Saturday 10 June 2023 04:14 PM IST : By ശ്യാമ

‘തുടർച്ചയായി 12 മണിക്കൂർ ബോട്ടിന്റെ സ്റ്റിയറിങ്ങിൽ; പുറംവേദന കലശലായി, തരിപ്പും വന്നു, അനങ്ങാൻ പറ്റാത്ത അവസ്ഥ’; അഭിലാഷ് ടോമി പറയുന്നു

abhilash-tomy-GGR-FB

ഗോൾഡൻ ഗ്ലോബ് റേസിൽ വിജയിച്ച ആദ്യ ഏഷ്യക്കാരൻ, റിട്ട.കമാൻഡർ അഭിലാഷ് ടോമി പങ്കുവയ്ക്കുന്ന കടൽവിശേഷങ്ങൾ..

നിങ്ങൾക്കു നിങ്ങളായിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. യഥാർഥ നിങ്ങൾ ആയിരിക്കാൻ... ഇവിടെ.. ഇപ്പോൾ... അതിനു തടസം സൃഷ്ടിക്കാൻ യാതൊന്നിനും കെൽപ്പില്ല.’’ അതിരില്ലാത്ത ആത്മവിശ്വാസത്തെക്കുറിച്ചു സംസാരിക്കുന്ന ജോനാഥൻ ലിവിങ്സ്റ്റൺ സീഗൾ എന്ന പുസ്തകത്തിലെ വരികളാണിത്.

ഈ വരികൾ അന്വർഥമാക്കിയ ഒരു മലയാളിയുണ്ട് – റിട്ടയേർഡ് നേവൽ കമാൻഡർ അഭിലാഷ് ടോമി! ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാമതെത്തിയ പോരാളി. അതിൽ വിജയിക്കുന്ന ആദ്യ ഏഷ്യക്കാരൻ. കടലിലൂടെ ഏകാകിയായി ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം 2013ൽ അഭിലാഷ് സ്വന്തമാക്കിയതാണ്. 2018ലെ ഗോൾഡൻ ഗ്ലോബ് റേസിൽ മൂന്നാംസ്ഥാനത്തു നിൽക്കുമ്പോഴാണ് അപകടം മൂലം പിൻവാങ്ങേണ്ടി വന്നത്. നടുവിനു സാരമായ പരുക്കും പറ്റി. പക്ഷേ, ആ മടക്കം പിന്മാറ്റമായിരുന്നില്ല. 2022 സെപ്റ്റംബർ നാലിന് ഫ്രാൻസിലെ സാബ്‌ലെ ദെലോനിൽ നിന്നു തുടങ്ങിയ യാത്ര 236 ദിവസം കൊണ്ടാണു പൂർത്തീകരിച്ചത്.

2018ൽ  മത്സരം മുഴുമിക്കാനായില്ല. അതിൽ നിന്നു എന്തെല്ലാം പാഠങ്ങളാണു പഠിക്കാൻ സാധിച്ചത്?  

ജി.ജി.ആറിൽ മത്സരിച്ചാലും ഇല്ലെങ്കിലും അതേക്കുറിച്ചു പിന്നീടോർത്താൽ നഷ്ടബോധം വരും എന്നു പലരും പറഞ്ഞിരുന്നു. മത്സരിക്കാതെ തോന്നുന്ന നഷ്ടത്തേക്കാൾ നല്ലതു മത്സരിച്ചു കഴിഞ്ഞു വരുന്ന സന്തുഷ്ടിയുള്ള നഷ്ടമാണെന്നു തോന്നി. അങ്ങനെ മത്സരിച്ചു.   

2018ലെ മത്സരത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിലായതു മികച്ച ടീം ഉണ്ടായിരുന്നില്ല എന്നാണ്. അന്നത്തെ ബോട്ട് മികച്ചതായിരുന്നു. പക്ഷേ, സപ്പോർട്ടിങ് ടീമിന്റെ അപര്യാപ്തത ഉണ്ടായിരുന്നു. അതാണ് ഇത്തവണ മത്സരത്തിനിറങ്ങിയപ്പോൾ വരുത്തിയ വലിയ മാറ്റം. വളരെ മികച്ചൊരു ടീം മാനേജരെ കിട്ടി. വളരെയേറെ പിന്തുണച്ചൊരു സ്പോൺസറേയും മികവുറ്റൊരു ടെക്നിക്കൽ മാനേജരേയും ലഭിച്ചു.

കാലാവസ്ഥ, ശാരീരിക വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?

2018ലെ ജി.ജി.ആറിൽ പങ്കെടുത്തതിന്റെ ഭാഗമായി നട്ടെല്ലിനേറ്റ ക്ഷതവും മറ്റും പൂർണമായും ഭേദപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ വലിയ ബുദ്ധിമുട്ടുണ്ടായില്ല.   

കാലാവസ്ഥയുടെ കാര്യം അങ്ങനെയായിരുന്നില്ല. പലപ്പോഴും ഭൂമധ്യരേഖയ്ക്ക് അരികിലായപ്പോൾ അമിതമായ ചൂടും തെക്ക് സമുദ്രദിശയിൽ കൊടുങ്കാറ്റും നേരിടേണ്ടി വന്നു. അതിലൊരു കൊടുങ്കാറ്റിൽ പെട്ടു തുടർച്ചയായി 12 മണിക്കൂർ ബോട്ടിന്റെ സ്റ്റിയറിങ്ങിൽ തന്നെ നിൽക്കേണ്ടി വന്നു. അതോടെ പുറംവേദന കലശലായി. പേശികൾ സങ്കോചിച്ചുണ്ടാകുന്ന തരിപ്പും വന്നു. അനങ്ങാൻ പറ്റാത്ത അവസ്ഥ. ഉടനെ ഫിസിയോതെറപ്പിസ്റ്റിനോടു സംസാരിച്ചു. അദ്ദേഹം തന്ന നിർദേശങ്ങൾ പാലിച്ചു. വ്യായാമങ്ങളും ചെയ്തു. പുറംവേദന വന്നെങ്കിലും അതു പേശി സംബന്ധമായവ മാത്രമായിരുന്നു. അതൊക്കെ തരണം ചെയ്തു.

ഇത് കൂടാതെ ബോട്ടിന് പ്രശ്നങ്ങൾ ധാരാളമുണ്ടായി. ബോട്ടിന്റെ സെയിലുകൾ കീറിപ്പോയിരുന്നു. കെയ്പ് ഹോണിലെത്തിയതും സെൽഫ് സ്റ്റിയറിങ് പ്രവർത്തിക്കാതായി. അതിന്റെ സ്പെയറുകളും തീർന്നു. ഗ്യാസ് സ്റ്റൗവിനും ശുദ്ധജല പമ്പിനും തകരാറുകൾ വന്നു. അതൊക്കെ സ്വയം റിപയർ ചെയ്താണു മുന്നോട്ടു നീങ്ങിയത്.

മിക്കസമയത്തും ബോട്ട് നനഞ്ഞിരുന്നു. പലയിടത്തു നിന്നും ചോർച്ചയും ഉണ്ടായി. അതുകൊണ്ടു തന്നെ ബോട്ടിനകത്തുള്ളതൊക്കെയും നനഞ്ഞിരുന്നു. കിടക്കയും  സെയിലുകളും കിടക്കുന്ന ബങ്കും നനഞ്ഞു കുതിർന്നിരിക്കും. മിക്കവാറും സമയവും റെയിൻ കോട്ടാണു ധരിച്ചിരുന്നത്.

236 ദിവസം തനിച്ച് കടലിലായിരുന്നു. തിരികെ ആളുകളുമായി ഇടപഴകേണ്ടി വരുമ്പോൾ ബുദ്ധിമുട്ടുണ്ടോ?

തുടക്കത്തിൽ അതൊരു പ്രശ്നമായിരുന്നു. പക്ഷേ, രണ്ടാം സ്ഥാനം നേടി രണ്ടാം ദിവസം ആയപ്പോഴേക്കും കോവിഡ് പോസിറ്റീവായി. കോവിഡ് കാരണം ഏകാന്തവാസം അൽപം കൂടി നീട്ടി കിട്ടി. ചെറുപ്പത്തിൽ വളരെ ഉൾവലിഞ്ഞ പ്രകൃതമായിരുന്നു. മറ്റുള്ളവരോടു സംസാരിക്കാൻ പഠിക്കേണ്ടി വന്നിട്ടുണ്ട്. ഉള്ളിന്റെയുള്ളിൽ ഞാൻ ഇൻട്രോവെർട് ആണെന്നു തോന്നിയിട്ടുണ്ട്.

അതു സെയിലിങ്ങിൽ സഹായകരമായോ?

തീർച്ചയായും. നമുക്കു നമ്മളുമായി ചെലവഴിക്കാൻ സമയം കിട്ടും. അന്തർമുഖരായവർക്ക് അവനവനുമായി എങ്ങനെ സമയം ചെലവിടണമെന്നു നന്നായി അറിയാം.

ചെറുപ്പത്തിലെ കടൽക്കാഴ്ചയും ഇപ്പോൾ കണ്ട കടലും തമ്മിലുള്ള വ്യത്യാസം എന്താണ്? ഇനിയും മത്സരങ്ങൾക്കു പോകുമോ?

ചെറുപ്പത്തിൽ കടൽ കാണുമ്പോൾ അതിലേക്കു പോകാൻ അടങ്ങാത്ത ആഗ്രഹമായിരുന്നു. അന്നു കടലിൽ ഇറങ്ങാൻ സമ്മതിക്കില്ല. ഇപ്പോൾ രണ്ടു തവണ കടലായ കടലൊക്കെ കണ്ടതുകൊണ്ട് ഉള്ളിൽ കടൽ നിറഞ്ഞ അവസ്ഥയാണ്. ഒരുതരത്തിൽ പറഞ്ഞാൽ സ്വപ്നസാക്ഷാത്കാരം. ഈ റേസിന് ഇനി പോകാൻ സാധ്യതയില്ല. പക്ഷേ, മറ്റു മത്സരങ്ങൾക്കു തീർച്ചയായും പോകും.

ഈ യാത്രയിലെ മറക്കാനാവാത്ത നിമിഷങ്ങൾ?

മകൻ സ്കൂളിൽ പോകുന്നതു കടലിൽ വച്ചു കാണാൻ സാധിച്ചതാണൊരു കാര്യം. കേപ് ടൗണ്‍ ഗേറ്റിലൂടെ പോകെ സ്പോൺസർമാർ മറ്റൊരു ബോട്ട് വഴി വന്ന് ലാപ്ടോപ്പിലൂടെ മകൻ സ്കൂളിലിരിക്കുന്നതു കാണിച്ചു തന്നു.

ടാസ്‍മാനിയയിൽ 24 മണിക്കൂർ ബ്രേക് എടുത്തിരുന്നു. അവിടെ സ്പോൺസർമാരും ടീം മാനേജറും  എന്നെ വന്നു കണ്ടു. അതും നല്ല അനുഭവമായിരുന്നു. പല ഗേറ്റുകളിലൂടെയാണ് കടന്നു പോകേണ്ടത്. ആദ്യത്തെ ഗേറ്റ്– കനറി ഐലന്റ്സിലായിരുന്നു. രണ്ടാമത്തേത് കേപ് ടൗൺ– മൂന്നാമത്തേത് ടാസ്മാനിയ. മത്സരം ഫിനിഷ് ചെയ്തതും  മറക്കാനാവാത്ത അനുഭവമായിരുന്നു.  എന്റെ ബോട്ട് ‘ബയാനത്’  സ്വന്തം ശരീരത്തിന്റെ ഭാഗമായാണു കരുതുന്നത്.