾ മാറാം. സ്റ്റേറ്റ് ബോർഡും സെൻട്രൽ ബോർഡും എൻസിഇആർടി സിലബസിന്റെ അടിസ്ഥാനത്തിലാണ്. ഇതുമായി ബന്ധപ്പെട്ടു വ്യാകുലപ്പെടേണ്ടതില്ല.

പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് ?

സിലബസിന് അനുസരിച്ചു തയാറെടുക്കണം. പരമാവധി മാതൃകാ, മുൻകാല ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. ടൈം മാനേജ്മെന്റ് അത്യന്താപേക്ഷിതമാണ്. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ കീമിൽ റജിസ്റ്റർ ചെയ്യണം. ആർക്കിടെക്ചർ കോഴ്സിനു താൽപര്യമുള്ളവർ നാറ്റ/ ജെ മെയിൻ രണ്ടാം പേപ്പർ എഴുതണം. കേരളത്തിൽ പ്രവേശനത്തിന് കീമിൽ റജിസ്റ്റർ ചെയ്യണം.

നാറ്റ പരീക്ഷ വർഷത്തിൽ മൂന്നു തവണയും, ജെ മെയിൻ വർഷത്തിൽ രണ്ടു തവണയും നടത്തും. കേന്ദ്ര സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനു പ്രത്യേകം പൊതുപരീക്ഷയെഴുതണം.

കേരളത്തിലെ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന കീം എൻജിനീയറിങ് പരീക്ഷയെഴുതണം. ബിഫാമിനു താൽപര്യമുള്ളവർ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പർ എഴുതണം.

എംബിബിഎസ്, ബിഡിഎസ്, ആയുർവേദ, ഹോമിയോപ്പതി, യൂനാനി, സിദ്ധ, കാർഷിക, വെറ്ററിനറി, ഫിഷറീസ് ബിരുദ കോഴ്‌സുകൾക്കുള്ള പ്രവേശനം നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നാണ്. എന്നാൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ അഖിലേന്ത്യാ തലത്തിൽ 15 ശതമാനം കാർഷിക ബിരുദ സീറ്റുകളിലേക്കു നടത്തുന്ന ICAR പരീക്ഷയില്ല. പകരം കേന്ദ്ര സർവകലാശാല പൊതു പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിൽ നിന്നാകും സിലക്‌ഷൻ.

കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷയ്ക്കു ശേഷമുള്ള നടപടിക്രമങ്ങൾ എന്ത് ?

കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ റാങ്കു ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ താൽപര്യമുള്ള യൂണിവേഴ്സിറ്റികളിലേക്കോ കോളജുകളിലേക്കോ ഓൺലൈനായി സ്കോർ വച്ച് അപേക്ഷിക്കണം. കൗൺസിലിങ് അതതു വിദ്യാഭ്യാസ സ്ഥാപനങ്ങളാണു നടത്തുന്നത്.

ഉദാഹരണമായി ഇംഗ്ലിഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ താൽപര്യമുണ്ടെങ്കിൽ പ്രസ്തുത യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിലൂടെ വിജ്ഞാപനം വരുന്നതിനനുസരിച്ചു കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ സ്കോർ വച്ച് അപേക്ഷിക്കണം.

നീറ്റിൽ വിജയം കൈവരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം ?

പ്ലസ് ടു ബോർഡ് പരീക്ഷയ്ക്കു ശേഷം ചിട്ടയോടെയുള്ള തയാറെടുപ്പുകൾ തുടരണം. പരീക്ഷയിൽ എല്ലായ്പ്പോഴും പോസിറ്റീവ് മനോഭാവം പുലർത്തണം.

ഇഷ്ടപ്പെടുന്ന വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് ആദ്യം ഉത്തരമെഴുതാം. ഉത്തരം അറിയാത്തവ ഉപേക്ഷിക്കാം. പരീക്ഷയിൽ ഉടനീളം അനാവശ്യ പിരിമുറുക്കം ഒഴിവാക്കണം.

വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും തിളപ്പിച്ചാറിയ വെള്ളവും മാത്രമേ പരീക്ഷാക്കാലത്തു കഴിക്കാവൂ. രക്ഷിതാക്കൾ കുട്ടികളെ അനാവശ്യമായി ടെൻഷനടിപ്പിക്കരുത്. താരതമ്യം ചെയ്യുന്ന രീതി ഉപേക്ഷിക്കണം. വിഷയങ്ങൾക്കു യൂണിറ്റ് അടിസ്ഥാനത്തിൽ പ്രാധാന്യം നൽകി പഠിക്കണം.

ടൈം മാനേജ്മെന്റ് പ്രധാനമാകയാൽ എഴുതാനെടുക്കുന്ന സമയം വിലയിരുത്തണം. പഠിക്കുമ്പോൾ വ്യക്തമായ സമയക്രമമനുസരിച്ചു ടൈംടേബിളുണ്ടാക്കണം. പഠിച്ച ഭാഗങ്ങൾ ഓർക്കാൻ ശ്രമിക്കണം.

ഫോർമുല പ്രത്യേകം എഴുതി പഠിക്കണം. പരീക്ഷയിലെ പ്രോബ്ലം അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾക്കു കൂടുതൽ സമയം ചെലവിടരുത്. ആദ്യം സുവോളജി, ബോട്ടണി ചോദ്യങ്ങൾക്ക് ഉത്തരമെഴുതുന്നതു ഫിസിക്സിനും കെമിസ്ട്രിക്കും കൂടുതൽ സമയം ലഭിക്കാൻ സഹായിക്കും.

നീറ്റിലെ വിജയത്തിനു സ്റ്റഡി പ്ലാനർ, ഫൗണ്ടേഷനിലുള്ള വ്യക്തത, യഥാസമയങ്ങളിലുള്ള സംശയ നിവാരണം, റിവിഷൻ, സ്വന്തമായി കുറിപ്പു തയാറാക്കൽ, സ്വയം പഠനവും കോച്ചിങ്ങും തമ്മിലുള്ള ബാലൻസിങ്, ശാന്തമായ പഠനാന്തരീക്ഷം, കൃത്യമായ ഉറക്കം, പുലർച്ചെ എഴുന്നേൽക്കൽ, ഭക്ഷണക്രമത്തിലെ ചിട്ട എന്നിവ സഹായിക്കും.

courses-23

കീമിനെക്കുറിച്ചു വിശദമാക്കാമോ ?

കേരളത്തിലെ വിവിധ പ്രഫഷനൽ ബിരുദ കോഴ്‌സുകളിലേക്കു സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന കീം പരീക്ഷ 2023 മേയ് 17 നാണ്. എൻജിനീയറിങ്, ബി.ആർക്ക്, എംബിബിഎസ്, ബിഡിഎസ്, ബിഎഎം എസ്, ബിഎച്ച്‌എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, കാർഷിക, വെറ്ററിനറി, ഫോറസ്റ്റ്റി, ഫിഷറീസ്, ബയോടെക്നോളജി, ക്ലൈമറ്റ് ചേഞ്ച്, കോ-ഓപറേഷൻ & ബാങ്കിങ്, ബിഫാം കോഴ്സുകൾ കീമിൽ ഉൾപ്പെടും.

ഇവയിൽ മെഡിക്കൽ, ഡെന്റൽ, അലൈഡ് ആരോഗ്യ കോഴ്സുകൾ, കാർഷിക കോഴ്സുകൾ, ബിആർക്ക് എന്നിവയൊഴികെ ബി.ടെക് കോഴ്സിനു പ്രവേശന പരീക്ഷ നടത്തുന്നതു കീമിലൂടെയാണ്.

ബിആർക്കിനു നാറ്റ/ ജെ മെയിൻ രണ്ടാം പേപ്പർ സ്കോ ർ ആവശ്യമാണ്. ബിഫാമിന് എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി ഉൾപ്പെടുന്ന പേപ്പർ ഒന്ന് എഴുതിയിരിക്കണം. മറ്റെല്ലാ കോഴ്‌സുകൾക്കും സിലക്‌ഷൻ നീറ്റ് സ്കോർ വഴിയാണ്. എന്നാൽ കേരളത്തിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ കീമിൽ നിർബന്ധമായും അപേക്ഷിക്കണം.

സ്പീഡുള്ള ഇന്റർനെറ്റ് ബ്രൗസറിലൂടെ റജിസ്റ്റർ ചെയ്യാം. ഒപ്പും, ഫോട്ടോയും നിശ്ചിത വലുപ്പത്തിൽ അപ്‌ലോഡ് ചെയ്യണം. കീമിന് www.cee.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. 10–ാം ക്ലാസിലെ സർട്ടിഫിക്കറ്റ്, ജ നന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മുതലായവ അപ്‌ലോഡ് ചെയ്യണം.

എൻജിനീയറിങ്ങിനു മാത്തമാറ്റിക്സ് നിർബന്ധമാണ്. ബയോളജി ഗ്രൂപ്പെടുത്തവർക്കു മെഡിക്കൽ, അലൈഡ് ഹെൽത്ത്, കാർഷിക കോഴ്‌സുകൾക്ക് അപേക്ഷിക്കാം. പ്ലസ്‌ടു തലത്തിൽ മാത്തമാറ്റിക്സ്/ ബയോളജി പഠിച്ചവർക്കു ബിഫാമിന് അപേക്ഷിക്കാം. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് പരീക്ഷയാണിത്. www.cee.kerala.gov.in വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. ഇമെയിൽ, ഫോൺ നമ്പർ എന്നിവ ആവശ്യമാണ്. പാസ്‌വേഡ് ഉണ്ടെങ്കിലേ കാൻഡിഡേറ്റ് പോർട്ടലിൽ പ്രവേശനം സാധ്യമാകൂ.

courses-3

വരുംകാലത്തു സാധ്യതയുള്ള കോഴ്സുകൾ പറയാമോ ?

2023 ൽ ടെക്നോളജി അധിഷ്ഠിത തൊഴിലുകൾക്കു സാധ്യതയേറും. കോഡേഴ്‌സ്, ബ്ലോക്ക് ചെയിൻ ഡെവലപ്പർ, വിർച്ച്വൽ റിയാലിറ്റി ടെക്‌നിഷ്യൻ, എത്തിക്കൽ ഹാക്കർ, ബിഗ്‌ഡേറ്റ അനലിസ്റ്റ്, എഐ തൊഴിലുകൾ, ഡാറ്റ സയന്റിസ്റ്റ്, ജീൻ എഡിേറ്റർസ്, ഡ്രോൺ ടെക്‌നിഷ്യൻ, സംരംഭകർ, മെഷീൻ ലേണിങ് എൻജിനീയർ, മാർക്കറ്റിങ് അനലിസ്റ്റ്, നെറ്റ്‌വർക്ക് സെക്യൂരിറ്റി, പ്രൊജക്റ്റ് മാനേജർ, നഴ്‌സിങ്, സൈക്കോളജിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ്, ഫിനാൻഷ്യൽ മാനേജർ എന്നിവയിൽ ഏറെ അവസരമുണ്ടാകും.

ഗ്രാഫിക് ആൻഡ് വെബ് ഡിസൈനിങ്, മാനേജ്മെന്റ്, അക്കൗണ്ടിങ്, ഐടി, പോളിസി അനലിസ്റ്റ്, ഡവലപ്‌മെന്റൽ സയൻസ്, ലിബറൽ ആർട്സ്, സോഷ്യോളജി, ഇക്കണോമിക്സ്, മെഷീൻ ലേണിങ്, മാനുഫാചറിങ്, കംപ്യൂട്ടർ പ്രോഗ്രാമിങ്, പബ്ലിക് ഹെൽത്ത്, മോളിക്യൂലർ ബയോളജി, ക്വാന്റം കമ്പ്യൂട്ടിങ്, ഓട്ടമൊബീൽ എൻജിനീയറിങ്, റോബോട്ടിക്‌സ്, ആർക്കിടെക്ചർ, ഗെയിമിങ് ടെക്നോളജി, വിഷ്വൽ ബേസിക്സ്, അനിമേഷൻ, കോമിക്‌സ്‌, ഹൈബ്രിഡ് ടെക്നോളജി, ഇലക്ട്രിക് വാഹനങ്ങൾ, എനർജി മാനേജ്‌മന്റ്, സപ്ലൈ ചെയിൻ/ ലോജിസ്റ്റിക്സ് മാനേജ്മെന്റ്, പോർട്ട് മാനേജ്മെന്റ് എന്നിവയിൽ അവസരങ്ങളേറും.

സൈക്കോളജി, UX ഡിസൈൻ, പ്രൊജക്ട് മാനേജ്മെന്റ്, സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, ഡാറ്റ സയൻസ്, ഫുൾസ്റ്റാക്ക് ഡവലപ്മെന്റ്, മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി, ക്ലോസ്ഡ് കമ്പ്യൂട്ടിങ്, പ്രൊഡക്ട് മാനേജ്‌മെന്റ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, ബിസിനസ് അനലിറ്റിക്‌സ് ഇവയ്ക്ക് സാധ്യതയേറും.

മികച്ച തൊഴിൽ ലഭിക്കാൻ എന്തെല്ലാം തയാറെടുപ്പുകള്‍ വേണം ?

അഭ്യസ്തവിദ്യരായ യുവതിയുവാക്കൾക്കു മികച്ച തൊഴിൽ ലഭിക്കാൻ സ്കിൽ വികസനം, സോഫ്റ്റ് സ്‌കിൽസ്, ഇംഗ്ലിഷ് പ്രാവീണ്യം, കംപ്യൂട്ടർ ലാംഗ്വേജ്, കംപ്യൂട്ടർ പ്രാവീണ്യം, പൊതുവിജ്ഞാനം എന്നിവ ആവശ്യമായി വരും. സുസ്ഥിര വികസനം, സാങ്കേതിക വിദ്യ, കാലാവസ്ഥാ വ്യതിയാനം, കൃഷി, ഭക്ഷ്യ സംസ്കരണം മുതലായവയിൽ ഗവേഷണ സാധ്യതകളേറും.

ബിരുദധാരികൾ പഠിച്ച വിഷയത്തിൽ ഉപരിപഠനത്തിനു പകരം ടെക്നോളജി അധിഷ്ഠിത വിഷയങ്ങൾ തിരഞ്ഞെടുക്കും. എല്ലാ മേഖലയിലും സാങ്കേതികവിദ്യയുടെ സ്വാധീനവും വർധിക്കും.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ.ടി.പി. സേതുമാധവൻ

കരിയര്‍ കണ്‍സൽറ്റന്റ് &

പ്രഫസര്‍,

ട്രാൻസ് ഡിസിപ്ലിനറി

ഹെൽത് യൂണിവേഴ്സിറ്റി,

ബെംഗളൂരു