Thursday 30 March 2023 02:20 PM IST

ഞങ്ങള്‍ ഭാര്യാഭർത്താക്കൻമാരാണെന്നു കരുതിയവരുണ്ട്; പുറത്തുവച്ചു കാണുമ്പോൾ, ‘ഭർത്താവു വന്നില്ലേ മോളേ’ എന്നൊക്കെ ചോദിച്ചിട്ടുണ്ട്!

V.G. Nakul

Sub- Editor

seetha-swasika446 ഫോട്ടോ: ബേസിൽ പൗലോ

‘‘അയ്യോ... ഞാനിതു പറഞ്ഞാൽ നാളെ പ്രശ്നമാകുമോ, ഇങ്ങനെ സംസാരിക്കാമോ എന്നൊക്കെ പേടിച്ചാൽ മിണ്ടാൻ പറ്റുമോ?’’ -സ്വാസിക വിജയ് നിലപാടു വ്യക്തമാക്കുന്നു

ഗ്ലാമര്‍ റോളിൽ എത്തുമ്പോൾ കുടുംബപ്രേക്ഷകരുടെ ഇഷ്ടം കുറയുമെന്നു തോന്നിയിരുന്നോ?

അതൊന്നും ചിന്തിച്ചിരുന്നില്ല. എന്തു കാര്യം ചെയ്യുമ്പോഴും അതു നന്നായി വരും എന്നാണല്ലോ പ്രതീക്ഷിക്കുക.  സംവിധായകരായ ജോഷി സാറും ജയരാജ് സാറുമൊക്കെ ചതുരം സിനിമ കണ്ടു നല്ല അഭിപ്രായം പറഞ്ഞു.

സിനിമയുടെ ട്രെയിലർ വന്നപ്പോൾ ചിലർ വിമർശനവുമായി വന്നിരുന്നു. ‘എ’ എന്നാൽ ആണുങ്ങൾ എന്നല്ല, ‘അഡൽറ്റ്സ് ഒൺലി’ എന്നാണ്. പതിനെട്ടു വയസ്സിനു മു കളിലുള്ള ആർക്കും കാണാം. അല്ലാതെ പെണ്ണുങ്ങൾക്കു കാണാൻ പാടില്ലാത്തതൊന്നും ആ സിനിമയില്‍ കാണിച്ചിരുന്നില്ല. ഇപ്പോഴും പലരുടെയും വിചാരം ‘എ’ സർട്ടിഫിക്കറ്റ് കിട്ടിയാൽ അതൊരു സോഫ്റ്റ് പോൺ മൂവി ആയിരിക്കും എന്നാണ്. ഇനിയെങ്കിലും അത്തരം കാര്യങ്ങളെ മനസ്സിലാക്കി വിമർശിക്കുന്നത് നന്നായിരിക്കും. 

അഭിപ്രായങ്ങൾ തുറന്നു പറയുന്നതു മൂലം എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ടോ?

നിലപാടുകൾ വ്യക്തമായി പറയുമ്പോൾ സ്വാഭാവികമായും ദോഷങ്ങളുണ്ടാകും. കാര്യങ്ങൾ നേരേചൊവ്വേ സംസാരിക്കുന്നതാണു പലർക്കും ഇഷ്ടമല്ലാത്തത്. വളഞ്ഞു മൂക്കുപിടിക്കുക, കള്ളത്തരം മനസ്സില്‍ വച്ചു ചിരിക്കുക ഇതൊക്കെയാണു ചിലർക്കു താൽപര്യം. എന്താണോ മനസ്സിൽ തോന്നുക, അതു പറയുക എന്നതാണ് എന്റെ കാഴ്ചപ്പാട്. ‘അയ്യോ... ഞാനിതു പറഞ്ഞാൽ നാളെ പ്രശ്നമാകുമോ, ഇങ്ങനെ സംസാരിക്കാമോ’ എന്നൊക്കെ പേടിച്ച് എങ്ങനെയാണു വർത്തമാനം പറയുക. 

എന്തായാലും എന്തെങ്കിലുമൊക്കെ കുറ്റം പറയാൻ ആരെങ്കിലുമൊക്കെ ഉണ്ടാകും എന്നുറപ്പാണ്. പറഞ്ഞു. ക‌ഴിഞ്ഞു. അതു ചിലപ്പോൾ തെറ്റാകാം. മറ്റൊരാൾ ചൂണ്ടിക്കാണിക്കുമ്പോൾ മനസ്സിലാകും. അടുത്ത തവണ സംസാരിക്കുമ്പോൾ ശ്രദ്ധിക്കും. ഇതു ജീവിതമാണ്, സംസാരിക്കുമ്പോൾ ‘ഓട്ടോ കറക്ട്’ സംവിധാനം മനുഷ്യന് ഇല്ലല്ലോ. എല്ലാവരെയും സന്തോഷിപ്പിച്ചു നമുക്കൊരിക്കലും സംസാരിക്കാൻ പറ്റില്ല.  

ഇത്രയും ഉറച്ച നിലപാടുകളുള്ളയാൾ എന്തുകൊണ്ടാണ് സിനിമയിലെ സ്ത്രീപക്ഷ സംഘടനകളുടെ ഭാഗമാകാത്തത്?

ഡബ്ല്യുസിസി പോലെയുള്ള സംഘടനകളിൽ വിശ്വാസമില്ല. എനിക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ഭയമില്ലാതെ അതിനോടു പ്രതികരിക്കണം എന്നതാണു പ്രധാനം. ‘നോ’ പറയേണ്ടിടത്ത് അതു പറയണം. അതല്ലാതെ സംഘടനയുടെ പിൻബലത്തിൽ മാത്രമേ നമുക്കു സുരക്ഷിതമായ ജോലിയിടം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ എന്നൊന്നും ഞാൻ കരുതുന്നില്ല. 

ഉണ്ണി മുകുന്ദനുമായി ‘കല്യാണം കഴിപ്പിക്കാൻ’ സോഷ്യൽ മീഡിയ ശ്രമിച്ചു?

ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്ന വാര്‍ത്ത എങ്ങനെ പരന്നു എന്നതിനെക്കുറിച്ചു യാതൊരു ഐഡിയയുമില്ല. എനിക്കിഷ്ടപ്പെട്ട ആര്‍ട്ടിസ്റ്റുകളുടെ സിനിമകള്‍ കാണുമ്പോള്‍ അവരെ അഭിനന്ദിച്ചു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടാറുണ്ട്. 

അങ്ങനെയാണു മുൻപു ‘മാമാങ്കം’ കണ്ടിട്ടു ചന്ത്രോത്ത് പണിക്കരെക്കുറിച്ചും നല്ല വാക്കുകള്‍ കുറിച്ചത്. അതിനു റിപ്ലൈ ചെയ്തു എന്നൊരു തെറ്റു മാത്രമേ ഉണ്ണി ചെയ്തുള്ളൂ. പലരും റിപ്ലൈ ചെയ്യാറില്ല. ഉണ്ണി ആ പോസ്റ്റിന് റിപ്ലൈ ചെയ്തതോടെയാണ് എല്ലാവരും എന്തോ ഉണ്ട് എന്നു പറഞ്ഞു തുടങ്ങിയത്. 

ആദ്യം ഈ കഥ പരന്നപ്പോള്‍ ഞാന്‍ ടെന്‍ഷനായി ഉണ്ണിയെ വിളിച്ച് സോറി പറഞ്ഞു. ‘കുഴപ്പമില്ല ഇതൊക്കെ ഇതിന്റെ ഭാഗമല്ലേ’ എന്ന് ഉണ്ണി ആശ്വസിപ്പിച്ചു. അന്ന് ഇതു പറഞ്ഞു ഞങ്ങള്‍ കുറേ ചിരിച്ചതുമാണ്. പിന്നീട് ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചിട്ടില്ല. അതിനെ അതിന്റെ വഴിക്കു വിട്ടു.

‘സീത’യിൽ അഭിനയിച്ച ശേഷം ഞാനും ഷാനവാസും യഥാർഥ ഭാര്യാഭർത്താക്കൻമാരാണെന്നു കരുതിയവരുണ്ട്. പുറത്തൊക്കെ വച്ചു കാണുമ്പോൾ, ‘ഭർത്താവു വന്നില്ലേ മോളേ’ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ചിരിക്കാതെ മറ്റെന്തു ചെയ്യും ? 

സീരിയലിലേക്ക് ഇനിയുണ്ടോ ?

തൽക്കാലം സീരിയലിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തുവെന്നേയുള്ളൂ. അതിനർഥം ഇനിയൊരിക്കലും മിനിസ്ക്രീനിൽ അഭിനയിക്കില്ല എന്നല്ല കേട്ടോ...