Friday 24 February 2023 04:49 PM IST : By സ്വന്തം ലേഖകൻ

തലകീഴായി കിടന്നും വട്ടത്തിൽ സൈക്കിൾ ചവിട്ടിയും ഗിന്നസ് റേക്കോർഡ്; റുബിക്സ് ക്യൂബിൽ മാന്ത്രികം സൃഷ്ടിച്ച് മിഥുൻരാജ്

ginees-record-midhun.jpg.image.845.440

ആലപ്പുഴ കലവൂർ മിഥുനത്തിൽ മിഥുൻരാജിന് ഗിന്നസ് റേക്കോർഡ് എന്നാൽ മറ്റുള്ളവർ കരുതുന്ന പോലെ ബാലികേറാമലയല്ല, വെറും നിസ്സാരം! 23–ാം വയസ്സിൽ റുബിക്സ് ക്യൂബിൽ മാന്ത്രികം സൃഷ്ടിച്ചാണു മിഥുൻ ഗിന്നസ് ബുക്കിൽ തന്റെ പേരെഴുതി ചേർത്തത്; ഒന്നല്ല, മൂന്നുവട്ടം. തലകീഴായി കിടന്ന് 33 മിനിറ്റിൽ 153 തവണ ത്രികോണാകൃതിയിലുള്ള ക്യൂബ് ക്രമപ്പെടുത്തിയും വട്ടത്തിൽ സൈക്കിൾ ചവിട്ടി ഒന്നര മണിക്കൂർക്കൊണ്ട് 250 തവണ റുബിക്സ് ക്യൂബ് ക്രമപ്പെടുത്തിയുമാണ് മിഥുൻ ഇക്കുറി ഗിന്നസ് ബുക്കിൽ ഇരട്ടനേട്ടം കൈവരിച്ചത്. 2019ൽ തലകീഴായി കിടന്ന് 26 മിനിറ്റിൽ 51 തവണ റുബിക്സ് ക്യൂബ് സോൾവ് ചെയ്ത് മിഥുൻ ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു.

പത്താം ക്ലാസ് മുതലാണ് മിഥുൻ റുബിക്സ് ക്യൂബുമായി ചങ്ങാത്തം ആരംഭിച്ചത്. മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായ രീതിയിൽ എങ്ങനെ ക്യൂബ് സോൾവ് ചെയ്യാം എന്ന ആശയം മനസ്സിൽ കയറിക്കൂടി. ആദ്യത്തെ റെക്കോർഡ് ലഭിച്ച് 3 വർഷങ്ങൾക്കു ശേഷമാണ് അടുത്ത റെക്കോർഡിനായുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഒരു ദിവസം തന്നെ തലകീഴായി കിടന്നും സൈക്കിൾ ചവിട്ടിയും ക്യൂബ് ക്രമപ്പെടുത്തി ഗിന്നസ് അധികൃതർക്ക് അയച്ചു നൽകി അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മിഥുനെ തേടി രണ്ടു നേട്ടങ്ങളും ഒരുമിച്ചെത്തിയത്. ഇതോടെ മിഥുന്റെ സന്തോഷത്തിന് ഇരട്ടിമധുരമായി.

ബിരുദം പൂർത്തിയാക്കിയ മിഥുന് നിലവിൽ സ്വന്തമായി ഒരു ഇ കൊമേഴ്സ്യൽ പ്ലാറ്റ്ഫോമുണ്ട്. ഓർഡർ ചെയ്താൽ ഉടനടി സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന ക്വിക്ക് ഡെലിവറി ഓൺലൈൻ ഷോപ്പിങ് ബിസിനസ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് മിഥുൻ. ഇതിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചെന്നും വലിയ മുതൽമുടക്കുള്ള ബിസിനസ് ആയതിനാൽ ഇതിനെ കുറിച്ച് കൂടുതൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മിഥുൻ പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളിൽ ഗ്രാഫിക് ഡിസൈനർമാരായ എ.ആർ.രാജീവ്, ബോബി രാജീവ് എന്നിവരാണ് മിഥുന്റെ മാതാപിതാക്കൾ.