Monday 15 May 2023 12:46 PM IST : By സ്വന്തം ലേഖകൻ

ഒറ്റയ്ക്ക് ബിസിനസ് തുടങ്ങുന്നതിന്റെ റിസ്ക് ഇവിടെയില്ല: ഫ്രാഞ്ചൈസി തുടങ്ങാം മികച്ച ലാഭം നേടാം

franchise-business

നമ്മുടെ നാട്ടിൽ വലിയ ബ്രാന്റഡ് കമ്പനികളുടെ ഷോറൂമുകൾ ഇപ്പോൾ പുതിയ കാഴ്ചയല്ല. കമ്പനികൾ നേരിട്ടല്ല നാടുകൾ തോറും ഇത്തരം ഷോറൂമുകൾ തുറക്കുന്നത്. ഓരോ നാട്ടിലും ഈ കമ്പനിയുടെ ബിസിനസ് പാർട്നറാകാൻ താത്പര്യമുള്ള ആളുകളെ തിരഞ്ഞെടുത്ത ശേഷമാണു ഷോറൂമിന്റെ പ്രവർത്തനം ഏൽപ്പിക്കുന്നത്. ഇങ്ങനെ പാർട്നർഷിപ്പിൽ ബിസിനസ് സംരംഭം തുടങ്ങുന്നതിനെയാണു ഫ്രാഞ്ചൈസി എന്നു വിളിക്കുന്നത്.

സ്വന്തമായി ബിസിനസ് തുടങ്ങുന്നതിന്റെ തലവേദനകൾ ഇല്ലാതെ തന്നെ, വലിയ റിസ്ക് പേടിക്കാതെ ആരംഭിക്കാം എന്നതാണു ഫ്രാഞ്ചൈസിയുടെ നേട്ടം. എന്നിരുന്നാലും ബിസിനസ് പോലെ തന്നെ നിങ്ങൾക്ക് അറിവും അഭിരുചിയും ഉള്ള മേഖല തന്നെ വേണം ഫ്രാഞ്ചൈസിങ്ങിനായും തിരഞ്ഞെടുക്കാൻ. അറിയാത്ത മേഖലയിലേക്കു ബിസിനസിനിറങ്ങുന്നതിന്റെ റിസ്ക് ഫ്രാഞ്ചൈസിയിലുമുണ്ട് എന്നതാണു കാരണം.

ഒറ്റയ്ക്ക് ബിസിനസ് തുടങ്ങുന്നതിനെക്കാള്‍ പിന്തുണയും സഹായവും ഫ്രാഞ്ചൈസിങ്ങില്‍ കിട്ടും. മദർ കമ്പനിയുടെയും മറ്റു ഫ്രാഞ്ചൈസികളുടെയും മാർക്കറ്റിങ് തന്ത്രങ്ങൾ നിങ്ങൾക്കു ഷെയർ ചെയ്തു കിട്ടുമെന്നതും ഇതിന്റെ ഗുണമാണ്. മാർക്കറ്റിങ് മുതൽ ഷോറൂമിന്റെ ഇന്റീരിയർ വരെ എല്ലാ കാര്യത്തിലും മദർ കമ്പനിയുടെ കെട്ടും മട്ടും നിലനിർത്തേണ്ടതിനാൽ വേണ്ട നിര്‍ദേശങ്ങളും പരിശീലനവും കമ്പനി തന്നെ നിങ്ങൾക്കു നൽകും. ഇതു ബിസിനസിന്റെ വിജയത്തെ സ്വാധീനിക്കും.

നല്ല ബ്രാൻഡ് ഇമേജുള്ള സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി ഏറ്റെടുക്കാൻ മിക്കപ്പോഴും വലിയ തുക നൽകേണ്ടി വരും. പക്ഷേ, മികച്ച ബ്രാന്‍ഡ് ഇമേജും വര്‍ഷങ്ങളുടെ സല്‍പ്പേരുമുള്ള സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസിയിൽ നിന്ന് ലാഭവിഹിതവും കൂടുതൽ പ്രതീക്ഷിക്കാമെന്നതാണ് നേട്ടം.

വിവരങ്ങൾക്ക് കടപ്പാട്:

വി.കെ. ആദർശ്

ചീഫ് മാനേജർ

ടെക്നിക്കൽ,

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ